‘രാരീ രാരീരം രാരോ’ പാടി മലയാളിയെ താരാട്ടുപാടി ഉറക്കിയ ഭാവഗായകൻ, ഓരോ മലയാളിയുടെയും മൗനത്തിനും ഏകാന്തതയ്ക്കും പ്രണയത്തിനും സ്വപ്നങ്ങൾക്കും കൂട്ടായ മധുരസ്വരത്തിന്റെ ഉടമ ജി. വേണുഗോപാലിന് ഇന്ന് അറുപതാം പിറന്നാൾ. വരികളുടെ അർഥവും ആഴവും അറിഞ്ഞു പാടുന്ന അദ്ദേഹത്തിനെ മലയാളികൾക്കു മാത്രമല്ല തമിഴനും തെലുങ്കനുമൊക്കെ പ്രിയമാണ്. സാർഥകമായ അറുപതു വർഷം പൂർത്തിയാക്കുന്ന വേളയിൽ വേണുഗോപാൽ മനോരമ ഓൺലൈനിന് അനുവദിച്ച അഭിമുഖം.. 

അറുപതു വയസ്സ് പൂർത്തിയായി. തിരിഞ്ഞു നോക്കുമ്പോൾ ജീവിതം സംതൃപ്‌തമാണോ?

ജീവിതം സംതൃപ്തമാണ്‌. കല വീഞ്ഞുപോലെയാണ് പഴകുന്തോറും വീര്യം കൂടുന്നു എന്നാണ് എനിക്കു തോന്നുന്നത്. പണ്ട് പാടിയ പാട്ടുകൾ ആളുകൾ ഇപ്പോൾ കൂടുതൽ കേൾക്കുന്നുണ്ട്. അന്ന് കിട്ടാത്ത പരിഗണന പോലും ഇപ്പോൾ കിട്ടുന്നു. ഇത്രയും വർഷം പാടിയ ഒരു ഗായകൻ എന്ന നിലയിൽ എനിക്ക് തോന്നുന്നത് ഇപ്പോഴാണ് കൂടുതൽ പരിഗണന കിട്ടുന്നത് എന്നാണ്. ഒരുപക്ഷേ ഞാൻ പാടിയ പാട്ടുകൾ ആയിരിക്കും അതിനു കാരണം. എന്റെ പാട്ടുകൾ കംപോസ് ചെയ്തവരും എഴുതിയവരും ഒക്കെ ഈ അംഗീകാരത്തിന് അർഹരാണ്. ഞാൻ പാടിയ പാട്ടുകൾ ഇന്നും ആളുകൾ മൂളി നടക്കുന്നു എന്നറിയുന്നതിൽ സംതൃപ്തിയുണ്ട്. കുടുംബ ജീവിതമായാലും കലാജീവിതമായാലും സംതൃപ്തനാണ് ഞാൻ.

ഷഷ്ഠിപൂർത്തിയാവുകയാണല്ലോ. ഈ ജന്മദിനം എങ്ങനെയാണ് ആഘോഷിക്കുന്നത്?

എന്റെ പേരിൽ ‘സസ്‌നേഹം ജി. വേണുഗോപാൽ’ എന്ന ഒരു ചാരിറ്റി ഫൗണ്ടേഷൻ ഉണ്ട്. ഞങ്ങളുടെ ജീവിതത്തിലെ എല്ലാ നല്ല ദിവസങ്ങളും പൂജപ്പുര മഹിളാ ഓർഫനേജിലെയോ പുലയനാർകോട്ടയിലുള്ള ഗവ. ഓൾഡ് ഏജ് ഹോമിലെയോ അന്തേവാസികളോടൊപ്പമാണ് ചെലവഴിക്കുക. 2009ൽ ആണ് ഈ ഫൗണ്ടേഷൻ തുടങ്ങിയത്. ആദ്യത്തെ ആറു വർഷം ഞങ്ങൾ ആർസിസിയിലെ കുട്ടികളുടെ വാർഡിലായിരുന്നു സഹായങ്ങൾ ചെയ്തിരുന്നത്. പിന്നീട് അത് വ്യാപിപ്പിച്ചു. ഇത്തവണ നവംബർ 20ന്, എന്റെ കരിയറിന്റെ 36 വർഷമാകുന്ന ദിവസമായിരുന്നു, എന്റെ ഫ്രണ്ട് ഒരു പാട്ട് എഴുതി കംപോസ് ചെയ്തു,  ‘തിരപോലെ നീയും’ എന്ന ഒരു വിഡിയോ ആൽബം ആയി പബ്ലിഷ് ചെയ്തു. ഞാൻ അതിൽ പാടി അഭിനയിച്ചിട്ടുണ്ട്. പത്താം തീയതി ഓൾഡ് ഏജ് ഹോമിൽ കേക്ക് എത്തിക്കാൻ ആണ് തീരുമാനം. കൊറോണ റെസ്ട്രിക്‌ഷൻ ഉള്ളതുകൊണ്ട് അവിടെ പോകുന്നില്ല, സൂമിൽ എല്ലാവരെയും കണ്ട് അനുഗ്രഹം വാങ്ങും, പാട്ടുകൾ പാടും, സംസാരിക്കും. എല്ലാ ഡിസംബർ പത്തിനും എന്നെ കാത്തിരിക്കുന്നവരാണ് അവർ. ഇത്തവണയും അവരോടൊപ്പം തന്നെ.

കുടുംബജീവിതവും കലാജീവിതവും എങ്ങനെയാണ് ഒരുപോലെ കൊണ്ടുപോകുന്നത്?

എന്റെ ഏറ്റവും വലിയ സമ്പാദ്യം എന്റെ കുടുംബമാണ്. വീട്ടിൽ അസ്വാരസ്യം ഉണ്ടെങ്കിൽ പാട്ടിൽ ഹാർമണി ഇല്ലാതാകും. മക്കൾ രണ്ടുപേരാണ്. അനുപല്ലവിയും അരവിന്ദും. മകൻ പാട്ടു പാടും, അഞ്ജലി മേനോന്റെ അസിസ്റ്റന്റ് ആണ്. സൺ‌ഡേ ഹോളിഡേയിലെ ‘മഴപാടും കുളിരായി’, ലൂക്കാ എന്ന ചിത്രത്തിലെ ‘വാനിൽ ചന്ദ്രികാ’ എന്നീ ഗാനങ്ങൾ മകൻ പാടിയതാണ്. പിന്നെ അവർ കുറച്ചുപേർ ചേർന്ന് പഞ്ചാരി എന്നൊരു ബാൻഡ് നടത്തുന്നുണ്ട്. ഞാനും അവനും ചേർന്ന് പാടാറുണ്ട്. മകൾ ഡാൻസർ ആണ്. അവൾ ഡിഗ്രിക്ക് പഠിക്കുന്നു.

ഇപ്പോഴും കൊണ്ടു നടക്കുന്ന സൗഹൃദങ്ങൾ?

എന്റെ നഴ്സറി ക്ലാസ് മുതൽ ഉള്ള സുഹൃത്തുക്കൾ ഇപ്പോഴുമുണ്ട്. സംഗീത രംഗത്ത് ശ്രീനിവാസൻ, ഞങ്ങൾ കളിക്കൂട്ടുകാരാണ്. എന്റെ സംഗീത ഗുരുവിന്റെ മകനുമാണ് ശ്രീനി. ഗായിക സുജാത എന്റെ കസിനാണ്, സുരേഷ് ഗോപി അടുത്ത സുഹൃത്താണ്. മോഹൻലാൽ ഒരു വർഷം സീനിയർ ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് ആകാശവാണിയുടെ ബാലലോകം ചെയ്യുമായിരുന്നു. ഇവരൊക്കെ എന്റെ അടുത്ത സുഹൃത്തുക്കളാണ്.

പാടിയ പാട്ടിലെല്ലാം സ്വന്തം കയ്യൊപ്പു പതിപ്പിച്ച ഗായകന് പാട്ടില്ലാതെ ആറുവർഷം ഉണ്ടായിരുന്നു, എന്താണ് അതിലേക്കു നയിച്ച കാര്യങ്ങൾ? 

അതൊന്നും ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നില്ല. അതൊക്കെ കഴിഞ്ഞു, അന്ന് കിട്ടാത്തതുകൂടി ഇന്ന് കിട്ടുന്നുണ്ട്. ഞാൻ ഇപ്പോൾ സംതൃപ്തനാണ്. അതൊക്കെ ഇന്നലെകളായിരുന്നു, ഞാൻ ഇന്നിൽ ജീവിക്കുന്ന ആളാണ്, നാളെയെക്കുറിച്ചു പ്രതീക്ഷയുമുണ്ട്. അതു മതി എനിക്ക്. ഇന്നലെ ഞാൻ പാടിയ പാട്ടുകൾ എല്ലാവരുടെയും മനസ്സിൽ ഇപ്പോഴും ഉണ്ട് എന്നുള്ളത് എന്നെ സന്തോഷിപ്പിക്കുന്നു. പിന്നെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യം ഞാൻ ഒരു ക്രിയേറ്റിവ് വർക്ക് ചെയ്തു എന്നുള്ളതാണ്. കുറേ അനുഗൃഹീത കവികളുടെ കവിതകൾ കംപോസ് ചെയ്ത് കാവ്യരാഗം, കാവ്യഗീതികൾ, വോളിയം ഒന്നും രണ്ടും ആൽബമായി ചെയ്തു. അതെല്ലാം വളരെ പോപ്പുലർ ആണ്. ഇപ്പോൾ കാവ്യഗീതികൾ വോളിയം മൂന്നിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്ക് പുറത്ത് അങ്ങനെ ചില വർക്കുകൾ ചെയ്തു. നല്ലതു മാത്രമേ ഞാനിപ്പോൾ ഓർക്കാൻ ആഗ്രഹിക്കുന്നുള്ളൂ.

വികെപിയുമായുള്ള സൗഹൃദം?

എന്റെ സുഹൃത്ത് വേണുവാണ് വികെപിയെ പരിചയപ്പെടാൻ എന്നെ ചെന്നൈയിലേക്കു ക്ഷണിച്ചത്. അന്ന് എന്റെ പാട്ടുകൾ മുഴുവൻ പാടിയാണ് വികെപി എന്നെ സ്വീകരിച്ചത്. ഞങ്ങൾ സൗഹൃദം പങ്കുവച്ചു., വിളിക്കാം എന്ന് പറഞ്ഞു പിരിഞ്ഞു. അതിനു ശേഷം ആറുമാസം കഴിഞ്ഞ് അദ്ദേഹം വിളിച്ച് ഒരു സിനിമ ഏൽപ്പിച്ചു. ‘പുനരധിവാസം’ ആയിരുന്നു അത്. അതിലെ എല്ലാ പാട്ടുകളും ഞാനാണ് പാടിയത്. ആ  പാട്ടുകളും കവിതകളും നാഷനൽ അവാർഡിന്റെ വക്കിൽ വരെ എന്നെക്കൊണ്ടെത്തിച്ചു. വികെപിയുടെ ഏതാണ്ടെല്ലാ സിനിമകളിലും ഞാൻ പാടിയിട്ടുണ്ട്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾ കഴിഞ്ഞ ആഴ്ചയും സംസാരിച്ചിരുന്നു.

കൊറോണ അപഹരിച്ച കലാരംഗം?

കൊറോണ കാലത്ത് കലാപരമായി വലിയ പ്രവർത്തനങ്ങൾ നടന്നില്ലെങ്കിലും ചില കാരുണ്യ പ്രവർത്തനങ്ങൾ എന്റെ സസ്‌നേഹം ട്രസ്റ്റിന് ചെയ്യാൻ കഴിഞ്ഞു. കൊറോണ കാരണം തൊഴിലില്ലാതെ വലയുന്ന പതിമൂന്നു കുടുംബങ്ങളെ താങ്ങിനിർത്താൻ കഴിഞ്ഞു. ദിവസക്കൂലിയിൽ ജോലിചെയ്തു ജീവിതം പുലർത്തിയിരുന്നവരാണ്. അവരുടെ ദൈനംദിന ജീവിതത്തിനു വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു. കഴിഞ്ഞ മാസം ആയപ്പോഴേക്കും അത് 21 കുടുംബങ്ങളാക്കി വർധിപ്പിച്ചു. അതിൽ കലാരംഗത്തുള്ളവരും സാധാരണക്കാരും ഉണ്ട്. അത് ചെയ്യാൻ കഴിഞ്ഞതിൽ സംതൃപ്തി ഉണ്ട്.

കൊറോണ കാരണം നഷ്ടമായ വേദികൾ മടങ്ങിവരും എന്നു കരുതുന്നുണ്ടോ?

ഞാൻ ശുഭാപ്തി വിശ്വാസക്കാരനാണ്. എല്ലാം മടങ്ങിവരും, ജീവിതം സാധാരണ നിലയിലേക്കു പോകും എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഉടനെയല്ല, കാലക്രമേണ എല്ലാം ശരിയാകും. മാർച്ച്  മുതൽ മേയ് വരെ വർക്കുകൾ ഒന്നും ചെയ്തില്ല. ഇപ്പോൾ നിറയെ ഓൺലൈൻ വർക്കുകൾ ചെയ്യുന്നുണ്ട്. പ്രതീക്ഷ നൽകുന്ന പുതിയ മൂന്നു സിനിമകളിലും പാടിയിട്ടുണ്ട്. ഒരു റിയാലിറ്റി ഷോയിൽ ജൂറി ആയി പങ്കെടുക്കുന്നുണ്ട്. പിന്നെ കാവ്യഗീതികളുടെ പണികളുമുണ്ട്  ഞാൻ എപ്പോഴും തിരക്കിലായിരുന്നു.

എന്താണ് താങ്കളുടെ രാഷ്ട്രീയം?

മൂന്നു രാഷ്ട്രീയ പാർട്ടിയിലുള്ളവരും എന്റെ സുഹൃത്തുക്കളായിട്ടുണ്ട്. എല്ലാവരും എനിക്കു വേണ്ടപ്പെട്ടവരാണ്. പ്രവർത്തിക്കാൻ രാഷ്ട്രീയം വേണം എന്ന് തോന്നുന്നില്ല. ഒരു കൊടിയുടെയും കീഴിലല്ല  ഞാൻ സാമൂഹിക പ്രവർത്തനം ചെയ്യുന്നത്. ഏതെങ്കിലും ഒരു കൊടിയുടെ കീഴിൽ ചേർന്നു കഴിഞ്ഞാൽ അവിടെ പരിമിതികൾ  ഉണ്ടാകും. സമൂഹത്തെ സേവിക്കാൻ ഒരു കൊടിയുടെയും തണൽ വേണം എന്ന് ഞാൻ കരുതുന്നില്ല. നാം നമ്മുടെ പ്രവൃത്തികൊണ്ടു മറ്റുള്ളവർക്ക് ഒരു ഉദാഹരണമായി ജീവിക്കുക. എല്ലാവരോടും സൗഹൃദം നിലനിർത്തിക്കൊണ്ടു പോവുന്നതാണ് എന്റെ സ്വഭാവം.

കലാകാരന്മാർക്ക് റിട്ടയർമെന്റ് ഉണ്ടോ?

ഞാൻ ഒരു പാട്ടുകാരനാണ്. എന്റെ പാട്ടു മോശമാകുന്നു എന്ന് തോന്നുമ്പോൾ നിർത്തുന്നതാണ് നല്ലത്, അല്ലെങ്കിൽ മറ്റുള്ളവർ പറയണം താങ്കൾ പാടുന്നത് പോരാ എന്ന്, ഇത് രണ്ടും എന്നോട് ഇതുവരെ ആരും പറഞ്ഞിട്ടില്ല. സ്വരം മോശമാവുമ്പോൾ പാട്ടു നിർത്തുക– അങ്ങനെയാണ് എനിക്ക് തോന്നുന്നത് അതുവരെയും സമൂഹത്തിനു നമ്മെ ആവശ്യമുണ്ട്.

പുതിയ പാട്ടുകാർ ഒരുപാട് കടന്നു വരുന്നുണ്ട്, പഴയ പാട്ടുകാർക്ക് സ്വീകാര്യത കുറയുന്നതായി തോന്നുന്നുണ്ടോ?

അങ്ങനെ തോന്നുന്നില്ല. എല്ലാവർക്കും അവരവരുടേതായ ഇടമുണ്ട്. ഓരോ പാട്ടുകാരും യൂണിക്ക് അല്ലേ. നമ്മുടെ പ്രാധാന്യം നമുക്ക് തിരിച്ചറിയാമെങ്കിൽ അങ്ങനെ തോന്നില്ല. ആരെയും തള്ളിക്കളയാതെ എല്ലാവരെയും ചേർത്തു നിർത്തി എല്ലാവരോടും സമഭാവനയോടെ പോവുക. അതാണ് എനിക്ക് പറയാനുള്ളത്. നമ്മുടെ അവസരം നമ്മെത്തന്നെ തേടിയെത്തും.

കൊറോണ കവർന്ന 2020?

കൊറോണ എല്ലാവരിലും ഭീതി പകർന്ന വർഷമാണ് 2020. രണ്ടു പ്രാവശ്യം ക്വാറന്റീനിൽ പോകേണ്ടി വന്നു. എന്റെ ഡ്രൈവർക്കു കൊറോണ ബാധിച്ചിട്ട് ആയിരുന്നു ഒരു പ്രാവശ്യം പ്രൈമറി കോൺടാക്ട് ആയത്. രണ്ടു പ്രാവശ്യവും ഭാഗ്യവശാൽ രക്ഷപ്പെട്ടു. കോവിഡിന്റെ അനന്തരഫലം എന്ന് പറയാവുന്നത് ഇങ്ങനെ ഒന്നും ചെയ്യാൻ കഴിയാതെ ഇരിക്കേണ്ടി വരുന്നതാണ്. മനുഷ്യനെ അഭിമുഖീകരിക്കാൻ കഴിയാതെ മാസ്ക്കും ഗ്ലൗസും ഇട്ടു കഴിയേണ്ടി വരിക എന്നുള്ളത് കഷ്ടം തന്നെയാണ്. കോവിഡ് കാലം കഴിഞ്ഞാലും ഈ ഭീതി വിട്ടൊഴിയാൻ കുറേ നാൾ പിടിക്കും എന്ന് തോന്നുന്നു. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ആസ്വാദകരുമായി ഇടപെടാൻ കഴിയാതെ വരിക നഷ്ടം തന്നെയാണ്.

സംഗീതരംഗത്തേക്ക് കടന്നുവരുന്ന കുട്ടികളോട് എന്താണ് പറയാനുള്ളത് ?

സംഗീതം അങ്ങനെ എളുപ്പം കൈവശപ്പെടുത്താൻ കഴിയുന്ന വരദാനമല്ല. കഴിവ് മെച്ചപ്പെടുത്തി എടുക്കാൻ പലതും ത്യജിക്കേണ്ടി വരും. നന്നായി പാടാൻ നല്ല പ്രാക്റ്റീസ് ആവശ്യമാണ്, ദിവസവും സാധകം ചെയ്യണം. എല്ലാ കലാകാരന്മാരെയും അംഗീകരിച്ച് ശത്രുതയില്ലാതെ, മത്സരബുദ്ധിയില്ലാതെ, സ്നേഹത്തോടെ വേണം മുന്നോട്ടുപോകാൻ. അങ്ങനെയുള്ളവർക്കേ അഭിവൃദ്ധിയുണ്ടാകൂ. മനുഷ്യത്വത്തോടെ പെരുമാറുന്ന കലാകാരന്മാരെയാണ് ലോകത്തിനാവശ്യം. സംഗീതം ഒരു സാധനയാണ്, മനുഷ്യനുമായുള്ള സഹകരണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെയൊന്നും ആകാതെ, മനുഷ്യത്വം കൈവെടിയാതെ, നല്ല ഒരു പാട്ടുകാരനോ പാട്ടുകാരിയോ ആയി വളരണം.

English Summary:  Interview with G Venugopal on his 60th birthday