ശാന്തമായ ഒരു രാത്രിയിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മലയാളിയുടെ മനസ്സിൽ പാട്ടിന്റെ ലഹരി നിറച്ച് ചേക്കേറിയ ചലച്ചിത്രഗാന രചയിതാവായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ ഏറ്റവുമധികം ഗാനങ്ങൾ മലയാള സിനിമയിൽ രചിച്ച ബഹുമുഖ പ്രതിഭ.  സൂര്യകിരീടം വീണുടഞ്ഞു, പിന്നെയും പിന്നെയും, കൈക്കുടന്ന നിറയെ, ആരോ വിരൽ മീട്ടി അങ്ങനെ മലയാളി പ്രണയിച്ച എത്രയെത്ര ഗാനങ്ങൾ. മലയാളികൾക്ക് എന്നെന്നും സൂക്ഷിക്കാൻ ഒരുപിടി മനോഹരവരികൾ ബാക്കിവച്ച് അദ്ദേഹം കടന്നുപോയിട്ട് ഇന്നേക്ക് പതിനൊന്നു വർഷങ്ങൾ. ഗിരീഷില്ലാതെ ചലച്ചിത്രഗാന ലോകത്ത് ഇന്ന് പാട്ടുകൾക്ക് ഊർവ്വരത നഷ്ടമായിരിക്കുന്നു എന്ന് ഗാനരചയിതാവും എഴുത്തുകാരനുമായ ഷിബു ചക്രവർത്തി. ഗിരീഷ് പുത്തഞ്ചേരിയുമായി കാത്തുസൂക്ഷിച്ചിരുന്ന ഊഷ്മളമായ സൗഹൃദത്തെക്കുറിച്ച് അദ്ദേഹം മനോരമ ഓൺലൈനിനോട്. 

അങ്ങോട്ട് വിളിച്ചുണ്ടാക്കിയ കൂട്ട്

എന്റെ അടുത്ത സുഹൃത്തായിരുന്നു ഗിരീഷ്. ജോണി വാക്കറിലെ അവന്റെ പാട്ടു കേട്ടിട്ട് ഞാൻ അങ്ങോട്ട് വിളിച്ചു ഉണ്ടാക്കിയ സൗഹൃദമാണ്. ഗിരീഷിന്റെ ലിറിക്‌സ് ആദ്യമായി കേട്ടപ്പോഴേ ഇവൻ ഒരു കവിയല്ല സിനിമാഗാനങ്ങൾ എഴുതാൻ വേണ്ടി പിറന്നവനാണെന്നു തോന്നിയിരുന്നു. എല്ലാ കവികൾക്കും സിനിമാഗാനങ്ങൾ എഴുതാൻ കഴിയില്ല. കവിതയുടെയും ഗാനങ്ങളുടെ വരികളുടെയും പിറവി രണ്ടുതരമാണ്. കവിക്കു തന്റെ രചനയിൽ സ്വാതന്ത്ര്യം വേണം അത് സ്വന്തം ഇഷ്ടത്തിനനുസരിച്ച് അനർഗ്ഗളം പ്രവഹിക്കുന്നതാണ്. പക്ഷെ സിനിമാഗാനങ്ങൾ ആ സിനിമയുടെ കഥക്ക് അനുയോജ്യമായ രീതിയിലാകണം എഴുതേണ്ടത്. അന്ന് ഞാൻ വിളിച്ചത് അവനു വളരെ അത്ഭുതവും പ്രോത്സാഹനവുമായി, പുതിയ ഒരാളെ അംഗീകരിക്കുക അങ്ങനെ എല്ലാവരും ചെയ്യുന്നതല്ലല്ലോ. ഞാനൊക്കെ സിനിമാരംഗത്തേക്കു കടന്നു വന്നപ്പോൾ എന്നെ പ്രോത്സാഹിപ്പിക്കാനോ നല്ലവാക്ക് പറയാനോ ആരുമുണ്ടായിരുന്നില്ല.  കുറച്ചുകാലമായി ഈ രംഗത്ത് അറിയപ്പെട്ടിരുന്ന ഞാൻ അവനെ വിളിച്ചത് അവനു വലിയ സന്തോഷമായി. അവന്റെ വരികളിലൂടെ കണ്ണോടിച്ചപ്പോൾ തന്നെ എനിക്ക് അവന്റെ ടാലന്റ് മനസ്സിലായി. "തപ്പെട് തകിൽപ്പുറം കൊട്" എന്ന പ്രയോഗം എനിക്ക് സ്ട്രൈക്ക് ചെയ്‌തു. അത് വല്ലാത്ത ഒരു പ്രയോഗമായിരുന്നു.  അവിടെ തുടങ്ങിയ ബന്ധം അവൻ മറയുന്നതുവരെ തുടർന്നു.

എത്ര പറഞ്ഞാലും തീരില്ല

ഗിരീഷ് ഒരു സമ്പന്നമായ ചുറ്റുപാടിൽ നിന്നല്ല വന്നത്, അതിന്റെ പ്രശനം അവന് എപ്പോഴുമുണ്ടായിരുന്നു. അവൻ ഉള്ളിലുള്ളതെല്ലാം തുറന്നു പറയുന്ന ചിലരിൽ ഒരാളായിരുന്നു ഞാൻ. അവൻ ഒരു സ്ഥലം വാങ്ങിയപ്പോൾ ഞാൻ വീട് വയ്ക്കാൻ പറഞ്ഞു, വീടൊന്നും വയ്ക്കാൻ ഞാൻ കൂട്ടിയാൽ കൂടില്ല എന്ന് അവനെന്നോടു പറഞ്ഞു. എന്നിട്ടും ഞാൻ വിടാതെ അത് തന്നെ പറഞ്ഞുകൊണ്ടിരുന്നു, ഒക്കെ നടക്കും നീ ധൈര്യമായി ചെയ്യൂ എന്ന് പറഞ്ഞു. ഞാൻ തന്നെ ഒരു ടൂ ബെഡ്‌റൂം വീടിന്റെ സ്കെച്ച് വരച്ചുകൊടുത്തു. ആ സ്കെച്ചിലാണ് അവൻ പണി തുടങ്ങിയത്. ഞാൻ സ്വകാര്യ ചാനലിന്റെ പ്രോഗ്രാം ഹെഡ്  ആയിരിക്കുമ്പോൾ ഗിരീഷിനെ വച്ച് പാട്ടിന്റെ പൂവരങ്ങ് എന്ന പരിപാടി ചെയ്തു. പാട്ടു വച്ച് അവൻ അവന്റെ ജീവിതം പറയുന്ന ഒരു പ്രോഗ്രാം. അവനെക്കുറിച്ച് പറയാനാണെങ്കിൽ പറഞ്ഞു തീരില്ല, വഴക്കിട്ടതും ചീത്തപറഞ്ഞതും ഒടുവിൽ മരണത്തിലേക്ക് ട്രെയിൻ കയറിപ്പോയതും.

എല്ലാ പാട്ടും വഴങ്ങുന്ന എന്റെ ഗിരീഷ്

മലയാളം കണ്ടതിൽ വച്ച് ഏറ്റവും മികവുറ്റ പാട്ടെഴുത്തുകാരനായിരുന്നു ഗിരീഷ്. എല്ലാ എഴുത്തുകാർക്കും അവരുടേതായ ശൈലിയും മേഖലയുമുണ്ടാകും പക്ഷെ ഗിരീഷിന് സാധിക്കാത്ത വിഭാഗം ഒന്നുമില്ല, പ്രണയമായാലും വിരഹമായാലും ദുഖമായാലും അടിച്ചുപൊളി പാട്ടുകളായാലും എന്തും ഗിരീഷിന്റെ തൂലികയിൽ പിറക്കും. അതായിരുന്നു മറ്റ് എഴുത്തുകാരിൽ നിന്നും ഗിരീഷിനെ വ്യത്യസ്തനാക്കുന്നത്. പാട്ടെഴുത്തല്ലാതെ ലോകത്തിലെ മറ്റൊരുകാര്യത്തിലും ഗിരീഷിന് ശ്രദ്ധയുണ്ടായിരുന്നില്ല. പാട്ടെഴുത്തു മാത്രമായിരുന്നു അവന്റെ ലോകം. ഞാൻ ആണെങ്കിൽ പാട്ടെഴുത്ത് കുറവും മറ്റു ലോകകാര്യങ്ങളിൽ ശ്രദ്ധിക്കുന്ന ആളുമാണ്. വൈരുധ്യങ്ങളുടെ കൂട്ടുകെട്ടായിരുന്നു ഞങ്ങളുടേത്. ഡ്രൈവിങ് അവന് ഒട്ടും വഴങ്ങിയിരുന്നില്ല. എന്നോടൊപ്പം യാത്ര ചെയ്യാൻ വിശ്വാസമായിരുന്നു. ഒരു പാട്ടെഴുത്തുകാരനു വണ്ടി ഓടിക്കാൻ പറ്റുമോ എന്നൊക്കെ എന്നോട് ചോദിച്ചിരുന്നു. പാട്ടുകൾ അത് ആരുടേതായാലും അവനു മനഃപാഠമാണ്. ഒരിക്കൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഭാര്യ വിജയലക്ഷ്മിയുടെ തലേ ആഴ്ച ഇറങ്ങിയ കവിത അവൻ കാണാതെ ചൊല്ലി കേൾപ്പിച്ചു. എന്റെ പാട്ടുകൾ എല്ലാം അവനു കൃത്യമായ ഓർമ്മയാണ്. അതേസമയം ഞാൻ എഴുതിയ പാട്ടുകൾ പോലും എനിക്ക് ഓർമ്മയുണ്ടാകില്ല. അവന്റെ പ്രധാന കാര്യം പാട്ടു മാത്രം ആയിരുന്നു. ഞാൻ ചിലപ്പോൾ സ്ക്രിപ്റ്റ് എഴുതാനിരിക്കുമ്പോൾ അവൻ പറയും "എടാ നീ അതിലെ പാട്ട് എനിക്കു താടാ" എന്ന്. ഞാൻ ആണെങ്കിൽ ഒരാളോടുപോലും പാട്ടു തരണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. മലയാള സിനിമയിൽ ഇനി ഗിരീഷിനെപ്പോലെ ഒരാൾ ഉണ്ടാകുമോ എന്ന് സംശയമാണ്.

പ്രതിഭ വറ്റി മരിച്ചതല്ല അവൻ

ഞാൻ കോഴിക്കോട് ചെല്ലുന്നു എന്നറിഞ്ഞാൽ ഗിരീഷ് വന്നു കണ്ടിരിക്കും. പിന്നെ ആഘോഷങ്ങളുടെ ദിനങ്ങളാണ്. ഞങ്ങൾക്കു രണ്ടുപേർക്കുമായി കുറെ സുഹൃത്തുക്കളുണ്ടവിടെ. അവൻ എറണാകുളത്തു വന്നാൽ ഞാൻ അവനെ കൂട്ടിക്കൊണ്ടു വരും. അങ്ങനെ ഒരു ഊഷ്മള സൗഹൃദം ഞങ്ങൾ പങ്കുവച്ചിരുന്നു.  കൊച്ചിൻ ഹനീഫയുടെ മരണ ദിവസമാണ് ഞങ്ങൾ അവസാനമായി കണ്ടത്. അന്ന് അവിടെ വന്ന ഗിരീഷിനെ കണ്ട് എനിക്ക് വല്ലാതെ തോന്നി. ഞാൻ ചോദിച്ചു ഗിരീഷേ നിനക്ക് എന്തു പറ്റി, നിന്റെ കണ്ണിന് ഒരു മഞ്ഞ നിറം കാണുന്നു. മുൻപ് സോമേട്ടൻ മരിക്കാറായ സമയത്തു ഞാൻ അദ്ദേഹത്തിന്റെ കണ്ണിൽ ഇങ്ങനെ കണ്ടിരുന്നു. ഞാൻ ഗിരീഷിനോട് ഉടൻ തന്നെ ഒരു ഡോക്ടറെ കാണാൻ പറഞ്ഞു. പക്ഷെ തനിക്ക് അത്യാവശ്യമായി കോഴിക്കോട് പോകണം, തനിക്ക് ഒരു കുഴപ്പവുമില്ല താൻ ഇപ്പോൾ ആയുർവേദ മരുന്നുകൾ ഒക്കെ കഴിക്കുകയാണ് എന്നാണവൻ പറഞ്ഞത്. അന്ന് അവൻ തിരിച്ചു കോഴിക്കോട് പോയി. അവിടെ ചെന്ന് അവൻ ആശുപത്രിയിലായി. വളരെ പെട്ടെന്ന് തന്നെ വിടപറയുകയായിരുന്നു. പ്രതിഭ വറ്റി മരിച്ചവനല്ല അവൻ. ഇനിയുമെത്രയോ പാട്ടുകളെഴുതുകയും നമ്മെ ആസ്വദിപ്പിക്കുകയും ചെയ്യേണ്ടതായിരുന്നു. ഗിരീഷിനെപ്പോലെയുള്ള പ്രതിഭകളുടെ നഷ്ടം ഇന്ന് ചലച്ചിത്ര രംഗത്ത് പ്രതിഫലിക്കുന്നുണ്ട്.