സംഗീതം വെറുമൊരു നേരം പോക്കല്ല സൊനോബിയ സഫറിന്. മറിച്ച് അത് മനസ്സിലെ അടങ്ങാത്ത ആഗ്രഹമാണ്. ആ ആഗ്രഹ സാഫല്യത്തിന്റെ നിറവിലാണിപ്പോൾ സൊനോബിയ. ദൃശ്യം 2ലെ ‘ഒരേ പകൽ...’ എന്ന ഗാനത്തിലൂടെയാണ് സൊനോബിയ ശ്രദ്ധേയയാകുന്നത്. ജീവിതത്തിൽ ഏറെ സന്തോഷം തോന്നുന്ന നിമിഷങ്ങളാണിതെന്നു ഗായിക പറയുന്നു. തികച്ചും അപ്രതീക്ഷിതമായ സമയത്ത് ദൃശ്യം 2ലേക്ക് പാടാൻ വിളിച്ചപ്പോൾ സൊനോബിയ ഒരു നിമിഷം സ്തംഭിച്ചു പോയി. പക്ഷേ ആ ഒരേയൊരു ഗാനത്തിലൂടെ മലയാളികൾ സൊനോബിയയെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഇതിനു മുൻപും ഗായിക മലയാള സിനിമയിൽ പാടിയിട്ടുണ്ടെങ്കിലും എല്ലാവരും തിരിച്ചറിയുന്നത് ദൃശ്യത്തിലെ ഈ ഗാനത്തിലൂടെയാണ്. ജോലി ഉപേക്ഷിച്ചാണ് സൊനോബിയ സ്വന്തം ആഗ്രഹത്തിനു പിന്നാലെ യാത്ര ആരംഭിച്ചത്. വോയ്സ് ഓവർ ആർട്ടിസ്റ്റായ സൊനോബിയ നിരവധി പരസ്യചിത്രങ്ങൾക്കു ശബ്ദം നൽകിയിട്ടുമുണ്ട്. അതിനു പുറമേ ജിങ്കിളുകളും പാടിയിട്ടുണ്ട്. പുതിയ പാട്ടു വിശേഷങ്ങളുമായി ഗായിക മനോരമ ഓൺലൈനിനൊപ്പം.

ദൃശ്യത്തിലെത്തിയ വഴി

ഞാൻ വോയ്സ് ഓവർ ആർട്ടിസ്റ്റ് ആയാണ് ജോലി ചെയ്യുന്നത്. നിരവധി ജിങ്കിളുകളും പാടിയിട്ടുണ്ട്. കൂടെ വർക്ക് ചെയ്തിരുന്ന പരസ്യ സംവിധായകർ എനിക്ക് ചില സംഗീത സംവിധായകരുടെ നമ്പർ അയച്ചു തന്നിരുന്നു. അങ്ങനെയാണ് ദൃശ്യം 2ന്റെ സംഗീതസംവിധായകൻ അനില്‍ ജോൺസണിന്റെ നമ്പർ ലഭിക്കുന്നത്. വിളിച്ചു നോക്കിയാൽ ചിലപ്പോൾ എന്തെങ്കിലും അവസരം ലഭിക്കുമെന്നു സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് ഒരു ദിവസം ഞാൻ അനിലിനെ വിളിച്ചു പരിചയപ്പെട്ടു. ഞാൻ പാടിയ ചില പാട്ടുകൾ അയച്ചു കൊടുക്കുകയും ചെയ്തു. എപ്പോഴെങ്കിലും നല്ല അവരം വന്നാൽ വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ അങ്ങനെയൊരു വിളി വരുമെന്ന പ്രതീക്ഷ എനിയ്ക്കില്ലായിരുന്നു. ഞാൻ വിളിക്കുന്ന സമയത്ത് ദൃശ്യം 2നു വേണ്ടി സംഗീതം ഒരുക്കുന്നതിന്റെ പ്രാരംഭഘട്ടത്തിലായിരുന്നു അനിൽ. ചിത്രത്തിലേക്ക് അവർ പുതിയൊരു ഗായികയെ തേടുന്നുമുണ്ടായിരുന്നു. എന്റെ സ്വരം അനുയോജ്യമാകുമെന്ന് അവർക്കു തോന്നിയിട്ടുണ്ടാകാം. അങ്ങനെ രണ്ടാഴ്ച കഴിഞ്ഞ് അനിൽ തിരിച്ചു വിളിച്ചു. ബിഗ് ബജറ്റ് ചിത്രത്തിൽ ഒരു പാട്ട് ചെയ്യാനുണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ സമ്മതമറിയിച്ചു. അതിനു ശേഷം കുറേയേറെ നാളുകൾ കഴിഞ്ഞാണ് ദൃശ്യം 2 ആണ് ചിത്രമെന്നു വെളിപ്പെടുത്തിയത്. കേട്ടപ്പോൾ അക്ഷരാർഥത്തിൽ ഞാൻ സ്തംഭിച്ചു പോയി.

ഗായികയും സംഗീതസംവിധായകനുമല്ല, സുഹൃത്തുക്കള്‍

 

ദൃശ്യം 2ലെ ഗാനം വ്യത്യസ്തമായൊരു അനുഭവമായിരുന്നു. ഈ രംഗത്ത് പുതിയ ആളെന്ന നിലയിൽ ഇത്രയും പ്രാധാന്യമുളള സിനിമയിലൊരു ഗാനം പാടാൻ സാധിച്ചത് വലിയൊരു അനുഗ്രഹമാണ്. അതോടൊപ്പം തന്നെ വലിയൊരു ബഹുമതിയും. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന സിനിമയിലെ ഒരേയൊരു ഗാനം പാടുക എന്നത് എന്നെ സംബന്ധിച്ച് വലിയൊരു സമ്മർദ്ദമായിരുന്നു. ഇത് എന്റെ ആദ്യത്തെ സോളോ ഗാനവുമാണ്. എനിക്കതു പാടാൻ കഴിയുമോ എന്നു തന്നെ അറിയില്ലായിരുന്നു. ഇതിനു മുൻപ് ‘ക്വീൻ’ സിനിമയിലെ പാട്ടിന്റെ ചെറിയൊരു ഭാഗമാണ് പാടിയത്. ദൃശ്യത്തിന്റെ സംഗീത സംവിധായകൻ അനിൽ ജോൺസൺ ഈ ഗാനം ആലപിക്കുന്നതിന് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. സംവിധായകന്റെ ആവശ്യങ്ങൾക്കനുസരിച്ച് എനിക്കതു പാടാൻ സാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. അദ്ദേഹം എന്നെ ഉൾക്കൊള്ളുന്ന ആളായിരുന്നു. വളരെ ക്ഷമയോടെയാണ് അദ്ദേഹം എന്നോടൊപ്പമിരുന്നത്. എന്നിലെ നല്ലതിനെ കണ്ടെത്തി ഈ ഗാനം മികച്ചതാക്കിയതിനു പിന്നിലുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതു തന്നെയാണ്. ഗാനത്തിന്റെ റെക്കോർഡിങ് ഒരു ശനിയാഴ്ച ആയിരുന്നു. രാവിലെ എത്തിയപ്പോൾ അനിൽ ജോൺസണും അദ്ദേഹത്തിന്റെ മാനേജരും ഗാനരചയിതാവ് വിനായക് ശശികുമാറും ആണ് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നത്. വളരെ സൗഹൃദത്തോടെയായിരുന്നു അനിലിന്റെ ഇടപെടൽ. ഒരു സംഗീത സംവിധായകന് ഗായികയോട് ഉള്ളതിനേക്കാളുപരിയായി അടുത്ത സുഹൃത്തിനോട് എന്ന രീതിയിലുള്ള ഇടപെടൽ. അനിലിനെ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

ഊർജത്തിനു പിന്നിൽ സംവിധായകൻ

 

പാട്ട് പാടി തുടങ്ങുന്ന സമയത്ത് ഞാൻ വളരെയധികം സമ്മർദ്ദത്തിലായിരുന്നു. ഈ ഗാനം റെക്കോർഡ് ചെയ്യാൻ ഒരു ദിവസമെടുത്തു. വീട്ടിൽ ട്രയൽ ഒക്കെ പാടിയ ശേഷമാണ് സ്റ്റുഡിയോയിലേക്കു പോകുന്നത്. ആദ്യമൊക്കെ പാടിയപ്പോൾ ശരിയാകുന്നതേയില്ലായിരുന്നു. പാതി  വഴിയെത്തിയപ്പോൾ എന്റെ ആത്മവിശ്വാസം തന്നെ നഷ്ടപ്പെട്ടു. ഇനി ഇത് ശരിയാകുമോ, മറ്റാരെങ്കിലും ഇത് പാടുമോ തുടങ്ങി നിരവധി ചോദ്യങ്ങൾ മനസ്സിലൂടെ കടന്നുപോയി. മിക്കവാറും എന്നെ മാറ്റി മറ്റൊരാളെ എടുക്കുമെന്നു തന്നെയാണു വിചാരിച്ചത്. ആ സമയത്ത് സിനിമയുടെ സംവിധായകൻ ജീത്തു ജോസഫ് സർ സ്റ്റുഡിയോയിലേക്കു വരികയും എന്നോടു സംസാരിക്കുകയും ചെയ്തു. എന്തിനാണിങ്ങനെ ടെൻഷൻ അടിക്കുന്നതെന്നു സർ ചോദിച്ചു. അഥവാ ഈ പാട്ട് പാടാൻ പറ്റിയില്ലെങ്കിൽത്തന്നെ ഇപ്പോൾ എന്താ കുഴപ്പം? ഞങ്ങൾക്കെല്ലാവർക്കും തന്റെ ശബ്ദം ഇഷ്ടപ്പെട്ടു. എത്ര ദിവസം എടുത്താലും ഇത് തീർത്തിട്ട് പോയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ എനിക്ക് വളരെയധികം ആത്മവിശ്വാസവും പാടാനുളള ഊർജവുമൊക്കെ തന്നു. അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. എനിക്കു പാടാൻ സാധിക്കുമെന്ന് എന്നെക്കാളേറെ വിശ്വാസം അവർക്കുണ്ടെന്ന് ബോധ്യമായതോടെ ധൈര്യത്തോടെ മുൻപോട്ടു പോയി. അങ്ങനെ അവസാനം പാട്ട് നന്നായി തന്നെ വന്നു. അതിൽ ഒരുപാട് സന്തോഷം. 

അരങ്ങേറ്റം ക്വീനിലൂടെ

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമായ ക്വീനിലേക്കു പുതിയ ഗായകരെ തേടുന്നു എന്നതിന്റെ ഒരു പരസ്യം സമൂഹമാധ്യമത്തിൽ വന്നിരുന്നു. ഞാൻ ഐബിഎസ് സോഫ്റ്റ് സർവീസസ് എന്ന കമ്പനിയിൽ ആണ് മുൻപ് ജോലി ചെയ്തിരുന്നത്. ഡിജോ ജോസ് ആന്റണിയും അവിടെയായിരുന്നു മുൻപ് ജോലി  ചെയ്തിരുന്നത്. അങ്ങനെ എന്റെ സഹപ്രവർത്തകരൊക്കെ ഡിജോയുടെ സമൂഹമാധ്യമ പോസ്റ്റ് കണാനിടയായി. അവർ എനിക്ക് ഈ പോസ്റ്റ് അയച്ചു തരികയും ചെയ്തു. അതു കണ്ട് ഞാൻ ഐബിഎസിന്റെ റഫറൻസ് വച്ചു ഡിജോയ്ക്ക് പാട്ട് അയച്ചു കൊടുത്തു. അങ്ങനെയാണ് സംഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നെ വിളിക്കുന്നത്. ഈ പാട്ടിന്റെ ഓഡിഷന് ‌അഞ്ഞൂറോളം പേർ എത്തിയിരുന്നു. അതിൽ നിന്നുമാണ് അവർ എന്നെ തിരഞ്ഞെടുത്തത്. ക്വീനിലെ ‘സാറേ’ എന്നു തുടങ്ങുന്ന ഗാനമാണ് ആലപിച്ചത്. ക്വീനിലെ പാട്ടിനു ശേഷം സംഗീത സംവിധായകൻ കൈലാസ് മേനോനെ പരിചയപ്പെട്ടു. അദ്ദേഹം ആ സമയത്ത് നിരവധി പരസ്യങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ കൈലാസ് ചെയ്ത പരസ്യ ചിത്രങ്ങള്‍ക്കു വേണ്ടി ജിങ്കിളുകൾ പാടാൻ അവസരം ലഭിച്ചു. അദ്ദേഹം വിദേശത്തു ചെയ്ത ചിത്രത്തിലൊരു ഇംഗ്ലീഷ് ഗാനം പാടാനും എനിക്കു സാധിച്ചു. പിന്നീട് ഒരു കരീബിയൻ ഉഡായിപ്പ് എന്ന ചിത്രത്തിലാണു പാടിയത്. സ്‌കൂളിലെ സുഹൃത്തായിരുന്ന ചാരു ഹരിഹരൻ ആണ് ഈ സിനിമയിലെ സംഗീത സംവിധാനം നിർവഹിച്ചത്. അതിൽ ‘നിമിഷമേ...’ എന്നു തുടങ്ങുന്ന ഗാനത്തിൽ ഫീമെയിൽ ഭാഗമാണ് ഞാൻ പാടിയത്.

സംഗീത പഠനം

 

ചെറുപ്പം മുതൽ തന്നെ ഞാൻ പാട്ടുകൾ പാടുമായിരുന്നു. സ്‌കൂൾ കാലഘട്ടത്തിൽ സംഗീത മത്സരങ്ങളിൽ പങ്കെടുത്തിട്ടുമുണ്ട്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി മത്സരവേദിയിൽ പാടിയത്. അമ്മ പഠിപ്പിച്ചു തന്ന ‘രാജാ കോ റാണി...’ എന്ന ഗാനമായിരുന്നു അത്. അന്നൊന്നും പാട്ട് പഠിക്കുന്നില്ലായിരുന്നു. എട്ടാംക്ലാസിൽ എത്തിയപ്പോൾ കർണാടിക് സംഗീതം പഠിച്ചു തുടങ്ങി. പത്താം ക്ലാസിൽ എത്തിയതോടെ സംഗീത പഠനം നിർത്തേണ്ടി വന്നു. അതിനുശേഷം രണ്ടു വർഷം കഴിഞ്ഞപ്പോൾ ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ തുടങ്ങി. പിന്നീട് വിവാഹം കഴിഞ്ഞ് ഭാര്യയും അമ്മയു‌മൊക്കെ ആയതോടെ അതും തുടരാൻ സാധിച്ചില്ല. പക്ഷേ അവസരം കിട്ടിയാൽ തീർച്ചയായും ഇനിയും കൂടുതൽ പഠിക്കും. 

ജോലി വിട്ട് പാട്ടിലേക്ക്

ജോലി ഉപേക്ഷിക്കാൻ പാട്ട് ഒരു കാരണം തന്നെയായിരുന്നു. ടെക്‌നോപാർക്കിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. മകൻ ജനിച്ചപ്പോൾ തന്നെ എന്റെ ആഗ്രഹം ഞാൻ പിന്തുടരണമെന്ന ഒരു തിരിച്ചറിവ് എനിക്കുണ്ടായി. ഞാൻ ആഗ്രഹം പിന്തുടർന്നാലല്ലേ  എന്റെ മക്കൾക്ക് അതു പറഞ്ഞു കൊടുക്കാൻ സാധിക്കൂ. മോന് ഇപ്പോൾ അഞ്ച് വയസ്സായി. അവന്‍ ജനിച്ചപ്പോൾ മുതൽ സംഗീതത്തെ ഞാൻ കൂടെ കൂട്ടാൻ തുടങ്ങി. പക്ഷേ അതിനെ ഒരു ജോലിയായി തിരഞ്ഞെടുക്കുക സാധ്യമായിരുന്നില്ല. ജോലി ഉപേക്ഷിച്ചു സംഗീതത്തിനു പിന്നാലെ പോകുന്നതും മികച്ച തീരുമാനമല്ലായിരുന്നു. ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ തന്നെ  പാർട്ട് ടൈം ആയി വോയ്സ് ഓവർ ചെയ്യുന്നുണ്ടായിരുന്നു. പിന്നെ ഒരു ഘട്ടം എത്തിയപ്പോൾ സോഫ്റ്റ്‌വെയർ ജോലിയിലുളള താത്പര്യവും കുറഞ്ഞു. എന്റെ ആഗ്രഹത്തിനു വേണ്ടി പ്രവർത്തിക്കാനും കുടുംബത്തിനൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും തോന്നിത്തുടങ്ങി. അങ്ങനെ ജോലി ഉപേക്ഷിച്ചു പാട്ടിലേയ്ക്കു തിരിഞ്ഞു. സിനിമയിൽ പാടാൻ അവസരം ലഭിച്ചില്ലെങ്കിലും ഞാൻ സംഗീതത്തെ പിന്തുടരും. ഇടയ്ക്കു കവർ ഗാനങ്ങളൊക്കെ ചെയ്തു സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ദൃശ്യം 2നു ശേഷം ഏതാനും ചില പാട്ടുകൾ പാടാനുള്ള അവസരം എന്നെത്തേടി വന്നു. അതിൽ ഒരെണ്ണം പൂർത്തീകരിച്ചു. ഇനിയും കൂടുതൽ അവസരങ്ങൾ കിട്ടിയാൽ അതുമായി മുൻപോട്ടു പോകാൻ തന്നെയാണു തീരുമാനം. 

പാട്ടിഷ്ടങ്ങളും പാട്ടുകാരും

സംഗീത മേഖലയിൽ ഒരുപാട് പേർക്കൊപ്പം പ്രവർത്തിക്കണമെന്ന് ആഗ്രഹമുണ്ട്. എ.ആർ റഹ്‌മാനോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചാൽ അത് എന്റെ സ്വപ്ന സാക്ഷാത്കാരമായിരിക്കും. സംഗീതസംവിധായകരായ ഷാൻ റഹ്‌മാൻ, ദീപക് ദേവ്, സുഷിൻ ശ്യാം ഇവരൊക്കെ മലയാള സിനിമയിൽ പുതിയ തരംഗമുളള പാട്ടുകൾ ചെയ്തവരാണ്. എന്റെ സംഗീതവും ക്ലാസിക്കൽ രീതിയല്ല. എന്റെ സ്റ്റൈൽ അവരുടേതുമായി ചേർന്നു പോകുമായിരിക്കുമെന്നുള്ളതുകൊണ്ട് അവർക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. 

ലാലേട്ടനെ കാണണം

ദൃശ്യം 2ലെ ഗാനം പാടാൻ സാധിച്ചെങ്കിലും ലാലേട്ടനെ നേരിട്ടൊന്നു കാണാൻ കഴിഞ്ഞില്ല. കോവിഡ് കാലമല്ലായിരുന്നെങ്കിൽ പാട്ടിന്റെ ലോഞ്ചിങ്ങ് ചടങ്ങിൽ വച്ച് അദ്ദേഹത്തെ കാണാനാകുമായിരുന്നു. ലാലേട്ടന്റെ സിനിമയിൽ പാട്ട് പാടിയതല്ലേ, അപ്പോൾ തീർച്ചയായും അദ്ദേഹത്തെ നേരിട്ട് കാണണമെന്ന ആഗ്രഹം മനസ്സിലുണ്ട്.