നിലാവത്തു നിലയ്ക്കാതെ പെയ്യുന്ന പ്രണയത്തിന്റെ ആർദ്ര ഭാവങ്ങൾ നിറച്ചാണ് ‘മെമ്പർ രമേശൻ 9ാംവാർഡി’ലെ ‘അലരേ’ എന്ന ഗാനം പ്രേക്ഷകർക്കരികിൽ എത്തിയത്. ഗാനരംഗത്തിൽ അർജുൻ അശോകും ഗായത്രി അശോകും പ്രണയം പറഞ്ഞപ്പോൾ ആ മധുരഗീതത്തിലേയ്ക്ക് പ്രേക്ഷകർ അറിയാതെ മനസ്സ് ചേർത്തുവച്ചു. അയ്റാൻ എന്ന യുവഗായകനെ അടയാളപ്പെടുത്തിക്കൊണ്ടാണ് പാട്ട് ട്രെൻഡിങ്ങിൽ ഇടം പിടിച്ചത്. ഒപ്പം നിത്യ മാമ്മന്റെ സ്വരഭംഗിയിലും ‘അലരേ’ തിളങ്ങി. ഇതൊന്നുമല്ലാത്ത മറ്റൊരു പ്രത്യേകത കൂടി പാട്ടിനുണ്ട്. അത് കൈലാസ് മേനോന്റെ സംഗീതമാണ്. അച്ഛനാകാൻ പോകുന്നു എന്ന സന്തോഷവാർത്ത ജീവിതത്തിലേയ്ക്കെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് കൈലാസ് ‘അലരേ’ പാട്ടൊരുക്കിയത്. ആദ്യകൺമണിയ്ക്കായുള്ള കാത്തിരിപ്പിനിടയിൽ പാട്ട് പല തവണ പാടി. കൈലാസിന്റെ ഭാര്യ അന്നപൂർണലേഖ പിള്ള ഗർഭകാലത്ത് ഏറ്റവുമധികം കേട്ടതും ഈ പാട്ട് തന്നെ. ഇപ്പോൾ ആറുമാസം പ്രായമായ കുഞ്ഞ് സമന്യുരുദ്രയ്ക്കും ‘അലരേ’ ഏറെ പ്രിയം. അങ്ങനെ എല്ലാം കൊണ്ടും ‘മെമ്പർ രമേശൻ 9ാം വാർഡി’ലെ ഈ പാട്ട് വളരെ സ്പെഷൽ ആണെന്നു വെളിപ്പെടുത്തുകയാണ് കൈലാസ്. പാട്ടു വിശേഷങ്ങളുമായി കൈലാസ് മേനോൻ മനോരമ ഓൺലൈനിനൊപ്പം. 

പാട്ട് ഞങ്ങൾക്കു സ്പെഷൽ

ഭാര്യ ഗർഭിണി ആണെന്നറിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് ഞാൻ ‘അലരേ’ എന്ന പാട്ട് ചിട്ടപ്പെടുത്തിയത്. അതുകൊണ്ടു തന്നെ എനിക്കു അവൾക്കും ഈ പാട്ട് വളരെ സ്പെഷലാണ്. പാട്ട് കമ്പോസ് ചെയ്ത ശേഷം ഞാൻ അവളെ കേൾപ്പിച്ചു. അവൾക്കും ഒരുപാടിഷ്ടമായി. ആ സമയം മുതൽ കേൾക്കുന്നതു കൊണ്ടായിരിക്കാം ഞങ്ങളുടെ കുഞ്ഞിനും ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത്. എല്ലാ ദിവസവും പല തവണ അവൻ ഈ പാട്ട് കേൾക്കും. അത് കേട്ടാണ് ഉറങ്ങുന്നത്. അവൻ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഈ പാട്ട് കേൾപ്പിച്ചാൽ പെട്ടെന്നു കരച്ചിൽ നിർത്തും. അതുപോലെ ആവർത്തിച്ചു കേൾക്കുമ്പോൾ എന്റെ തോളിൽ കിടന്ന് ഉറങ്ങിക്കോളും. യഥാർഥത്തിൽ അവനെ ഉറക്കാനുള്ള എന്റെ ഒരു വജ്രായുധമാണ് ഈ പാട്ട്. 

 

അയ്റാനെ കിട്ടിയത് അപ്രതീക്ഷിതമായി

തികച്ചും അവിചാരിതമായാണ് അയ്റാൻ‍ എന്ന ഗായകനിലേക്ക് എത്തിയത്. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിൽ അയ്റാന്‍ പാടിയ പാട്ട് ഞാൻ കേൾക്കുകയുണ്ടായി. കേട്ടപ്പോൾ ആ ശബ്ദവും ആലാപനശൈലിയും എനിക്കൊരുപാട് ഇഷ്ടമായി. ശരിക്കും ആത്മാവ് തൊട്ടു പാടുന്നതു പോലെ. അങ്ങനെ അയ്റാന്റെ സമൂഹമാധ്യമ പോജകള്‍ സന്ദർശിച്ചപ്പോൾ വേറെയും പാട്ടുകളും കവർ പതിപ്പുകളും കണ്ടു, കേട്ടു. ഓരോന്നും മനസ്സ് തൊട്ടു പാടുന്ന ഒരു ഫീലായിരുന്നു. അങ്ങനെയാണ് ‘അലരേ’ അയ്റാനെക്കൊണ്ടു പാടിപ്പിക്കാം എന്നു ഞാൻ തീരുമാനിച്ചത്. ആദ്യ കേൾവിയിൽ തന്നെ അയ്റാന്റെ ആലാപനം എനിക്കിഷ്ടമായി. ഞാൻ പ്രതീക്ഷിച്ചതിനേക്കാളേറെ മുകളിലായിരുന്നു അയ്റാന്റെ ഭാവങ്ങളും ആലാപനമികവും. 

പെൺസ്വരമായി വീണ്ടും നിത്യ

അടുത്ത കാലത്ത് ഞാൻ കണ്ട ഗായകരിൽ വച്ച് നിത്യ മാമ്മന്റേത് ഒരു ഐഡന്റിറ്റി ഉള്ള ശബ്ദമായി എനിക്കു തോന്നിയിട്ടുണ്ട്. വ്യക്തിത്വമുള്ള ഒരു ശബ്ദം. ‘അലരേ’ എന്ന ഈ പാട്ടിനു വേണ്ടി അയ്റാന്റെ ശബ്ദത്തിനു ചേരുന്ന ഒരു പെൺസ്വരം ആയിരുന്നു എനിക്കാവശ്യം. അങ്ങനെയാണ് നിത്യയെത്തന്നെ തിരഞ്ഞെടുത്തത്. അതു മാത്രമല്ല, ഒരു പാട്ട് ഹിറ്റായി എങ്കിലും ആ പാട്ടിലൂടെ ആ ഗായകനെ അഥവാ ഗായികയെ മറ്റുള്ളവർ തിരിച്ചറിയണമെന്നില്ല. അതേസമയം അയാളുടെ ശബ്ദത്തിൽ മറ്റൊരു പാട്ട് കൂടി പുറത്തുവന്നാൽ പ്രേക്ഷകർ അയാളെ തിരിച്ചറിയുകയും അതിലൂടെ അവർ ശ്രദ്ധേയരാകുകയും ചെയ്യുമെന്നും എനിക്കു തോന്നി. നിത്യ ആദ്യമായി പാടിയ ‘നീ ഹിമമഴയായ് വരൂ’ എന്ന എന്റെ ഗാനം ശ്രേയ ഘോഷാൽ പാടിയതാണ് എന്ന തരത്തിലുള്ള തെറ്റിദ്ധാരണകളൊക്കെ ഉണ്ടായിരുന്നു. പക്ഷേ നിത്യയെ സംബന്ധിച്ചു പറയുകയാണെങ്കിൽ ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന പാട്ട് വന്നപ്പോൾ തന്നെ നിത്യ അറിയപ്പെട്ടു തുടങ്ങി. ഇപ്പോൾ അലരേ എന്ന ഈ ഗാനം നിത്യയുടെ മൂന്നാമത്തെ ഹിറ്റായി മാറി. 

ഇരട്ടി മധുരം

പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യത ലഭിച്ചതിൽ ഒരുപാടൊരുപാട് സന്തോഷം തോന്നുന്നു. പാട്ട് പുറത്തിറങ്ങിയ ശേഷം നിരവധി പേർ പാട്ടിന്റെ കവര്‍ പതിപ്പുകൾ ഒരുക്കി അപ്‌ലോഡ് ചെയ്യുകയും അയച്ചു തരികയുമുണ്ടായി. അതൊക്കെ ഒരുപാട് സന്തോഷം പകരുന്ന കാര്യമാണ്. കഴിഞ്ഞ വർഷമാണ് ഈ പാട്ടൊരുക്കിയത്. പാട്ട് തയ്യാറാക്കി കഴിഞ്ഞെങ്കിലും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി കാരണം അത് കഴിഞ്ഞ വർഷം പുറത്തിറക്കാൻ സാധിച്ചില്ല. 

പാട്ടുകൾ ഓൺ ദ് വേ

സിബി മലയിൽ സാറിന്റെ ‘കൊത്ത്’ എന്ന ചിത്രമാണ് എന്റെ ഏറ്റവും പുതിയ പ്രൊജക്ട്. അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാൻ സാധിക്കുക എന്നതു തന്നെ വലിയ ഭാഗ്യമായി കണക്കാക്കുന്നു. സാറിനെപ്പോലൊരാൾക്കൊപ്പമുള്ള ചിത്രം യഥാർഥത്തിൽ വർഷങ്ങളായുള്ള എന്റെ ആഗ്രഹസാഫല്യം കൂടിയാണ്. മലയാളത്തിൽ സംഗീതത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരുപാട് ചിത്രങ്ങൾ ഒരുക്കിയ ആളാണ് സിബി സർ. അദ്ദേഹത്തെപ്പോലെയൊരാളുടെ ചിത്രത്തിനു വേണ്ടി പാട്ടൊരുക്കാൻ എന്നെ ക്ഷണിച്ചതിൽപ്പരം മറ്റൊരു അംഗീകാരമില്ലെന്നു തന്നെയാണ് ഞാൻ വിചാരിക്കുന്നത്. അതുപോലെ ടൊവിനോയും കീർത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തുന്ന ‘വാശി’ എന്ന ചിത്രത്തിനു വേണ്ടിയും പാട്ടുകളൊരുക്കുന്നുണ്ട്. പിന്നെ ‘കള്ളൻ ഡിസൂസ’ എന്ന ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ഇതൊക്കെയാണ് പുതിയ പ്രൊജക്ടുകളും പാട്ടു വിശേഷങ്ങളും.