ബി.അരുന്ധതി – എത്ര പൂക്കാലങ്ങളെ, എത്ര മധുമാസങ്ങളെ, എത്ര നവരാത്രികളെ പാടിയുണർത്തിയ ഗായിക. മലയാളിയുടെ സംഗീത ഗൃഹാതുരത്വത്തിന്റെ കൂടി സ്വരമാണ് ഈ ഗായികയുടേത്. രാക്കുയിലിൻ രാഗസദസ്സിൽ എന്ന ചിത്രത്തിലെ ‘എത്ര പൂക്കാലമിനി’ എന്ന ഗാനത്തിലൂടെ ആസ്വാദകരുടെ ഇഷ്ടസ്വരമായി മാറി, പിന്നീട് ദേവാസുരത്തിലെ ‘മേടപ്പൊന്നണിയും’, ആയിരപ്പറയിലെ ‘യാത്രയായ്’ തുടങ്ങിയ ഒരുപിടി ഗാനങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ ഇടംപിടിച്ച ഗായിക. അനിയത്തിപ്രാവിലെ ‘ഓ പ്രിയേ’ എന്ന ഹിറ്റ് ഗാനത്തിനുശേഷം ഇടവേളകൾക്കിടയിൽ ചില പാട്ടുകളുമായി വന്നെങ്കിലും ഇപ്പോൾ അരുന്ധതി എവിടെയാണ്? എന്തിനായിരുന്നു ഈ ഇടവേളകൾ? 

പാട്ടുമക്കൾ

സ്വപാനം എന്ന ചിത്രത്തിലെ ‘മാരാ സന്നിബാഹാരാ’ എന്ന ഗാനത്തിനുശേഷം സിനിമയിൽ ഈ സ്വരം അധികം കേട്ടില്ലെങ്കിലും തിരുവനന്തപുരത്തെ വീട്ടിലും ചെന്നൈയിൽ മക്കൾക്കൊപ്പവും സജീവമാണ് അരുന്ധതിയുടെ സംഗീതലോകം. മകൻ ശ്രീകാന്ത് തമിഴിൽ യുവഗായകനിരയിൽ ഇടംപിടിച്ചുകഴിഞ്ഞു. എ.ആർ.റഹ്മാന്റെ 99 സോങ്സ് എന്ന ചിത്രത്തിലെ ‘സോഫിയ’ എന്ന ഗാനത്തിലൂടെ ശ്രീകാന്ത് പ്രണയികളുടെ ഇഷ്ടസ്വരങ്ങളിലൊന്നായി മാറുകയും ചെയ്തു. മലയാളത്തിലും തമിഴിലുമായി നടന്ന റിയാലിറ്റി ഷോകളിലൂടെയായിരുന്നു ശ്രീകാന്തിന്റെ സംഗീതപ്രവേശം. അമ്മയുടെ പാട്ടുവിലാസം പറഞ്ഞ് ഒരു സിനിമയിലും ചാൻസ് ചോദിച്ചു നടന്നിട്ടില്ലെന്നു പറയുന്നു, വയലിനിസ്റ്റ് കൂടിയായ ശ്രീകാന്ത്. 

‘‘അമ്മയോടുള്ള ബഹുമാനക്കൂടുതലും സ്നേഹക്കൂടുതലും കൊണ്ടാണ് അത്തരത്തിൽ സ്വയം പരിചയപ്പെടുത്താതിരുന്നത്. ഏതൊരു ചെറുപ്പക്കാരനെയും പോലെ ആഗ്രഹിച്ചു കാത്തുകാത്തിരുന്നാണ് സിനിമയിൽ എത്തിപ്പെട്ടത്’’. ബിഗിൽ, ജീനിയസ്, പൊൻമണിക്കാവൽ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ പാടിയ ശ്രീകാന്ത് മലയാളത്തിൽ നല്ല അവസരങ്ങൾക്കുവേണ്ടി കാത്തിരിക്കുകയാണ്.

അരുന്ധതിയുടെ മകൾ ചാരു കയ്യൊപ്പു പതിച്ചിരിക്കുന്നത് മൃദംഗവായനയിലാണ്. സ്വീഡൻ ആസ്ഥാനമായ വാൽഡൻസ് ബാൻഡ് എന്ന മ്യൂസിക് ബാൻഡിന്റെ ഭാഗമായ ചാരു, വേനൽമരം, ഇവർ വിവാഹിതരായാൽ, ചട്ടക്കാരി തുടങ്ങിയ സിനിമകളിൽ പാടിയിട്ടുമുണ്ട്. 

പുതിയ തലമുറ ഭാഗ്യം ചെയ്തവർ

മക്കളുടെ പാട്ടുവിശേഷങ്ങളാണ് അരുന്ധതിയുടെ സംഗീതലോകത്തെ ഇപ്പോൾ മധുരതരമാക്കുന്നത്. ‘‘സങ്കോചങ്ങളില്ല എന്നതാണ് പുതിയ തലമുറയുടെ ഏറ്റവും വലിയ അനുഗ്രഹം. സോഷ്യൽ മീഡിയ ഉൾപ്പെടെ എന്തെല്ലാം അവസരങ്ങളാണ് അവരെ കാത്തിരിക്കുന്നത്. കഴിവുള്ളവരെ ജനം അംഗീകരിക്കും. കല എന്നത് ആരുടെയും കുത്തകയല്ലാതായി മാറി. ഒരാൾ വിചാരിച്ചാൽ മറ്റുള്ളവരെ ഒതുക്കാനോ മറയ്ക്കാനോ ഇനി എളുപ്പമല്ല. സ്വന്തമായി പാടിയതോ കംപോസ് ചെയ്തതോ ആയ ഒരു പാട്ട് ഇൻസ്റ്റഗ്രാമിലോ ഫെയ്സ്ബുക്കിലോ യു‍ട്യൂബിലോ അപ്‌ലോഡ് ചെയ്ത് പുതുതലമുറയിലെ കലാകാരന്മാർ ആദ്യം ജനങ്ങളിലേക്കാണ് എത്തുന്നത്. ജനങ്ങളുടെ അംഗീകാരം നേടിയെടുത്താൽ രക്ഷപ്പെട്ടു’’. എസ്റ്റാബ്ലിഷ്ഡ് ആയ പ്രമുഖർ വിചാരിച്ചാലും അവരെ അവഗണിക്കാൻ സിനിമാ ലോകത്തിനാവില്ല എന്ന് അരുന്ധതി പറഞ്ഞു. 

അച്ഛൻ പറഞ്ഞു; അനുസരിച്ചു

നഷ്ടപ്പെട്ടുപോയ പാട്ടവസരങ്ങളെക്കുറിച്ചുള്ള നൊമ്പരമുണ്ട് അരുന്ധതിയുടെ വാക്കുകളിൽ. പക്ഷേ, അതിന്റെ പേരിൽ ആരെയും പഴി ചാരുന്നുമില്ല. അച്ഛന്റെ കർശന നിയന്ത്രണങ്ങൾ ഉൾപ്പെടെ കാരണങ്ങൾ പലതായിരുന്നു. പെൺകുട്ടികൾ വിവാഹം കഴിഞ്ഞ് നല്ല കുടുംബിനികളായി ജീവിക്കണമെന്ന കാഴ്ചപ്പാടായിരുന്നു അച്ഛന്. സംഗീതവാസന പ്രോത്സാഹിപ്പിക്കുമായിരുന്നെങ്കിലും കച്ചേരികളിലും മറ്റും പാടുന്നതല്ലാതെ സിനിമയിൽ പാടുന്നതിനോട് അച്ഛനു താൽപര്യമുണ്ടായിരുന്നില്ല. ‘എത്ര പൂക്കാലം’ എന്ന പാട്ട് ഹിറ്റായതോടെ പല ഓഫറുകളും സിനിമയിൽനിന്നു വന്നെങ്കിലും അച്ഛന്റെ എതിർപ്പു കാരണം  പലതും പാടാൻ കഴിഞ്ഞില്ലെന്ന് സങ്കടത്തോടെ ഓർക്കുന്നു അരുന്ധതി. 

പരിഭവങ്ങളില്ല

പിന്നീട് വിവാഹശേഷം ഭർത്താവ് ഹരിഹരനും കുടുംബവും നല്ല പിന്തുണ നൽകിയെങ്കിലും അത്രയും കാലം വിട്ടുനിന്നതുകൊണ്ടാകാം സിനിമയിൽനിന്ന് അധികം അവസരങ്ങൾ വരാതായി. എങ്കിലും അരുന്ധതി എന്ന ഗായികയ്ക്ക് പരിഭവങ്ങളില്ല. കൊല്ലം എസ്എൻ വനിതാ കോളജിലെ അധ്യാപന ജീവിതത്തിന്റെ ഓർമകളും ഇപ്പോഴും തുടരുന്ന സംഗീത ക്ലാസുകളുമൊക്കെയായി സന്തോഷജീവിതം നയിക്കുന്നതിന്റെ തെളിച്ചമുണ്ട് വാക്കുകളിൽ. 

ഇപ്പോഴിതാ മകൻ ശ്രീകാന്തും മകൾ ചാരുവും സംഗീതലോകത്ത് തങ്ങളുടേതായ വഴികൾ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. മക്കളുടെ പാട്ടുകൾക്കു കൂട്ടിരിക്കുന്നതാണ് ഇപ്പോൾ ഈ അമ്മമനസ്സിന്റെ സന്തോഷം.