‘പൂമുത്തോളേ’ കേട്ട് എല്ലാ കുഞ്ഞുങ്ങളും ഉറങ്ങും, പക്ഷേ എന്റെ മകൻ മാത്രം....’; ഗായകനായും തിളങ്ങിയ രഞ്ജിൻ രാജ് പറയുന്നു
സംഗീതസംവിധായകൻ എന്ന ലേബലിൽ മാത്രം മലയാളി കേട്ടു ശീലിച്ച പേരാണ് രഞ്ജിൻ രാജ്. ‘പൂമുത്തോളെ’ എന്ന ഒരൊറ്റ പാട്ടിലൂടെ മലയാള സിനിമാ സംഗീതരംഗത്തു കാലുറപ്പിച്ചു നിന്ന യുവസംഗീതജ്ഞൻ. ഇപ്പോഴിതാ ‘കർണൻ നെപ്പോളിയൻ ഭഗത്‌സിങ്’ എന്ന ചിത്രത്തിലൂടെ ഗായകനായിക്കൂടെ പേരെടുത്തിരിക്കുന്നു രഞ്ജിൻ. ചിത്രത്തിനു വേണ്ടി രഞ്ജിൻ
സംഗീതസംവിധായകൻ എന്ന ലേബലിൽ മാത്രം മലയാളി കേട്ടു ശീലിച്ച പേരാണ് രഞ്ജിൻ രാജ്. ‘പൂമുത്തോളെ’ എന്ന ഒരൊറ്റ പാട്ടിലൂടെ മലയാള സിനിമാ സംഗീതരംഗത്തു കാലുറപ്പിച്ചു നിന്ന യുവസംഗീതജ്ഞൻ. ഇപ്പോഴിതാ ‘കർണൻ നെപ്പോളിയൻ ഭഗത്‌സിങ്’ എന്ന ചിത്രത്തിലൂടെ ഗായകനായിക്കൂടെ പേരെടുത്തിരിക്കുന്നു രഞ്ജിൻ. ചിത്രത്തിനു വേണ്ടി രഞ്ജിൻ
സംഗീതസംവിധായകൻ എന്ന ലേബലിൽ മാത്രം മലയാളി കേട്ടു ശീലിച്ച പേരാണ് രഞ്ജിൻ രാജ്. ‘പൂമുത്തോളെ’ എന്ന ഒരൊറ്റ പാട്ടിലൂടെ മലയാള സിനിമാ സംഗീതരംഗത്തു കാലുറപ്പിച്ചു നിന്ന യുവസംഗീതജ്ഞൻ. ഇപ്പോഴിതാ ‘കർണൻ നെപ്പോളിയൻ ഭഗത്‌സിങ്’ എന്ന ചിത്രത്തിലൂടെ ഗായകനായിക്കൂടെ പേരെടുത്തിരിക്കുന്നു രഞ്ജിൻ. ചിത്രത്തിനു വേണ്ടി രഞ്ജിൻ
സംഗീതസംവിധായകൻ എന്ന ലേബലിൽ മാത്രം മലയാളി കേട്ടു ശീലിച്ച പേരാണ് രഞ്ജിൻ രാജ്. ‘പൂമുത്തോളെ’ എന്ന ഒരൊറ്റ പാട്ടിലൂടെ മലയാള സിനിമാ സംഗീതരംഗത്തു കാലുറപ്പിച്ചു നിന്ന യുവസംഗീതജ്ഞൻ. ഇപ്പോഴിതാ ‘കർണൻ നെപ്പോളിയൻ ഭഗത്‌സിങ്’ എന്ന ചിത്രത്തിലൂടെ ഗായകനായിക്കൂടെ പേരെടുത്തിരിക്കുന്നു രഞ്ജിൻ. ചിത്രത്തിനു വേണ്ടി രഞ്ജിൻ ഒരുക്കിയ ‘എന്തിനാണെന്റെ ചെന്താമരേ’ എന്ന പാട്ട് അദ്ദേഹം തന്നെയാണ് ആലപിച്ചത്. ഗായകനായുള്ള രഞ്ജിന്റെ അരങ്ങേറ്റ ചിത്രമല്ല ഇത്. മുൻപ് ഏതാനും ചില ചിത്രങ്ങളിൽ പാടിയിട്ടുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ നേടാനായില്ല. ഇപ്പോൾ പുറത്തിറങ്ങിയ ഈ ചെന്താമര ശ്രദ്ധേയമായി എന്നു മാത്രമല്ല, ട്രെൻഡിങ്ങിൽ ഇടം പിടിക്കുകയും ചെയ്തു. അതിന്റെ ത്രില്ലില്‍ ആണ് രഞ്ജിൻ ഇപ്പോൾ. പുതിയ പാട്ടു വിശേഷങ്ങളുമായി രഞ്ജിൻ രാജ് മനോരമ ഓൺലൈനിനൊപ്പം.
രഞ്ജിൻ എന്ന പിന്നണിഗായകൻ?
ഞാൻ ആദ്യമായല്ല പിന്നണി പാടുന്നത്. ഇതിനു മുൻപ് രണ്ടുമൂന്ന് ചെറിയ സിനിമകളിൽ പാടിയിട്ടുണ്ട്. 2012 മുതൽ കന്നടയിലും തുളുവിലുമൊക്കെ പാടി. ജാസി ചേട്ടന്റെ മസാല റിപ്പബ്ലിക്, കുന്താപുര എന്ന ചിത്രത്തിലും പാടിയിട്ടുണ്ട്. പക്ഷേ അതൊന്നും അധികം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് പാട്ടുപാടാനോ അതിനു വേണ്ടി ശ്രമിക്കാനോ സമയം കിട്ടിയിട്ടില്ല. ഞാൻ പൂർണ്ണമായും സംഗീതസംവിധാനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
കർണൻ നെപ്പോളിയൻ ഭഗത്‌സിങ് എന്ന ചിത്രത്തിൽ ആലപിച്ച ഗാനം രഞ്ജിനു വേണ്ടി ചിട്ടപ്പെടുത്തിയതാണോ?
ഈ പാട്ടു ചിട്ടപ്പെടുത്തുമ്പോൾ ഹരിചരൺ, കാർത്തിക് എന്നീ ഗായകരായിരുന്നു എന്റെ മനസ്സിൽ. ഒരു പാട്ട് പാടി സിനിമയുടെ സംവിധായകന് കൈമാറുകയും അവർ അത് കേട്ടുകേട്ട് മനസ്സിൽ പതിയുകയും ചെയ്യും. അതിനുശേഷമാണ് യഥാർഥ ഗായകനെക്കൊണ്ട് പാടിപ്പിക്കുന്നത്. എന്റെ പാട്ടുകൾക്കു ഞാൻ തന്നെയാണ് ഡമ്മി പാടാറുള്ളത്. ഈ പാട്ടും ഞാൻ പാടി കൊടുത്തു. അതു കേട്ട് ഇഷ്ടപ്പെട്ട് സിനിമയുടെ സംവിധായകൻ ശരത്തും നിർമാതാവ് മോനുവും മറ്റുള്ളവരുമെല്ലാം ഇത് ഞാൻ തന്നെ പാടിയാൽ മതി എന്നു പറയുകയായിരുന്നു. പാട്ട് മനസ്സിൽ പതിഞ്ഞു എന്നും ഇനി മറ്റൊരു ശബ്ദം ആലോചിക്കാൻ വയ്യ എന്നുമാണ് അവർ പറഞ്ഞത്. അങ്ങനെയാണ് ഇത് ഞാൻ തന്നെ പാടാൻ തീരുമാനിച്ചത്.
ഈ പാട്ട് ഇതിലും നന്നായി മറ്റാരെങ്കിലും പാടും എന്ന് തോന്നുന്നുണ്ടോ?
തീർച്ചയായും. എന്നേക്കാൾ നന്നായി പാടുന്നവരാണ് സംഗീതരംഗത്തുള്ളത്. ഏത് പ്രഫഷനൽ ഗായകനും എന്നെക്കാൾ നന്നായി ഈ പാട്ട് പാടാൻ കഴിയും.
സംഗീതസംവിധായകനിൽ നിന്നും ഗായകനിലേക്കുള്ള ചുവടുമാറ്റമായി ഈ പാട്ടിനെ കണക്കാക്കാമോ?
ഇത് ഒരിക്കലും ഒരു ചുവടുമാറ്റം അല്ല. എല്ലാ സംഗീതസംവിധായകരും ഏതെങ്കിലും ഇൻസ്ട്രമെന്റ് വായിക്കുന്നതു സാധാരണമാണ്. ചിലർ വയലിൻ മറ്റു ചിലർ ഗിറ്റാർ എന്നിങ്ങനെ. എന്റെ സ്ട്രോങ്ങ് ഇൻസ്ട്രമെന്റ് എന്റെ ശബ്ദം ആണ്. ഞാൻ അടിസ്ഥാനപരമായി ഒരു പാട്ടുകാരൻ ആണ്. കമ്പോസ് ചെയ്യുമ്പോൾ പാടി നോക്കും. ഒരു ബിജിഎം ഉണ്ടാക്കുമ്പോഴും അത് പാടി നോക്കും. അതുകൊണ്ട് ഇതൊരു ചുവടുമാറ്റം എന്നു പറയാന്‍ പറ്റില്ല. പാടുക എന്നുള്ളത് എനിക്കൊപ്പം എപ്പോഴും തുടരുന്ന കാര്യമാണ്. അതിപ്പോൾ ഒരു സിനിമയ്ക്ക് വേണ്ടി ആയി എന്നു മാത്രം. എങ്കിലും സംഗീതം ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം.
‘പൂമുത്തോളേ’ എന്ന പാട്ട്
‘ജോസഫ്’ എന്ന സിനിമ എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ഒരു തുടക്കക്കാരൻ എന്ന നിലയിൽ കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമായിരുന്നു ആ ചിത്രം. വ്യത്യസ്തമായ അഞ്ചുപാട്ടുകൾ അതിനുവേണ്ടി ചെയ്തു. എല്ലാം സൂപ്പർഹിറ്റായി. അതിൽ പൂമുത്തോളേ ചിന്തിക്കുന്നതിനും അപ്പുറത്തേക്ക് റീച് ആയി. ജോസഫിലെ എല്ലാ പാട്ടുകളോടും എനിക്ക് അടുപ്പമുണ്ട്. എങ്കിലും എനിക്ക് ജീവിതം തന്ന പാട്ടാണ് പൂമുത്തോളേ. അതുകൊണ്ടു തന്നെ അതിനോട് ഒരു പ്രത്യേക സ്നേഹം ഉണ്ട്. എന്റെ ഒരു കുഞ്ഞിനെപ്പോലെ തന്നെയാണ് എനിക്ക് ആ പാട്ട്.
ഭാര്യയ്ക്ക് രഞ്ജിൻ പാടുന്നതാണോ കമ്പോസ് ചെയ്യുന്നതാണോ ഇഷ്ടം? കുഞ്ഞിന് പാട്ടുപാടി കൊടുക്കാറുണ്ടോ?
ഭാര്യയ്ക്ക് ഞാൻ പാടുന്നതും കമ്പോസ് ചെയ്യുന്നതും ഒരുപോലെ ഇഷ്ടമാണ്. പക്ഷേ കമ്പോസർ ആയതിനു ശേഷമാണു ഭാര്യയും എന്റെ സംഗീതയാത്രയിൽ കൂടുതൽ ചേർന്നത് എന്നു തോന്നുന്നു. കുഞ്ഞിനു പാട്ട് പാടിക്കൊടുത്താലും അതു മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ല. എങ്കിലും ഞാൻ താരാട്ടുപാടികൊടുക്കാറുണ്ട്. ചിത്രച്ചേച്ചിയുടെ ‘ഓമനത്തിങ്കൾ കിടാവോ’ കേട്ടാണ് അവൻ ഉറങ്ങുക. ‘പൂമുത്തോളേ’ കേട്ട് ഒരുപാടു കുഞ്ഞുങ്ങൾ ഉറങ്ങുന്നത് കണ്ടിട്ടുണ്ട്. പക്ഷേ അത് കേൾക്കുമ്പോൾ എന്റെ മോൻ കരയാറാണ് പതിവ്. അവൻ ജനിക്കുന്നതു മുൻപു തന്നെ കാവൽ, കാണെക്കാണെ എന്നീ ചിത്രങ്ങളിലെ പാട്ടുകൾ കേട്ടുതുടങ്ങിയിരുന്നു. ഇപ്പോൾ അവൻ കരയുമ്പോൾ ആ പാട്ടുകൾ കേൾപ്പിച്ചാൽ പെട്ടെന്നു കരച്ചിൽ നിർത്തും. അവയെല്ലാം അവൻ ഒരുപാട് ആസ്വദിക്കുന്നതായി തോന്നാറുണ്ട്.
നടന്മാരെ പാട്ടുകാരാക്കിയപ്പോൾ?
അഭിനേതാക്കളിൽ ഒരുപാടുപേരെയൊന്നും പാട്ട് പാടിപ്പിച്ചിട്ടില്ല. ‘നിത്യഹരിത നായകൻ’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഞാൻ ആദ്യമായി സംഗീതമൊരുക്കിയത്. അതിന്റെ നിർമാതാവ് ധർമ്മജൻ ചേട്ടനെക്കൊണ്ട് ഒരു പാട്ടുപാടിക്കാൻ സാധിച്ചു. അതിൽ തന്നെ നായകൻ വിഷ്ണുവിനെകൊണ്ടും ഒരു പാട്ടു പാടിപ്പിച്ചു. അത് സംവിധായകന്റെയും മറ്റ് അണിയറപ്രവർത്തകരുടെയും തീരുമാനമായിരുന്നു. അവർ ഈ അഭിപ്രായം പറഞ്ഞപ്പോൾ എനിക്കു ശരിക്കും ആശങ്കയാണ് തോന്നിയത്. ഇവരെക്കൊണ്ടൊക്കെ പാടിപ്പിക്കാൻ സാധിക്കുമോ എന്ന സംശയമായിരുന്നു മനസ്സിൽ. അവർ എങ്ങനെയാണ് പാടുക എന്നതിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ അവർ പാടിയതു കേട്ട് ഞാൻ അദ്ഭുതപ്പെട്ടു. "പാടവരമ്പത്തിലൂടെ" എന്ന പാട്ട് ജോജു ചേട്ടൻ അസാധ്യമായി പാടി. അദ്ദേഹം പാട്ട് പഠിച്ചു വന്ന് ഒറ്റ ടേക്കിൽ തന്നെ ഗംഭീരമായി പാടുകയായിരുന്നു. ഈ മൂന്നു താരങ്ങളും എന്റെ പാട്ടുകൾ അതിമനോഹരമായാണു പാടിയത്. പ്രഫഷനൽ ഗായകരെക്കൊണ്ടു പാടിപ്പിക്കുന്ന അതേ ലാഘവത്തോടെ അവരെ പാടിപ്പിക്കാന്‍ സാധിച്ചു.
ഇതുവരെ ചെയ്ത പാട്ടുകളിൽ വ്യക്തിപരമായി ഏറെ അടുത്ത് നിൽക്കുന്നത് ഏത്?
എന്റെ അമ്മ മരിച്ച സമയത്താണ് ‘പൂമുത്തോളെ’ എന്ന പാട്ട് ചെയ്തത്. അതുപോലെ ഒരു സാഹചര്യത്തിൽ നിന്നുകൊണ്ട് എനിക്ക് സംഗീതം ഒരുക്കേണ്ടതായും റെക്കോർഡിങ് പൂർത്തിയാക്കേണ്ടതായും വന്നു. സിനിമയുടെ റിലീസ് തിയതി അടുത്തുപോയതു കൊണ്ടാണ് അമ്മ മരിച്ച സമയത്തും ഞാൻ ആ പാട്ടൊരുക്കിയത്. ഞാൻ ഒരു കമ്പോസർ ആവുക എന്നതായിരുന്നു എന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. പൂമുത്തോളെ ജീവിതത്തിൽ നാഴികക്കല്ലായെങ്കിലും വ്യക്തിപരമായി എനിക്കേറെ പ്രിയപ്പെട്ടത്, ‘കരിനീലക്കണ്ണുള്ള പെണ്ണ്’ എന്ന പാട്ടാണ്.
മലയാളികൾ ഏതുതരം പാട്ടുകളാണ് ഇഷ്ടപ്പെടുന്നത്?
എല്ലാ രാജ്യങ്ങളിലും തനതായ സംഗീതസംസ്കാരം ഉണ്ട്. നമ്മുടെ രാജ്യത്താണെങ്കിൽ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും പോലും വ്യത്യസ്ത സംസ്കാരമാണുള്ളത്. വെസ്റ്റേൺ പാട്ടുകളുടെ സംസ്കാരം, അവരുടെ ക്ലാസിക്കിന്റെ വകഭേദങ്ങൾ നിലനിർത്തിക്കൊണ്ടു പുതിയത് ഉണ്ടാക്കുക എന്നുള്ളതാണ്. ഇന്ത്യൻ സംഗീതത്തിന് ഒരു പാരമ്പര്യവും പൈതൃകവും ഉണ്ട്. അതിൽ കർണാട്ടിക്കും ഹിന്ദുസ്ഥാനിയും വലിയ പങ്കു വഹിക്കുന്നു. നമ്മൾ അറിയാതെ തന്നെ നമ്മുടെ രക്തത്തിൽ ആ ഒരു സംസ്കാരം അലിഞ്ഞു ചേർന്നിട്ടുണ്ട്. എന്റെ കുഞ്ഞ് ‘ഓമനത്തിങ്കൽ കിടാവോ’ കേട്ട് ഉറങ്ങുന്നതും അതുകൊണ്ടായിരിക്കും. ആ ഒരു സംസ്കാരം നൂറുശതമാനം നിലനിർത്തണം എന്നാണ് എന്റെ അഭിപ്രായം. സംഗീതത്തില്‍ പുതിയ ട്രെൻഡുകൾ പരീക്ഷിക്കുമ്പോഴും മെലഡി ഉണ്ടാക്കുമ്പോഴും നമ്മുടേതായ സംസ്കാരം നിലനിർത്തണം. ഒരു മധുരക്കിനാവ്, കസ്തൂരി എന്റെ കസ്തൂരി, വാ വാ മനോരഞ്ജിനി ഒക്കെ ഫാസ്റ്റ് നമ്പർ കൂടി ആണല്ലോ. പക്ഷേ നമ്മുടെ ഇന്ത്യൻ സംഗീതത്തിന്റെ എന്തോ ഒരു വകഭേദം ആ പാട്ടുകളിലുണ്ട്. നമ്മുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരു ഘടകം ഏതു പുതിയ സൗണ്ടിങ് കൊണ്ടുവന്നാലും അതിൽ ഉണ്ടാവണം എന്നു ഞാൻ ആഗ്രഹിക്കുന്നു. മലയാളികൾ അത്തരം പാട്ടുകൾ കൂടുതൽ സ്വീകരിക്കുന്നു എന്ന് എനിക്ക് തോന്നാറുണ്ട്.
സംഗീതസംവിധായകരിൽ ഏറെ പ്രിയപ്പെട്ടവർ?
ഞാൻ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് രവീന്ദ്രൻ മാഷിന്റെ പാട്ടുകളാണ്. അദ്ദേഹത്തെ ആയിരുന്നു അന്ന് കൂടുതൽ ഇഷ്ടം. ചെറുപ്പം മുതൽ ഞാൻ കർണ്ണാട്ടിക്ക് സംഗീതം പഠിച്ചിട്ടുണ്ട്. രവീന്ദ്രൻ മാഷിന്റെ പാട്ടുകളിൽ കർണാട്ടിക് എലമെന്റ് കൂടുതൽ വരുന്നതുകൊണ്ടേയിരിക്കാം അദ്ദേഹത്തോട് ഒരു ഇഷ്ടക്കൂടുതൽ ഉണ്ടായിരുന്നത്. പിന്നീട് ഒരു സമയമായപ്പോൾ ഞാൻ ജോൺസൺ മാഷിന്റെ വലിയ ആരാധകനായി. തുടർന്ന് സംഗീതസംവിധായകരിൽ ഓരോരുത്തരെയും കുറിച്ചു പഠിച്ച് പഠിച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളത് ആരെ ആണെന്നു പറയാൻ പറ്റാത്ത സ്ഥിതിയായി. എങ്കിലും ഒരുപാട് പേരെ ഒരുപോലെ ഇഷ്ടമാണ്.
ആരാധിച്ചിരുന്ന ഗായകരെക്കൊണ്ട് പാട്ടുപാടിച്ച അനുഭവങ്ങൾ?
ഞാൻ റിയാലിറ്റി ഷോ വേദിയിലൂടെയാണ് സംഗീത രംഗത്തേക്കു വന്നത്. ആ ഷോയിൽ എം.ജി.ശ്രീകുമാര്‍ സർ വിധികർത്തായിരുന്നു. പിൽക്കാലത്ത് അദ്ദേഹത്തെയും സുജാത ചേച്ചിയെയും പാട്ടു പാടിച്ചുകൊണ്ടാണ് ഞാൻ സംഗീതസംവിധാനത്തിലേയ്ക്കുള്ള യാത്ര തുടങ്ങിയത്. ബാലഗായകൻ എന്ന നിലയിൽ വിജയ് യേശുദാസ് പാടിയ ‘പാദബലം തരണം’ എന്ന ഗാനമാണ് ഞാൻ ആദ്യമായി ഒരു വേദിയിൽ പാടിയത്. പിൽക്കാലത്ത് അദ്ദേഹത്തെക്കൊണ്ട് ജോസഫിലെ നാല് പാട്ടുകൾ പാടിക്കാനായി. അതിൽ വലിയ സന്തോഷം തോന്നി. ആ പാട്ടിലൂടെ അദ്ദേഹത്തിന് സംസ്ഥാന പുരസ്കാരവും കിട്ടി.
ഇനിയും ഗായകനായി തുടരുമെന്നു പ്രതീക്ഷിക്കാമോ?
ഞാൻ അതിനുവേണ്ടി ശ്രമിക്കില്ല. സംഗീതം ചെയ്യാൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടം. അതിനു വേണ്ടി സംഗീതത്തിൽ ഒരുപാട് പഠിക്കാനുണ്ട്. ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ട് അവസരങ്ങൾ തേടി നടക്കാൻ സമയമുണ്ടാകില്ല. പക്ഷേ എനിക്കു പാടാൻ സാധിക്കുന്ന പാട്ടുകൾ എന്നെത്തേടി വന്നാൽ പാടുമെന്നു നൂറുശതമാനം ഉറപ്പാണ്.
രഞ്ജിനിലെ ഗായകനോടുള്ള സഹപ്രവർത്തകരുടെ പ്രതികരണം?
നല്ല അഭിപ്രായമാണ് എല്ലാവരും പറഞ്ഞത്. ‘നമ്മുടെ പണി കളയുമോ’ എന്നൊക്കെ തമാശയായി ചോദിച്ചു. ഞാൻ പാടുന്നത് ഇഷ്ടപ്പെടുന്ന ഒരുപാടു സുഹൃത്തുക്കളുണ്ട്. ഞാൻ പാടാത്തതിന്റെ പരിഭവവും ദേഷ്യവും അവർ പ്രകടിപ്പിക്കാറുമുണ്ട്. എന്റെ പാട്ടിനെ അവർ ഒരുപാടു സ്നേഹിക്കുന്നു. അവർക്കു വേണ്ടി കൂടിയാണ് ഞാൻ ഈ പാട്ട് പാടിയത്. കേട്ടപ്പോൾ എല്ലാവർക്കും ഒരുപാട് സന്തോഷമായി, ‘നീ ഒന്നു പാടിക്കേട്ടല്ലോ, ഇനി എല്ലാ പടത്തിലും ഒരു പാട്ട് പാടിയേക്കണം’ എന്ന സ്നേഹശാസനയും തന്നു സുഹൃത്തുക്കൾ.
പുതിയ വർക്കുകൾ?
ഉടനെ പുറത്തിറങ്ങാൻ പോകുന്ന ചിത്രം ‘കർണ്ണൻ നെപ്പോളിയൻ ഭഗത് സിങ്’ ആണ്. പിന്നെ ടോവിനോ-സുരാജ് ടീമിന്റെ കാണെക്കാണെയും റിലീസിനു തയ്യാറെടുക്കുകയാണ്. സുരേഷ്‌ഗോപി സാറിന്റെ ‘കാവൽ’ എന്ന ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുകയാണിപ്പോൾ. ‘കഡാവർ’ എന്ന പേരിൽ അമല പോൾ അഭിനയിക്കുന്ന ഒരു തമിഴ് സിനിമയ്ക്കു വേണ്ടിയും സംഗീതമൊരുക്കുന്നുണ്ട്. കതിർ നായകനാകുന്ന മറ്റൊരു തമിഴ് ചിത്രവുമുണ്ട്. പിന്നെ മലയാളത്തിൽ ‘സ്റ്റാർ’ എന്നൊരു സിനിമയുടെയും വർക്കുകൾ പുരോഗമിക്കുന്നു.