‘പാടിയത് സിനിമ ഏതെന്ന് അറിയാതെ, ചടുലമായി മതിയെന്ന് സൂരജ് പറഞ്ഞു’; ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ പാട്ടിനെക്കുറിച്ച് രേണുക അരുൺ
ഉണർത്തു പാട്ടുപോലെയൊന്ന് വീണ്ടുമൊരു സിനിമ സമ്മാനിച്ചിരിക്കുന്നു. ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന സിനിമയിൽ ധന്യ സുരേഷ് മേനോൻ എഴുതി സൂരജ് എസ് കുറുപ്പ് സംഗീതം നൽകിയ ‘നീയേ ഭൂവിൻ....’ എന്ന പാട്ട് സ്വാതന്ത്ര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഈണമായി മലയാളികളുടെ മനസ്സിലിടം നേടിക്കഴിഞ്ഞു. പാട്ട് ആലപിച്ചത് രേണുക അരുൺ. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം അതേ സംഗീത സംവിധായകനിലൂടെ ഒരു ഗാനം സിനിമയിൽ ആലപിച്ചതിന്റെ പശ്ചാത്തലത്തിൽ രേണുക സംസാരിക്കുന്നു.
കൂൾ ആയി പാടിയ പവർഫുൾ ഗാനം
കഴിഞ്ഞ വർഷം സെപ്റ്റംബർ അവസാനത്തോടെയാണ് ഒരു രാത്രി സൂരജ് വിളിക്കുന്നത്, ഒരു പാട്ട് പാടാൻ വരാമോ എന്ന് ചോദിച്ചിട്ട് . അന്ന് കൊറോണ സമയമായിട്ട് കുറേ നാളായി വീട്ടിൽ തന്നെ ഇരിക്കുകയാണ്. അതുകൊണ്ട് തന്നെ ഞാനും പാട്ടുപാടാൻ അവസരം കിട്ടിയപ്പോൾ ത്രിൽ ആയി. കഥകളി സംഗീതം പോലെ തുറന്ന സ്വരത്തിൽ, പവർഫുൾ ആയി പാടേണ്ട ഒരു പാട്ടാണ് എന്നാണ് പറഞ്ഞിരുന്നത്. ചേച്ചി മെലഡി ആയി പാടാൻ നോക്കണ്ട. ചടുലമായ സ്വരത്തിൽ ആലപിച്ചാൽ മതി. അന്ന് ഏതാണ് സിനിമയെന്നോ എന്താണ് അതിന്റെ പ്രമേയമെന്താണെന്നോ ഒന്നും അറിയില്ല. ആകെ പറഞ്ഞിരുന്നത് നിമിഷ സജയൻ ആണ് കഥാപാത്രമാകുന്നത്, ആ കഥാപാത്രത്തിന് വേണ്ടിയിട്ടാണ് പാടുന്നത് വളരെ പവർഫുൾ ആയ ഒരു കഥാപാത്രമാണ് എന്നു മാത്രമാണ്. അപ്പോൾ അതിന്റെ തീക്ഷ്ണതയെല്ലാം ഉൾക്കൊണ്ട് വേണം പാടാൻ. ചേച്ചിയുടെ മനസ്സിൽ കണ്ണകിയുടെ രൂപം ഇരിക്കട്ടെ, ഈ പാട്ട് പാടാൻ നേരം അവരുടെ കഥയും ഓർത്തുവയ്ക്കൂ എന്നു പറഞ്ഞു. ഇത്രയൊക്കെ കേട്ടിട്ടും ഞാൻ വളരെ കൂൾ ആയിട്ടാണ് പാടിയത്. എന്തുകൊണ്ടെന്നറിയില്ല ഒരു ടെൻഷനും മനസ്സിലില്ലായിരുന്നു. കാരണം സൂരജ് അതിമനോഹരമായി അതിന്റെ ട്രാക്ക് പാടി വച്ചിരുന്നു. പാട്ടിന്റെ ഓർക്കസ്ട്രേഷനും ഏകദേശം റെക്കോർഡിങ് കഴിഞ്ഞിരുന്നു. പിന്നെ വയലിൻ മാത്രമാണ് റെക്കോർഡ് ചെയ്യാൻ ബാക്കി ഉണ്ടായിരുന്നത്.
നേരത്തെ പറഞ്ഞിരുന്നെങ്കിൽ...
സിനിമ ഇറങ്ങുന്നതിനു തൊട്ടുമുൻപാണ് ഇത് ഏത് സിനിമയ്ക്കു വേണ്ടിയാണ് എന്ന കാര്യം അറിഞ്ഞത്. സിനിമ പുറത്തുവന്നതോടെ അത് അടുത്തകാലത്തെങ്ങും കാണാത്ത വിധത്തിൽ ചർച്ചചെയ്യപ്പെടുകയുണ്ടായല്ലോ. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ശരിക്കും അഭിമാനം തോന്നി. ഞാൻ സൂരജിനോട് തമാശ പറയുകയും ചെയ്തിരുന്നു, കഥയൊക്കെ നേരത്തെ പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി പവർഫുൾ ആയിട്ട് ഒരു പ്രതിഷേധ സ്വരത്തിൽ ഞാനത് പാടി തന്നേനെ എന്ന്. ഇതൊരു കണ്ടംപററി ഗാനമാണ്. കർണാട്ടിക് ഫ്യൂഷൻ ഗാനമാണിത്. അത്തരം പാട്ടുകളിൽ രാഗം വലിയ കാര്യമായിട്ട് വരാറില്ല. എങ്കിലും ഇത് പുന്നഗവരാളി, തോടി എന്നീ രാഗങ്ങളുടെ ഒരു സമ്മിശ്രമായിട്ടാണ് എനിക്കു തോന്നിയത്. സൂരജിനോട് അതെപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു.
നിമിഷ ചെയ്ത കഥാപാത്രം, തനിക്കു കിട്ടിയ ജീവിതത്തോട് ഒട്ടും തന്നെ യോജിക്കാൻ പറ്റാതെ കുറേയേറെ സഹിച്ചു, അതിൽ നിന്നു മോചനം നേടി പുറത്തുവന്ന ശേഷമുള്ള പട്ടാണിത്. അവരുടെ ജീവിതത്തിൽ കുറേ മാറ്റങ്ങൾ വന്നതിനു ശേഷമുള്ള പാട്ട്. അതുകൊണ്ടു തന്നെ സ്വാതന്ത്ര്യത്തിന്റെ സന്തോഷത്തിലുള്ള ഗാനമാണ്. അത് ആ മൂഡിൽ തന്നെ പാടാനായി എന്നാണ് എന്റെ വിശ്വാസം. ഒരുപാട് അഭിമാനവും സന്തോഷവുമുണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇടം നേടിയ ഒരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നതിൽ.
സിനിമയിലെ ഇടവേളകൾ, പാട്ടിന്റെ സന്തോഷം
‘സോളോ’ എന്ന ചിത്രത്തിലെ സീതാകല്യാണം എന്ന പാട്ടാണ് ഞാൻ ഏറ്റവുമൊടുവിൽ ആലപിച്ച സിനിമാഗാനം. സൂരജ് തന്നെയാണ് സംഗീതം. ഗോപിസുന്ദറിന്റെ സംഗീതത്തിൽ പാടിയ ഒരു തെലുങ്ക് പാട്ട് കേട്ടിട്ടാണ് സൂരജ് ആ ഗാനം പാടാൻ എന്നെ വിളിക്കുന്നത്. അന്നു തുടങ്ങിയ സൗഹൃദമാണ് ഞങ്ങൾ തമ്മിൽ. സൂരജിനോടു മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ശ്രീവിദ്യയോടും അങ്ങനെ തന്നെ. എനിക്ക് അവർ രണ്ടാളും അനുജനും അനുജത്തിയും പോലെയാണ്. സംഗീത സംവിധായകൻ ആണെങ്കിലും സൂരജ് മികച്ചൊരു ഗായകനാണ്. അതുകൊണ്ടു തന്നെ ട്രാക്ക് ഒക്കെ നന്നായി പാടി വയ്ക്കും. നമുക്ക് പാടാൻ വളരെ എളുപ്പമാണ്.
സിനിമയിലെ ഒരു പാട്ട് പാടാൻ വീണ്ടും രണ്ടു വർഷമെടുത്തു. അതിനും അതേ സംഗീതസംവിധായകൻ തന്നെ വേണ്ടി വന്നു എന്നുള്ളത് എന്നെ സംബന്ധിച്ച് പ്രസക്തമായ ഒരു കാര്യമാണ്. സൂരജ് എപ്പോഴും പറയും ചേച്ചിക്ക് പാടാൻ പറ്റിയ പാട്ട് വരുമ്പോൾ തീർച്ചയായും ഞാൻ വിളിക്കുമെന്ന്. അതുപോലെതന്നെ ചെയ്യുകയുമുണ്ടായി. ഈ പാട്ട് കേട്ടിട്ട് ഒരുപാട് പേർക്ക് ഇഷ്ടമായെന്ന് പറഞ്ഞു വിളിച്ചിരുന്നു. ഫേസ്ബുക്കിലും ഇന്സ്റ്റഗ്രാമിലും ഒക്കെ മെസ്സേജ് അയച്ചു. അതിനേക്കാൾ വലിയ സന്തോഷം സഹപ്രവർത്തകർ ഈ പാട്ട് കേട്ടിട്ട് ശബ്ദം തിരിച്ചറിഞ്ഞു എന്നുള്ളതാണ്. അവർക്കറിയില്ലായിരുന്നു ഞാൻ ഈ സിനിമയിൽ പാടിയിട്ടുണ്ട് എന്ന്. പിന്നെ പ്രാധാന്യമേറിയ ഒരു കമന്റ് വന്നത് ടൈപ്പ് ചെയ്യപ്പെടുകയാണ് രേണുക എന്നുള്ളതാണ്. കാരണം സോളോയിൽ ആണെങ്കിലും കർണാട്ടിക് രാഗം അടിസ്‌ഥാനമാക്കിയുള്ള കണ്ടംപററി ഗാനമാണ് പാടിയത്. പിന്നെ ഇതിനിടയിൽ പ്രശാന്ത് പിള്ളയുടെ സംഗീതത്തിൽ രണരംഗം എന്ന തെലുങ്ക് ചിത്രത്തിൽ അയിഗിരി നന്ദിനി എന്ന പ്രശസ്തമായ കീർത്തനത്തിന്റെ ഫ്യൂഷൻ വേർഷൻ പാടിയിരുന്നു. പക്ഷേ സിനിമയിൽ ഒരു പാട്ട് ആയിട്ടല്ല, ബാക്ക്ഗ്രൗണ്ട് സ്കോറിലായിരുന്നു ഉപയോഗിച്ചത്. അതുകൊണ്ടാകും എന്റെ പാട്ട് ശ്രദ്ധിക്കുന്നവർ അങ്ങനെ ചോദിച്ചത്. പക്ഷേ എന്നെ സംബന്ധിച്ച് എനിക്കറിയാം കർണാടക സംഗീതത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട് വരുന്ന കീർത്തനങ്ങളെക്കുറിച്ചും അറിവും പാടാനുള്ള ഒരു ആത്മവിശ്വാസവും ഉണ്ട് എന്ന്. എനിക്കു നന്നായി ചെയ്യാൻ സാധിക്കും എന്നൊരു ആത്മവിശ്വാസവുമുണ്ട്.
അതിനോടൊപ്പം തന്നെ വിശ്വാസമുള്ള കാര്യമാണ് മെലഡികളും. അതെനിക്കേറെ ഇഷ്ടമുള്ള കാര്യവുമാണ്. പക്ഷേ എന്തുകൊണ്ടാണെന്നറിയില്ല എപ്പോഴും വരുന്ന അവസരങ്ങൾ സോളോയിലെ പാട്ടുപോലെയുള്ളതാണ്. ഒരുപക്ഷെ സംഗീത സംവിധായകരുടെയും പാട്ടുകാരുടെയും സൗഹൃദ കൂട്ടായ്മകളിൽ ഞാൻ അത്ര സജീവമല്ലാത്തതിനാലാകണം അങ്ങനെ സംഭവിക്കുന്നത്. അതിൽ നിന്നു വ്യത്യസ്തമായ ഒരു ഗാനം ചെയ്യുമ്പോൾ അവർ പെട്ടെന്നു ഓർക്കാനിടയല്ല. അതുപോലെ ഞാൻ ആണെങ്കിലും എന്റെ ജോലിയുമായി ബന്ധപ്പെട്ട് നല്ല തിരക്കിലാണ്. അതിനോടൊപ്പം തന്നെ ഇൻഡിപെൻഡൻസ് മ്യൂസിക്കിലും നല്ല ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. സിനിമയിൽ ഇടവേളകൾ വരുന്നുണ്ടെങ്കിലും ഒരിക്കലും ഞാൻ സംഗീതലോകത്തു തന്നെയാണ്. ഇപ്പോഴും സംഗീതം പഠിക്കുന്നുണ്ട്. അതുപോലെതന്നെ യൂണിവേഴ്സിറ്റികളിൽ നിന്നു സംഗീതവുമായി ബന്ധപ്പെട്ട കോഴ്സുകളൊക്കെ ചെയ്യുന്നുണ്ട്. പിന്നെ ഞാൻ സംഗീത സംവിധായകർ വിളിക്കുമ്പോൾ അതൊന്നും ഓർക്കാറില്ല. കാരണം വല്ലപ്പോഴുമാണ് നമുക്ക് സിനിമയിൽ ഒരു അവസരം കിട്ടുന്നത്. അത് പോയി പാടുക, ഏറ്റവും നന്നായി പാടുക എന്നു മാത്രമേ ചിന്തിക്കാറുള്ളൂ.