‘ആ അനുഗ്രഹമാണ് എന്നെ പൂർണനാക്കുന്നത്’ പ്രിയ ഗുരുനാഥൻ ദേവരാജൻ മാഷിനെക്കുറിച്ച് സംഗീതസംവിധായകൻ എം.ജയചന്ദ്രന്‍ പറഞ്ഞ വാക്കുകളാണിത്. ഗുരനാഥനായ ദേവരാജൻ മാസ്റ്ററിനെക്കുറിച്ചുള്ള ഓർമകളെല്ലാം ഇന്നും ജയചന്ദ്രന്റെ മനസ്സിൽ തെളിമയോടെ നിൽക്കുന്നു. ജീവിതത്തിൽ പല ഭാഗ്യങ്ങളുണ്ടായിട്ടുണ്ടെങ്കിലും ദേവരാജൻ മാഷിന്റെ ശിഷ്യനാകാൻ സാധിച്ചു എന്നതിന്റെ മഹത്വത്തോളം വരില്ല അവയൊന്നും എന്ന് ജയചന്ദ്രൻ നിസംശയം പറയുന്നു. മാഷിനൊപ്പമുണ്ടായിരുന്ന ആ അവർണനീയ കാലഘട്ടത്തെക്കുറിച്ച് ജയചന്ദ്രൻ മനസ്സ് തുറന്നപ്പോൾ. 

ഞാനും എന്റെ മാഷും

ഗുരുകുല സമ്പ്രദായം പോലെ മാഷിന്റെ ഒപ്പം കഴിഞ്ഞ് സംഗീതം അഭ്യസിക്കാന്‍ ഭാഗ്യം ലഭിച്ചയാളാണു ഞാൻ. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുന്ന സമയത്ത് വെറ്റിലയിൽ നൂറ്റിയൊന്നു രൂപ വച്ച് ദക്ഷിണ കൊടുത്തു കാൽ തൊട്ടു നമസ്കരിച്ചപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു ഒരു രൂപ മാത്രം ദക്ഷിണ വച്ചിട്ട് നൂറു രൂപ തിരിച്ചെടുക്കണമെന്ന്. അതെന്താണ് അങ്ങനെ പറഞ്ഞെതെന്നു മനസ്സിലാകാതെ നിന്ന എന്നോടു മാഷ് പറഞ്ഞു, ഒരു ഗുരുവും ശിഷ്യനും തമ്മിൽ ഒരിക്കലും അവസാനിക്കാത്ത തരത്തിലുള്ള ബന്ധം ആ ഒരു രൂപയിലുണ്ടെന്ന്. അത്രയും വലിയ കാഴ്ചപ്പാടുള്ള ആളായിരുന്നു മാഷ്. മാഷിന് എന്നോടു വലിയ പരിഗണനയുണ്ടായിരുന്നു. അദ്ദേഹം എന്നെ ഒരുപാടിഷ്ടപ്പെട്ടിരുന്നു. അച്ഛന് മകനോടുള്ള സമീപനമായിരുന്നു അദ്ദേഹത്തിന് എന്നോട്. ഇക്കാര്യം ഞാൻ എന്റെ അച്ഛനോടു പറഞ്ഞിട്ടുമുണ്ട്. അദ്ദേഹം വലിയ ദേഷ്യക്കാരനായിരുന്നു. തെറ്റു കാണുമ്പോഴൊക്കെ മാഷ് എന്നെ ഒരുപാട് ശകാരിക്കുകയും ചെയ്തിട്ടുണ്ട്. മാഷിന്റെ ശിഷ്യത്വം സ്വീകരിക്കാൻ പോയാൽ ആ ശിഷ്യനെ പൂജ്യമാക്കുക എന്നത് മാഷിന്റെ രീതിയാണ്. കാരണം, ഒന്നും അറിയില്ല എന്ന അറിവാണ് ഒരു ശിഷ്യനു വേണ്ടത് എന്നാണ് മാഷിന്റെ കാഴ്ചപ്പാട്.‌

അന്ന് അദ്ദേഹം എന്നെ ശ്രദ്ധിച്ചതേയില്ല, പക്ഷേ

ആദ്യമായി മാഷിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയ ഞാൻ നാലഞ്ചു മണിക്കൂർ കാത്തു നിൽക്കേണ്ടി വന്നു. കട്ടിലിൽ കിടക്കുകയായിരുന്ന മാഷ് അത്രയും മണിക്കൂറുകൾ കഴിഞ്ഞ് തിരിഞ്ഞു നോക്കുകയും പിന്നിൽ ഒരാൾ നിൽക്കുന്നുണ്ടെന്നു മനസ്സിലാക്കുകയും ചെയ്തു. എന്നാൽ മാഷ് എന്നെ ശ്രദ്ധിച്ചില്ല. തുടർന്നുള്ള ഏതാനും ദിവസങ്ങളിലും ഇതേ സംഭവം ആവർത്തിച്ചു. അങ്ങനെ ദിവസങ്ങളോളും അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാത്തു നിന്നതിനു ശേഷമാണ് മാഷിനെ ഒന്നു നേരിൽ കാണാന്‍ സാധിച്ചത്. ആദ്യം എനിക്കത് ബുദ്ധിമുട്ടായി തോന്നിയെങ്കിലും പിന്നീട് മാഷിനോടടുത്തപ്പോൾ അതിന്റെ കാരണം മനസ്സിലായി. അമൂല്യമായവ കിട്ടാൻ നമ്മൾ തീർച്ചയായും കാത്തിരിക്കണ്ടി വരും. ഇന്നും ഞാൻ സംഗീതസംവിധായകനായി നിൽക്കുമ്പോൾ എന്റെ ഏറ്റവും വലിയ ശക്തി എന്നുള്ളത് ദേവരാജൻ മാഷിന്റെ ശിഷ്യത്വം സ്വീകരിക്കാൻ സാധിച്ചു എന്നതു തന്നെയാണ്. അതാണ് എനിക്ക് പൂർണത തരുന്നത്. ജീവിതത്തിൽ ഒരുപാട് ഭാഗ്യങ്ങൾ ഉണ്ടാകും. അതിൽ എനിക്ക് ഏറ്റവും വലുത് ദേവരാജൻ മാഷിന്റെ ശിഷ്യനാകാൻ സാധിച്ചതു തന്നെയാണ്.

ഗുരുവിന്റെയും ശിഷ്യന്റെയും പേരിൽ ഒരേ പുരസ്കാരം

ഒരിക്കൽ ദേവരാജൻ മാസ്റ്റർ വയ്യാതിരിക്കുന്ന സമയത്ത് എന്നെ ഫോണിൽ വിളിക്കുകയും ഞാൻ അദ്ദേഹത്തെ കാണാൻ വീട്ടിൽ പോവുകയും ചെയ്തു. ഒരു സീരിയലിനു വേണ്ടി മാഷ് സംഗീത സംവിധാനം നിർവഹിക്കുന്ന കാലമാണത്. അന്ന് ആ സീരിയലിനു വേണ്ടി ടൈറ്റിൽ ഗാനം മാഷ് ചെയ്തിരുന്നു. അദ്ദേഹത്തിനു വയ്യാത്തതു കൊണ്ടു തന്നെ സീരിയലിന്റെ പശ്ചാത്തല സംഗീതം എന്നോട് ചെയ്യാൻ ആവശ്യപ്പെട്ടു. ഞാൻ അതിനു മുൻപ് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടേയില്ല. എന്നിട്ടും മാഷ് ധൈര്യപൂർവം അത് എന്നെ ഏൽപ്പിച്ചത് എങ്ങനെയാണെന്ന് ഇപ്പോഴും എനിയ്ക്കറിയില്ല. എന്തായാലും ഞാൻ പശ്ചാത്തല സംഗീതമൊരുക്കി. സീരിയൽ സംവിധായകനും മറ്റും അത് ഇഷ്ടപ്പെടുകയും അവർ അത് ദേവരാജൻ മാഷിനോട് പറയുകയും ചെയ്തു.

കുറച്ചു നാളുകൾക്കു ശേഷം ഏറ്റവും മികച്ച സംഗീതസംവിധാനത്തിനുള്ള കേരള സർക്കാരിന്റെ പുരസ്കാരം എന്റെയും മാഷിന്റെയും പേരിൽ വന്നു. അതായത് ജി.ദേവരാജൻ–എം.ജയചന്ദ്രൻ എന്നിങ്ങനെയാണ് പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടത്. ആ സീരിയലിലെ സംഗീതത്തിനായിരുന്നു അത്. പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷം തോന്നിയെങ്കിലും മാഷിന്റെ പേരിന്റെ കൂടെ എന്റെ പേര് ചേർത്തു വായിക്കപ്പെടാൻ എനിക്ക് അർഹതയില്ലാത്തതു കൊണ്ടും മാഷിന് ഇക്കാര്യം കേട്ടാൽ ദേഷ്യം വന്നാലോ എന്നോർത്തും എനിക്ക് സങ്കടം തോന്നി. അടുത്ത ദിവസം ഞാൻ ഇക്കാര്യം മാഷിനെ അറിയിച്ചപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു, എനിക്ക് ജീവിതത്തിൽ ഒരുപാട് പുരസ്കാരങ്ങളും ജനങ്ങളുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്, ഇനി അതൊക്കെ കിട്ടേണ്ടത് നിനക്കാണ്. നീ പോയി ആ പുരസ്കാരം ഏറ്റു വാങ്ങു എന്ന്. ആ അവസരത്തിൽ ഞാൻ വളരെ വികാരഭരിതനായാണ് പ്രതികരിച്ചത്. അങ്ങനെ ഗുരുനാഥന്റെ പേരിലുള്ള പുരസ്കാരം വാങ്ങാനുള്ള മഹാഭാഗ്യവും എനിക്കു കിട്ടി.

എന്റെ പേരു മാറ്റിയ മാഷ്

ജയേട്ടനെ (പി.ജയചന്ദ്രൻ) നെക്കുറിച്ചു പറഞ്ഞ് നിനക്കെന്തിനാ അവന്റെ പേരിട്ടത് എന്ന് മാഷ് പല തവണ എന്നോടു ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ പറയും അച്ഛനും അമ്മയും ഇട്ട പേരല്ലേ മാഷേ അത് എന്ന്. ഒരേ പേരിലുള്ള രണ്ടു പേരുണ്ടെങ്കിൽ ശ്രദ്ധിക്കപ്പെടില്ല എന്നു പറഞ്ഞ മാഷ്, എന്റെ മുത്തച്ഛന്റെ പേര് ആരാഞ്ഞു. ഗോപാല പിള്ള എന്നാണെന്നു ഞാൻ പറ‍ഞ്ഞു. അതു കേട്ട് അന്ന് മാഷ് ഒന്നും മിണ്ടിയില്ല. പക്ഷേ, ആ വർഷം തിരുവനന്തപുരത്ത് ഓണം ഗാനമേള സംഘടിപ്പിക്കപ്പെട്ടു. അതിൽ പാടുന്നത് ഞാനും മാധുരിയമ്മയും പന്തളം ബാലനുമാണ്. പാട്ടു പാടാനായി പേരു വിളിക്കുന്നതിനിടയിൽ മാഷ് പറഞ്ഞു, അടുത്തതായി പാടുന്നത് തിരുവനന്തപുരം ഗോപാല പിള്ള എന്ന്. അപ്പോൾ എനിക്കു മനസ്സിലായില്ല. മറ്റേതെങ്കിലും ഗായകനാണെന്നു കരുതി ഞാൻ അവിടെ നിന്നു. അപ്പോൾ മാഷ് പറഞ്ഞു നിന്നെ തന്നെയാണ് പറഞ്ഞത് പോയി പാടൂ എന്ന്. അങ്ങനെ ഒരു വേദിയിൽ ഞാൻ തിരുവനന്തപുരം ഗോപാല പിള്ള എന്ന പേരിൽ പാട്ട് പാടി.

തലയിൽ കെട്ടുമായി നിന്ന മാഷ്

ഒരിക്കൽ കരമനയിൽ എന്റെ ഒരു കച്ചേരി ഉണ്ടായിരുന്നു. അതൊരു ചെറിയ മുറിയിലായിരുന്നു. വളരെ കുറച്ച് കാണികൾ മാത്രമേയുണ്ടാകൂ. പക്ഷേ അവരെല്ലാം ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് ഗഹനമായി ചിന്തിക്കുന്നവരാണ്. കച്ചേരി തുടങ്ങി പകുതിയായപ്പോഴേക്കും ആ മുറിയുടെ അറ്റത്ത് തലയിൽ കെട്ടു കെട്ടി ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. ആളെ കണ്ടപ്പോൾ ഞാൻ അമ്പരന്നു. അത് ദേവരാജൻ മാഷ് ആയിരുന്നു. വരാൻ പ്രയാസുമുണ്ടായിരുന്നെങ്കിലും എന്റെ കച്ചേരി എങ്ങനെയുണ്ടെന്നറിയാൻ മാഷ് അവിടെ വന്നതായിരുന്നത്രേ. അക്കാര്യം മാഷ് എന്നോടു നേരിട്ടു പറയുകയും ചെയ്തു. അങ്ങനെ മാഷിനൊപ്പം മറക്കാൻ സാധിക്കാത്ത അമൂല്യങ്ങളായ ഒരുപാട് നല്ല നിമിഷങ്ങളുണ്ട്.

നിദ്രയിലും സംഗീതസ്പർശം

മാഷ് ചില പാട്ടുകൾക്ക് ഈണം പകരുന്നത് കണ്ടിരിക്കാനും കേട്ടിരിക്കാനുമുള്ള ഭാഗ്യമുണ്ടായിട്ടുണ്ട് എനിക്ക്. ചില ദിവസങ്ങളിലൊക്കെ മാഷിന്റെ വീട്ടിൽ കിടന്നുറങ്ങാനും അവസരം ലഭിച്ചു. മാഷ് കട്ടിലിലും ഞാൻ അപ്പുറത്ത് പായയിലുമാണ് കിടന്നിരുന്നത്. അപ്പോഴൊക്കെ മാഷിന് ഉറക്കം കുറവാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ രാത്രികളിലൊക്കെ സംഗീതത്തിന്റെ ചില സ്പർശങ്ങളും ശബ്ദങ്ങളുമൊക്കെ മാഷിൽ നിന്നും ഞാൻ കേട്ടു. ചിലപ്പോൾ രാത്രിയുടെ ഏകാന്തതകളിൽ മാഷ് ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുമായിരുന്നു. അപ്പോഴൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട് അതുപോലുള്ള രാത്രികളിൽ ആയിരിക്കുമല്ലോ ആയിരം പദസരങ്ങളും കായാമ്പൂ കണ്ണിൽ വിടരും തുടങ്ങിയ മധുരഗീതങ്ങളൊക്കെ പിറന്നു വീണത്.

മാഞ്ഞു പോയ സ്വപ്നം

ഒരു ദിവസം ഞാൻ പാട്ടിന്റെ വർക്ക്‌ ഒക്കെ കഴിഞ്ഞ് മുറിയിലെത്തി വെറുതെ അൽപനേരം കിടന്നു. ആ സമയത്ത് ഞാൻ ചെറുതായൊന്നു മയങ്ങി. അപ്പോൾ എന്റെ മനസ്സിൽ ഉണർന്ന ഒരു കാഴ്ച്ച എനിക്കൊരിക്കലും മറക്കാനാകില്ല. വയലാർ സാറും ദേവരാജൻ മാഷും യേശുദാസ് സാറും ഒരുമിച്ചിരുന്നു ഒരു പാട്ടൊരുക്കുകയാണ്. അത് കണ്ടും കേട്ടും ഞാൻ അവിടെ നിൽപ്പുണ്ട്. അതിനിടയിൽ അപ്പോൾ എന്റെ മൊബൈൽ ഫോൺ ബെല്ലടിച്ചു. അത് മാഷുൾപ്പെടെ അവിടെയുള്ള എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തു. ഏറെ നേരം തിരഞ്ഞതിനു ശേഷം ഞാൻ ഫോൺ കയ്യിലെടുത്തു. അപ്പോഴാണ് അത് മാഞ്ഞു പോകുന്ന ഒരു സ്വപ്നമായിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞത്. യഥാർഥത്തിൽ എന്റെ ഫോൺ ബെൽ അടിക്കുന്നുണ്ടായിരുന്നു. ആ നാദമാണ് എന്നെ ഉണർത്തിയത്. ഫോണിന്റെ മറുതലയ്ക്കൽ ഗായകൻ സന്തോഷ് കേശവ് ആയിരുന്നു. അദ്ദേഹം എന്നോടു പറഞ്ഞു, ദേവരാജൻ മാഷ് പോയി എന്ന്. ആ നിമിഷം എനിക്കു മറക്കാനാകില്ല.