‘വലയിൽ വീണ കിളികളാണു നാം

ചിറകൊടിഞ്ഞൊരിണകളാണു നാം’. 

വിഷാദത്തിന്റെ നൂൽവല നെയ്യുന്ന ഈ വരികളാണ് സംവിധായകൻ ലാൽ ജോസിനെ അനിൽ പനച്ചൂരാനിലേക്കെത്തിച്ചത്. പിന്നെ അയാളെ മലയാളസിനിമയ്ക്കു പരിചയപ്പെടുത്തി; ഒരു പാട്ടെഴുത്തുകാരനായി. പിന്നീടു പിറന്നത് സൂപ്പർഹിറ്റുകൾ. എല്ലാം ഇന്നലെക്കഴി‍ഞ്ഞതു പോലെ തെളിമയോടെ നിൽക്കുകയാണ് ലാൽ ജോസിന്റെ മനസ്സിൽ. ദുബായിലെ റാസൽഖൈമയിലിരുന്നാണ് പ്രിയസുഹൃത്തിന്റെ വിയോഗവാർത്ത സംവിധായകൻ അറിഞ്ഞത്. ഷൂട്ടിങ് തിരക്കിനിടയിൽ എത്തിയ ആ വാർത്ത തന്നെ വല്ലാതെയുലച്ചുകളഞ്ഞെന്ന് ലാൽ ജോസ്.  അനിൽ പനച്ചൂരാനുമായുള്ള ആത്മബന്ധവും അദ്ദേഹത്തെപ്പറ്റിയുള്ള ഓർമകളും പങ്കുവയ്ക്കുന്നു ലാൽജോസ്.   

വേദനാജനകമീ വേർപാട്

അനിലിന്റെ മരണം അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഞായറാഴ്ച സംവിധായകൻ ഷാജി പാണ്ഡവത്തിന്റെ വിയോഗവാർത്ത അറിഞ്ഞതിന്റെ ദുഃഖത്തിൽ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അനിലും വിടവാങ്ങിയെന്ന് അറിയുന്നത്. ഷാജി കുറച്ചു ദിവസമായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. പക്ഷേ അനിൽ പനച്ചൂരാന്റെ കാര്യത്തിൽ ഇതു പ്രതീക്ഷിച്ചതേയില്ല. ഒരു വേര്‍പാട് ഏൽപ്പിച്ച ദുഃഖം അകലുന്നതിനു മുന്‍പേയാണ് ഈ വേദനാജനകമായ വാർത്തയും വന്നത്. ഞങ്ങൾ സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലായതിനാൽ വാർത്തകളൊന്നും അറിഞ്ഞിരുന്നില്ല. ദുബായിലെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോഴാണ് അനിലിന്റെ വിയോഗ വിവരം അറിഞ്ഞത്. ആ നിമിഷം ഹൃദയഭേദകമായിരുന്നു. 

അന്ന് തുടങ്ങി പാട്ടും കവിതയും

കുട്ടനാട്ടിൽവച്ച് അപ്രതീക്ഷിതമായാണ് ഞാൻ അനിൽ പനച്ചൂരാന്റെ ‘വലയിൽ വീണ കിളികളാണു നാം’ എന്ന കവിത കേട്ടത്. അതേക്കുറിച്ച് ഞാൻ തിരക്കഥാകൃത്ത് സിന്ധുരാജിനോടു ചോദിച്ചു. മുല്ല എന്ന സിനിമയ്ക്കു ലൊക്കേഷന്‍ തിരഞ്ഞുള്ള യാത്രയ്ക്കിടെ സിന്ധുരാജ് ആ കവിത എന്നെ ചൊല്ലിക്കേൾപ്പിച്ചു. അതു മാത്രമല്ല, അനിലിന്റെ വേറെയും കവിതകൾ. അവയെല്ലാം എനിക്ക് ഇഷ്ടമായി. പനച്ചൂരാന്റെ വരികൾക്കെല്ലാം ഒരു ഗാനത്തിന്റെ സ്വഭാവവും മികച്ച ഈണവുമായിരുന്നു. കവിയെ കാണണമെന്നു ഞാൻ താത്പര്യം പ്രകടിപ്പിച്ചതനുസരിച്ച് സിന്ധുരാജാണ് അനിൽ പനച്ചൂരാനെ ബന്ധപ്പെട്ടത്. ചില ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഞാൻ ഷൊർണൂരിൽ ആയുർവേദ ചികിത്സയിൽ കഴിയുമ്പോഴാണ് പനച്ചൂരാൻ വന്നത്. അന്ന് എനിക്കൊപ്പം സിന്ധുരാജും ഉണ്ടായിരുന്നു. അനിൽ രണ്ടു ദിവസം അവിടെ താമസിച്ചു. പാട്ടും കവിതയും കൊണ്ട് നിറഞ്ഞ ദിവസങ്ങൾ.

എനിക്കായി അവൻ എഴുതി

‘അറബിക്കഥ’ എന്ന എന്റെ ചിത്രത്തിൽ അദ്ദേഹം പാട്ടുകൾ എഴുതി. അവയൊക്കെ സൂപ്പർഹിറ്റായി. ‘തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി...’ എന്ന ഗാനം മുൻപ് അദ്ദേഹം തന്നെ പാടി കസെറ്റുകളിൽ വന്നിട്ടുള്ളവയാണ്. അതിന്റെ തുടക്കത്തിലെ വരികൾ എനിക്കൊരുപാട് ഇഷ്ടമായിരുന്നു. പക്ഷേ തുടർന്നുള്ളവ സിനിമയുടെ സാഹചര്യവുമായി പൊരുത്തപ്പെടാത്തതിനാൽ ആദ്യ ഭാഗം മാത്രമെടുത്ത് ബാക്കി വരികൾ അദ്ദേഹം  മാറ്റിയെഴുതി. ഈ ഗാനവും താരകമലരുകൾ വിരിയും പാടം, ചോര വീണ മണ്ണിൽ, എന്നിങ്ങനെ എല്ലാ പാട്ടുകളും ജനം ഏറ്റെടുത്തു.‌ അനിൽ പനച്ചൂരാൻ എന്ന പുതിയ ഗാനരചയിതാവിന്റെ രംഗപ്രവേശം. അറബിക്കഥയുടെ വിജയത്തില്‍ പനച്ചൂരാന്റെ പാട്ടുകൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ‘ചോര വീണ മണ്ണിൽ’ എന്ന ഗാനം നിരവധി പേർ ഫോണുകളിൽ ഡയലർ ടോൺ ആക്കി. അക്കാലത്ത് മീറ്റിങ്ങുകളിലും മറ്റും പങ്കെടുക്കാൻ പോകുമ്പോൾ ഈ ഗാനങ്ങൾ പ്ലേ ചെയ്യുക പതിവായിരുന്നു. പനച്ചൂരാന്റെ വരികളും ബിജിബാലിന്റെ സംഗീതവും ആളുകളെ ഏറെ സ്വാധീനിച്ചിരുന്നു. ‘അറബിക്കഥ’ എന്ന ചിത്രം ഓർമിക്കപ്പെടുന്നതിന് ആ ഗാനങ്ങളും ഒരു കാരണമായി. പനച്ചൂരാന്റെയും ബിജിബാലിന്റെയും ആദ്യ ചിത്രമായിരുന്നു ‘അറബിക്കഥ’. ഇരുവരും സിനിമയില്‍ ഹരിശ്രീ കുറിച്ചത് ഒരുമിച്ചായിരുന്നു. വളരെ മികച്ച രണ്ടു കലാകാരന്മാരുടെ കടന്നുവരവ് മലയാളികൾ ‘അറബിക്കഥ’യിലൂടെ തിരിച്ചറിഞ്ഞു. 

പിണക്കത്തിന്റെ കാലം

അറബിക്കഥ എന്ന ചിത്രത്തിനു ശേഷം പനച്ചൂരാന്റെ കവിതകളും പാട്ടുകളും മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു. കേരളത്തിനകത്തും പുറത്തും വിദേശത്തുമൊക്കെയായി കവിയരങ്ങുകളിലും സമ്മേളനങ്ങളിലുമൊക്കെ പനച്ചൂരാന്റെ കവിത ചൊല്ലലും പാട്ടും പ്രസംഗവുമൊക്കെയുണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ദുബായിൽ ഒരു പരിപാടിയുടെ സായാഹ്ന വിരുന്നിൽ പനച്ചൂരാൻ പുതിയതായി പരിചയപ്പെട്ട ഒരാളോട് എന്തോ ഒരു കമന്റ് പറഞ്ഞു. അത് അറബിക്കഥയുടെ നിർമാതാവായ ഹുസൈന് വലിയ വിഷമമുണ്ടാക്കി. ഹുസൈൻ എന്നെ വിളിച്ചു സങ്കടം പറഞ്ഞു. ഞാൻ പനച്ചൂരാനെ വിളിച്ച് ഇത്തിരി ശക്തമായ ഭാഷയിൽ സംസാരിച്ചു. പിന്നീട് കുറേക്കാലത്തേക്കു ഞങ്ങൾ ഒരുമിച്ച് സിനിമകൾ ചെയ്തില്ല. പനച്ചൂരാന് എന്റെ മുൻപിൽ വരാൻ അൽപം ചമ്മലും പേടിയുമൊക്കെയായിരുന്നു. 

പരിഭവം മറഞ്ഞ വേദി

പിന്നീട് ഒരിക്കൽ കൊല്ലത്ത് കേരള യൂണിവേഴ്സിറ്റിയുടെ ഒരു ഫെസ്റ്റിവലിൽ സമ്മാനദാനത്തിനു ഞാൻ ക്ഷണിക്കപ്പെട്ടു. അന്ന് മത്സരത്തിന്റെ വിധികർത്താവായി പനച്ചൂരാനുണ്ടായിരുന്നു. വേദിയിൽ ഞാൻ ഇരിക്കവെ സംഘാടകർ പനച്ചൂരാനെ വേദിയിലേക്കു ക്ഷണിച്ചു. എന്നാൽ അദ്ദേഹം മടിച്ചു. അപ്പോൾ ഞാൻ എഴുന്നേറ്റ് മൈക്കിനു മുന്നിൽ ചെന്നു പറഞ്ഞു, പനച്ചൂരാൻ ധൈര്യമായി കയറി വന്നോളൂ. നിനക്ക് തരാനുള്ളത് ഞാൻ പിന്നീടേ തരൂ. ഇവിടെ വച്ച് തരില്ല എന്ന്. വേദിയിലും സദസ്സിലുമുള്ള മറ്റാർക്കും കാര്യം മനസ്സിലായില്ല. എന്തായാലും പനച്ചൂരാൻ വരികയും മുൻപുണ്ടായ ആ അനിഷ്ട സംഭവത്തെക്കുറിച്ച് വേദിയിൽ വച്ചു തന്നെ ക്ഷമാപണം നടത്തുകയും ചെയ്തു. ‌ഞങ്ങൾക്കിടയിലെ മഞ്ഞുരുകിയത് അപ്പോഴാണ്. 

ഞാൻ അവന്റെ ആരാധകൻ

ഞാൻ പനച്ചൂരാന്റെ കവിതകളുടെയും അവന്റെ ആലാപനത്തിന്റെയും അവനിലെ ഗായകന്റെയും ആരാധകനാണ്. എപ്പോൾ കണ്ടു മുട്ടിയാലും ഞാൻ അവനെക്കൊണ്ടു പാട്ടുകൾ പാടിക്കും. പനച്ചൂരാന് എന്നോട് വല്ലാത്തൊരു സ്നേഹമുണ്ടായിരുന്നു. എനിക്ക് അവനോടുള്ള സ്നേഹം അവൻ തിരിച്ചറിയുകയും ചെയ്തിരുന്നു. അവൻ നിരുത്തരവാദിത്തത്തോടെ പെരുമാറുമ്പോഴെല്ലാം ഞാൻ ശാസിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. ഒരു അനിയൻ എന്ന നിലയിൽ ഭവ്യതയോടെ എല്ലാം കേട്ടു നിൽക്കും. പിന്നെ ഒരു കള്ളച്ചിരിയോടെ, ഇനി ആവർത്തിക്കില്ല എന്നു വാക്കു തരും. ഒരുപാടുവട്ടമൊന്നും ഒരുമിച്ചിരുന്നിട്ടില്ലെങ്കിലും ഞങ്ങൾ തമ്മില്‍ ഒരു അടുപ്പമുണ്ടായിരുന്നു. 

‘എന്നെ വിട്ടുകളയല്ലേ, എനിക്കു നടനാകണം’

വിക്രമാദിത്യൻ, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങൾക്കു വേണ്ടി ഞങ്ങൾ ഒരുമിച്ച സമയത്തൊക്കെ, അഭിനയിക്കാനുള്ള താത്പര്യത്തെക്കുറിച്ചു സംസാരിക്കുമായിരുന്നു. പാട്ടെഴുത്തുകൊണ്ടു മാത്രം ജീവിക്കാനാകില്ലെന്നും സാധ്യതയുണ്ടെങ്കിൽ എന്നിലെ നടനെക്കൂടി പരീക്ഷിക്കണമെന്നും പറഞ്ഞിരുന്നു. തട്ടിൻപുറത്ത് അച്യൂതൻ എന്ന ചിത്രത്തിൽ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ഒരു പാട്ട് എഴുതുകയും അദ്ദേഹം തന്നെ സിനിമയിൽ അത് പാടി അഭിനയിക്കുകയും ചെയ്തു. അറബിക്കഥയ്ക്കു ശേഷം അത്തരത്തിലൊരു സന്ദർഭം ഉണ്ടാകുന്നത് അപ്പോഴാണ്. ചിത്രം പക്ഷേ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. അതിനു ശേഷം ഞാൻ നാൽപത്തിയൊന്ന് എന്ന ചിത്രമൊരുക്കി. അതിൽ പനച്ചൂരാൻ പാട്ടെഴുതിയിരുന്നില്ല. നാൽപത്തിയൊന്നു പൂർത്തിയായ സമയത്ത് എന്നെ വിളിക്കുകയും തന്നെ വിട്ടു കളയല്ലേ എന്ന് ഓർമിപ്പിക്കുകയും ചെയ്തു. പനച്ചൂരാനു പറ്റിയ ഒരു വേഷം നോക്കുന്നുണ്ടെന്നും അവസരം തരാമെന്നും ഞാൻ പറഞ്ഞിരുന്നു. വീണ്ടും ഒരുമിച്ചു കൂടാം, പാട്ടുകളെഴുതാം എന്നൊക്കെ പറഞ്ഞാണ് പിരിഞ്ഞത്. 

അടയാളപ്പെടുത്തിയ പനച്ചൂരാൻ പാട്ട്

‘ജിമിക്കിക്കമ്മൽ’ എന്ന യഥാർഥ പാട്ടിന് നാടൻപാട്ടിന്റെ സ്വഭാവമുള്ള ഒരു വായ്ത്താരിയായിരുന്നു. ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിനു വേണ്ടി ആ പാട്ടൊരുക്കാൻ തീരുമാനിച്ചപ്പോൾ, ഒന്നുകിൽ അതു മാറ്റി പുതിയതൊരെണ്ണം എഴുതാമെന്നും അല്ലെങ്കിൽ ആദ്യവരികൾ നിലനിർത്തി പാട്ടൊരുക്കാമെന്നു നിർദേശം വന്നു. വളരെ മനോഹരമായ വായ്ത്താരി ആണതെന്നു പറഞ്ഞ് അതിൽ മാറ്റം വരുത്താതെ തന്നെ പനച്ചൂരാൻ പാട്ടൊരുക്കി. അങ്ങനെ ലോകം മുഴുവൻ ആ പാട്ടിനൊപ്പം ചുവടു വച്ചു. വിദേശികളടക്കം ആ പാട്ട് കേട്ടാസ്വദിച്ചു. ഒരിക്കൽ തമിഴ്നാട്ടിൽ ഒരു സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ ആ ചിത്രത്തിന്റെ സംവിധായകൻ എന്നെ മറ്റുള്ളവർക്കു പരിചയപ്പെടുത്തിയത് ജിമിക്കിക്കമ്മലിന്റെ സംവിധായകൻ എന്നു പറഞ്ഞാണ്. പനച്ചൂരാനെ എപ്പോഴും കംഫർട്ട് സോണിൽ നിർത്തിയാണ് ഞാൻ പാട്ടുകൾ എഴുതിച്ചിരുന്നത്. പനച്ചൂരാന്റെ പാട്ടെഴുത്തിന്റെ ശൈലി എനിക്കു നന്നായി അറിയാമായിരുന്നു. മറ്റു പലരും ചില പരാതികൾ പറഞ്ഞിരുന്നെങ്കിലും എനിക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കിയിട്ടില്ല. 

സംവിധാനമോഹം അറിഞ്ഞില്ല

പനച്ചൂരാൻ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നതിനെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. ഒരു വിഷയം മനസ്സിൽ ഉണ്ടെന്നും അതൊന്നു കേൾക്കണമെന്നും മുൻപ് എപ്പോഴോ അദ്ദേഹം എന്നോടു പറഞ്ഞിരുന്നു. കാടിനെ അടിസ്ഥാനമാക്കിയുള്ള തിരക്കഥയാണെന്നും പറഞ്ഞു. തിരക്കുകളുടെ ഇടവേളയിൽ ഒരുമിച്ചിരിക്കാമെന്നും കഥ കേൾക്കാമെന്നും ഞാൻ വാക്കു കൊടുക്കുകയും ചെയ്തു. അതുപക്ഷേ സംവിധാനം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന കാര്യം ഞാൻ അറിഞ്ഞിരുന്നില്ല.   

വിളിക്കാൻ ശ്രമിച്ചു, പക്ഷേ

കുറച്ചു കാലമായി ഞങ്ങൾ തമ്മിൽ ഫോൺ വിളി ഉണ്ടായിരുന്നില്ല. പനച്ചൂരാന്റെ മരണവിവരമറിഞ്ഞ് സിന്ധുരാജിനെ വിളിച്ചപ്പോഴാണ്, കുറച്ചു നാള്‍ മുൻപ് പനച്ചൂരാന്റെ ഫോൺ നഷ്ടപ്പെട്ടിരുന്നെന്ന് അറിഞ്ഞത്. എന്റേതടക്കമുള്ള ഫോൺ നമ്പറുകൾ അതിലായിരുന്നു. പിന്നീട് പനച്ചൂരാൻ സിന്ധുരാജിൽനിന്ന് എന്റെ നമ്പർ വാങ്ങിയിരുന്നെങ്കിലും വിളി വന്നില്ല. പിന്നെ ഞാന്‍ അറിയുന്നത് അദ്ദേഹത്തിന്റെ വിയോഗ വാർത്തയാണ്. 

English Summary: Interview with director Lal Jose

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT