മൂന്നാം വയസ്സില്‍ അമ്മയുടെ തോളില്‍ക്കിടന്ന് ഒരു സിനിമകൊട്ടകയില്‍ നിന്നും കേട്ട  'പൊന്നരിവാളമ്പിളി' യില്‍ തുടങ്ങിയ പാട്ടുപ്രേമമാണ്  എംഡിആര്‍ എന്നൊരു പാട്ടുകവിക്ക് ജന്മം നല്‍കിയത്. അതില്‍ പിന്നെ കുറെക്കാലം ആ പാട്ട്  മൂളി നടന്ന കുട്ടിയെക്കുറിച്ച് അമ്മ പറഞ്ഞാണ് എംഡിആര്‍ അറിയുന്നത്. മുതിര്‍ന്നപ്പോള്‍ ചങ്ങമ്പുഴയെയും വയലാറിനെയും പോലെ എഴുതാനായി മോഹം. കാളിദാസ കല്‍പനകള്‍ മനസ്സില്‍ നിറഞ്ഞാടിയ കാലത്തിന്റെ ഓര്‍മ്മയില്‍ നിന്നുമാണ് എന്നെന്നും മലയാളിക്ക് ഓര്‍ത്തു മധുരിക്കാനൊരു 'പ്രഥമോദബിന്ദുവിനെ എംഡിആര്‍ സമ്മാനിക്കുന്നത്. പാട്ടില്‍ കവിത തിരയുന്നവര്‍ക്കെല്ലാം ഏറെയിഷ്ടമായ ഹിമശൈലസൈകത ഭൂമി എന്ന ഗാനത്തില്‍.

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളിലൊന്നാണ് 'ശാലിനി എന്റെ കൂട്ടുകാരി' യില്‍ എം.ഡി രാജേന്ദ്രനെഴുതിയ ഈ ഗാനം. താന്‍ ഈണം നല്‍കിയ ചലച്ചിത്ര കവിതകളില്‍ ഏറ്റവും  പ്രിയപ്പെട്ടതെന്ന് മാസ്റ്റര്‍ തന്നെ  സാക്ഷ്യപ്പെടുത്തിയ ഗാനം. ഒരു സിനിമാഗാനത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറത്തെ വികാരലോകങ്ങള്‍ അനുഭവിപ്പിച്ച ഈ ഗാനം മൂലം എംഡിആറിന് ഏറെ ആരാധകരുമുണ്ടായി.  

ഇങ്ങനെ  ഗഹനമായ ഒരു കവിത ഒരു സിനിമാപ്പാട്ടിലെങ്ങനെ വന്നു എന്നു ചോദിച്ചാല്‍ ''അത് ദേവരാജന്‍ മാസ്റ്ററുടെ ശസ്ത്രക്രിയ'' ആണ് എന്നു പറയും എംഡിആര്‍. കൂട്ടത്തില്‍ പണ്ടേയുളള ഒരു മോഹവും, വയലാറിന്റെ 'സ്വര്‍ണച്ചാമരം വീശിയെത്തുന്ന സ്വപ്‌നം പോലെ' യും ചങ്ങമ്പുഴയുടെ 'മഞ്ഞത്തെച്ചി പൂങ്കുലപോലെ' ഒരു സൃഷ്ടി നടത്താനുള്ള മോഹം.

ഒരു കവിത വായിച്ച് ഒരു പെണ്‍കുട്ടിക്ക് അതെഴുതിയ ആളോടു പ്രണയം തോന്നണം. അങ്ങനെ ഒരു കവിത വേണം എന്നാണ് ശാലിനി എന്റെ കൂട്ടുകാരിയിലെ ഒരു പാട്ടുസന്ദര്‍ഭമായി പറഞ്ഞത്. കേള്‍ക്കേണ്ട താമസം മനസ്സില്‍ ആദ്യമേ എഴുതിയിട്ട ആ കവിത എംഡിആര്‍ പകര്‍ത്തിക്കൊടുത്തു മാസ്റ്റര്‍ക്ക്.

‘കുളിരുള്ളോരോമല്‍ പ്രഭാതത്തില്‍ 

ഇന്നലെ കനകലതേ നിന്നെ കണ്ടു

അതിഗൂഢ സുസ്മിതം  ഉള്ളിലൊതുക്കുന്ന  

ഋതുകന്യപോലെ നീ നീന്നു...’

കവിത വായിച്ച് ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു, ''നന്നായിട്ടുണ്ട്, പൈങ്കിളിപ്പാട്ടിന് പറ്റും. കുളിരൊക്കെ വെട്ടിക്കളയണം, കനകലതയും അമ്മിണിയുമൊന്നും വേണ്ട ഗഹനമായ കവിത വരട്ടെ''  അങ്ങനെ ചെന്നൈ കാംദാര്‍ നഗറിലെ ദേവരാജന്‍ മാസ്റ്ററുടെ വീട്ടിലെ ആ കറുത്ത സോഫയിലിരുന്ന് കവിതയെ കാളിദാസബിംബം കൊണ്ട് അലങ്കരിച്ചു . ''വയലാറിന്റെ സ്വര്‍ണചാമരം പോലെയോ ചങ്ങമ്പുഴയുടെ മഞ്ഞത്തെച്ചി പൂങ്കുല പോലെയോ ഒരു കവിത എഴുതണമെന്നും ഒരു പ്രയോഗമെങ്കിലും ഇതിനേക്കാള്‍ മികച്ചതായിരിക്കണമെന്നും ഉണ്ടായിരുന്നു. കാളിദാസനോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം ആ പ്രയോഗം കടമെടുത്തു.'' എംഡിആര്‍ പറയുന്നു..

കനകലത പാട്ടില്‍ പെട്ടന്ന് കയറി വന്നതല്ല എന്നു പറയും എംഡിആര്‍. 24 കാരനായ എംഡിആര്‍ അന്ന് ആകാശവാണിയില്‍ അനൗണ്‍സറാണ്. നിങ്ങളാവശ്യപ്പെട്ട പാട്ടുകളിലൂടെയും മറ്റും ശബ്ദം കേട്ട് ആരാധനയോടെ ഒരു പെണ്‍കുട്ടി സ്ഥിരമായി വിളിക്കാന്‍ തുടങ്ങി. വിളിച്ചും സംസാരിച്ചും അങ്ങോട്ടുമിങ്ങോട്ടും പ്രണയമായി. ഒരിക്കല്‍ നേരില്‍ കാണുകയും ചെയ്തു. ഒരു ആശുപത്രി പരിസരത്ത് മോര്‍ച്ചറിക്കു മുന്നില്‍ വച്ചായിരുന്നു കണ്ടുമുട്ടല്‍ എങ്കിലും പ്രേമം മൂലം കുളിരുള്ളൊരോമല്‍ പ്രഭാതമായാണ് കവിക്കു തോന്നിയത്. .

എന്തായാലും കനകലത പോയി പ്രഥമോദ ബിന്ദു പിറന്നപ്പോള്‍ ആ ആദ്യ മഴത്തുള്ളിയുടെ ഹര്‍ഷോന്മാദം കേള്‍വിക്കാരുടെ സ്വന്തമായി. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വന്ന സ്ഥാനാര്‍ത്ഥിയെ മഹാത്മാഗാന്ധിയാക്കും പോലെ എന്നാണ് കവിതയുടെ മാറ്റത്തിന് കവി നല്‍കുന്ന വിശദീകരണം. നിമിഷങ്ങളുടെ കൈക്കുടന്നയില്‍ വീണ നീലാഞ്ജന തീര്‍ത്ഥവും പുരുഷാന്തരങ്ങളെ കോള്‍മയിര്‍ക്കൊള്ളിക്കുന്ന പീയൂഷവാഹിനിയുമൊക്കെ കാലമെത്ര കഴിഞ്ഞിട്ടും ഒളിമങ്ങാത്ത സൗന്ദര്യബിംബങ്ങളാവുന്നത് മലയാളം പാട്ടുകളില്‍ അവയൊക്കെ അത്യപൂര്‍വ്വങ്ങളായത് കൊണ്ട് തന്നെയാണ്.

പത്മരാജന്റെ തിരക്കഥയില്‍ മോഹനാണ് സിനിമ സംവിധാനം ചെയ്തത്. വാക്കിലൊളിഞ്ഞ ദീപ്തഭാവങ്ങള്‍ കൊണ്ട് കേള്‍വിക്കാരെ മയക്കിയ ഗാനത്തിലെ നൊമ്പരത്തിപ്പൂവിനെയും പ്രേക്ഷകര്‍ മറക്കില്ല. അസാധ്യമായ അഭിനയം കാഴ്ച വച്ച ശേഷം പാട്ടിലെ വരികള്‍ പോലെ ഘനീഭൂതമായ കാലത്തിന്റെ കാണാക്കയങ്ങളിലേക്ക് പോയ്മറഞ്ഞ ശോഭ എന്ന നടി. കൂട്ടുകാരി (ജലജ) വീട്ടിലെത്തുമ്പോള്‍ ഏട്ടന്റെ കവിതയെടുത്ത് പാടാന്‍  ശാലിനി (ശോഭ) നല്‍കുകയാണ്. കവിതയെഴുതുന്ന അന്തര്‍മുഖനും വിഷാദവാനുമായ കഥാപാത്രമായി എത്തിയത് വേണു നാഗവള്ളി. സുകുമാരന്‍, കെ.പി. ഉമ്മര്‍, സുകുമാരി, രവിമേനോന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തത്.

ചിത്രത്തിലെ മറ്റു പാട്ടുകളും ഹിറ്റായിരുന്നെങ്കിലും എംഡിആര്‍ എന്ന പേരിനോടൊപ്പം എന്നും സംഗീതപ്രേമികള്‍ ഓര്‍ക്കുന്നത് ഹിമശൈലസൈകതമെന്ന പാട്ടാണ്. പാട്ടിന്റെ ചിത്രീകരണം പോലും വളരെ സ്വാഭാവികമാക്കി ജീവിതഗന്ധിയായ കഥാപരിസരം അനുഭവിപ്പിച്ചു സംവിധായകന്‍. മേശപ്പുറത്തിരുന്ന കവിതയെടുത്ത് ഒരു മുറിക്കുള്ളില്‍ നിന്നും കൂട്ടുകാരി ആലപിക്കുമ്പോള്‍ അതാസ്വദിക്കുന്ന ശാലിനിയും പാട്ട് കേട്ടു വരുന്ന ഏട്ടനും മാത്രമേ രംഗത്ത് വരുന്നുള്ളൂവെങ്കിലും സ്‌നേഹത്തിന്റെ അതിരുകള്‍ ഭേദിച്ച് ആ പാട്ടൊഴുകുന്നതിന് കാണികളും സാക്ഷിയാവും.