ADVERTISEMENT

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഭാര്യ ലക്ഷ്മിക്കും സുഹൃത്തുക്കൾക്കുമെതിരെ നടക്കുന്ന അപവാദപ്രചാരണങ്ങളോടു പ്രതികരിച്ച് സംഗീതസംവിധായകൻ ഇഷാൻ ദേവ്. ബാലഭാസ്കറിനോടും കുടുംബത്തോടും ഏറെ ആത്മബന്ധമുള്ളയാളാണ് ഇഷാൻ. ഭർത്താവും കുഞ്ഞും നഷ്ടപ്പെട്ട് ജീവിതത്തിലെ സകല സന്തോഷങ്ങളും അവസാനിച്ച ലക്ഷ്മിയോട് ഒരു മാനുഷിക പരിഗണനയും കാണിക്കാതെയാണ് പലരും വ്യാജപ്രചാരണങ്ങൾ നടത്തുന്നതെന്ന് ഇഷാൻ ദേവ് പറഞ്ഞു. ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ തനിക്ക് അറിയാമെന്നും ആരോഗ്യം വീണ്ടെടുക്കാനും ജീവിതത്തിലേക്കു മടങ്ങി വരാനും ശ്രമിച്ചു കൊണ്ടിരിക്കുന്ന ലക്ഷ്മിയെ വ്യക്തിഹത്യ ചെയ്യരുതെന്നും അത് അവരെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും ഇഷാൻ വെളിപ്പെടുത്തി. ബാലഭാസ്കർ ജീവിച്ചിരുന്നപ്പോൾ ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തിനു കൊടുക്കാത്ത പരിഗണനയും ശ്രദ്ധയുമാണ് അദ്ദേഹത്തിന്റെ മരണശേഷം അപവാദപ്രചാരണങ്ങള്‍ക്കും അതി സംബന്ധിച്ച ചർച്ചകള്‍ക്കും കൊടുക്കുന്നതെന്നും ഇഷാൻ ദേവ് കുറ്റപ്പെടുത്തി. ‌ഇഷാൻ ദേവ് മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു:

‘ബാലു ചേട്ടൻ ജീവിച്ചിരുന്നപ്പോൾ പൊതുസമൂഹം അദ്ദേഹത്തിനു കൊടുത്തതിലുമേറെ പ്രാധാന്യമാണ് അദ്ദേഹത്തിന്റെ മരണശേഷം പുറത്തു വരുന്ന വാർത്തകൾക്കു കിട്ടുന്നത്. അദ്ദേഹത്തിന്റെ പേരും പ്രശസ്തിയും കീർത്തിയുമൊക്കെ വിപരീത തരത്തിൽ ചിത്രീകരിച്ചാണ് പലരും പ്രതികരിക്കുന്നത്. നിലവാരം കുറഞ്ഞ ചില മാധ്യമങ്ങൾ അത്തരം വാർത്തകള്‍ കൊടുക്കുന്നു. ഒരു കലാകാരനോട് ഒരിക്കലും അങ്ങനെ ചെയ്യരുത്. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും മരിക്കും. നമുക്കും ഇതേ അവസ്ഥ ഉണ്ടാകില്ലെന്ന് ഉറപ്പു പറയാൻ പറ്റില്ലല്ലോ. കലാരംഗത്തിന് മഹത്തായ സംഭാവന നൽകിയ ആളാണ് ബാലു ചേട്ടൻ. ആ കലാകാരനോടു പുലർത്തേണ്ട മര്യാദ ഉണ്ട്. 

lakshmi-balabhaskar-2

ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു കുടുംബ കാര്യമാണ്. മറ്റുള്ളവർക്ക് വെറുതെ പറഞ്ഞു നടക്കാനുള്ള ഒരു വിഷയം മാത്രവും. ബാലു ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഉത്തരവാദിത്തപ്പെട്ടവർ അന്വേഷിച്ചു. ഞങ്ങൾ സുഹൃത്തുക്കള്‍ക്ക് അതേക്കുറിച്ചു കൂടുതലൊന്നും അറിയില്ല. ബാലു ചേട്ടന്റെ മരണ ശേഷം സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും നടന്നല്ലോ. അതിൽ എന്റേതുൾപ്പെടെ പലരുടെയും പേരുകൾ ചേർത്ത് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ കമന്റുകളിടുന്നു. അതൊക്കെ വ്യക്തിഹത്യയാണ്. അത് ആരു ചെയ്താലും അങ്ങനെ തന്നെ. 

ലക്ഷ്മി ചേച്ചിക്കെതിരെ പലരും ആരോപണങ്ങൾ പടച്ചു വിടുന്നു. ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും എത്രത്തോളം മെന്റൽ സപ്പോർട്ട് വേണമെന്നും ഞങ്ങൾക്കറിയാം. മറ്റുള്ളവർക്ക് ഇത് വെറും രസകരമായ ഒരു വിഷയവും വാർത്തയും ആണ്. ബാലഭാസ്കറിനെ ഭാര്യയും ചേർന്നു കൊലപ്പെടുത്തിയതാണ് എന്ന തരത്തിൽ പോലും വാർത്തകൾ പ്രചരിക്കുന്നു. അത്രയും തരം താഴ്ന്ന അവസ്ഥയിലാണ് പലരും പ്രതികരിക്കുന്നത്. ലക്ഷ്മി ചേച്ചി കൃത്യമായി മൊഴി കൊടുത്തിട്ടുണ്ട്. അന്വേഷണത്തോടു സഹകരിച്ചിട്ടുമുണ്ട്. അതൊക്കെ പരസ്യമായി എല്ലാവരോടും വിളിച്ചു പറയാൻ ലക്ഷ്മി ചേച്ചിയ്ക്ക് ഇത് ഹോട്ട് ന്യൂസ് ഒന്നുമല്ലല്ലോ. അവർക്ക് അത് അവരുടെ ജീവിതമല്ലേ?

ഭർത്താവും കുഞ്ഞും മരിച്ച ഒരു സ്ത്രീ എന്ന പരിഗണന പോലും ആളുകള്‍ കൊടുക്കുന്നില്ല. ആ ഒരു മാന്യത എല്ലാവരും കാണിക്കണം. വണ്ടിയിടിച്ച് വഴിയിൽ കിടക്കുന്ന ഒരു നായയെ സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റാൻ തയാറാകുന്ന, അതിനോടു പരിഗണന കാണിക്കുന്ന ആളുകളാണ് ഭര്‍ത്താവും കുഞ്ഞും മരിച്ചതിന്റെ ദുഃഖത്തിൽനിന്നു കരകയറി ജീവിതത്തിലേക്കു തിരിച്ചു വരാൻ ശ്രമിക്കുന്ന ഒരു സ്ത്രീയോട് ഇത്തരത്തിൽ പെരുമാറുന്നത്.‌ അവർക്കു കൊടുക്കേണ്ട പരിഗണന കൊടുക്കണം.

ബാലു ചേട്ടനെക്കുറിച്ചുള്ള വാർത്തകൾ ഒരിക്കലും അദ്ദേഹത്തെ സ്നേഹിക്കുന്നവരെ മാനസികമായി തളർത്തുന്നതാകരുത്. ഇത് ഒരു നെഗറ്റീവ് വാർത്തയായി പ്രചരിക്കണമെന്ന് എന്തിനാണ് പലരും ശഠിക്കുന്നത്. ലക്ഷ്മി ചേച്ചി ഒരു ഭാര്യയും അമ്മയും ആണെന്ന ബോധ്യം എല്ലാവര്‍ക്കും വേണം. ആരോഗ്യം വീണ്ടെടുക്കാൻ ശ്രമിക്കുന്ന സ്ത്രീയാണ് എന്ന ചിന്ത ഉണ്ടാകണം. ലക്ഷ്മി ചേച്ചി ജീവിക്കുന്നതു പോലും ബാലു ചേട്ടന്റെ ഓർമകള്‍ക്കൊപ്പമാണ്; കൂടെ നിൽക്കുന്നവരുടെ പിന്തുണ കൊണ്ടും. ഇപ്പോൾ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഞങ്ങൾക്കു ലക്ഷ്മി ചേച്ചിയെ കാണാൻ പോകാന്‍ പോലും സാധിക്കുന്നില്ല. ഞാൻ അവസാനമായി കണ്ടപ്പോൾ ചേച്ചി നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു.

lakshmi-balabhaskar-1

ലക്ഷ്മി ചേച്ചിയുടെ അച്ഛൻ, അമ്മ, സഹോദരി തുടങ്ങി ഞങ്ങൾ സുഹൃത്തുക്കൾ ഉൾപ്പെടെ എത്രയോപേർ മനോവിഷമങ്ങൾ നേരിട്ടിട്ടുണ്ട്. ചില മാധ്യമങ്ങൾ കൊടുക്കുന്ന വാർത്തകൾ കാണുമ്പോഴാണ് ലക്ഷ്മി ചേച്ചി പോലും പലതും അറിയുന്നത്. കൂടെ നിൽക്കുന്ന ഞങ്ങൾ ചേച്ചിയോട് എന്താണ് പറയുക. കൂടെയുള്ള ഞങ്ങളെപ്പോലും കരിവാരിത്തേച്ച് വളരെ മോശമായി ചിത്രീകരിക്കുകയാണ് പലരും ചെയ്യുന്നത്. എങ്കിലും അത്തരം കമന്റുകളൊന്നും ഞങ്ങൾ മുഖവിലയ്ക്ക് എടുക്കുന്നില്ല’– ഇഷാൻ ദേവ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com