മനുഷ്യരും പ്രകൃതിയുമായുള്ള സഹവർത്തിത്വത്തിന്റെ കഥ പറഞ്ഞ ‘എൻജോയ് എൻജാമി’ എന്ന മ്യൂസിക് വിഡിയോ സകല റെക്കോർഡും തകർത്ത് യൂട്യൂബിൽ തരംഗമാവുകയാണ്. സംഗീതസംവിധായകൻ സന്തോഷ് നാരായണൻ നിർമ്മിച്ച ഈ ആൽബത്തിൽ അറിവും ധീയും ആണ് പാടി അഭിനയിച്ചിരിക്കുന്നത്. എ.ആർ റഹ്മാന്റെ നേതൃത്വത്തിലുള്ള മാജാ യുട്യൂബ് ചാനലിലൂടെയാണ് പാട്ട് പുറത്തിറക്കിയത്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളിയായ അമിത് കൃഷ്ണൻ ആണ് ‘എൻജോയ് എൻജാമി’യുടെ സംവിധാനം നിർവഹിച്ചത്. ഗാനരംഗങ്ങളുടെ സംവിധാനത്തിനായി അണിയറപ്രവർത്തകർ തന്നെ സമീപിച്ചപ്പോൾ പാട്ട് ഹിറ്റാകുമെന്ന് കരുതിയിരുന്നെന്നും എന്നാൽ ഇത്രത്തോളം ജനഹൃദയങ്ങൾ കയ്യടക്കുമെന്ന് വിചാരിച്ചില്ലെന്നും അമിത് പറയുന്നു. പാട്ടു വിശേഷങ്ങളുമായി അമിത് കൃഷ്ണൻ മനോരമ ഓൺലൈനിനൊപ്പം. 

വേർതിരിവുകൾ ഇല്ലാത്ത ആശയം

പാടിയ ഭാഷ തമിഴ് ആണെങ്കിലും ആശയം യൂണിവേഴ്സൽ ആണ്. കോ എക്സിസ്‌സ്റ്റൻസ് അല്ലെങ്കിൽ സഹവർത്തിത്വം പുലർത്തുക എന്നുള്ളത് ലോകമെമ്പാടുമുള്ള ജനങ്ങൾ അനുവർത്തിക്കേണ്ട കാര്യമാണല്ലോ. അതിൽ ഭാഷ, അതിർത്തി, രാജ്യം എന്നിങ്ങനെ വേർതിരിവുകളൊന്നുമില്ല. ഒരു പോസിറ്റീവ് പാട്ടാണിത്. ഒരാളെ മാത്രം കുറ്റപ്പെടുത്തുകയോ വിരൽ ചൂണ്ടുകയോ ചെയ്യുന്നില്ല. സ്നേഹവും സമാധനവും പുലരട്ടെ എന്നാണു ആ പാട്ടുകൊണ്ട് ഉദ്ദേശിച്ചത്.  മനുഷ്യനും പ്രകൃതിയും ഒത്തിണങ്ങി ജീവിക്കണം, പ്രകൃതിയെ സംരക്ഷിക്കണം എന്നുള്ളതാണ് മൊത്തത്തിലുള്ള ആശയം.

പാട്ടിലെത്തിയ കഥ

സ്വതന്ത്ര ഗായകരെ ഉയര്‍ത്തിക്കൊണ്ടു വരാൻ വേണ്ടി ആരംഭിച്ച മ്യൂസിക് കമ്പനിയാണ് മാജ. അവർ ആണ് ഇത്തരത്തിലൊരു ആശയം മുന്നോട്ടു വച്ചത്. ഇത് ഒരു പരീക്ഷണമാണെന്നും പാട്ട് കേട്ടതിനു ശേഷം വിഡിയോ ചെയ്യാൻ ശ്രമിക്കൂ എന്നും പിന്നണിക്കാർ എന്നോടു പറഞ്ഞു. അവർ ഒരുപാട് കലാകാരന്മാരുടെ ലിസ്റ്റ് കാണിച്ചു തന്നു. അതിൽ ധീ, സന്തോഷ് നാരായണൻ എന്നിവർ ഉണ്ടായിരുന്നു. ധീ ഉണ്ടെന്നറിഞ്ഞപ്പോഴേ എനിക്ക് ആകാംക്ഷയായി. അത്രമാത്രം പ്രശസ്തയായ, മികവുറ്റ, എനിക്ക് ഏറെ ഇഷ്ടമുള്ള ഗായികയാണ് ധീ. സന്തോഷ് നാരായൺ സർ എന്നെ സ്റ്റുഡിയോയിൽ വിളിച്ച് പാട്ടു കേൾപ്പിച്ചു.  പാട്ടിന്റെ അർത്ഥവും ആശയവും പറഞ്ഞു തന്നു. പാട്ട് കേട്ടപ്പോൾ തന്നെ ഇത് ചരിത്രമാകാൻ പോകുന്ന പാട്ടാണെന്നു എനിക്കു തോന്നി.  ഒരു ആഫ്രിക്കൻ ബീറ്റ് ഉണ്ടെന്നു തോന്നുമെങ്കിലും നാടൻ വാദ്യോപകരണങ്ങൾ ആണ് പാട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള മ്യൂസിക് ആണ് ആദിവാസികളുടേത്.  അതിൽ ഉപയോഗിച്ചിരിക്കുന്നത് മുഴുവൻ ഇന്ത്യൻ സംസ്കാരമാണ്. ഇത്രത്തോളം ഈ പാട്ട്  വിജയിക്കുമെന്നു കരുതിയില്ല. പാട്ടിനു വലിയ പ്രമോഷൻ ഒന്നും നടത്തിയില്ല. പാട്ടു കേട്ട ധനുഷ് സർ അത് റിലീസ് ചെയ്യാം എന്നു പറയുകയായിരുന്നു. അതുപോലെ തന്നെ റഹ്മാൻ സാറും സ്വന്തം പേജിൽ ഷെയർ ചെയ്തു. റഹ്മാൻ സാറിന്റെ വലിയ പിന്തുണ പാട്ടിനു കിട്ടിയിട്ടുണ്ട്. യഥാർഥത്തിൽ‌ അദ്ദേഹമാണ് ഞങ്ങളുടെ മാർഗദർശി. 

ചരിത്രം പറയുന്ന പാട്ട്

ശ്രീലങ്കൻ തമിഴരുടെ കഥ കലർത്തിയാണ് അറിവ് ഈ പാട്ട് എഴുതിയിരിക്കുന്നത്. അറിവിന്റെ മുത്തശ്ശിയുമായി ബന്ധപ്പെട്ട ചരിത്രമാണത്. അറിവ്‌ ആ കഥകളൊക്കെ കേട്ടിട്ട് മനുഷ്യരുടെയെല്ലാം സഹവർത്തിത്വത്തിനുവേണ്ടി നിലകൊള്ളൂന്നുണ്ട്. പക്ഷേ ഞങ്ങൾ ഈ പാട്ട് ചെയ്തത് അത്തരത്തിൽ ഒരു വിഭാഗത്തെ മാത്രം ഉദ്ദേശിച്ചല്ല. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചു പറഞ്ഞു നടന്നിട്ടു കാര്യമില്ല, മറിച്ച് കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക, തമ്മിൽ സ്നേഹം പുലർത്തുക, ലോകമാകെ സ്നേഹവും സഹവർത്തിത്വവും പുലരട്ടെ, പ്രകൃതിയോട് ഇണങ്ങി ജീവിക്കട്ടെ എന്നാണ് ഈ പാട്ടിന്റെ സന്ദേശം. 

 

പിന്നണിക്കഥ

സംവിധായകന്‍ മണികണ്ഠൻ, അറിവ്, സന്തോഷ് നാരായൺ എന്നിവർ ചേർന്നാണ് ഈ പാട്ടിലേക്ക് എത്തുന്നതും ഇതേക്കുറിച്ച് എന്നോടു പറയുന്നതും. ‘കാക്കമുട്ട’യുടെ സംവിധായകനാണ് മണികണ്ഠന്‍. അദ്ദേഹവും സന്തോഷ് സാറും‌ം ചേർന്ന് ‘കടശ്ശി വ്യവസായി’ എന്ന ഒരു ചിത്രം ചെയ്തിരുന്നു. അന്ന് അദ്ദേഹം ഇപ്പോൾ പാട്ടിൽ കാണിച്ചിരിക്കുന്നതു പോലെയുള്ള ഒരു സ്ഥലത്തു പോയി കുറച്ചുനാൾ താമസിച്ചു. അവിടെ അദ്ദേഹം കണ്ട ചില കാഴ്ചകളിൽ നിന്ന് നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചില ചിന്തകൾ വന്നു. അദ്ദേഹം ഷൂട്ട് ചെയ്യാൻ പോകുമ്പോൾ അവിടെ ഒരു തടാകം ഉണ്ടായിരുന്നു. എന്നാൽ ആ തടാകം പിന്നെ ഇല്ലാതായി. അങ്ങനെ അദ്ദേഹത്തിന്റെ മനസ്സിൽ കയറിക്കൂടിയ ആശയമാണ് പ്രകൃതിസംരക്ഷണം എന്നത്.  പാട്ടിൽ കാണിക്കുന്ന കാട് സെറ്റ് ഇട്ടതാണ്. ഞാൻ ചെയ്തുകാണിച്ചതൊക്കെ സന്തോഷ് സാറിന് ഇഷ്ടമായി അതുകൊണ്ടു എന്റെ വർക്കിൽ ആരും കൂടുതൽ കൈകടത്തിയില്ല. എന്റെ ഇഷ്ടത്തിനനുസരിച്ചു ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. 

 

വ്യത്യസ്തയായ ധീ

പാട്ടിൽ അറിവും ധീയും അഭിനയിച്ചത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. ധീയുടെ ആദ്യ മ്യൂസിക് വിഡിയോ ആണിത്. ഇതിനു മുൻപ് ക്യാമറയ്ക്കു മുൻപിൽ അധികമൊന്നും പ്രത്യക്ഷപ്പെട്ടിട്ടേയില്ല. വളരെ ബുദ്ധിമതിയാണ് ധീ. കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ അവൾക്കുണ്ട്. അവളുടെ ആദ്യ സിംഗിൾ ആണിത്. സ്ക്രീനിൽ കണ്ടുപരിചയം ഉള്ളവർ ഈ പാട്ടിൽ വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പാട്ട് ഒരു ദിവസം മുഴുവൻ ഷൂട്ട് ചെയ്തു. രാത്രി 11 വരെ ധീ ഇതിന്റെ പ്രവർത്തനവുമായി പൂർണമായും സഹകരിച്ചു. ധീ വളർന്നത് ഓസ്‌ട്രേലിയയിൽ ആണെങ്കിലും അവളുടെ വീട്ടുകാർ ജീവിക്കുന്നത് തമിഴ് സംസ്കാരത്തിൽ ആണ്. ധീ അമ്മാവനിൽ നിന്നും തിരുക്കുറൾ പഠിക്കുന്നുണ്ട്. ആദ്യമായി ഞാൻ അവളെ കണ്ടപ്പോൾ തന്നെ അവൾ എന്നെ വളരെ സന്തോഷത്തോടെ സ്വീകരിച്ച് അടുത്തിരുത്തി. ഒരു സെലിബ്രിറ്റി ആണെന്ന ഒരു ഭാവവും ഉണ്ടായിരുന്നില്ല. കോസ്റ്യൂം ഡിസൈൻ ചെയ്യുന്നതിൽ പോലും ധീക്ക് അഭിപ്രായം ഉണ്ട്. ആ ഓറഞ്ച് നിറമുള്ള വസ്ത്രത്തിലെ ഒർണമെന്റൽ ഡിസൈൻ ചെയ്തത് ധീ ആണ്.

വിജയത്തിനു പിന്നിൽ കഠിനാധ്വാനം

ആദ്യം പാട്ടു കേട്ടപ്പോൾ തന്നെ ഞാൻ ഞെട്ടിപ്പോയി. ഒരു ഉയർന്ന ലെവലിൽ ആണ് ഈ പാട്ടിന്റെ സ്റ്റാൻഡേർഡ് സെറ്റ് ചെയ്‌തിരുന്നത്‌. വിഡിയോയും ആ ലെവലിൽ കൊണ്ടുവരണമായിരുന്നു. മുൻപ് കണ്ടിട്ടുള്ള കാര്യങ്ങൾ വേണ്ട എല്ലാം പുതുമയുള്ളതാകണം എന്നായിരുന്നു റഹ്മാൻ സർ പറഞ്ഞിരുന്നത്.  വിഷ്വലൈസ് ചെയ്തു കഴിഞ്ഞപ്പോൾ എല്ലാവർക്കും ഇഷ്ടമായി. എല്ലാവരും ഈ വിഡിയോയെ ഇത്രത്തോളം സ്നേഹിക്കുന്നത് കാണുമ്പോൾ സന്തോഷം ഒരുപാട് സന്തോഷം തോന്നുന്നു. സുരൈൻ ആണ് നൃത്തസംവിധാനം നിർവഹിച്ചത്. വെറും രണ്ടു ദിവസങ്ങള്‍ മാത്രമാണ് അദ്ദേഹം നൃത്തസംവിധാനത്തിനായി എടുത്തത്. പല്ലവി സിങ്ങ് ആണ് സ്റ്റൈലിസ്റ്. എങ്കിലും ധീ ഈ പാട്ടു കേട്ടപ്പോൾ തന്നെ അവളുടെ സ്റ്റൈൽ സെറ്റ് ചെയ്തു വച്ചിരുന്നു. വസ്ത്രവും മുടിയും ഒക്കെ എങ്ങനെ സ്റ്റൈൽ ചെയ്യണം എന്ന് ധീയ്ക്കു നല്ല ധാരണ ഉണ്ടായിരുന്നു. ഇവരുടെയെല്ലാം അധ്വാനത്തിന്റെ ഫലമാണ് പാട്ടിനു കിട്ടുന്ന ഈ മികച്ച അംഗീകാരം. 

പുതിയ പ്രോജക്റ്റുകൾ

ഞാൻ റഹ്മാൻ സാറുമായി പത്തുവർഷക്കാലമായി വർക്ക് ചെയ്യുകയാണ്. അദ്ദേഹമാണ് എന്റെ മാർഗദർശി. അദ്ദേഹത്തിന്റെ ആഭിജാ എന്നൊരു മ്യൂസിക് വിഡിയോ ചെയ്തിരുന്നു. പിന്നെ കുറെ ഡോക്യൂമെന്ററികളും. ഐ ജെ എം എന്നൊരു നോൺ ഗവൺമെന്റൽ ഓർഗനൈസേഷനു വേണ്ടി മനുഷ്യക്കടത്തിനെയും ബാലവേലയെയും കുറിച്ച് ഞാൻ വിഡിയോകൾ ചെയ്തിരുന്നു. രക്ഷപെട്ട ആളുകളെക്കുറിച്ചുള്ള സ്റ്റോറികളായിരുന്നു അവ. അതിൽ ഒന്നിന് ദേശീയ പുരസ്കാരം കിട്ടിയിരുന്നു. ഡിസംബറിൽ ഒരു സ്റ്റുഡിയോ മോക്ക എന്ന പ്രൊഡക്ഷൻ കമ്പനി തുടങ്ങി. ലോക്ഡൗൺ ആയപ്പോൾ എല്ലാവരും ബുദ്ധിമുട്ടിലായി. എനിക്കൊപ്പമുള്ള കുട്ടികൾക്കു വേണ്ടിയാണു ഞാൻ ആ കമ്പനി തുടങ്ങിയത്. കമ്പനി രജിസ്റ്റർ ചെയ്ത ഞങ്ങൾ നല്ല കണ്ടന്റ്റ് ഉണ്ടാക്കി മാർക്കറ്റ് ചെയ്യുന്നുണ്ട്. ഒപ്പം പരസ്യ ചിത്രങ്ങളും ഒരുക്കുന്നു. പിന്നെ സിനിമകൾക്കു സ്ക്രിപ്റ്റ് ചെയ്യുന്നുണ്ട്. ഞാൻ മലയാളി ആയതുകൊണ്ടു തന്നെ മലയാള ചിത്രങ്ങൾ ചെയ്യണം എന്ന് ആഗ്രഹമുണ്ട്.  ഇപ്പോൾ റഹ്‌മാൻ സാറിന്റെ ഒരു മ്യൂസിക്  വിഡിയോ ചെയ്യുന്നു. മാജയുടെ കുറെ മ്യൂസിക് സീരീസ് ഞങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്. എൻജോയ് എൻജാമി റീലിസ് ചെയ്തതിനു ശേഷം ഒരുപാട് പേർ അന്വേഷിച്ചു വരുന്നുണ്ട്. അതിലൊക്കെ വളരെ സന്തോഷം.