കാതലേ..കാതലേ... തനി  പെരും തുണയേ...

കൂട വാ..കൂട വാ.. പോതൂം പോതും.... ‌‌

96 എന്ന തമിഴ് ചിത്രത്തിലെ മനോഹരമായ പ്രണയ ഗാനം പാടാന്‍ സംഗീതസംവിധായകന്‍ ഗോവിന്ദ് മേനോന്‍ വിളിക്കുമ്പോള്‍ കല്യാണി മേനോന് വയസ് 76. വഴിപിരിഞ്ഞ പ്രണയത്തിന്റെ ആഴവും നോവും നിറഞ്ഞ പാട്ട് ഹിറ്റാക്കിയ കല്യാണിമേനോന് അടുത്ത മാസം അഞ്ചിന് 80ന്റെ നിറവ്. ഋതുഭേദകല്പന ചാരുത നൽകിയ, പവനരച്ചെഴുതുന്നു, ജലശയ്യയില്‍ തളിരമ്പിളി തുടങ്ങിയ ഗാനങ്ങളിലൂടെയൊക്കെ വിസ്മയിപ്പിച്ച സ്വരഭംഗിയുമായി ചെന്നൈ ആള്‍വാര്‍ പെട്ടിലെ വീട്ടിലിരുന്നു സംഗീതമയമായ ജീവിതത്തെക്കുറിച്ചു പറയുകയാണ് കല്യാണി മേനോന്‍.

''ചുട്ടെരിയുന്ന മരൂഭൂമിയാവുന്ന കൊറോണയില്‍ ഇപ്പോഴും കുളിര്‍മഴയായി പെയ്യുന്നതു സംഗീതമാണ്. ഏതു വേദനകള്‍ക്കിടയിലും സംഗീതത്തെപറ്റി  സംസാരിക്കാനും കേള്‍ക്കാനും ഇഷ്ടമില്ലാത്തതായി ആരാണുള്ളത്, അവര്‍ ചോദിക്കുന്നു. സംഗീതം എപ്പോഴും എന്റെ കൂടെയുണ്ട്. നാവില്‍ സദാ നാമങ്ങളും കീര്‍ത്തനങ്ങളും ഗാനങ്ങളും തന്നെ. റോമിലെ മലയാളിയായ ഫാദര്‍ ബിനോജ് മുളവാരിക്കല്‍ സംഗീതം ചെയ്ത 'ഉണ്ണിക്ക് രാരീരം' എന്ന സംഗീത ആല്‍ബത്തിലാണ് ഒടുവില്‍ പാടിയത്. കഴിഞ്ഞ ഡിസംബറിലാണ് അത് പാടിയത്. എന്റെ ശബ്ദത്തില്‍ തന്നെ വേണമെന്നു കരുതി ഉണ്ടാക്കിയ പാട്ടായിരുന്നു.

കാതലേ കാതലേ...

96 ലെ കാതലേ.. കാതലേ എന്ന പാട്ടിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. മനോഹരമായ ട്യൂണ്‍. ഗോവിന്ദ് നല്ല സഹകരണമായിരുന്നു. അതിനാല്‍ നന്നായി പാടാന്‍ കഴിഞ്ഞു. പാട്ടില്‍ കൂടെ പാടിയ ചിന്മയിയെ കണ്ടിട്ടില്ല. ഞാന്‍ ഒറ്റക്കാണ് പാടിപ്പോന്നത്. എന്തായാലും പാട്ട് ഇത്രയും ഹിറ്റായതില്‍ സന്തോഷമുണ്ട്. മലയാളത്തില്‍ വളരെ ഇഷ്ടത്തോടെ പാടിയതാണ് ലാപ് ടോപ്പിലെ "ജലശയ്യയില്‍ തളിരമ്പിളി" എന്ന ഗാനം. അത്രയും നല്ല പാട്ട് തന്നതിന് സംഗീതസംവിധായകന്‍ ശ്രീവത്സന്‍.ജെ.മേനോനോട് എന്നും കടപ്പെട്ടിരിക്കുന്നു.

സ്വപാനത്തിലെ കാമിനീ മണീ സഖീ, ടി.ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് സിക്‌സ്ത്-ബിയിലെ കണ്ണനാമുണ്ണിയെ കാണുമാറാകണം, കാക്കകുയിലിലെ ഉണ്ണികണ്ണാ വാവാ, മിസ്റ്റര്‍ ബട്ട്‌ലറിലെ രാര വേണൂ, വിയറ്റ്‌നാം കോളനിയിലെ പവനരച്ചെഴുതുന്നു, മംഗളം നേരുന്നുവിലെ ഋതു ഭേദ കല്‍പന എല്ലാം മലയാളത്തില്‍ പാടിയവയില്‍ ഏറെ ഇഷ്ടപ്പെടുന്ന ഗാനങ്ങളാണ്.

ഇളയരാജയുടെ സംഗീതത്തിൽ 'നല്ലത് ഒരു കുടുംബം' എന്ന ചിത്രത്തിലാണ് തമിഴിൽ ആദ്യമായി പാടിയത്. ‘ചൊവ്വാനമേ പൊൻ മേഘമേ’ എന്ന പാട്ട്. എം എസ് വിശ്വനാഥന്റെ 'സുജാത' യിലെ നീ വരുവായനെ നാനിരുന്തേന്‍ എന്ന പാട്ടാണ് തമിഴില്‍ ഉയര്‍ത്തിയത്. ഈ പാട്ടോടെ തമിഴ് പ്രേക്ഷകർ എന്നെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ഗംഗൈ അമരന്റെ സംഗീതത്തിൽ വാഴ് വേമായം എന്ന ചിത്രത്തിൽ പാടിയ ഡപ്പാം കൂത്ത് പാട്ടും വളരെ ഹിറ്റായി. ഹേ രാജാവേ... എന്ന ഈ പാട്ട് എസ് പിബിയുടെ കൂടെയാണ് പാടിയത്. ഈ ചിത്രം മലയാളത്തിൽ പ്രേമാഭിഷേകം എന്ന പേരിലെടുത്തപ്പോൾ  യേശുദാസിന്റെ കൂടെ പാടി. ശുഭ മുഹൂർത്തത്തിൽ യേശുദാസിന്റെ കൂടെ പാടിയ "നാൻ ഇരവിലെഴുതും കവിതൈ." എന്നു തുടങ്ങുന്ന പാട്ടും ഏറെ ഹിറ്റായി.

മലയാളത്തില്‍ അബലയാണ് ആദ്യ ചിത്രം. ദ്വീപ്, തച്ചോളി മരുമകന്‍ ചന്തു, മകം പിറന്ന മങ്ക, സീതാ സ്വയംവരം, തേരോട്ടം, കുടുംബം നമുക്ക് ശ്രീകോവില്‍, അവള്‍ എന്റെ സ്വപ്നം, കതിര്‍മണ്ഡപം, കണിക്കൊന്ന്, ഭക്ത ഹനുമാന്‍, ശിശരം, താറാവ്, അവതാരം, കാഹളം, ഇന്ത്യ  എന്ന സുന്ദരി, പ്രേമാഭിഷേകം, മൈലാഞ്ചി, ജസറ്റിസ് രാജ, കേള്‍ക്കാത്ത ശബ്ദം, ആലോലം, പൗരുഷം, മംഗളം നേരുന്നു, സുന്ദരി കാക്ക, വിയറ്റ്‌നാം കോളനി, മിസ്റ്റര്‍ ബട്ട്‌ലര്‍, നിരപരാധി, പൂമഴ, പൂച്ചയ്‌ക്കൊരു മൂക്കുത്തി, കാക്കകുയില്‍, മീശമാധവന്‍, മുല്ലവള്ളിയും തേന്‍മാവും, പ്രണയകാലം തുടങ്ങിയവയിലും തമിഴില്‍  മോണിങ് രാഗ, അലൈ പായുതേ, പാര്‍ത്താലേ പരവശം, പരമശിവം, തുടങ്ങി അനേകം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. എണ്ണമൊന്നും നോക്കി വച്ചിട്ടില്ല.

ദാസ് സംഗീത ക്ലാസിലെ സഹപാഠി

ചേര്‍ത്തല ശിവരാമന്‍ നായരുടെ കീഴില്‍ സംഗീതം പഠിക്കുമ്പോള്‍ യേശുദാസും അവിടെ പഠിക്കുന്നുണ്ടായിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസാണ്. ഞങ്ങളുടെ ക്ലാസ് നടക്കുമ്പോള്‍ ദാസ് പുറത്തിരിക്കുന്നുണ്ടാവും. ക്ലാസ് തുടങ്ങുമ്പോഴേക്കും ദാസ് എല്ലാം കേട്ട് പഠിച്ചിരിക്കും. ദാസിന് എന്നേക്കാള്‍ ഒന്നര വയസ്സേ കൂടുതലുള്ളൂ. അക്കാലത്ത് ഞാന്‍ റിക്ഷാ വണ്ടിയില്‍ ഗമയില്‍ വന്നിറങ്ങി ഒന്നും മിണ്ടാതെ പാട്ടു ക്ലാസിനു വന്നു പോയിരുന്ന കാര്യം പറഞ്ഞ് ദാസ് പി‌ന്നെ പലപ്പോഴും കളിയാക്കിയിട്ടുണ്ട്. അക്കാലത്ത് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇന്നത്തെപ്പോലെ ഇടപഴകാറൊന്നുമില്ലല്ലോ.  പിന്നീട് ദാസിനൊപ്പം കുറെ പാട്ടുകള്‍ പാടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

ദക്ഷിണാമൂര്‍ത്തി

പാട്ടിന്റെ കാര്യത്തില്‍ വളരെ കര്‍ശനക്കാരനായിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമി. പാടുമ്പോള്‍ നല്ല ഭയമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തില്‍ നിന്ന് കുറെക്കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തിനൊപ്പം ചെയ്ത ഭക്തി ഗാനം നാരയണീയം ഏറെ സംതൃപ്തി തന്നു.

എ.ആർ.റഹ്മാന്‍ ആത്മവിശ്വാസം കൂട്ടി

സ്വകാര്യ ചാനലിന്റെ ടൈറ്റില്‍ സോങ് ശ്യാമസുന്ദര കേര കേദാര ഭൂമി... പി.ഭാസ്‌ക്കരന്‍ മാസ്റ്റര്‍ ഞാന്‍ തന്നെ പാടണമെന്നാവശ്യപ്പെട്ടതുകൊണ്ട് റഹ്മാന്‍ എന്നെ വിളിച്ച് പാടിച്ചതാണ്. മുതിര്‍ന്ന സംഗീത സംവിധായകര്‍ക്കൊപ്പം പാടുമ്പോഴുണ്ടായിരുന്ന ഭയം മാറിയത് റഹ്മാന്റെ കൂടെ പാടുമ്പോഴാണ്. നല്ല സ്വാതന്ത്ര്യം തരും. പാടിക്കോളൂ ആന്റി പാടിക്കോളൂ എന്നു പറയും. അത് ആത്മവിശ്വാസം കൂട്ടി. വിണ്ണൈത്താണ്ടി വരുവായാ, അലൈപായുതേ ഒക്കെ അങ്ങനെ ഹിറ്റാക്കാന്‍ കഴിഞ്ഞു.

ഭക്തി ഗാനങ്ങള്‍

ഭക്തി ഗാനങ്ങള്‍ മനസ് നിറയെ പാടി. ദക്ഷിണാമൂര്‍ത്തി, എല്‍.കൃഷ്ണന്‍, രാമാനുജം സാര്‍ ഇവര്‍ക്കായി ധാരാളം പാടാന്‍ കഴിഞ്ഞു. പലരും പറഞ്ഞിട്ടുണ്ട് ശബ്ദത്തിലെ വ്യത്യാസത്തെക്കുറിച്ച്. ആരെയും അനുകരിക്കാത്ത ശബ്ദമാണെന്ന് പറയാറുണ്ട്. ഭക്തി ഗാനരംഗത്ത് പി. ലീലക്ക് ശേഷം നിങ്ങളാണ്, മുടി ചൂടാമന്നിയാണ് എന്നൊക്കെ. അതിനു കാരണം ദക്ഷിണാമൂര്‍ത്തി സ്വാമിയാണ്. സിനിമയിലേക്കു പാടാനായി ഭര്‍ത്താവ് മദ്രാസില്‍ കൊണ്ടു പോയാക്കിയതിനു ശേഷം കുറെ ഭക്തിഗാനങ്ങള്‍ പാടാനവസരം കിട്ടി. അത് എന്റെ ഒരു ഭാഗ്യമായി കണക്കാക്കുന്നു. ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീതം ചെയ്ത നാരായണീയം,  ഭക്തി സുധ, സന്ധ്യാനാമം അങ്ങനെ കുറേ പാടിയിട്ടുണ്ട്.

റിയാലിറ്റി ഷോ നല്ലതല്ല

പുതിയ ഗായകരെക്കുറിച്ചൊന്നും അഭിപ്രായം പറയാന്‍ എനിക്കറിഞ്ഞു കൂടാ. നമ്മള്‍ നമ്മുടെ പാട്ട് നന്നാക്കാന്‍ നോക്കാതെ വേറെയുള്ളവരെക്കുറിച്ചു പറഞ്ഞിട്ടെന്താ? റിയാലിറ്റി ഷോയെക്കുറിച്ച് പക്ഷേ നല്ല അഭിപ്രായമില്ല. കുട്ടികളെ കുരുന്നിലേ നുള്ളിക്കളയുന്നതു പോലെ തോന്നും. വളര്‍ന്ന് വികസിച്ചു വരണ്ടേ കുട്ടികള്‍? കുരുന്നില്‍ തന്നെ വലിയ ആളുകളാക്കിയാല്‍ പിന്നെ എവിടേക്കാണ് അവര്‍ വളരുക?

എല്ലാം ഈശ്വര നിശ്ചയം

ഞാനാരുപാട് നാമം ചൊല്ലുന്ന ആളാണ്. നമ്മുടെ ഏതൊരു പ്രവൃത്തിയും ഈശ്വരനെ വിചാരിച്ചുകൊണ്ടു ചെയ്യണം എന്നു വിചാരിക്കുന്നയാളാണ്. നമ്മുടേതായിട്ട് ഒന്നുമില്ല, എന്ത് നടക്കുന്നോ അത് ഈശ്വര നിശ്ചയമാണ് എന്നു വിചാരിക്കുന്നു. ഞാന്‍ വൃക്ഷങ്ങളോടു സംസാരിക്കാറുണ്ട്. കാറ് കൊണ്ടുപോയി ഒരു മരത്തിന് ചുവട്ടില്‍ നിര്‍ത്തുമ്പോള്‍ ഞാന്‍ മരത്തിനോട് നന്ദി പറയും, നിങ്ങള്‍ വെയിലത്ത് നിന്നു ഞങ്ങളെ സംരക്ഷിക്കുന്നു നന്ദി. എന്നു പറയും. പക്ഷിമൃഗാദികളോടു വലിയ ഇഷ്ടമാണ്. എന്റെ ഊണ്‍മുറിയുടെ വശത്തായി ബാല്‍ക്കണിയില്‍ ഒരു ഡൈനിങ് ടേബിള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഞാനുണ്ണുമ്പോള്‍ അവര്‍ക്കുള്ളത് കൊണ്ടു വയ്ക്കും. കുറേ പക്ഷികള്‍ വന്ന് ശാപ്പിടും. നമുക്ക് നല്ലൊരു സ്ഥലമാണ് കിട്ടിയിരിക്കുന്നത് ജീവിക്കാന്‍. എല്ലാവരും ഒത്തു ചേർന്നു കഴിഞ്ഞാല്‍ ഈ ലോകം സ്വര്‍ഗമാവില്ലേ?  

കലാജീവിതത്തിനു പിന്തുണയായ കുടുംബം

എറണാകുളമാണ് സ്വന്തം നാട്. ഇപ്പോള്‍ വര്‍ഷങ്ങളായി ചെന്നൈയിലാണു താമസം. ഭര്‍ത്താവ് കെ.കെ. മേനോന്‍ ബോംബെയില്‍ നേവി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ ഗായികയാണെന്നതില്‍ ഏറെ സന്തോഷിച്ചിരുന്നു അദ്ദേഹം. നവരാത്രി സംഗീതോത്സവത്തിന് എന്റെ കച്ചേരി കേട്ടാണ് വിവാഹാലോചനയുമായി എത്തിയതു തന്നെ. പാടാന്‍ എന്നും പ്രോത്സാഹനം നൽകി. 1978ലായിരുന്നു അദ്ദേഹം ഞങ്ങളെ വിട്ടു പോയത്. മരിക്കുന്നതിനു മുമ്പും പറഞ്ഞിരുന്നു, മടിച്ചിരിക്കരുത്. അവസരം കിട്ടുമ്പോഴൊക്കെ പാടണം എന്ന്.

സംവിധായകനും ഛായാഗ്രാഹകനുമാണ് മൂത്ത മകന്‍ രാജീവ് മേനോന്‍. മകന്റെ സിനിമയില്‍ പാടിയിട്ടില്ല, കണ്ടു കൊണ്ടേന്‍ എന്ന സിനിമയില്‍ ഐശ്വര്യാറായിക്കു പാട്ട് പറഞ്ഞ് കൊടുക്കുന്ന രംഗം മകന്‍ ചിത്രികരിച്ചിട്ടുണ്ട്. റെയില്‍വേയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ രണ്ടാമത്തെ മകന്‍ കരുണാകര മേനോനോടൊപ്പമാണ് ഇപ്പോള്‍ താമസം .

മലയാളി മറന്നതില്‍ ദുഃഖം

കുറെ നല്ലഗാനങ്ങള്‍ പാടി. എന്നിട്ടെന്താ? മലയാളികള്‍ ഈ കല്യാണി മേനോനെ ഓര്‍ക്കാറുണ്ടോ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ ചിന്ത വരുമ്പോഴൊക്കെ കടുത്ത ദുഃഖവും തോന്നാറുണ്ട്. ഈ അവസരത്തില്‍ അനുഭവങ്ങള്‍ മനോരമ ഓണ്‍ലൈനിനോടു പങ്കുവയ്ക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ഈ കോവിഡ് കാലത്തും സംഗീതം തന്നെയാണ് മനസിന് ആശ്വാസമേകുന്ന വര്‍ത്തമാനം, കല്യാണി മേനോന്‍ പറഞ്ഞു നിര്‍ത്തുന്നു.