പാട്ടെഴുത്തിലല്ലാതെ ലോകത്തിലെ മറ്റൊരു കാര്യത്തിലും മനസ്സർപ്പിക്കാതിരുന്ന കവിഹൃദയമാണ് ഗിരീഷ് പുത്തഞ്ചേരി. ഒറ്റ വാക്കിലോ വാചകത്തിലോ പറഞ്ഞൊതുക്കാൻ കഴിയാത്ത എഴുത്തിലെ മാന്ത്രികൻ. ആ തൂലികത്തുമ്പിൽ നിന്നടർന്നു വീണ വരികളിൽ ചിലതെങ്കിലും മൂളാതെ മലയാളിക്കൊരു ദിനം കടന്നു പോകുവതെങ്ങനെ? അത്രമേൽ സൗന്ദര്യത്തികവിലായിരുന്നു പുത്തഞ്ചേരിയുടെ ഓരോ വരിയും ഒരുങ്ങിയത്. മറഞ്ഞിട്ട് വര്‍ഷം പതിനൊന്നു പിന്നിടുമ്പോഴും ആ‌ കാവ്യസുഗന്ധം പാട്ടുപ്രേമികളുടെ ഹൃദയത്താളുകളിൽ തട്ടിത്തടഞ്ഞങ്ങനെ പാറിപ്പറക്കുന്നു. ചിലതൊക്കെ മനസ്സിൽ വല്ലാതങ്ങ് ഉടക്കിക്കിടക്കുന്നു. ആരാധനയും ബഹുമാനുവും സ്നേഹവും നിറഞ്ഞു കവിയുന്ന മനസ്സിൽ നിന്നും അദ്ദേഹത്തിനായി ഒരു പുസ്തകം പരുവപ്പെടുത്തിയെടുത്തരിക്കുകയാണ് യുവ പാട്ടെഴുത്തുകാരിൽ ശ്രദ്ധേയനായ മനു മഞ്ജിത്ത് ഇപ്പോൾ. അന്നൊരിക്കൽ മുറുക്കിച്ചുവന്ന ചുണ്ട് നെറുകയിൽ മുട്ടിച്ചു നൽകിയ ആ ചുംബനത്തിനാണ് മനുവിന്റെ ഈ സമർപ്പണം. ആരോടും പറയാതെ പെട്ടെന്നൊരു ദിവസം എങ്ങോ പോയി മറഞ്ഞ പുത്തഞ്ചേരിയെക്കുറിച്ചുള്ള ഓർമകള്‍ ഇന്നും തെളിമയോടെ നിൽക്കുന്നു മനു മഞ്ജിത്തിന്റെ മനസ്സിൽ. ബാക്കി അദ്ദേഹം തന്നെ പറയട്ടെ.  

 

ഒരേയൊരു കൂടിക്കാഴ്ച, നെറ്റിയിലൊരു ചുംബനം

ഒരു തവണ മാത്രമേ ഞാൻ ഗിരീഷ്ട്ടനെ നേരിൽ കണ്ടിട്ടുള്ളു. അത് 2006ൽ ആണ്. അന്ന് അദ്ദേഹം ഞങ്ങളുടെ വീടിനടുത്തുള്ള ക്ഷേത്രത്തിൽ വരികയുണ്ടായി. എന്റെ അച്ഛൻ അന്ന് ക്ഷേത്രത്തിലെ കമ്മിറ്റി അംഗമായിരുന്നു. അച്ഛൻ അദ്ദേഹത്തെ വീട്ടിലേയ്ക്കു ക്ഷണിക്കുകയും അദ്ദേഹം വരികയും ചെയ്തു. വളരെ വിസ്മയത്തോടെയാണ് ഞാൻ അന്ന് അദ്ദേഹത്തെ നോക്കി നിന്നത്. നേരിൽ കണ്ടപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കാൽ തൊട്ടു വണങ്ങി. അപ്പോൾ അദ്ദേഹം എന്നെ ചേർത്തു പിടിച്ചൊരു ഉമ്മ തന്നു. അതാണ് എനിക്കു കിട്ടിയ അമൂല്യമായ സമ്മാനം. അതേക്കുറിച്ച് ഞാൻ എപ്പോഴും പറയാറുമുണ്ട്. അക്കാലത്തൊക്കെ അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടാസ്വദിച്ചിരുന്നുവെങ്കിലും എഴുത്തിനെക്കുറിച്ചു വലിയ തോതിൽ ചിന്തിച്ചിരുന്നില്ല. ‌‌വടക്കുംനാഥൻ എന്ന ചിത്രത്തിലെ പാട്ടുകൾ പുറത്തിറങ്ങിയ കാലമായിരുന്നു അത്. അന്ന് കണ്ടപ്പോൾ ഞാൻ അതിലെ പാട്ടുകളുടെ ഭാവത്തെക്കുറിച്ചൊക്കെ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു ‘നിനക്ക് എന്തു തോന്നുന്നോ, അത് തന്നെ എടുത്തോളൂ’ എന്ന്. പിന്നെ അദ്ദേഹം അന്ന് എഴുതിക്കൊണ്ടിരുന്ന തിരക്കഥയെക്കുറിച്ചു സംസാരിച്ചു. അപ്പോഴൊക്കെ ഞാൻ ചിന്തിച്ചു, ഗിരീഷ് പുത്തഞ്ചേരിയെപ്പോലെ പ്രതിഭാധനനായ ഒരു മനുഷ്യൻ എന്നെപ്പോലുള്ള ഒരു കുട്ടിയോട് ഓരോ കാര്യങ്ങളായി സംസാരിച്ചല്ലോ എന്ന്. അദ്ഭുതമാണ് അപ്പോൾ തോന്നിയത്. 

രസകരമായ പിണക്കവും ഞൊടിയിടയിലെ ഇണക്കവും

 

വളരെ പെട്ടെന്നു പിണങ്ങുകയും അതിവേഗം ഇണങ്ങുകയും ചെയ്യുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. അന്ന് വീട്ടിൽ വന്ന അദ്ദേഹത്തെ തിരിച്ചു ഹോട്ടൽ മഹാറാണിയിൽ കൊണ്ടു ചെന്നാക്കാൻ വേണ്ടി ഞാൻ പോയിരുന്നു. പിരിയാറായപ്പോൾ രാത്രി പതിനൊന്നു മണി കഴിഞ്ഞു. അപ്പോൾ ഒരു ചായ കുടിക്കാം എന്നു പറഞ്ഞ് എന്നെ വിളിച്ചു. ആ സമയം നേരം വൈകിയല്ലോ എന്നു ഞാൻ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടമായില്ല. എന്താടാ ഗിരീഷ് പുത്തഞ്ചേരി ഒരു ചായ വാങ്ങിത്തന്നാൽ നിനക്കു കുടിക്കാൻ പറ്റില്ലേ എന്നു ചോദിച്ച് അദ്ദേഹം ദേഷ്യപ്പെട്ടു. പക്ഷേ വളരെ വേഗം ആ ദേഷ്യം അലിഞ്ഞില്ലാതാവുകയും ചെയ്തു. ഇതുപോലെ മറ്റു പലരോടുമായി അദ്ദേഹത്തിനു വേറെയും അനേകം പിണക്കങ്ങളുണ്ടായിട്ടുണ്ട്. വളരെ ചുരക്കം ആളുകളോടു മാത്രമേ ഗിരീഷേട്ടന്‍ പരിഭവിക്കാതിരുന്നിട്ടുള്ളു എന്നു ഞാൻ വായിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ പിണക്കങ്ങളൊക്കെ വളരെ രസകരമായവയായിരുന്നു. അദ്ദേഹം തന്നെ അത്തരം സംഭവങ്ങൾ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുമുണ്ട്. ഒരിക്കൽ ട്രെയിനിൽ പ്രതീക്ഷിച്ച സീറ്റ് കിട്ടാത്തതിനെത്തുടർന്ന് അദ്ദേഹം ടിടിആറുമായി കലഹിച്ചു. അന്ന് അദ്ദേഹം ടിടിആറിനോടു പറഞ്ഞു, ഞാൻ ഗിരീഷ് പുത്തഞ്ചേരിയാണ്. ഇതുപോലത്തെ ഒന്നല്ല രണ്ടു ട്രെയിൻ ഞാൻ വാങ്ങും എന്ന്. അപ്പോൾ ആദ്യത്തെ ട്രെയിൻ താങ്കൾ എവിടെയാണ് നിർത്തിയിടുക എന്ന മറു ചോദ്യത്തിലെ നർമം കേട്ട് അദ്ദേഹത്തിന്റെ ദേഷ്യം അവിടെ അലിഞ്ഞില്ലാതാവുകയും ടിടിആറിനെ കെട്ടിപ്പിടിച്ചു പരിഭവം മാറ്റുകയും ചെയതു. അത്തരത്തില്‍ വളരെ രകസകരമായ പിണക്കങ്ങളാണ് എപ്പോഴും ഉണ്ടായിട്ടുള്ളത്. അതൊന്നും നീണ്ടു നിൽക്കുന്നവയായിരുന്നില്ല. 

പുത്തഞ്ചേരിപ്പാട്ടുകളും എന്റെ എഴുത്തും 

ഗിരീഷേട്ടന്റെ പാട്ടുകളോട് എന്നും ഏറെ പ്രിയമായിരുന്നു. ആ വരികൾ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തിലെ ഭംഗി വളരെയേറെ ആകർഷിച്ചു. നമ്മുടെയൊരു തലമുറ കൂടുതലായും കേട്ടു വളർന്നത് ഗിരീഷേട്ടന്റെ പാട്ടുകളാണ്. ആ പ്രഗത്ഭനായ രചയിതാവിനെപ്പോലെയൊന്നും ചിന്തിക്കാൻ സാധിച്ചിരുന്നില്ലെങ്കിലും ആ എഴുത്തിന്റെ ശൈലി എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. ഏത് തരത്തിലുള്ള പാട്ടും അദ്ദേഹത്തിനു വഴങ്ങും. അദ്ദേഹത്തിന്റെ പാട്ടുകളിൽ പ്രണയം എപ്പോഴും അതിസുന്ദരമായി തെളിഞ്ഞു കാണാം. വളരെ ആഴമേറിയ പ്രണയമായിരുന്നു വരച്ചിട്ടതെന്ന് ഓരോ പാട്ടിന്റെയും വരികൾ പരിശോധിച്ചാൽ വ്യക്തമാകും. ഏതൊരാൾക്കും മനസ്സിലാകും വിധത്തിൽ അതി സുന്ദരമായി വാക്കുകൾ കോർത്താണ് ഗിരീഷേട്ടൻ പാട്ടുകളെഴുതിയിട്ടുള്ളത്. നമ്മെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള വ്യക്തിയുടെ ശൈലി തീർച്ചയായും നമ്മുടെ പ്രവൃത്തിയിൽ പ്രതിഫലിക്കുമല്ലോ. അതുപോലെ ഗിരീഷേട്ടൻ എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. അപ്പോൾ അദ്ദേഹത്തിന്റെ ശൈലികൾ എന്റെ എഴുത്തിൽ പ്രതിഫലിച്ചിട്ടുണ്ടാകാം. ചിലരൊക്കെ അക്കാര്യം പറഞ്ഞിട്ടുമുണ്ട്. പക്ഷേ അതു കേൾക്കുമ്പോഴൊക്കെ എനിക്കു പേടിയാണ്. അദ്ദേഹത്തിന്റെ ഓരോ പാട്ട് കേൾക്കുമ്പോഴും അദ്ദേഹം ഒരു മഹാസംഭവം തന്നെയാണെന്നു വീണ്ടും വീണ്ടും തോന്നും. ആ എഴുത്തുമായി നമ്മളെ താരതമ്യം ചെയ്യുമ്പോൾ ശരിക്കും പേടിയാണ്. കാരണം അദ്ദേഹം മറ്റൊരു തലത്തിലാണ്. ഒരുപാടൊരുപാട് ഉയർന്ന ഒരു തലത്തിൽ.

 

എന്നെന്നും പ്രിയപ്പെട്ടവർ

ഗിരീഷ്ട്ടന്റെ കുടുംബവുമായി എനിക്കു വലിയ ആത്മബന്ധമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ബീനേച്ചിയും മക്കളായ ജിതിനും ദിനനാഥുമായുമൊക്കെ വളരെ അടുത്ത ബന്ധം. ദിനനാഥ് ജോലിക്കു കയറി ആദ്യത്തെ ശമ്പളം കൊണ്ട് എനിക്കൊരു പേന വാങ്ങിത്തന്നു. ആദ്യശമ്പളം കൊണ്ട് അച്ഛനൊരു പേന വാങ്ങിക്കൊടുക്കണം എന്നായിരുന്നു അവന്റെ ആഗ്രഹം. പക്ഷേ അതു സാധിച്ചില്ല. പകരം എനിക്കു തന്നു. അത് വളരെ വൈകാരികമായ അനുഭവമായിരുന്നു. അതിനെക്കുറിച്ച് അവന്‍ സമൂഹമാധ്യമങ്ങളിൽ എഴുതുകയും ചെയ്തു. ദിനനാഥ് ആദ്യമായി പാട്ടെഴുതിയ ചിത്രമായിരുന്നു മാറ്റിനി. അതിനു വേണ്ടി തുടക്കത്തിൽ ഒരു സമർപ്പണം എഴുതേണ്ടിയിരുന്നു. അത് എഴുതാൻ ദിനനാഥ് എന്നെ ഏൽപ്പിച്ചു. അങ്ങനെ പ്രിയപ്പെട്ട ഗിരീഷേട്ടനു വേണ്ടി ഞാൻ എഴുതി. അദ്ദേഹത്തെക്കുറിച്ചെഴുതിക്കൊണ്ടായിരുന്നു ഞാന്‍ സിനിമയിലെത്തിയത്.  

അവിചാരിതമായെത്തിയ ചില മഹാഭാഗ്യങ്ങൾ

ഏതാനും വർഷങ്ങൾക്കു മുൻപ് ‘ഗിരീഷ് പുത്തഞ്ചേരി നോവിന്റെ ഒരോർമ’ എന്ന പേരിൽ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. അതിൽ എം.ടി.വാസുദേവൻനായർ, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി സർ, ഇളയരാജ, മമ്മൂട്ടി, മോഹൻലാൽ എന്നിങ്ങനെ കലാസാംസ്കാരിക രംഗത്തെ പ്രഗത്ഭരായവരാണ് എഴുതിയിരിക്കുന്നത്. ഗിരീഷേട്ടനുമായി അത്രയധികം അടുപ്പമുണ്ടായിരുന്ന അറുപത്തിയഞ്ചോളം പേര്‍. ആ പുസ്തകത്തിൽ ഒരു കോളം എഴുതാനുള്ള ഭാഗ്യം വളരെ അവിചാരിതമായി എനിക്കു കിട്ടി. അതിൽ ഒരുപാട് സന്തോഷം. പിന്നെ എടുത്തു പറയേണ്ട മറ്റൊരു ഭാഗ്യം കൂടിയുണ്ട്. ‘ഓംശാന്തി ഓശാന’ എന്ന ചിത്രത്തിലൂടെയാണ് ഞാൻ പാട്ടെഴുത്തിലേയ്ക്ക് എത്തിയത്. അതായത് ഗിരീഷേട്ടൻ വിടപറഞ്ഞു നാല് വർഷങ്ങൾ പിന്നിട്ടപ്പോൾ. പക്ഷേ അതിനു ശേഷം 2019ല്‍ പുറത്തിറങ്ങിയ ഫൈനൽസ് എന്ന ചിത്രത്തിൽ എന്റെയും ഗിരീഷേട്ടന്റെയും പാട്ടുകൾ ഒരുമിച്ചു വന്നു. അദ്ദേഹം വർഷങ്ങൾക്കു മുൻപ് കുറിച്ച വരികളായിരുന്നു ചിത്രത്തിലെ ഒരു പാട്ട്. ഫൈനൽസിനു വേണ്ടി ഞാനും എഴുതി. അതിൽ ഗാനരചയിതാക്കളുടെ പേര് എഴുതിക്കാണിച്ചപ്പോൾ അദ്ദേഹത്തിന്റെ പേരിനൊപ്പം എന്റേതും തെളിഞ്ഞു കണ്ടു. അതൊരു വല്ലാത്ത അനുഭൂതിയായിരുന്നു. പറഞ്ഞറിയിക്കാൻ സാധിക്കാത്ത വിധത്തിലുള്ള സന്തോഷം. കുറേ അദ്ഭുതങ്ങളുടെ കൂടെ സംഭവിച്ച മറ്റൊരു അദ്ഭുതം ആയിട്ടാണ് ഞാൻ അതിനെ കണക്കാക്കുന്നത്. പിന്നെ ഇത്തവണത്തെ ഗിരീഷ് പുത്തഞ്ചേരി പുരസ്കാരം എനിക്കാണ് കിട്ടിയത്. അതും മറ്റൊരു മഹാഭാഗ്യം തന്നെ. ഗിരീഷേട്ടൻ ഒപ്പം പ്രവർത്തിച്ച സംഗീതസംവിധായകർക്കൊപ്പം ചേർന്നു പാട്ടൊരുക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഗിരീഷേട്ടനെക്കുറിച്ചു ഞാൻ ചോദിക്കുമായിരുന്നു. അവർ കുറേ കഥകൾ പറഞ്ഞു തന്നിട്ടുമുണ്ട്. അവരിലൂടെയൊക്കെയാണ് ഗിരീഷേട്ടൻ എന്ന വ്യക്തിയെക്കുറിച്ചു ഞാൻ കൂടുതലും അറിഞ്ഞിട്ടുള്ളത്. പലപ്പോഴും പല വേദികളിലും അദ്ദേഹത്തിന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെടാറുണ്ട്.