‘എന്റെ അച്ഛൻ എപ്പോഴും യങ്, ആ പാട്ടു പോലെ, അതിനു കാരണമുണ്ട്’; അരവിന്ദ് വേണുഗോപാൽ പറയുന്നു
പതിറ്റാണ്ടുകൾക്കു മുൻപ് പാടിയ പാട്ടുകൾ പോലെ ആ ഗായകനും ആ സ്വരവും ഇപ്പോഴും പ്രസരിപ്പാർന്ന യൗവനത്തിലാണ്. ചില പാട്ടുകൾ എന്നും ആരാധകരുടെ ഇഷ്ടത്തിന്റെ കൂട്ടത്തിലുണ്ട്; ആ സ്വരത്തിലല്ലാതെ മറ്റേതു സ്വരത്തിൽ കേട്ടാലും സംതൃപ്തമാകാത്ത ചിലത്. ഉണരുമീ ഗാനവും മായാമഞ്ചലും ഏതോ വാർമുകിലുമൊക്കെ അതിൽ ചിലതു മാത്രം. മലയാളികളുടെ ഇഷ്ടഗായകൻ ജി.വേണുഗോപാൽ പാട്ടിൽ മുപ്പത്തിയാറും പ്രായത്തിൽ അറുപതും വർഷം കടക്കുമ്പോൾ ആരാധകർ അദ്ഭുതത്തോടെയാണ് അദ്ദേഹത്തെ നോക്കുന്നത്. കാരണം എപ്പോഴും യങ് ആയിരിക്കുന്ന വേണുഗോപാലിനെയാണല്ലോ മലയാളി കണ്ടു ശീലിച്ചത്. ഓർമ വച്ച കാലം മുതൽ അച്ഛന്റെ പാട്ടുകേട്ട് വളർന്ന മകൻ അരവിന്ദിനും ഇക്കാര്യത്തിൽ അദ്ഭുതമാണ്. എന്താണ് അച്ഛന്റെ നിത്യയൗവനത്തിന്റെ രഹസ്യമെന്ന് അന്വേഷിച്ചാൽ രസകരമായ മറുപടിയും ഒപ്പം ചില അനുഭവങ്ങളും പങ്കുവയ്ക്കും അരവിന്ദ്. അച്ഛന്റെ പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടയിലും അദ്ദേഹത്തിനൊപ്പമുള്ള അനുഭവങ്ങളും പാട്ടുകുടുംബ വിശേഷങ്ങളുമായി ‘അച്ഛന്റെ മകൻ’ മനോരമ ഓൺലൈനിനൊപ്പം.
ഞങ്ങളുടെ വീടും പാട്ടും കൂട്ടും
അച്ഛൻ എനിയ്ക്കു വളരെ അടുത്ത സുഹൃത്തു കൂടിയാണ്. ഞങ്ങൾ തമ്മിൽ വലിയ ആത്മബന്ധവും സൗഹൃദവുമുണ്ട്. ഞാൻ വ്യക്തിപരമായ കാര്യങ്ങൾ അച്ഛനോടു പങ്കുവയ്ക്കാറുമുണ്ട്. അങ്ങനെയൊക്കെയാണെങ്കിലും ഒരേ പ്രായത്തിലുള്ള ആളോടെന്ന പോലെ അച്ഛനോടു പെരുമാറാൻ പറ്റില്ലല്ലോ. അദ്ദേഹം എന്റെ അച്ഛനാണ്, ഒപ്പം നല്ലൊരു സുഹൃത്തും. വീട്ടിൽ കൂടുതലായും ഞങ്ങൾ ചർച്ച ചെയ്യുന്നത് സംഗീതത്തെക്കുറിച്ചായിരിക്കും. എനിക്ക് പുതിയതായി ഏതെങ്കിലും പാട്ട് കേട്ട് ഇഷ്ടപ്പെട്ടാൽ ഞാൻ ആദ്യം അയയ്ക്കുന്നത് അച്ഛനായിരിക്കും. അച്ഛനും അങ്ങനെ തന്നെയാണ്. അതുപോലെ ഞാൻ ഏതെങ്കിലും പുതിയ പാട്ട് പാടി റെക്കോർഡ് ചെയ്താൽ അത് ആദ്യം അച്ഛനെ കേൾപ്പിക്കും. അതുപോെല അച്ഛന്റെ പുതിയ പാട്ടുകൾ വീട്ടിൽവന്ന് ഞങ്ങളെയെല്ലാം കേൾപ്പിക്കും. പാട്ടിനെക്കുറിച്ച് ഒരുപാട് സംസാരിക്കുമെങ്കിലും വീട് എപ്പോഴും സംഗീതസാന്ദ്രമാണെന്നു പറയാൻ സാധിക്കില്ല. വേദകളിൽ ഒരുമിച്ചു പാടിയിട്ടുണ്ട് എന്നല്ലാതെ ഞാനും അച്ഛനും ഒരുമിച്ച് വീട്ടിലിരുന്നു പാടിയിട്ടേയില്ല. അപ്രതീക്ഷിതമായി വന്ന ലോക്ഡൗൺ കാലത്തെ വിരസതയകറ്റാൻ ഓൺലൈന്‍ റിലീസ് ചെയ്ത സിനിമകളും മറ്റു പരിപാടികളുമൊക്കെയാണ് ഞങ്ങളെ സഹായിച്ചത്. പിന്നെ പതിവു പോലെ അച്ഛന്റെ പാട്ട് പരിശീലനവും നടക്കുന്നു.
പ്രായമാകാത്ത എന്റെ ‘യങ്’ അച്ഛന്‍
ഒരിടക്കാലത്ത് എനിക്ക് അച്ഛന്റെ കൂടെ പുറത്തു പോകാൻ നാണക്കേടു തോന്നിയിരുന്നു. കാരണം ഞങ്ങളെ രണ്ടു പേരെയും കണ്ടാൽ ചേട്ടനും അനിയനും ആണോ എന്നായിരുന്നു പലരുടെയും ചോദ്യം. അത് അച്ഛൻ ചെറുപ്പമാണെന്നു പറയുന്നതാണോ അതോ എനിക്കു പ്രായം കൂടുതൽ തോന്നുന്നുവെന്നു പറയുന്നതാണോ എന്നറിയില്ല. എന്തായാലും പലരും ഞങ്ങളെ കണ്ട് സഹോദരന്മാരാണോ എന്നു ചോദിച്ചിട്ടുണ്ട്. അച്ഛന് പ്രായം തോന്നാത്തത് പാരമ്പര്യമായി കിട്ടിയതാണ്. അച്ഛന്റെ അച്ഛന് ഇപ്പോൾ 98 വയസ്സായി. പക്ഷേ കണ്ടാൽ അത്രയൊന്നും തോന്നില്ല. മാത്രവുമല്ല, അദ്ദേഹത്തിന്റെ ഓർമശക്തിക്കും മറ്റും യാതൊരു കുറവും സംഭവിച്ചിട്ടുമില്ല. അതൊക്കെ വച്ചു നോക്കുമ്പോൾ അച്ഛന് പാരമ്പര്യമായി കിട്ടിയതാണ് ഈ ‘ചെറുപ്പം’ നിലനിർത്തുന്ന പ്രകൃതം. ദൈവാനുഗ്രഹം എന്നു മാത്രമേ പറയാനുള്ളു.
രണ്ടും ഈക്വൽ ഈക്വൽ
അച്ഛൻ സംഗീതജീവിതവും കുടുംബജീവിതവും ബാലൻസ് ചെയ്തു കൊണ്ടുപോകാറുണ്ട്. മാസത്തിൽ പകുതി ദിവസവും സംഗീതപരിപാടികളും മറ്റുമായി തിരക്കിലായിരിക്കും. ബാക്കി സമയം പരമാവധി ഞങ്ങൾക്കൊപ്പം വീട്ടിൽ തന്നെയാണ്. ഏതൊരു ജോലി ചെയ്യുന്ന ആളും വ്യക്തിജീവിതവും തൊഴിലും ഒരുപോലെ കൊണ്ടുപോകാൻ ശ്രമിക്കുമല്ലോ. ഭൂരിഭാഗം ആളുകളും ഇവ രണ്ടിനും ഒരുപോലെ പ്രാധാന്യം കൊടുക്കാൻ ശ്രമിക്കാറുണ്ടെന്നു തോന്നുന്നു. അതുപോലെതന്നെയാണ് എന്റെ അച്ഛനും. രണ്ടും കൂടി ബാലൻസ് ചെയ്തു കൊണ്ടുപോകാൻ അച്ഛൻ പ്രയാസപ്പെടുന്നുണ്ടെന്ന് എനിക്കു തോന്നിയിട്ടേയില്ല.
എന്റെ പാട്ടിലെ എന്റെ അച്ഛൻ
എന്റെ സംഗീതജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചത് തീർച്ചയായും അച്ഛൻ തന്നെയാണ്. കാരണം, ഓർമ വച്ച കാലം മുതൽ ഞാൻ അച്ഛന്റെ പാട്ടു കേട്ടാണു വളര്‍ന്നത്. വീട്ടിലിരുന്നു മാത്രമല്ല അച്ഛന്റെ സംഗീത പരിപാടികളിൽ പോയി കേട്ടും ആ സംഗീതം എപ്പോഴും ആസ്വദിക്കുമായിരുന്നു. ഏതു ഗായകന്റെ പാട്ടാണ് ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് എന്നു ചോദിച്ചാൽ തീർച്ചയായും ഞാൻ അച്ഛന്റെ പേരു തന്നെയേ പറയൂ. എല്ലാ തരത്തിലും എന്റെ സംഗീത ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയത് എന്റെ അച്ഛൻ തന്നെയാണ്. ഞാൻ സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. കുട്ടിക്കാലത്തു തന്നെ എന്നെ പാട്ടു പഠിപ്പിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ ആ സമയത്ത് എനിക്കു സംഗീതത്തിൽ വലിയ താത്പര്യം തോന്നിയിരുന്നില്ല. അപ്പോൾ അച്ഛൻ തന്നെ പറഞ്ഞു, താത്പര്യം ഇല്ലെങ്കിൽ സംഗീതം പഠിക്കേണ്ട എന്ന്. അതുകൊണ്ട് അന്നു പഠനം വേണ്ടെന്നു വച്ചു.
അച്ഛനിലൂടെ പിന്നണിയിലെത്തിയ ഞാൻ
ആദ്യമായി പിന്നണി പാടാൻ എനിക്ക് അവസരം ലഭിച്ചത് അച്ഛൻ കാരണമാണെന്നു തന്നെ പറയാം. കോളജ് പഠന കാലത്താണ് ഞാൻ പാടിത്തുടങ്ങിയത്. ഞങ്ങൾക്ക് കോളജിൽ ഒരു സംഗീത ബാൻഡ് ഉണ്ടായിരുന്നു. കോളജ്തല മത്സരങ്ങൾക്കും മറ്റും പങ്കെടുക്കാൻ പോകുമായിരുന്നു. അങ്ങനെ മത്സരങ്ങളില്‍ വിജയിച്ചപ്പോൾ വെറുതേ ചില പാട്ടുകൾ റെക്കോർഡ് ചെയ്യാനും കേൾക്കാനും തുടങ്ങി. ആ സമയത്തൊന്നും ഇത്തരത്തിലൊരു ബാൻഡിനെക്കുറിച്ചും ഞാൻ അതിൽ പാടുന്നതിനെക്കുറിച്ചുമൊന്നും അച്ഛന് അറിയില്ലായിരുന്നു. ഞാൻ ഒരിക്കൽ സൂചിപ്പിച്ചിരുന്നു എന്നല്ലാതെ വിശദമായി ഒന്നും പറഞ്ഞിരുന്നില്ല. ഞാൻ ചെന്നൈയിൽ ആണ് പഠിച്ചത്. അതിനാൽ തന്നെ ബാന്‍ഡിലെ മറ്റ് അംഗങ്ങളെല്ലാം തമിഴന്മാർ ആയിരുന്നു. ഒരു ദിവസം ഞങ്ങൾ ഒരു ബാൻഡ് അംഗത്തിന്റെ വീട്ടിൽ പോയി അവിടെ വച്ച് ഒരു പാട്ട് പാടി റെക്കോർഡ് ചെയ്തു. അത് ഒന്നര മിനിറ്റു മാത്രം ദൈർഘ്യമുള്ള ഒന്നായിരുന്നു. ഞാനത് അയച്ചു കൊടുത്തപ്പോൾ അച്ഛന് ഒരുപാടിഷ്ടമായി. അച്ഛൻ അത് ശ്രീനിവാസ് അങ്കിളിനെ കേൾപ്പിച്ചു (ഗായകൻ ശ്രീനിവാസ്). അങ്കിളിനെ ഞാൻ എന്റെ കുട്ടിക്കാലം മുതൽ കാണുന്നതാണ്. അച്ഛനുമായി അദ്ദേഹത്തിനു വലിയ ആത്മബന്ധമുണ്ട്. എന്റെ പാട്ട് കേൾക്കുന്ന സമയത്ത് ശ്രീനിവാസൻ അങ്കിൾ ജയരാജ് സർ സംവിധാനം ചെയ്ത് മമ്മൂട്ടി സർ അഭിനയിച്ച ‘ദ് ട്രെയിൻ’ എന്ന ചിത്രത്തിനു വേണ്ടി പാട്ടുകളൊരുക്കുന്ന തിരക്കിലായിരുന്നു. മാത്രമല്ല, അദ്ദഹം ചിത്രത്തിലെ ഗാനത്തിനു വേണ്ടി ഒരു പുതിയ ഗായകനെയും അന്വേഷിക്കുന്നുമുണ്ടായിരുന്നു. അങ്ങനെ ആ സമയത്ത് എന്റെ പാട്ട് കേട്ടിഷ്ടമായപ്പോഴാണ് അങ്കിൾ ‘ദ് ട്രെയിനി’ലെ ‘ചിറകിങ്ങു വാനമിങ്ങു പൂക്കളിങ്ങു കിളികളേ’ എന്ന പാട്ട് എന്നെക്കൊണ്ടു പാടിക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് ഞാൻ ആദ്യമായി പിന്നണി പാടിയത്. ഒരുതരത്തിൽ പറഞ്ഞാൽ അച്ഛൻ കാരണമാണ് എനിക്കാ അവസരം ലഭിച്ചത്.
എന്റെ അച്ഛൻ പാട്ടിഷ്ടം
കുട്ടിക്കാലം മുതൽ കേൾക്കുന്നത് അച്ഛന്റെ പാട്ടുകളാണ്. ഇപ്പോഴും ഞാനത് കേട്ടാസ്വദിക്കാറുണ്ട്. ഇപ്പോൾ അച്ഛന്റെ പാട്ടുകളിൽ ഞാൻ ഏറ്റവും കൂടുതൽ പാടുന്നത് ‘പൂത്താലം വലം കൈയിലേന്തി’ ആണ്. സ്റ്റേജ് പരിപാടികളിൽ അച്ഛന്റെ പാട്ടുകൾ പാടാൻ ആവശ്യപ്പെടുമ്പോൾ ഈ ഗാനമാണ് ഞാൻ കൂടുതലായും തിരഞ്ഞെടുക്കുന്നത്. പക്ഷേ ആ ഇഷ്ടങ്ങൾ മാറിമറിഞ്ഞുകൊണ്ടേയിരിക്കും. കാരണം, ആദ്യം ഏതോ വാർമുകിലിൻ ആയിരുന്നു. പിന്നീടത് താനേ പൂവിട്ട മോഹത്തിലേയ്ക്കും ഉണരുമീ ഗാനത്തിലേയ്ക്കുമൊക്കെ വഴി മാറി. അതിങ്ങനെ നാളുകൾ കഴിയുന്തോറും മാറി മാറി വരും. അച്ഛന്റെ എല്ലാ പാട്ടുകളും എനിക്കിഷ്ടമാണ്. അതിൽ പ്രത്യേകമായി ഒന്നോ രണ്ടോ എണ്ണം തിരഞ്ഞെടുക്കുക എന്നത് അത്യന്തം ശ്രമകരമാണ്.
പാട്ടിനൊപ്പം സംഘാടനവും
തിരുവനന്തപുരം ടഗോർ ഹാളിൽ വച്ചാണ് ഞാൻ ആദ്യമായി അച്ഛനൊപ്പം വേദിയിൽ പാടിയത്; ഏഴെട്ടു വർഷം മുൻപ്. അച്ഛന്റെ പരിപാടിയിൽ അച്ഛന്റെ പാട്ടു തന്നെയാണു അന്നു പാടിയത്. അതിനു ശേഷം കഴിഞ്ഞ രണ്ടു മൂന്ന് വർഷങ്ങളായിട്ടാണ് ഞങ്ങൾ രണ്ടു പേരും കൂടുതലും ഒരുമിച്ചു പാടാൻ തുടങ്ങിയത്. രാജ്യത്തിനകത്തും പുറത്തുമായി പല വേദികൾ പങ്കിട്ടു. അച്ഛന്റെ കൂടെ പരിപാടികൾക്കു പോകുന്നത് വളരെ മികച്ച അനുഭവങ്ങളാണ്. കാരണം അച്ഛൻ പാട്ടു കാര്യങ്ങൾ മാത്രമല്ല നോക്കുന്നത്. പലപ്പോഴും സംഘാടകർ വന്ന് അറേഞ്ച്മെന്റ്സിന്റെ കാര്യങ്ങളൊക്കെ അച്ഛന്റെയടുത്ത് ചർച്ച ചെയ്യാറുണ്ട്. അവരുമായി അച്ഛൻ നിരന്തരം ആശയവിനിമയം നടത്തുകയും പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചെയ്യാൻ സഹായിക്കുകയും ചെയ്യാറുണ്ട്. അതൊക്കെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് കണ്ടുപഠിക്കാൻ എനിക്കു പലപ്പോഴും അവസരങ്ങൾ ലഭിച്ചിട്ടുമുണ്ട്.
ഇക്കൊല്ലം വീട്ടിൽ തന്നെ
അച്ഛന്റെ പിറന്നാളുകൾ പതിവായി ആഘോഷിക്കാൻ സാധിക്കാറില്ല. കാരണം, സാധാരണയായി ഗായകർ എല്ലാവരും സംഗീത പരിപാടികളുമായി ബന്ധപ്പെട്ടു തിരക്കിലാകുന്ന സമയമാണ് ഡിസംബർ. അപ്പോൾ മുൻ വർഷങ്ങളിലൊക്കെ പിറന്നാളിന് അച്ഛൻ മിക്കവാറും പരിപാടികളുമായി ബന്ധപ്പെട്ട യാത്രകളിലായിരുന്നു. ഇപ്പോൾ പിന്നെ കോവിഡും നിയന്ത്രണങ്ങളും കാരണം സംഗീത പരിപാടികളെല്ലാം ഓൺലൈൻ ആയാണല്ലോ നടക്കുന്നത്. അതുകൊണ്ട് ഈ പിറന്നാളിന് അച്ഛൻ വീട്ടിൽത്തന്നെയുണ്ട്. ഞങ്ങൾ കുടംബാംഗങ്ങളെല്ലാം ഇപ്പോൾ തിരുവന്തപുരത്ത് വീട്ടിലാണ്.
English Summary: Interview with singer Arvind Venugopal