സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജിൽ എന്ന സിനിമയ്ക്കു വേണ്ടി മഞ്ജു വാരിയർ ആലപിച്ച കിം കിം കിം പാട്ട് ആരാധകരുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുമ്പോൾ അതിലേറെ സന്തോഷിക്കുന്ന ഒരാളുണ്ട് ചെന്നൈയിൽ. ആ ഗാനം യഥാർത്ഥത്തിൽ വേദിയിൽ പാടി അവതരിപ്പിച്ച ആദ്യകാല മലയാള ചലച്ചിത്ര പിന്നണി ഗായകനും നടനുമായ വൈക്കം എം. പി. മണിയുടെ മകളായ രാജേശ്വരി തമ്പി. ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരൻ തമ്പിയുടെ ഭാര്യ കൂടിയാണ് രാജേശ്വരി. നാടകം പോലും ബാലാരിഷ്ടതകളോടെ അവതരിപ്പിച്ചിരുന്ന ഒരു കാലത്ത് 'പാരിജാതപുഷ്പാപഹരണം' എന്ന നാടകത്തിനു വേണ്ടി അച്ഛൻ തൊണ്ട പൊട്ടി പാടിയ പാട്ട് ന്യൂജെൻ കുട്ടികൾ സ്വന്തം പാട്ടു പോലെ ആഘോഷിക്കുന്നതു കാണുമ്പോൾ ആ സന്തോഷം ഏതു വാക്കുകൾ കൊണ്ടാണ് വിവരിക്കാൻ കഴിയുക?! നാടകത്തിന് മൈക്ക് പോലും ഇല്ലാതിരുന്ന കാലത്താണ് വൈക്കം എം മണി എന്ന അനുഗ്രഹീത കലാകാരൻ കിം കിം കിം പാടി വേദികളെ രസിപ്പിച്ചത്. അനേകായിരങ്ങളെ രസിപ്പിച്ച ആ അനശ്വര കലാകാരന് ആദരമർപ്പിച്ചാണ് ഈ ഗാനം വീണ്ടും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. അതിനു നിമിത്തമായത് കവിയും പാട്ടെഴുത്തുകാരനുമായ ബി.കെ ഹരിനാരായണനും. 

എന്നാൽ, പാട്ട് ഹിറ്റായപ്പോൾ ആ ഗാനം നടൻ ജഗന്നാഥൻ ആലപിച്ചതാണെന്ന മട്ടിലുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിൽ സജീവമായി. അരവിന്ദന്റെ 'ഒരിടത്ത്' എന്ന സിനിമയിൽ ജഗന്നാഥൻ ഈ ഗാനം ആലപിക്കുന്ന രംഗം അതോടൊപ്പം ഏറെ പങ്കുവയ്ക്കപ്പെടുകയും ചെയ്തു. തുടർന്ന്, കിം കിം കിം ഗാനം വൈക്കം മണി പാടുന്നതിന്റെ ഒറിജിനൽ ഓഡിയോ ഹരിനാരായണൻ കണ്ടെത്തി ആരാധകർക്കു മുൻപിൽ അവതരിപ്പിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും സജീവമാണ്. പാട്ടുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന തെറ്റിദ്ധാരണകൾ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് രാജേശ്വരി തമ്പി പറയുന്നു, 'ഇത് അച്ഛൻ പാടിയ പാട്ടു തന്നെയാണ്'! വൈക്കം എം. പി. മണിയുടെ ഓർമകളുമായി മകൾ രാജേശ്വരി തമ്പി മനോരമ ഓൺലൈനിൽ. 

അച്ഛന്റെ പാട്ട് അന്വേഷിച്ചെത്തിയ വിളി

ഒരു ദിവസം രവി മേനോൻ എന്നെ വിളിച്ചു. കിം കിം കിം എന്നൊരു പാട്ടിനെക്കുറിച്ച് അറിയാനാണ് അദ്ദേഹം വിളിച്ചത്. ഈ പാട്ട് എന്റെ അച്ഛൻ പാടിയതാണോ എന്നറിയാനായിരുന്നു അദ്ദേഹം വിളിച്ചത്. ഹരിനാരായണൻ ഈ പാട്ടിനെക്കുറിച്ച് അന്വേഷിച്ചെന്നും രവി പറഞ്ഞു. അച്ഛന്റെ പാട്ടാണ് കിം കിം കിം എന്ന് എനിക്ക് അറിയാമായിരുന്നു. ഏത് നാടകത്തിലെ ആണെന്നുള്ളത് കൃത്യമായി ഓർമ വന്നില്ല. തമ്പി സാറിന് ഇതെല്ലാം അറിയാം. പക്ഷേ, ആ സമയത്ത് അദ്ദേഹത്തെ കിട്ടിയില്ല. ഹരിക്കാണെങ്കിൽ ആ പാട്ടിന്റെ വിവരങ്ങൾ വേഗം വേണമായിരുന്നു. ദൂരദർശൻ ഡയറക്ടർ ബൈജു ചന്ദ്രൻ എന്റെ ചേച്ചിയുടെ മകനാണ്. ഞാൻ ഉടനെ ആളെ വിളിച്ചു ചോദിച്ചു. അച്ഛന്റെ ഒരു പഴയ അഭിമുഖത്തിൽ ഈ പാട്ടിനെക്കുറിച്ച് പറയുന്നതായി എന്റെ ഓർമയിലുണ്ട്. ബൈജു ചന്ദ്രൻ അതു തപ്പിയെടുത്തു തന്നു. ആകാശവാണിക്ക് നൽകിയ അഭിമുഖത്തിൽ ഈ പാട്ടിനെക്കുറിച്ചും അത് പാരിജാതപുഷ്പാപഹരണം എന്ന നാടകത്തിൽ നിന്നാണെന്നും അച്ഛൻ പറയുന്നുണ്ട്. അങ്ങനെയാണ് ഞാൻ ഹരിക്ക് അച്ഛൻ പാടിയ ഈ പാട്ടിന്റെ കാര്യങ്ങൾ പറഞ്ഞു കൊടുത്തത്. 

ആ ശബ്ദം വീണ്ടെടുത്ത് തന്നത് ഹരി

പാട്ട് റിലീസ് ആയിക്കഴിഞ്ഞപ്പോൾ ഒരു സെറ്റ് ആളുകൾ പറഞ്ഞു, ഇത് അച്ഛൻ പാടിയ പാട്ടല്ല... ജഗന്നാഥൻ ഒരു സിനിമയിൽ പാടിയതാണെന്ന്! അങ്ങനെ പറയാൻ കാരണമുണ്ട്. അരവിന്ദന്റെ 'ഒരിടത്ത്' എന്ന സിനിമയിൽ ജഗന്നാഥൻ ആണ് ഈ പാട്ട് പാടിയിരിക്കുന്നത്. അങ്ങനെ വന്നപ്പോൾ ഹരിക്ക് വളരെ വിഷമമായി. ഇത്രയും കഷ്ടപ്പെട്ട് എടുത്തിട്ടിട്ട് ആ പാട്ടിന്റെ ആധികാരികത നഷ്ടപ്പെടില്ലേ എന്നു പറഞ്ഞ് ഹരി സങ്കടപ്പെട്ടു. അതു കഴിഞ്ഞ് ഹരി എങ്ങനെയോ ഈ പാട്ടിന്റെ ഒറിജിനൽ വരികൾ കണ്ടെടുത്തു. അച്ഛൻ പാടിയ ഓഡിയോയും സമ്പാദിച്ചു. സത്യത്തിൽ അച്ഛന്റെ ആ വോയ്സ് എന്റെ കയ്യിൽ പോലും ഉണ്ടായിരുന്നില്ല. ഹരിയാണ് എനിക്ക് അച്ഛന്റെ ആ പാട്ട് കൊണ്ടു വന്നു തന്നത്. അച്ഛൻ മരിച്ചിട്ടു തന്നെ 29 വർഷമായി. ഇപ്പോഴത്തെ ജനറേഷന് അദ്ദേഹത്തെ അറിയാൻ യാതൊരു സാധ്യതയുമില്ല. 1991ലാണ് അച്ഛൻ മരിക്കുന്നത്. വാർധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു. മരിക്കുമ്പോൾ അച്ഛന് പ്രായം 80. ഞാൻ 52 വർഷമായി ചെന്നൈയിലാണ്. അച്ഛൻ കൂടെക്കൂടെ ഇവിടെ വന്നു നിൽക്കുമായിരുന്നു. സ്ഥിരമായി തിരുവനന്തപുരത്തായിരുന്നു താമസം. വൈക്കത്ത് നിന്നെല്ലാം ചെറുപ്പത്തിലേ വിട്ടു.   

പ്രയാസമേറിയ കാലഘട്ടം

അച്ഛൻ എന്നെ നാടകങ്ങൾക്ക് കൊണ്ടു പോയിട്ടുണ്ട്. അച്ഛൻ പോകുമ്പോൾ എന്നെയും കൂട്ടും. കൊടുങ്ങല്ലൂർ അമ്മിണിയമ്മ പോലെയുള്ള നടികൾ അന്ന് സംഘത്തിലുണ്ടായിരുന്നു. അവർ എന്നെ മോളെപ്പോലെയാണ് നോക്കിയിരുന്നത്. അന്നൊന്നും മേക്കപ്പ് ആർടിസ്റ്റ് ഇല്ല. അവർ തന്നെയാണ് എല്ലാം ചെയ്യുക. അതൊരു എക്സ്പീരിയൻസ് ആയിരുന്നു. എന്റെ അനിയൻമാർക്കൊന്നും ഇങ്ങനെ അച്ഛനൊപ്പം പോകാൻ കഴിഞ്ഞിട്ടില്ല. ഞാൻ തന്നെ വളരെ ചെറുതാണ്. ഏഴെട്ടു വയസുള്ളപ്പോഴത്തെ കാര്യമാണ് ഇതെല്ലാം. അച്ഛനും ഞാനും ആ കാലത്തെക്കുറിച്ച് ഇടയ്ക്ക് സംസാരിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് എനിക്ക് ഇതിനെക്കുറിച്ച് അറിയാവുന്നത്. അന്ന് പ്രമാണിമാരൊക്കെ നാടകം കാണാൻ വരും. അവരിൽ നിന്ന് നാടകസംഘത്തിലെ നടികളെ സംരക്ഷിക്കുക എന്നത് വലിയ ചുമതലയായിരുന്നു. വളരെ പ്രയാസം പിടിച്ച കാലത്തിലൂടെയാണ് അന്നത്തെ നടികൾ കടന്നുപോയിട്ടുള്ളത്. ആ കാലഘട്ടത്തിലെ ആരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. പാപ്പുക്കുട്ടി ഭാഗവതരായിരുന്നു ഒടുവിലുണ്ടായിരുന്നത്. അദ്ദേഹവും ഈയടുത്ത കാലത്ത് മരിച്ചു. ആ കാലഘട്ടത്തിലെ കലാകാരന്മാരെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും കാര്യമായൊന്നും രേഖപ്പെടുത്തി വച്ചിട്ടില്ല. 

തിരക്കഥയില്ല, മനോധർമമനുസരിച്ച് സംഭാഷണം

പണ്ട് പത്രത്തിൽ അച്ചടിച്ചു വന്ന അച്ഛന്റെ അഭിമുഖങ്ങളുടെ ചില കോപ്പികൾ എന്റെ പക്കലുണ്ട്... പേപ്പറൊക്കെ മഞ്ഞയായി... അത്രയും പഴയതാണ്. അതിൽ നോക്കുമ്പോൾ അന്നത്തെ നാടകങ്ങളെക്കുറിച്ച് അച്ഛൻ വിശദമായി പറയുന്നുണ്ട്. നാടകം എന്നു പോലും പറയാൻ കഴിയില്ല. നാടക കമ്പനികൾ ഒക്കെ വരുന്നതിനു മുൻപത്തെ സ്റ്റേജുകളെക്കുറിച്ചാണ് പറയുന്നത്. നാടകം കളിച്ചോളാമെന്നു പറഞ്ഞ് ഒരു സ്ഥലത്ത് ചെന്ന് ഒരു കോൺട്രാക്ടർ കരാറെടുക്കും. അയാൾ ചിലപ്പോൾ കണ്ണൂരും തിരുവനന്തപുരത്തും ആലപ്പുഴയുമൊക്കെയുള്ള ആർടിസ്റ്റുകളെ ആയിരിക്കും ഏർപ്പാട് ചെയ്യുക. അവർക്ക് പരസ്പരം അറിയണം എന്നു പോലുമില്ല. കോൺട്രാക്ട് എടുക്കുന്ന ആളുടെ കയ്യിൽ ഒരു കഥയുണ്ടാകും. ആ കഥ ഈ ആർടിസ്റ്റുകളെ നേരിൽ കണ്ട് പറയും. നിശ്ചയിച്ചിരിക്കുന്ന ദിവസം പറയുന്ന സ്ഥലത്ത് വരാൻ നിർദേശിക്കും. ഓരോരുത്തർക്കും അവരുടെ കഥാപാത്രങ്ങൾ പറഞ്ഞു വച്ചിട്ടുണ്ടാകും. അവർ വന്നിട്ട് അവരുടെ മനോധർമം പോലെ ചെയ്യും. അല്ലാതെ ഒരു കൃത്യമായ തിരക്കഥയൊന്നും അതിനുണ്ടാകില്ല. പാരിജാത പുഷ്പാപഹരണത്തിൽ തന്നെ കൃഷ്ണൻ ഈ പൂവ് കൊണ്ടു വരുമ്പോൾ സത്യഭാമയും രുക്മിണിയും തമ്മിലുള്ള വഴക്ക് കേട്ടാൽ തനി നാട്ടിൻപുറത്തെ പെണ്ണുങ്ങൾ തല്ലുകൂടുന്നത് പോലെ തോന്നും. പുരാണ കഥാപാത്രങ്ങൾ ഇങ്ങനെ സംസാരിക്കുന്നത്  നമുക്കൊന്നും ആലോചിക്കാൻ കഴിയില്ല.ആ നാടകത്തിൽ ഫീമെയിൽ ക്യാരക്ടറാണ് ഈ പാട്ട് പാടേണ്ടിയിരുന്നത്. പക്ഷേ, പാടിയിരിക്കുന്നത് അച്ഛനാണ്. ആലോചിക്കുമ്പോൾ ലോജിക്കൊന്നും ഇല്ല. 

സിനിമ ഇങ്ങനെ വളരുമെന്ന് അവർ ഓർത്തില്ല

വൈക്കം എം. പി. മണിയും മകൾ രാജേശ്വരിയും

പ്രതിഫലത്തിന്റെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. എല്ലാ തുകയും കോൺട്രാക്ടർ വാങ്ങി എടുക്കും. എന്നിട്ട്, പിച്ചക്കാശ് കൊടുക്കുന്നതുപോലെയാണ് ആർടിസ്റ്റുകൾക്ക് വീതിച്ചു നൽകുക. പിന്നെ, ഒരുപാട് നാടക കമ്പനികൾ വന്നു. അവർ ഒരു ട്രാക്കിലായപ്പോൾ നില മെച്ചപ്പെട്ടു. അന്ന് സിനിമയേക്കാളും നാടകത്തിനായിരുന്നു വിലയുണ്ടായിരുന്നത്. മലയാളത്തിലെ ആദ്യകാല സിനിമകളിലൊന്നാണ് നല്ല തങ്ക. അതിലെ രണ്ടു നായകരിൽ ഒരാളായിരുന്നു അച്ഛൻ. ആ സിനിമയിലെ രണ്ടാമത്തെ നായകനായിരുന്നത് യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫ് ആയിരുന്നു. പിന്നെയും സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയിരുന്നു. പക്ഷേ, സിനിമയെക്കാളും അന്ന് അച്ഛൻ നാടകത്തെ പരിഗണിച്ചു. അതു കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം, ഒരിക്കലും സിനിമയ്ക്ക് ഇങ്ങനെയൊരു ഭാവി അവരാരും പ്രതീക്ഷിച്ചില്ല. സിനിമ ഇത്രത്തോളം വരുമെന്നോ നാടകത്തെ മറികടക്കുമെന്നോ അവരൊന്നും കരുതിയിരുന്നില്ല. അവരുടെ കല പ്രകടിപ്പിക്കാൻ നാടകം തന്നെ മതി എന്നതായിരുന്നു അവരുടെ തീരുമാനം. അങ്ങനെ തീരുമാനിച്ച നിരവധി നടന്മാരുണ്ടായിരുന്നു അക്കാലത്ത്. പിന്നീട്, തമ്പി സർ സിനിമ ചെയ്യാൻ തുടങ്ങിയപ്പോൾ അതിൽ നല്ല വേഷങ്ങൾ അച്ഛനു നൽകി. ഞങ്ങൾക്ക് നൽകാൻ കഴിയുന്ന ഒരു ആദരമായിരുന്നു ആ വേഷങ്ങൾ. 

ദക്ഷിണാമൂർത്തി സ്വാമിയുടെ ഉറ്റ ചങ്ങാതി

അസാധ്യ സംഗീതജ്ഞനായിരുന്നു അച്ഛൻ. പാട്ടുകച്ചേരിയും ഹരികഥയുമെല്ലാം അക്കാലത്ത് നടത്തിയിരുന്നു. ടി.കെ ഗോവിന്ദറാവു ആണ് മലയാളത്തിലെ ആദ്യത്തെ പിന്നണിഗായകൻ. അതു കഴിഞ്ഞ് പിന്നെ അച്ഛനാണ്. ദക്ഷിണാമൂർത്തി സ്വാമിയും അച്ഛനും ഉറ്റ സുഹൃത്തുക്കളായിരുന്നു. സ്വാമി ഭജനമിരിക്കാൻ വരുന്നത് വൈക്കത്താണ്. അന്ന് അച്ഛന്റെ അടുത്തേക്ക് വരും. അവിടെ നിന്നാണ് ഭക്ഷണമെല്ലാം. അച്ഛന്റെ സഹോദരിയെ സംഗീതം പഠിപ്പിച്ചതും ദക്ഷിണാമൂർത്തി സ്വാമിയാണ്. എന്റെ അമ്മയും മ്യൂസിക് ടീച്ചറായിരുന്നു. അന്ന് പാടാത്തവർക്ക് അഭിനയിക്കാൻ പറ്റില്ലായിരുന്നല്ലോ! ഉറക്കെ പാടുകയും പറയുകയും വേണം. മൈക്കൊന്നും ഇല്ല. ലാസ്റ്റ് ഇരിക്കുന്നവർക്കു വരെ കേൾക്കണം. അങ്ങനെ അട്ടഹസിച്ച് ചെയ്യുമ്പോൾ അവസാന കാലത്ത് എന്തെങ്കിലും അസുഖം പിടിക്കും. ക്ഷയം പോലുള്ള അസുഖങ്ങൾ. അച്ഛനു പക്ഷേ, അങ്ങനൊന്നും സംഭവിച്ചില്ല. കൃഷ്ണൻനായർ സർ തുടങ്ങിയ കലാനിലയത്തിലായിരുന്നു അച്ഛൻ പിന്നീട് കുറെ വർഷം പ്രവർത്തിച്ചത്. പിന്നീട് സ്ഥിരം കമ്പനിയിൽ നിന്നിട്ടില്ല. തിരുവനന്തപുരത്ത് ജവഹർ ബാലഭവനിൽ അഭിനയം പഠിപ്പിക്കാൻ പോകുമായിരുന്നു. മോഹൻലാലൊക്കെ ചെറുപ്പത്തിൽ അവിടെ വന്നു പഠിച്ചിട്ടുണ്ട്. പിന്നീട് വിശ്രമജീവിതമായിരുന്നു. 

വീണ്ടുമോർത്തതിന് നന്ദി

മഞ്ജു വാരിയരുടെ ശബ്ദത്തിൽ കിം കിം കേട്ടപ്പോൾ ഞാനൊർത്തു ഇത് ഫ്രഷ് ട്യൂണാണല്ലോ എന്ന്. എന്നാൽ ആദ്യവരി അച്ഛൻ പാടിയ അതേ ഈണം തന്നെയാണ്. എനിക്ക് കേട്ടപ്പോൾ വലിയ സന്തോഷമായി. പ്രശസ്തയായ ഒരു നടി ആ പാട്ട് പാടുകയും വൈറലാവുകയും ചെയ്തപ്പോൾ ഏറെ സന്തോഷം. എവിടെ നോക്കിയാലും ഇപ്പോൾ കിം കിം കിം എന്നേ കേൾക്കാനുള്ളൂ. സംവിധായകൻ സന്തോഷ് ശിവൻ, പാട്ട് ഇപ്പോഴത്തെ രീതിയിൽ ആക്കിയ രാം സുരേന്ദർ, അത് മനോഹരമായി പാടിയ മഞ്ജു വാരിയർ... ഇവർക്ക് പ്രത്യേകം നന്ദി. സർവോപരി ഹരിനാരായണൻ... അദ്ദേഹമാണ് അച്ഛനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയത്.