‘കഥ കേട്ട അന്നുരാത്രി തന്നെ ആ നാലു വരികൾ കുറിച്ചു’; ആകാശമായവളെ പിറന്നതിങ്ങനെ
വടക്കന്‍ വീരഗാഥ സിനിമ മുഴുവന്‍ കണ്ടിരിക്കാനാവാതെ കരഞ്ഞിറങ്ങിപ്പോന്ന ആ രണ്ടാംക്ലാസുകരന് സങ്കടവും സംഘട്ടനവുമൊന്നും സഹിക്കാനാവുമായിരുന്നില്ല. തിയറ്ററിലെ ഇരുട്ടും വൈകാരിക രംഗങ്ങളും പേടിച്ച് സിനിമതന്നെ ഒഴിവാക്കി നടന്ന ബാല്യം. കുറെക്കൂടി മുതിര്‍ന്നപ്പോള്‍ സിനിമയും പാട്ടുമൊക്കെ ജീവനായി മാറിയ നിധീഷ് നടേരി എന്ന യുവാവിനെ ഇന്ന് മലയാളി അറിയും. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെ മലയാളിയറിയുന്ന പാട്ടെഴുത്തുകാരനായി നിധീഷ്. കോവിഡ് പ്രതിസന്ധിക്കു ശേഷമുളള ആദ്യ തിയറ്റര്‍ റിലീസായ 'വെള്ളം' സിനിമയിലെ ‘ആകാശമായവളേ...’ എന്ന ഗാനം ഏറെ ആരാധകരെയും സമ്മാനിച്ചു നിധീഷിന്. സിനിമയും തിരക്കഥ രചനയുമായി സ്വപനതുല്യമായ വഴികളിലേക്കു മാറിപ്പോയ ജീവിതത്തിന്റെ കഥ പറയുകയാണ് അധ്യാപകന്‍ കൂടിയായ ഈ കോഴിക്കോട്ടുകാരന്‍.
ഹൃദയം തൊട്ട 'ആകാശമായവളേ'
പാട്ട് വ്യത്യസ്തമായ ഒരു വാക്കില്‍ നിന്നു തുടങ്ങണം എന്നാഗ്രഹിക്കാറുണ്ട്. ആ സന്ദര്‍ഭം വല്ലാതെ വൈകാരികമായിരുന്നു. മുരളി എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ നിന്നും അയാളെ അത്രമേല്‍ സ്‌നേഹിച്ചിരുന്ന ഭാര്യ അകന്ന് പോവുന്നു. അവരെ അത്രകാലം വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല എന്ന് അയാള്‍ തിരിച്ചറിയുന്നു. കോഴിക്കോട് ബീച്ചിലെ ഒരു തട്ടുകടയിലിരുന്നാണ് സംവിധായകന്‍ പ്രജേഷ് സെന്‍ തിരക്കഥ ഹൃദയസ്പര്‍ശിയായി വിവരിച്ചു തരുന്നത്. അന്നുരാത്രി തന്നെ ആകാശമായവളേ എന്ന നാലുവരി എഴുതിവച്ചു. ആളുകളെ പാട്ടിലേക്കു വിളിക്കുന്ന ഒരു വാക്ക് വേണമെന്നുണ്ടായിരുന്നു. എല്ലാമായിരുന്നവള്‍ എന്ന അര്‍ത്ഥത്തില്‍ ഒരു വാക്ക് . 'ആകാശമായവളേ' എന്ന പ്രയോഗത്തില്‍ തന്നെ എല്ലാമുണ്ട് എന്നൊക്കെ ആളുകള്‍ പറയുമ്പോള്‍ വലിയ സന്തോഷമുണ്ട്.
കുറെ നാൾ കാത്തിരുന്നെത്തിയ പാട്ടാണത്. ഷഹബാസ് അമനും ബിജിയേട്ടനും തമ്മിലുള്ള കൂട്ടുകെട്ടിന്റെ മാജിക്ക് ആ പാട്ടിലുണ്ട്. പദങ്ങളെ അതിമനോഹരമായി പരിചരിക്കുന്ന പാട്ടുകാരനും ഹൃദയം കൊണ്ട് സംഗീതം ചെയ്യുന്ന സംഗീതകാരനും ചേരുമ്പോള്‍ എഴുതിവച്ചതിനുമപ്പുറത്തേക്ക് പാട്ടെത്തി. ഒരുപാട് പേർ വിളിച്ച് ഇഷ്ടം പറയുന്നു. വെള്ളത്തിലെ മുരളിയുടെ അവസ്ഥയിലൂടെ കടന്നു പോയ ഒരാള്‍ വിളിച്ചു കരയുകയുണ്ടായി. പലരും അവരുടെ ജീവിതത്തിലെ പ്രിയപ്പെട്ടവരെ ബന്ധപ്പെടുത്തി പറയുമ്പോള്‍ അദ്ഭുതം തോന്നും. മരിച്ചു പോയ അമ്മയെ ഓര്‍മ്മിക്കുന്നു എന്നൊക്കെ പറഞ്ഞ് കേള്‍ക്കുമ്പോള്‍ വല്ലാത്ത അനുഭവമാണ്. ഒരുപാട് കവര്‍ പതിപ്പുകളും ഉണ്ടായി. രാജേഷ് ചേര്‍ത്തലയും ടീമും പാട്ടിനെ ഉപകരണ സംഗീതം കൊണ്ട് വായിച്ചത് മികച്ച അനുഭവമായിരുന്നു.
ആദ്യ വാക്കിനായൊരു കാത്തിരിപ്പ്
പ്രീഡിഗ്രികാലം തൊട്ട് പാട്ടെഴുത്തിലേക്കു വന്നിട്ടുണ്ട്. ഡിഗ്രി കാലത്ത് ആകാശവാണിക്കു വേണ്ടി ലളിതഗാനങ്ങള്‍ എഴുതുമായിരുന്നു. ആദ്യത്തെ പാട്ട് സംഭവിക്കുന്നത് യാദൃശ്ചികമായാണ്. ക്യാപ്റ്റന്‍ സിനിമയുടെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വിശ്വജിത്ത് എന്ന സംഗീത സംവിധായകന്‍ ചെയ്ത ഈണം പ്രജേഷ് സെൻ കേള്‍പ്പിച്ചു തന്നു. വി.പി.സത്യന്റെ ജീവിതത്തിലെ വിരഹവും വിഷാദവും പരുക്കുമൊക്കെയായി വല്ലാത്ത ഒരു കാലഘട്ടത്തെക്കുറിക്കുന്ന പാട്ടെഴുതാന്‍ ആവശ്യപ്പെട്ടു. ആ ഗാനം അത്രയും ആരാധിക്കുന്ന പി. ജയചന്ദ്രന്‍ സര്‍ പാടിയതും പാട്ടിനെക്കുറിച്ചു നല്ല അഭിപ്രായം പറഞ്ഞതും മറക്കാനാകാത്ത അനുഭവങ്ങളായി. പാട്ട് തുടങ്ങുക എന്നതാണ് എന്നെ സംബന്ധിച്ച് കുറച്ചു പ്രയാസമുള്ള കാര്യം. സംവിധായകന്‍ പറഞ്ഞു തന്ന സന്ദര്‍ഭം, ഈണം ഉണ്ടെങ്കില്‍ അതുമായി ഒത്തുപോകുന്ന വാക്ക്, ആസ്വാദകനെ പാട്ടിലേക്കു വിളിച്ചു ചേര്‍ക്കുന്ന ആദ്യ വാക്കിനായുള്ള അന്വേഷണം കുറച്ച് പ്രയാസമായി തോന്നിയിട്ടുണ്ട്. ആദ്യത്തെ വാക്കും പല്ലവിയും എഴുതിക്കഴിഞ്ഞാല്‍ പിന്നെ എളുപ്പമായി .
മുന്‍തലമുറയോട് ആരാധന
ആകാശവാണിയിലൂടെയാണ് പാട്ടെഴുത്തുകാർ സുപരിചിതരായത്. അങ്ങനെ കേട്ട് കേട്ടാണ് കൈതപ്രം, ബിച്ചു തിരുമല, ഗിരീഷ് പുത്തഞ്ചേരി, ഷിബു ചക്രവര്‍ത്തി പി.കെഗോപി എന്നിവരെയൊക്കെയറിയുന്നത്. അതിന് ശേഷം ഇവരുടെ ശൈലികളും പദ പ്രയോഗങ്ങളുമൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഗിരിഷ് പുത്തഞ്ചേരി തൊട്ടടുത്ത നാട്ടുകാരനാണ്. ഏതു തരം പാട്ടിലും അദ്ദേഹം കാണിക്കുന്ന പദക്കൂട്ടുകളുടെ മായാജാലത്തില്‍ അടുത്ത നാട്ടുകാരനെന്ന നിലയില്‍ അഭിമാനം തോന്നിയിട്ടുണ്ട്. പിന്നീടാണ് മുന്നില്‍ നടന്ന മഹാരാഥന്‍മാരായ പി.ഭാസ്‌ക്കരന്‍, വയലാര്‍, ശ്രീകുമാരന്‍ തമ്പി എന്നിവരെ കേട്ടു തുടങ്ങുന്നത്. ഇങ്ങേതലയിലുള്ള ബിആര്‍ പ്രസാദ്, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, മനു മഞ്ജിത്, വിനായക്, സുജേഷ് ഹരി, എന്നിവരുടെയെല്ലാം ശൈലികള്‍ ശ്രദ്ധിക്കാറുണ്ട്.
പാട്ടും കഥയും നിറഞ്ഞ വഴി
ക്യാപ്റ്റന്റെയും വെള്ളത്തിന്റെയും അസോസിയേറ്റ് ഡയറക്ടറായിരുന്ന ജിബിൻ ജോണിന്റെ സിനിമയുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പാട്ടു പോലെ ആകർഷിച്ചിട്ടുണ്ട് തിരക്കഥ രചനയും. സിനിമയോടുള്ള ആവേശം മൂത്ത് സ്‌കൂള്‍ കാലത്തു തന്നെ തിരക്കഥ എഴുതി നോക്കാന്‍ ശ്രമം നടത്തി. അതാരെയും കാണിക്കാന്‍ പറ്റിയതൊന്നുമായിരുന്നില്ല. എംടിയുടെ തിരക്കഥയൊക്കെ വന്ന സമയത്ത് അതൊക്കെ തേടിപ്പിടിച്ചു വായിക്കുമായിരുന്നു. തിരക്കഥ എഴുതി നോക്കണമെന്ന ആഗ്രഹം ശക്തമായത് മാധ്യമ പ്രവര്‍ത്തനത്തിലേക്കു വന്ന സമയത്താണ്. സിനിമയൊക്കെ ഗൗരവമായി ചര്‍ച്ച ചെയ്യുന്ന സുഹൃത്തുക്കളുണ്ടായിരുന്നു അവിടെ. എന്റെ സഹപ്രവര്‍ത്തകനായിരുന്നു പ്രജേഷ് സെന്‍. അദ്ദേഹവുമായി ചേര്‍ന്ന് ഏതാനും ചില സിനിമകള്‍ ചര്‍ച്ച ചെയ്‌തെങ്കിലും ക്യാപ്റ്റനാണ് പ്രൊജക്ട് ആവുന്നത്. അങ്ങനെ ആ തിരക്കഥ രചനയില്‍ എന്നെയും ചേര്‍ത്തു. തിരക്കഥയും പാട്ടെഴുത്തും രണ്ടും ആസ്വദിക്കുന്നുണ്ട്. അവസരങ്ങള്‍ക്കനുസരിച്ച് രണ്ടും ചെയ്യണമെന്നാണ് ആഗ്രഹം.
ബാലസാഹിത്യവും താത്പര്യമുണ്ട്. 'കഥയിറങ്ങി വരുന്നവരാര് ' എന്ന പേരില്‍ കുട്ടികള്‍ക്കായൊരു നോവലെഴുതിയിട്ടുണ്ട്. ലോകസാഹിത്യത്തിലെയും മലയാള സാഹിത്യത്തിലെയും കഥാപാത്രങ്ങള്‍ ഒരുമിച്ചു വരുന്ന നോവലാണ്. കുട്ടികളെ വായനയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ശ്രമമാണ്. കുട്ടികള്‍ക്കു വേണ്ടിയുളള രണ്ട് നോവലുകള്‍ കൂടി പ്രസിദ്ധികരിക്കുന്നുണ്ട്.
പുതിയ സിനിമകള്‍
പ്രജേഷ് സെന്നിന്റെ രണ്ട് ചിത്രങ്ങളാണ് പുതിയതായുള്ളത്. മേരി ആവാസ് സുനോ എന്ന സിനിമയില്‍ ഒരു പാട്ടെഴുതി. എം.ജയചന്ദ്രനാണ് സംഗീതം. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി മാധവന്‍ സംവിധാനവും പ്രധാന കഥാപാത്രവും ചെയ്യുന്ന 'റോക്കട്രീ ദ നമ്പി ഇഫക്ട്' എന്ന സിനിമയിലെ മലയാളം പാട്ട് എഴുതി. ഐഎഫ്ഫ്‌കെയില്‍ നല്ല റിവ്യൂ വന്ന സെന്ന ഹെഗ്ഡേയുടെ 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയില്‍ എഴുതിയിട്ടുണ്ട്. ബിജിബാലിന്റെ കൂടെ 'പൂതമ്മ' സിനിമയില്‍ കൂടി എഴുതിയിട്ടുണ്ട്. അഖില്‍ ബാബു ആണ് സംവിധായകന്‍.
പാട്ടെഴുത്തിലെ സ്വപ്നങ്ങൾ
ഒരുപാട് സ്വപ്നങ്ങളൊന്നുമില്ല. ഇപ്പോൾ സംഭവിച്ചതൊക്കെ തന്നെ സ്വപ്‌നതുല്യം എന്നു കരുതുന്ന ആളാണ് ഞാൻ. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ഇതുപോലെ ആളുകള്‍ ഏറ്റെടുക്കുന്ന പാട്ടുകള്‍ നമ്മളെല്ലാം ആരാധിക്കുന്ന സംഗീത സംവിധായകര്‍ക്കൊപ്പം ചെയ്യാൻ ആഗ്രഹമുണ്ട്. നാട്ടുകാര്‍ വലിയ അനുമോദനച്ചടങ്ങ് ഒക്കെ നടത്തി ഞെട്ടിച്ചു. ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. ഇതൊക്കെ സ്വപ്‌നതുല്യമായ അനുഭവങ്ങളാണ്.
കുടുംബം
കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന കുടുംബമാണ്. അച്ഛൻ നടേരി ഗംഗാധരൻ കവിയും പത്ര പ്രവർത്തകനുമായിരുന്നു. ആ വേർപാടിനു ശേഷം പിന്തുണയായത് സംഗീത അധ്യാപകരായ ഇളയച്ഛൻമാരാണ്. അവരുടെ വിദ്യാർത്ഥികൾക്കായി യുവജനോത്സവങ്ങളിലേക്കു ലളിതഗാനവും സംഘഗാനവും എഴുതിപ്പിക്കുമായിരുന്നു. സംഗീതത്തിനനുസരിച്ചും അല്ലാതെയും ഒക്കയെഴുതാൻ ഈ പരിശീലനം തുണയായി. അമ്മ രമാവതി. അനിയൻ നിശാന്ത്. ഭാര്യ ദിവ്യ, സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി ചെയ്യുന്നു. മക്കൾ തിങ്കൾ, തെന്നൽ.