ജിയോ ബേബി സംവിധാനം ചെയ്ത മഹത്തായ ഭാരതീയ അടുക്കളയുടെ ക്ലൈമാക്സ് സംബന്ധിച്ചു വന്ന സമ്മിശ്ര പ്രതികരണങ്ങളുടെ മേൽ ചർച്ചകൾ സജീവമാകുമ്പോഴും എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്. മെയ്‍വഴക്കവും താളപ്പെരുക്കത്തിലെ കയ്മെയ് ചേർച്ചയും സമന്വയിച്ച ക്ലൈമാക്സ് രംഗത്തിലെ വിസ്മയിപ്പിക്കുന്ന നൃത്തപ്രകടനം! ഏതോ യുവജനോത്സവ വേദിയിലെ സംഘനൃത്തവേദിയിലെത്തിയ പ്രതീതിയായിരുന്നു ആ പാട്ടും നൃത്തവും സമ്മാനിച്ചത്. കോഴിക്കോട് ജെ.എസ് ഡാൻസ് സ്കൂൾ നടത്തുന്ന സാബു ജോർജ്ജാണ് ആ വിസ്മയനൃത്തത്തിനു പിന്നിൽ. സാബുവിന്റെ തന്നെ നൃത്തവിദ്യാർത്ഥികളാണ് ആ രംഗത്ത് ചുവടു വച്ചതും! വെറും രണ്ടു ദിവസം കൊണ്ടാണ് ഈ യുവനർത്തികമാർ ഇത്രയും ആയാസമേറിയ ചുവടുകൾ പഠിച്ചെടുത്തതും അയത്നലളിതമായി അവതരിപ്പിച്ചതും. 

കോവിഡ് ഇല്ലായിരുന്നെങ്കിൽ സംസ്ഥാനത്തെ യുവജനോത്സവേദികളിലൂടെ തിരക്കടിട്ടു നടക്കേണ്ട സമയമായിരുന്നു ഈ ജനുവരിക്കാലം. ആ നഷ്ടം ഈയൊരു സിനിമ നികത്തിയെന്നു പറയുമ്പോൾ സാബുവിന്റെ മുഖത്ത് ഫസ്റ്റ് എഗ്രേഡ് കിട്ടിയ സന്തോഷ പുഞ്ചിരി. യുവജനോത്സവ വേദികളിലെ ചിട്ടവട്ടങ്ങളെക്കുറിച്ചും മാർക്കും കയ്യടിയും നേടാവുന്ന പ്രകടനം എങ്ങനെയാകണമെന്നതിനെക്കുറിച്ചും സാബുവിന് നല്ല ധാരണയാണ്. എന്നാൽ, ക്യാമറയ്ക്ക് മുൻപിലെ കൊറിയോഗ്രഫി പുതിയ അനുഭവമായിരുന്നെന്ന് സാബു പറയുന്നു. സിനിമയിലേക്കെത്തിയ വഴികളെക്കുറിച്ച് സാബു ജോർജ്ജ് മനോരമ ഓൺലൈനോട് മനസു തുറന്നു.  

വഴിത്തിരിവായ 'മഹാഭാരതം'

ആദ്യമായാണ് ഞാനൊരു സിനിമയ്ക്കു വേണ്ടി കൊറിയോഗ്രഫി ചെയ്യുന്നത്. യുവജനോത്സവവേദികളിലാണ് ഞാൻ സജീവം. ഞാനൊരു വയനാട്ടുകാരൻ ആണെങ്കിലും കോഴിക്കോട് ആണ് എന്നെ വളർത്തിയത്. കോഴിക്കോട് ജെ.എസ് ഡാൻസ് കമ്പനി എന്ന പേരിൽ എനിക്കൊരു ഡാൻസ് അക്കാദമിയുണ്ട്. ഞാനും എന്റെ സഹോദരൻ ജോബിനുമാണ് അതു നടത്തുന്നത്. സിനിമയുടെ തുടക്കത്തിൽ നിമിഷ ഡാൻസ് കളിക്കുന്ന സീക്വൻസ് ചിത്രീകരിച്ചത് ഞങ്ങളുടെ ഡാൻസ് സ്റ്റുഡിയോയിലാണ്. കഴിഞ്ഞ വർഷം സംഘനൃത്തത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ 'മഹാഭാരതം' എന്ന ഐറ്റം കണ്ടാണ് സംവിധായകൻ ജിയോ ബേബി കഴിഞ്ഞ ജൂണിൽ എന്നെ വിളിക്കുന്നത്. അതു കണ്ടു കണ്ണു നിറഞ്ഞിട്ടാണ് എന്റെ നമ്പർ കണ്ടെത്തി വിളിച്ചതും സംസാരിച്ചതും. ആ ഐറ്റം തന്നെ സിനിമയിൽ ചേർക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ, പിന്നീട് പുതിയ പാട്ടു തന്നെ സിനിമയ്ക്കു വേണ്ടി ചെയ്യാമെന്ന തീരുമാനത്തിലെത്തി. 

രണ്ടു ദിവസത്തിൽ എല്ലാം സെറ്റ്

എനിക്ക് സിനിമയുടെ മുഴുവൻ കഥയും പറഞ്ഞു തന്നു. എനിക്കന്നേരം ഇതിനെക്കുറിച്ച് വലിയ ധാരണയൊന്നും ഇല്ല. ഞാനിതുവരെ സിനിമ ചെയ്തിട്ടില്ലല്ലോ! കൊറിയോഗ്രഫി ചെയ്യാൻ എനിക്ക് മൂന്നു ദിവസത്തെ സമയമാണ് നൽകിയത്. കോവിഡ് പ്രശ്നം നടക്കുന്ന സമയമല്ലേ... അതുകൊണ്ട് ഉച്ചത്തിൽ പാട്ടു വച്ച് ഇതൊന്നു സെറ്റാക്കാൻ ഏറെ പ്രയാസപ്പെട്ടു. പ്രാക്ടീസ് ചെയ്യാൻ നോക്കിയ പല സ്ഥലങ്ങളും മാറേണ്ടി വന്നു. അങ്ങനെ ആദ്യത്തെ ദിവസം ഒന്നും നടന്നില്ല. പിന്നെ, രണ്ടു ദിവസം കൊണ്ടാണ് ഡാൻസ് സെറ്റ് ചെയ്തത്. നൃത്തത്തിന്റെ കോസ്റ്റ്യൂമും ഞാൻ തന്നെയാണ് ഡിസൈൻ ചെയ്തത്. എന്റെ സുഹൃത്ത് സജിൻ ആയിരുന്നു ഹെയർ ചെയ്തത്. മറ്റൊരു സുഹൃത്ത് നൗഷാദിന്റെ നേതൃത്വത്തിലുള്ള വടകരയുള്ള ലെന ക്രിയേഷൻസ് ആണ് കോസ്റ്റ്യൂം സ്റ്റിച്ച് ചെയ്തു തന്നത്. അങ്ങനെ കുറെപ്പേരുടെ കൂട്ടായ പരിശ്രമമുണ്ട് ആ നൃത്താവതരണത്തിനു പിന്നിൽ. എന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ് ഇത്തരമൊരു എൻട്രി. ഇതൊന്നും ഞാൻ പ്രതീക്ഷിച്ചതല്ല. വളരെ ഹാപ്പിയാണ് ഞാൻ. 

'പവർ പാക്ക്ഡ് പിള്ളേർ'

ആദ്യമായിട്ടാണ് ക്യാമറയ്ക്കു മുൻപിൽ ചെയ്യുന്നതെന്ന ടെൻഷനൊന്നും ഉണ്ടായില്ല. എല്ലാം ഹാപ്പിയായി പോയി. സിനിമയിൽ അതു നന്നായി തന്നെ വന്നു. കുറെപ്പേർ വിളിച്ച് അഭിനന്ദിച്ചു. എന്റെ ഡാൻസ് അക്കാദമിയിലെ വിദ്യാർത്ഥികളാണ് ആ ന‍ൃത്തരംഗത്തിൽ ചുവടു വച്ച എല്ലാവരും. അവർക്ക് എന്റെ ശൈലി നന്നായി അറിയാം. അതിനാൽ ചെറിയ സമയത്തിലുള്ളിൽ തന്നെ പെർഫെക്ഷനോടെ അതു ചെയ്യാൻ കഴിഞ്ഞു. ശ്യാംഭവി സുരേഷ്, നീനു പി എസ്, നന്ദന അജിത്ത്, സംയുക്ത സി, ചഞ്ചല ബാബുരാജ്, ശ്രീവരദ കുറുവയിൽ, ഗൗരി നന്ദന, മാളവിക രാജേഷ്, മേഘന പ്രദീപ്‌, കീർത്തന, അലൈന, അശ്വനി, നിയ കിഷോർ, ദിയ പ്രദീപ് എന്നിവരാണ് ആ സംഘത്തിലുണ്ടായിരുന്നത്. ഇവരെല്ലാവരും യുവജനോത്സവേദികളിൽ കഴിവു തെളിയിച്ചിട്ടുള്ള കലാകാരികളാണ്. ഇവരിൽ ശ്യാംഭവി രണ്ടു പെൺകുട്ടികൾ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പവർ പാക്ക്ഡ് ആയ കുട്ടികളാണ് എല്ലാവരും. യുവജനോത്സവവേദികളിൽ കളിക്കാനായി തീവ്രപരിശീലനത്തിലൂടെ കടന്നു പോയിട്ടുള്ള കുട്ടികളാണ് എല്ലാവരും. ഷൂട്ട് കഴിഞ്ഞപ്പോൾ ജിയോ സാറും പറഞ്ഞു, ഇതുപോലെ എനർജറ്റിക് ആയ പിള്ളേരെ ഇതുവരെ കണ്ടിട്ടില്ല എന്ന്!  

കണ്ണു നിറയ്ക്കുന്ന അഭിനന്ദനങ്ങൾ 

എം.എസ്.സിയും ബി.എഡും ഒക്കെ കഴിഞ്ഞ് ഒരു സ്കൂളിൽ പഠിപ്പിക്കുകയായിരുന്നു. ചെറുപ്പം മുതലേ ഡാൻസ് തന്നെയായിരുന്നു പാഷൻ. പക്ഷേ, ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ഒൻപതു വർഷമായി സംസ്ഥാന യുവജനോത്സവത്തിൽ എന്റെ കുട്ടികളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നത്. അഞ്ചു വർഷം തുടർച്ചയായി എന്റെ കുട്ടികൾ ഒന്നാമതെത്തിയിരുന്നു. കോവിഡ് കാരണം ഇത്തവണ ഒന്നുമില്ലാത്ത അവസ്ഥയായിരുന്നു. ഫെസ്റ്റിവലുകൾ ഒന്നുമില്ലല്ലോ! എല്ലാം നിറുത്തി കൂലിപ്പണിക്ക് ഇറങ്ങേണ്ടി വരുമോ എന്നു ആലോചിച്ച് ഇരിക്കുമ്പോഴാണ് ഇങ്ങനെയൊരു അവസരം തേടി വന്നത്. ഇപ്പോഴും അഭിനന്ദനമറിയിച്ചുള്ള സന്ദേശങ്ങൾ കാണുമ്പോൾ കണ്ണു നിറഞ്ഞു പോകും. കാരണം, അത്രയേറെ നിശ്ചലമായ അവസ്ഥയിൽ നിന്നാണ് ഇത്ര വലിയൊരു അവസരം വന്നു പെട്ടത്. ഒരുപാട് ഹാർഡ് വർക്ക് ചെയ്താണ് ഈ രംഗത്ത് പിടിച്ചു നിൽക്കുന്നത്. അതുകൊണ്ട് ഓരോ അഭിനന്ദനവാക്കുകളും അത്രമേൽ പ്രിയപ്പെട്ടതാണ്. അതു നൽകുന്ന ഊർജ്ജം വിവരിക്കാൻ കഴിയില്ല.