‘എൻജായി എൻചാമി...’ ഹെഡ്ഫോണുകളിൽ ഇപ്പോൾ ഈ പാട്ടിന്റെ അശ്വമേധം. എ.ആർ. റഹ്മാന്റെ മജ്ജ മ്യൂസിക് പുറത്തിറക്കിയ  സിംഗിൾ പുത്തനനുഭവമായി ആസ്വാദകരിലേക്കു കത്തിപ്പടരുകയാണ്. ഗാനരചയിതാവും റാപ് ഗായകനുമായ അറിവും ശ്രീലങ്കൻ – ഓസ്ട്രേലിയൻ ഗായികയായ ധീയും ചേർന്ന് പാടുന്ന ഗാനം ഇതിനകം യുട്യൂബിൽ കണ്ടവരുടെ എണ്ണം 12 കോടി കടന്നിരിക്കുന്നു.

തമിഴ് വാമൊഴിയീണമായ ഒപ്പാരിയും റാപ് സംഗീതവും ഇഴചേർത്ത്, സംഗീത സംവിധായകൻ സന്തോഷ് നാരായണൻ പോപ് സ്റ്റൈലിൽ ഒരുക്കിയ ഫ്യൂഷൻ ആണ് ആരാധകരുടെ പെരുവിരൽത്തുമ്പുകളിൽ തീയായി തുള്ളിയുറയുന്നത്. ഭൂമിമാതാവിനുള്ള പള്ളിയുണർത്തുപാട്ടായാണ് അറിവ് ഇതിന്റെ വരികൾ ചിട്ടപ്പെടുത്തിയത്. മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് തമിഴ് സംസ്കാരത്തിൽ പ്രചാരത്തിലുള്ള ഒപ്പാരി എന്ന വിലാപസംഗീതത്തിനൊപ്പം റാപ്–ഹിപ് ഹോപ് ചുവടുവയ്പിന്റെ പരീക്ഷണാത്മകമായ ഫ്യൂഷൻ എൻചാമിയെ മറ്റു ഗാനങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നു.

മണ്ണറിഞ്ഞ് മനസ്സറിഞ്ഞ്

‘ദ് കാസ്റ്റ്‌ലെസ് കലക്ടീവ്’ എന്ന മ്യൂസിക് ബാൻഡ് അംഗം കൂടിയായ അറിവ് ഒരുക്കിയ വരികളിൽ പതിവുപോലെ ഇക്കുറിയും മണ്ണിന്റെ രാഷ്ട്രീയം നനവാർന്നു കിടക്കുന്നു. ഭൂമി നഷ്ടപ്പെട്ടവന്റെ വിലാപമായി വേദനിക്കുമ്പോഴും ഭൂമിയുടെ യഥാർഥ അവകാശികൾക്കുള്ള ആദരസമർപ്പണം കൂടിയാകുന്നു എൻചാമി.

അറിവിന്റെ മുത്തശ്ശി വള്ളിയമ്മാൾ പറഞ്ഞുകൊടുത്ത പഴങ്കഥകളിലാണ് പാട്ടിന്റെ വേരാഴം. ഒരുകാലത്ത് ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളിലേക്കു കുടിയേറിപ്പോയ തമിഴ്ജനതയ്ക്ക് അവരുടെ പിറന്ന മണ്ണ് അന്യമായ കഥയാണ് ഈ പാട്ടനുഭവം.  മണ്ണും മനസ്സും അധിനിവേശക്കാരുടെ കാൽക്കലർപ്പിച്ച കീഴാളരുടെ കഥ. ഞാൻ മരം നട്ടു, ഞാൻ തോട്ടം പരിപാലിച്ചു, എന്നിട്ടും എന്റെ നാവ് വേവും വിശപ്പും ദാഹവും തീരാതെ നൊമ്പരപ്പെടുന്നു എന്നു വിങ്ങുന്ന കർഷകന്റെ സഹനകഥ. 

പാട്ടിന്റെ തുടക്കത്തിൽ ഒരു പെരുമ്പറമുഴക്കം ഉയരുന്നുണ്ട്, പിറന്ന മണ്ണിന്റെ പാരമ്പര്യവും പൈതൃകവും തിരിച്ചുപിടിക്കാനുള്ള സമരാഹ്വാനം പോലെ. ആ മുഴക്കത്തിൽ ഭൂമി കുലുങ്ങുന്നു. മണ്ണടരുകൾ അതിന്റെ യഥാർഥ ഉടമയെ തൊട്ടറിഞ്ഞപോലെ പച്ചപ്പിലേക്കും വസന്തത്തിലേക്കും വിടരുന്നു. കുക്കൂ കുക്കൂ.. എന്ന പാട്ടുവിളി സകല ചരാചരങ്ങളെയും പാടിയുണർത്തി അവരോടു പറയുന്നു – ഈ ഭൂമി നിങ്ങളുടേതുകൂടിയാണ്. ‘‘നമുക്കു മണ്ണൊരുക്കിയ പൂർവികർക്കുള്ള സമർപ്പണമാണ് ഗാനം. ഭൂമിയെ അമ്മയായി സങ്കൽപിച്ച് തായ്‌വഴിയേ പിൻനടക്കാൻ യുവതയെ ഓർമിപ്പിക്കുകയുമാണ്.’’ മാതൃസംസ്കാരത്തെയും മണ്ണിനെയും ആഘോഷിക്കുക എന്ന സന്ദേശമാണ് വരികളിലൂടെ പകർത്തിവയ്ക്കാൻ ശ്രമിച്ചതെന്നു പറയുന്നു, അറിവ്.

ആഫ്രോ കരീബിയൻ സംഗീത പശ്ചാത്തലത്തിലേക്ക് തമിഴിന്റെ ഉയിരു ചേർത്തുവച്ച ഈ ഗാനത്തിന്റെ ദൃശ്യപരമായ ഭംഗിയും എടുത്തുപറയേണ്ടതു തന്നെ. അമിത് കൃഷ്ണനാണ് സംവിധാനം. അറിവിന്റെ മുത്തശ്ശി വള്ളിയമ്മാളും  മറ്റു ബന്ധുക്കളും നാട്ടുകാരുമൊക്കെത്തന്നെയാണ് ഗാനത്തിലെ മറ്റ് അഭിനേതാക്കൾ. തിരുവണ്ണാമലൈ ജില്ലയിലെ കഗാണം എന്ന തമിഴ് ഗ്രാമത്തിലെ പാടവും വരമ്പും കാട്ടുപച്ചത്തഴപ്പുമൊക്കെയാണ് പശ്ചാത്തലം.

‘റൗഡി ബേബി’ക്കുശേഷം ധീപ്പാട്ട്

ധീയുടെ (ധീക്ഷിത വെങ്കടേഷൻ) സവിശേഷമായ സ്വരം എൻചാമിക്കു കൂടുതൽ  ലഹരി പകരുന്നു. മാരി 2 എന്ന ചിത്രത്തിലെ റൗഡി ബേബി ഉൾപ്പെടെയുള്ള ഹിറ്റ് ഗാനങ്ങൾ പാടിയ ധീയുടെ ആദ്യ വിഡിയോ ആൽബമാണിത്.

പിന്നണി ഗായിക മീനാക്ഷി അയ്യരുടെയും ഈ ഗാനത്തിന് ഈണമിട്ട സംഗീത സംവിധായകൻ സന്തോഷ് നാരായണന്റെയും മകളാണ് ധീ. കേവലം സംഗീതത്തിനപ്പുറം ഇതിന്റെ പ്രമേയവും പശ്ചാത്തലവും കൂടിയാണ് ധീയെ ഈ പാട്ടിലേക്ക് ആകർഷിച്ചത്. സാധാരണ മെലഡികളിൽനിന്നു വ്യത്യസ്തമായി വന്യതയാർന്ന ഒരു പ്ലാറ്റ്ഫോമിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. കോസ്റ്റ്യൂമിൽ പോലും സൂക്ഷ്മത പുലർത്തിയിട്ടുണ്ട്. എൻചാമി, പാട്ടിനൊപ്പം പെർഫോമൻസും കൂടി ആവശ്യപ്പെടുന്ന ഗാനമായതിനാലാണ് ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ ആദ്യം മടിച്ചെങ്കിലും പിന്നീട് അറിവിനൊപ്പം റാപ്പിന്റെ ചുവടുമായി  ധീ എത്തിയത്.

ജാസ് സംഗീതത്തിന്റെ ചുവടുപിടിച്ച് പുതിയ ആൽബം ഒരുക്കുന്നതിന്റെ തിരക്കിലാണ് ഗായിക. ഓസ്ട്രേലിയയിൽ ജനിച്ച് ശ്രീലങ്കയിൽ വളർന്ന ധീക്ക് തമിഴ് മാതൃഭാഷ തന്നെ. അതുകൊണ്ട് പാട്ടിന്റെ ഉയിരറിഞ്ഞു പാടാനും കഴിഞ്ഞു. മാരിയിലെ റൗഡി ബേബിയും യുട്യൂബിൽ വൻ ഹിറ്റായിരുന്നു. അതിറങ്ങിയ സമയത്ത് കുട്ടികൾ ഗോലി സോഡാ അക്കാ (ആ പാട്ട് അങ്ങനെയാണ് തുടങ്ങുന്നത്) എന്നാണ് ധീയെ ആരാധനയോടെ വിളിച്ചിരുന്നത്. ഇപ്പോൾ എൻജായ് എൻചാമി കൂടുതൽ പാട്ടവസരങ്ങളിലേക്കു വാതിൽ തുറക്കുന്നു. പക്ഷേ, പാടിയ പാട്ടുകളുടെ പേരിനപ്പുറം ജനങ്ങൾ എന്നും ഇഷ്ടത്തോടെ കേൾക്കുന്ന ഒരു ഗായികയുടെ മേൽവിലാസം സ്വന്തമാക്കണമെന്നതാണ് ധീയുടെ മോഹം.

English Summary: Special Interview with singer Dhee