‘അന്ന് എംബിഎസ് സർ പറഞ്ഞു, ആ പയ്യൻ നന്നായി വരും’
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാള ചലച്ചിത്ര സംഗീതസംവിധാനത്തിലെ ശബ്ദമാണ് എം.ജയചന്ദ്രൻ എന്നു പറയാം. ഇരുപത്തഞ്ചാമത്തെ വയസ്സിൽത്തന്നെ സ്വതന്ത്ര സംഗീതസംവിധായകനായ അദ്ദേഹം കാൽ നൂറ്റാണ്ടിലധികമായി
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാള ചലച്ചിത്ര സംഗീതസംവിധാനത്തിലെ ശബ്ദമാണ് എം.ജയചന്ദ്രൻ എന്നു പറയാം. ഇരുപത്തഞ്ചാമത്തെ വയസ്സിൽത്തന്നെ സ്വതന്ത്ര സംഗീതസംവിധായകനായ അദ്ദേഹം കാൽ നൂറ്റാണ്ടിലധികമായി
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാള ചലച്ചിത്ര സംഗീതസംവിധാനത്തിലെ ശബ്ദമാണ് എം.ജയചന്ദ്രൻ എന്നു പറയാം. ഇരുപത്തഞ്ചാമത്തെ വയസ്സിൽത്തന്നെ സ്വതന്ത്ര സംഗീതസംവിധായകനായ അദ്ദേഹം കാൽ നൂറ്റാണ്ടിലധികമായി
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാള ചലച്ചിത്ര സംഗീതസംവിധാനത്തിലെ ശബ്ദമാണ് എം.ജയചന്ദ്രൻ എന്നു പറയാം. ഇരുപത്തഞ്ചാമത്തെ വയസ്സിൽത്തന്നെ സ്വതന്ത്ര സംഗീതസംവിധായകനായ അദ്ദേഹം കാൽ നൂറ്റാണ്ടിലധികമായി മലയാള സിനിമാസംഗീതത്തിന്റെ അഭിമാനമാണ്. നൂറ്റിമുപ്പതിലേറെ സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങൾ ഇക്കാലത്തിനിടെ മലയാളത്തിനു ലഭിക്കുകയുണ്ടായി. രവീന്ദ്രനും ജോൺസനും ശേഷം ഇത്രയധികം ഹിറ്റുകളുണ്ടാക്കിയ മറ്റൊരു സംഗീതസംവിധായകനും മലയാളത്തിലില്ല. മാത്രമല്ല, 9 സംസ്ഥാന അവാർഡുകളും ഒരു ദേശീയ അവാർഡും ഉൾപ്പെടെ കേരളത്തിൽ ഇത്രയധികം അംഗീകാരമുദ്ര ലഭിച്ച മറ്റൊരു സംഗീതസംവിധായകനുമില്ല. അതും അദ്ദേഹത്തിന്റെ പേരിലുള്ള റെക്കോർഡാണ്.
∙വളരെ ചെറുപ്പത്തിൽത്തന്നെ സംഗീതസംവിധാനത്തിൽ ഒരു കാരണവരായി എന്നു തോന്നാറുണ്ടോ?
മലയാള സിനിമാസംഗീതത്തിൽ കാരണവരെന്നു പറഞ്ഞാൽ തീർച്ചയായും കെ.രാഘവൻ മാസ്റ്ററാണ്. അതേ രീതിയിൽത്തന്നെ കാണേണ്ടവരാണ് ദക്ഷിണാമൂർത്തി സ്വാമിയും ദേവരാജൻ മാസ്റ്ററും. അങ്ങനെയുള്ള വലിയ കാരണവൻമാർ കാണിച്ച വഴിയിലൂടെ നടക്കാൻ സാധിക്കുന്ന ഒരു സംഗീതവിദ്യാർഥി എന്ന നിലയിൽ ഞാൻ എന്നെ കാണാൻ ആഗ്രഹിക്കുന്നു.
∙അഞ്ചാമത്തെ വയസ്സിൽത്തന്നെ, മുല്ലമൂട് ഭാഗവതർ എന്നറിയപ്പെടുന്ന ആറ്റിങ്ങൽ ഹരിഹരയ്യരുടെ കീഴിൽ സംഗീതപഠനം തുടങ്ങി. പിന്നെ പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ കീഴിൽ പഠനം. പിന്നീടു 19 വർഷത്തോളം ബന്ധു കൂടിയായ നെയ്യാറ്റിൻകര മോഹനചന്ദ്രന്റെ വീട്ടിൽ ചെന്ന് അഭ്യസനം. സാധാരണ എല്ലാവരും ശാസ്ത്രീയസംഗീതത്തിൽ പഠനം തുടങ്ങിയാൽ ആ ലൈനിൽത്തന്നെ പോകുന്നവരാണ്. ഒരിനം സംഗീതത്തെ മാത്രം സ്നേഹിക്കുന്നവരാണ് സംഗീതപ്രേമികളിൽ ഒരുപാടു പേർ. അതല്ല, വളരെ ആകസ്മികമായാണെങ്കിൽത്തന്നെയും ഒരു പാശ്ചാത്യസംഗീത ഗുരുവിനെ കണ്ടുപിടിക്കുന്നു. അദ്ദേഹത്തിന്റെ കീഴിൽ ഒരുപാടു പഠിക്കുന്നു. അതു കഴിഞ്ഞ് ഓർഗൻ പഠിക്കുന്നു... മാസ്റ്റർലി അവസരങ്ങളിലേക്ക് എത്തിപ്പെടാവുന്നൊരു പശ്ചാത്തലമാണിതൊക്കെ. ഈ ഗുരുക്കൻമാർ എല്ലാവരും എം.ജയചന്ദ്രൻ എന്ന സംഗീതജ്ഞനിൽ, സംഗീതസംവിധായകനിൽ, ഗായകനിലൊക്കെ അടയാളപ്പെടുത്തിയ മുദ്രകൾ എന്തൊക്കെയാണ്?
അറിവ് എത്ര കിട്ടിയാലും മതിയാവാത്ത ഒന്നാണല്ലോ. അക്ഷയപാത്രം പോലെയാണ് സംഗീതം. പലപ്പോഴും കണ്ടിട്ടുള്ളത്, നമ്മൾ ഇവിടെനിന്ന് ഒരു ദ്വീപിലേക്കു ചെല്ലുന്നു. ലക്ഷ്യമെത്തി എന്നു നമ്മൾ കരുതും. പക്ഷേ, അവിടെനിന്നു നോക്കുമ്പോൾ അടുത്ത ദ്വീപ് കാണും. അനന്തമായി ദ്വീപുകൾ. ഇങ്ങനെ ദൂരേക്കു ദൂരേക്കു കിടക്കുന്ന എന്തോ ഒന്നാണു സംഗീതമെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഓരോ ഗുരുക്കൻമാരുടെ അടുത്തെത്തുമ്പോഴും നമ്മളൊരു ദ്വീപിൽ എത്തിയതുപോലെയാണ്. പക്ഷേ, അവിടെനിന്നു മുന്നോട്ടു നോക്കുമ്പോൾ വേറിട്ടൊരു കാഴ്ച അടുത്ത ദ്വീപിൽ കാണാം. അങ്ങനെ പലപല കാഴ്ചകൾ, മാനങ്ങൾ ഒക്കെ സംഗീതത്തിനുണ്ട്. ഈ സംഗീതത്തിനെ നമ്മൾ ജനുസ്സുകളെന്നോ വ്യത്യസ്തതകളെന്നോ ഇമോഷൻസ് എന്നോ സംഗീതഭാഷ്യങ്ങൾ എന്നോ ഒക്കെ വിളിക്കാം. അത്തരം ഭാഷ്യങ്ങളുടെ പിറകെ ഞാനിങ്ങനെ അലയുകയായിരുന്നു. അത്രയും ഉന്മേഷവും ഉന്മാദവും ഉണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു യാത്രയാണ് ഇന്നും. ഇപ്പോൾ നമ്മൾ തമ്മിൽ കാണുംമുൻപെയും ഞാൻ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. പഠനം എപ്പോൾ നിർത്തുന്നോ അവിടെ കലാകാരൻ തീരുന്നു എന്ന വിശ്വാസമാണ് എനിക്കുള്ളത്.
∙വീട്ടിലൊരു സംഗീതപശ്ചാത്തലം എന്നുമുണ്ടായിരുന്നു. അച്ഛൻ സൗഹൃദസദസ്സുകളിലൊക്കെ പാടുന്ന പാട്ട് എപ്പോഴും പറയാറുണ്ട്. ‘ഇന്നലെ നീയൊരു സുന്ദരരാഗമായ്...’ എന്ന ഗാനം അച്ഛനും അമ്മയുംകൂടി പാടാറുണ്ടായിരുന്നു. അതുപോലെ, ‘ഹർഷബാഷ്പം തൂകി...’ എന്ന ഗാനം ‘ഇന്ദുമുഖി...’യിലാണ് അച്ഛൻ എപ്പോഴും തുടങ്ങാറുള്ളത് എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ചേട്ടനാണെങ്കിൽ ഉപകരണസംഗീതത്തിലാണു മിടുക്കൻ. വീട്ടിലെ ഈ അന്തരീക്ഷം തീർച്ചയായും നമ്മളിൽ പാട്ടു നിറയ്ക്കും, സംശയമില്ല. പക്ഷേ, ഇതു സ്വാംശീകരിക്കാൻ ഒരു താൽപര്യവും അഭിനിവേശവുമൊക്കെ ഉണ്ടാകണമല്ലോ. എന്താണ് അതിനു പ്രേരിപ്പിച്ചിട്ടുണ്ടാകാവുന്ന പ്രധാന ഘടകം?
അച്ഛനാണ് മുഖ്യ പ്രേരകശക്തി. അതിന്റെ കൂടെ അമ്മയും ചേർന്നു. അച്ഛനു ശാസ്ത്രീയസംഗീതത്തോടും അമ്മയ്ക്കും ലളിതസംഗീതത്തോടും ആഭിമുഖ്യം കൂടുതലായിരുന്നു. എന്റെ ചെറുപ്പത്തിൽ വീട്ടിൽ പഴയ എൽപി റെക്കോർഡ് എപ്പോഴും വയ്ക്കും. ചെമ്പൈ വൈദ്യനാഥ ഭാഗവതർ പാടിയ ‘വാതാപി ഗണപതിം ഭജേ...’ എപ്പോഴും പ്ലേ ചെയ്യുമായിരുന്നു. എനിക്കു മൂന്നോ നാലോ വയസ്സുള്ളപ്പോൾ ഞാൻ തന്നെ ‘വാതാപി...’ എന്നു പാടാൻ തുടങ്ങിയെന്നാണ് അച്ഛൻ പറഞ്ഞുകേട്ടിട്ടുള്ളത്. എനിക്ക് അതിനെക്കുറിച്ച് ഓർമയില്ല. അങ്ങനെയാണ് എന്നെ ശാസ്ത്രീയസംഗീതം പഠിപ്പിക്കണമെന്ന് അച്ഛൻ ആഗ്രഹിക്കുന്നത്. അച്ഛനു കുട്ടിക്കാലത്ത് അങ്ങനെയൊക്കെ പഠിക്കണമെന്നും പ്രഫഷനൽ അല്ലെങ്കിൽ സംഗീതജ്ഞനാകണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അന്നത്തെക്കാലത്ത് അദ്ദേഹത്തിന് അതു സാധിച്ചില്ല. രണ്ടു മക്കളിലൂടെ ആ ആഗ്രഹം സഫലീകരിക്കാനാണ് അച്ഛൻ ശ്രമിച്ചത്. ആ രീതിയിലാണ് ചേട്ടൻ ഉപകരണസംഗീതത്തിലേക്കും ഞാൻ വായ്പാട്ടിലേക്കും വന്നത്. മൃദംഗത്തിലും ഘടത്തിലുമൊക്കെയാണ് ചേട്ടനു കൂടുതൽ പ്രാവീണ്യം.
ഒരിക്കൽ ഒരു അഭിമുഖത്തിൽ അച്ഛൻ പറഞ്ഞു: ‘ഇവനെ ശാസ്ത്രീയസംഗീതത്തിലാണ് നമ്മൾ കൊണ്ടുപോയിക്കൊണ്ടിരുന്നത്. അതൊരു കരയ്ക്കടുക്കും എന്നു വിചാരിച്ചപ്പോഴാണ് ഇവൻ തെന്നിമാറി സിനിമയിലേക്കു പോയത്’.
∙പക്ഷേ, അച്ഛൻ ആഗ്രഹിച്ചിരുന്ന തരത്തിൽ വേറൊരു ലൈനിൽ വന്നു, ഇലക്ട്രിക്കൽ എൻജിനീയറായി. അതും അച്ഛന് ആഗ്രഹമുണ്ടായിരുന്നൊരു മേഖലയായിരുന്നല്ലോ. ഒരുപക്ഷേ, ഒരു തലമുറ മുൻപേയുള്ളവരൊക്കെ സംഗീതത്തോടുള്ള അഭിനിവേശം വരുമ്പോൾ സംഗീതത്തിന്റെ വഴിയിൽ മാത്രം പോകുന്നവരായിരുന്നു. പക്ഷേ, അച്ഛന്റെയൊരു ശിക്ഷണംകൊണ്ടായിരിക്കും പഠനത്തിൽ വളരെ സോളിഡായൊരു അടിത്തറയുണ്ടാകണമെന്നു തീരുമാനിക്കുകയും തിരുവനന്തപുരം എൻജിനീയറിങ് കോളജിൽത്തന്നെ പഠിക്കാൻ പറ്റുകയും ചെയ്തു. പക്ഷേ, ആ സമയത്തും കലയായിരുന്നു പ്രധാനമെന്നു തോന്നുന്നു.
തീർച്ചയായും. ഞാൻ സോളിഡാണെന്നു പറയാൻ പറ്റില്ല. ചിലപ്പോഴൊക്കെ ലിക്വിഡ് സ്റ്റേറ്റിലാവുകയും ചിലപ്പോൾ ഗ്യാസ് പോലെ പോവുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ, എന്നാലും അത് അവസാനം ഫലത്തിൽ സോളിഡായി മാറിയെന്നു പറയാൻ പറ്റും.
∙എൻജിനീയറിങ് പഠനവും സംഗീതപഠനവും അല്ലെങ്കിൽ എൻജിനീയറിങ് താൽപര്യവും സംഗീതതാൽപര്യവും തമ്മിൽ ശ്രുതിച്ചേർച്ചയും ശ്രുതിഭംഗവും പലപ്പോഴും ഉണ്ടായിട്ടുണ്ടാവും. പഠിക്കേണ്ടത് ഒരു നിർബന്ധമായിരിക്കുകയും സംഗീതത്തോടുള്ള താൽപര്യം ഒരു വശത്തു കിടക്കുകയും ചെയ്യുമ്പോൾ, ഇതു രണ്ടും തമ്മിലുള്ള മിക്സിങ് എങ്ങനെയായിരുന്നു. ഒരു പാട്ട് മിക്സ് ചെയ്യുന്നതുപോലെ ഇതെങ്ങനെയാണു ജീവിതത്തിലേക്കു മിക്സ് ചെയ്തിരുന്നത്?
കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലാണ് ആദ്യത്തെ മൂന്നു വർഷം ഞാൻ പഠിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചില ഇടങ്ങളുണ്ട്. അതിലൊന്ന് ആ ഇടമായിരുന്നു. എൻജിനീയറിങ് ഒരു വശത്ത്. അതിന് 180 ഡിഗ്രി മറുഭാഗത്തു സംഗീതം. ഇതു രണ്ടും രണ്ടു ദിശയിലാണു പോകുന്നത്. ഇതു തമ്മിലൊരു താരതമ്യമോ യോജിക്കുന്ന ബിന്ദുവോ എനിക്കു കണ്ടെത്താൻ പറ്റുന്നില്ലായിരുന്നു. എൻജിനീയറിങ്ങിൽ കൂടുതൽ ശ്രദ്ധിച്ചാൽ സംഗീതം നഷ്ടപ്പെടും. സംഗീതത്തിൽ കൂടുതൽ ശ്രദ്ധിച്ചാൽ എൻജിനീയറിങ് നഷ്ടപ്പെടും. രണ്ടും നഷ്ടപ്പെടാതെ സമാന്തരമായി കൊണ്ടുപോകുന്നതൊരു ഭഗീരഥപ്രയത്നമായിരുന്നു.
സ്വാഭാവികമായി എനിക്കു സംഗീതത്തിനോടു കൂടുതൽ ചായ്‌വായതിനാൽ എൻജിനീയറിങ്ങിനെ മാറ്റിനിർത്താൻ തുടങ്ങി. പഠനത്തെ അതു വല്ലാതെ ബാധിച്ചു. ഒരു ഘട്ടത്തിൽ പരീക്ഷകൾ എഴുതാൻ പോകാത്ത രീതിയിലേക്കു വരെയെത്തി. പരീക്ഷയുടെ ദിവസങ്ങളിലൊക്കെ ഗാനമേളയോ പാട്ടിന്റെ റിഹേഴ്സലോ റെക്കോർഡിങ്ങുകൾ കാണാൻ പോവുകയോ ഒക്കെ ആയിരിക്കും. തരംഗിണി സ്റ്റുഡിയോയുടെ പുറത്തൊക്കെ പോയി നിൽക്കും. അകത്തു കടക്കാൻ അനുവാദമില്ല. പലപ്പോഴും യേശുദാസ് സാറിനെ ദൂരെനിന്നു കണ്ടിട്ടു പോന്നിട്ടുണ്ട്. ഒരു ദിവസം രാവിലെ മുതൽ ഉച്ചവരെ അവിടെ കാത്തുനിന്നു. ദാസ് സാർ കാറിലേക്കു കയറുമ്പോൾ എന്നെ കണ്ടു. ‘എന്താ മോനേ?’ എന്നു ചോദിച്ചു. ആദ്യം അടുത്തുകാണുകയും മിണ്ടുകയും ചെയ്യുന്നതിലെ ഞെട്ടലിൽ ഞാൻ സ്തബ്ധനായിപ്പോയി. ഇങ്ങനെ നോക്കിനിന്നതല്ലാതെ എനിക്ക് ഒന്നും മറുപടി പറയാൻ കഴിഞ്ഞില്ല. അദ്ദേഹം ആ എസി കാറിലേക്കു കയറി ചില്ലൊക്കെ കയറ്റി പോവുകയും ചെയ്തു. അന്ന് എസി കാറൊക്കെ വളരെ കുറവാണ്. ഒരു വാക്കുപോലും അദ്ദേഹത്തോടു പറയാൻ പറ്റിയില്ലല്ലോ എന്ന് അന്നു വലിയ സങ്കടമായിരുന്നു. ‘എന്റെ പാട്ടൊന്നു കേൾപ്പിക്കട്ടെ’ എന്നു പറയാൻപോലും സാധിച്ചില്ല.
തിരിഞ്ഞുനോക്കുമ്പോൾ ആ കാലഘട്ടമാണ് എന്നെ രൂപപ്പെടുത്തിയത്. കഠിനകാലത്തിലൂടെ നമ്മൾ എങ്ങനെ കടന്നുപോകുന്നു എന്നതനുസരിച്ചാണ് ജീവിതത്തിലെ നേട്ടങ്ങളെല്ലാം. നേട്ടവും കോട്ടവും അതാണു തീരുമാനിക്കുന്നത്. ആ സമയത്തെ എനിക്ക് അതിജീവിക്കാൻ സാധിച്ചു എന്നത് വിജയത്തിലേക്കുള്ള ആദ്യ പടവായിരുന്നു.
∙യേശുദാസിനെ സിനിമയിൽ ആദ്യം പാടിച്ച എം.ബി.ശ്രീനിവാസനാണ് ജയേട്ടന്റെ സംഗീതജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാക്കിയ വ്യക്തി. പ്രീഡിഗ്രി കാലത്തുതന്നെ എംബിഎസിനെ കണ്ടുമുട്ടി. യൂണിവേഴ്സിറ്റി ക്വയറിൽ പാടിക്കാൻ വന്ന എംബിഎസിനെ പരിചയപ്പെടുകയും പിന്നീട് എംബിഎസിന്റെ സ്വന്തം ക്വയറിൽ വളരെ സജീവ അംഗമാവുകയും ചെയ്തു. ദീർഘകാലം അദ്ദേഹവുമായി ഇടപെട്ടു. ഒരുപക്ഷേ, ആ ക്വയറിൽ പാടിയ ഒരുപാടു പേരിൽ ഇത്രയധികം അദ്ദേഹവുമായി അടുത്ത വേറൊരാൾ ഉണ്ടാവില്ല. അദ്ദേഹത്തിലൂടെ ഒരു സംഗീതവഴി എങ്ങനെയാണു വന്നത്? അദ്ദേഹത്തിനെ ഇത്രയധികം മനസ്സിലേക്ക് എടുക്കാൻ കാരണമെന്താണ്?
അതിനു നേരേ മറുവശമായൊരു കാര്യം പറയാം. ഈ അടുത്തിടെയാണു ഞാൻ അതിനെക്കുറിച്ചു മനസ്സിലാക്കുന്നത്. എംബിഎസ് സാറിന്റെ ഏറ്റവും അരുമയായ ശിഷ്യനും സന്തതസഹചാരിയുമാണ് രാമചന്ദ്രൻ സാർ. കുറച്ചു നാൾ മുൻപു കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: അന്നു കേരള സർവകലാശാല ക്വയർ പഠിപ്പിച്ചശേഷം എംബിഎസ് സാർ മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ ക്വയർ പഠിപ്പിക്കാനാണു പോയത്. രാമചന്ദ്രൻ സാർ എംബിഎസ് സാറിനോടു ചോദിച്ചു–കേരള യൂണിവേഴ്സിറ്റിയിലെ ക്വയർ എങ്ങനെയുണ്ടായിരുന്നു? എംബിഎസ് പറഞ്ഞു–അവിടെ ജയചന്ദ്രൻ എന്നൊരു പയ്യനുണ്ടായിരുന്നു. ആ പയ്യൻ നന്നായിട്ടു വരും!
എനിക്കു സാർ തുറന്നുതന്നത് ഒരു മൂന്നാംകണ്ണായിരുന്നു. അതുവരെ ക്ലാസിക്കൽ മ്യൂസിക്കിനെക്കുറിച്ചു മാത്രമായിരുന്നു എന്റെയൊരു ധാരണ. അതിൽ മാത്രം നിൽക്കുക എന്നൊരു നിലപാടായിരുന്നു; പ്രത്യേകിച്ചും അച്ഛന് അത് ഇഷ്ടമായിരുന്നതിനാൽ. പക്ഷേ, അങ്ങനെയല്ല. വെസ്റ്റേൺ ഹാർമണി എന്നൊരു ജനുസ്സിലെ സംഗീതമുണ്ടെന്നു തിരിച്ചറിയിച്ചതും അതിനെക്കുറിച്ചൊരു ബോധം ഉണ്ടാക്കിത്തന്നതും എംബിഎസ് സാറാണ്. അതു പഠിക്കാൻ കഠിനമായ ആഗ്രഹമുണ്ടായി. അവിടെനിന്നാണു മ്യൂസിക് കോംപസീഷനിലേക്ക് പോകാൻ വഴിയൊരുങ്ങിയത്. സാർ വരച്ചുകാണിച്ച ഒരുപാടു ഹാർമണികളും മെലഡികളുമൊക്കെയുള്ള കൂട്ടിലായിപ്പോയി ഞാൻ. ആ കൂട്ടിൽനിന്ന് എനിക്കു രക്ഷപ്പെടാൻ ജീവിതത്തിൽ ഇതുവരെയും പറ്റിയിട്ടില്ല.
∙എംബിഎസ് സാറിനെ തേടിപ്പോയതിലേറെ അദ്ദേഹം തിരിച്ചു സ്പോട്ട് ചെയ്തു എന്നു പറയാം, അല്ലേ...?
സ്പോട്ട് ചെയ്തു എന്നു മാത്രമല്ല, ഞാൻ പോയതു ക്വയറിൽ പാടാനാണെങ്കിലും അതിനപ്പുറം എന്താണ് ഒരു കോംപസീഷൻ എന്നും അതിന്റെ മാനങ്ങൾ എന്താണെന്നും സാർ എനിക്കു പറയാതെ പറഞ്ഞുതന്നതായാണ് എനിക്കു തോന്നാറുള്ളത്.
∙അതുപോലെതന്നെയാണ് ദേവരാജൻ മാഷെ തേടിപ്പോയതും. ആരിഫ് എന്നൊരു സുഹൃത്താണല്ലോ ആദ്യം നിർബന്ധിച്ച് അദ്ദേഹത്തിന്റെ അടുത്തു കൊണ്ടുപോകുന്നത്? ദേവരാജൻ മാഷ് സ്വാഭാവികമായി ആദ്യമൊന്നും അടുപ്പിക്കുന്നില്ല. രണ്ടുമൂന്നു തവണ കഴിഞ്ഞ് അദ്ദേഹത്തിന്റെയടുത്തു ചെല്ലുമ്പോൾ അദ്ദേഹം പാടാൻ പറയുന്നു. വൃന്ദാവനസാരംഗ രാഗത്തിൽ മുത്തുസ്വാമി ദീക്ഷിതരുടെ ഒരു കൃതി പാടുന്നു. ആ ഒരു പാട്ടിൽ മാഷെ വീഴ്ത്തി അല്ലേ?
‘സൗന്ദരരാജം ആശ്രയേ...’ എന്നൊരു കൃതിയായിരുന്നു അത്. അതു കേട്ടപ്പോൾ മാസ്റ്റർക്കു സന്തോഷമായി. പക്ഷേ, അതു വെളിയിൽ കാണാൻ പറ്റില്ല. ശിഷ്യൻ പൂജ്യത്തിൽനിന്നു തുടങ്ങണമെന്നാണ് മാസ്റ്ററുടെ തിയറിയും അദ്ദേഹം പ്രാക്ടീസ് ചെയ്യുന്നതും. എൺപതിൽനിന്നോ മുപ്പതിൽനിന്നോ തുടങ്ങിയാൽ ശരിയാവില്ല. അയാളെ പൂജ്യമാക്കുക. പലരോടും അദ്ദേഹം പറയാറുള്ളത്, ‘ആ ഇനി നീട്ട് പാട്ട് പറ’ എന്നാണ്. പാട്ടിലേക്ക് എത്തിയിട്ടില്ലെന്നാണ് അതിന്റെ അർഥം. എന്നോടും ആദ്യമൊക്കെ പറഞ്ഞിരുന്നത് അങ്ങനെതന്നെയാണ്. ആ സമയത്ത് എനിക്കതൊരു ബുദ്ധിമുട്ടായിത്തോന്നി. പക്ഷേ, പിൽക്കാലത്ത് ഞാനും ഒരു ഗുരുനാഥന്റെ സ്ഥാനത്തുനിന്ന് പല പുതിയ ആളുകൾക്കും സംഗീതം പറഞ്ഞുകൊടുക്കുമ്പോൾ എനിക്കു മനസ്സിലായി, മാസ്റ്റർ ഉദ്ദേശിച്ചത് എന്താണെന്ന്. അതൊരു നല്ല വഴിയാണെന്നും തിരിച്ചറിഞ്ഞു.
∙വഴികൾ അത്ര സുഗമമൊന്നുമായിരുന്നില്ല എന്നത് പിറകിലേക്കു തിരിഞ്ഞുനോക്കുമ്പോൾ കാണാം. 1987 മുതൽ ’90 വരെ തുടർച്ചയായി കേരള സർവകലാശാലയിൽ ശാസ്ത്രീയസംഗീതത്തിൽ ഒന്നാം സ്ഥാനം ലഭിച്ചയാൾക്ക്, അക്കാലത്തു സ്വാഭാവികമായി സിനിമയിലേക്കു വഴിയൊരുങ്ങാവുന്ന കാര്യമാണത്. പാടണമെന്നു വലിയ അഭിനിവേശത്തോടെ നടക്കുന്ന കാലത്ത് ഒരു സിനിമയിൽ പാടിക്കാമെന്നു പറഞ്ഞ് അവസരം തന്ന സംഗീതസംവിധായകൻ പിറ്റേന്നു മുഴുവൻ അവിടെ നിർത്തിയെങ്കിലും ഒരു വരി പാട്ടു പാടിച്ച് പറഞ്ഞുവിടുകയായിരുന്നല്ലോ. അന്ന് റെക്കോർഡിങ് കേൾക്കാൻ പെരുമ്പാവൂർ സാറിനെ ഉൾപ്പെടെ സ്റ്റുഡിയോയിലേക്കു വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. അന്നു തകർന്നുപോയിരുന്നെങ്കിൽ എം.ജയചന്ദ്രൻ എൻജിനീയറിങ്ങിലേക്കു തിരിച്ചുപോകുമായിരുന്നോ?
എൻജിനീയറിങ്ങിലേക്കു തിരിച്ചുപോകണമെന്ന ചിന്ത പലപ്പോഴും വന്നിട്ടുണ്ട്. ‘കോലക്കുഴൽ വിളി...’ എന്ന പാട്ട് ചെയ്യാൻ വീട്ടിൽനിന്നിറങ്ങുമ്പോൾപോലും ഭാര്യ പ്രിയയോടു ഞാനതു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഈ നിവേദ്യം, ഒരു സംഗീതനിവേദ്യമായി ഭഗവാൻ സ്വീകരിക്കുകയാണെങ്കിൽ നമുക്കു നിൽക്കാം. ഇവിടെ നിൽക്കണോ പോകണോ എന്നൊരു ചോദ്യമുണ്ട്. ഇവിടെ നിൽക്കാൻ പറ്റില്ല, പോകാം എന്നുമാകാം. പല ഘട്ടങ്ങളിലും അങ്ങനെ തോന്നിയിട്ടുണ്ട്. ഒരു കലാകാരന്റെ ജീവിതത്തിൽ ഇങ്ങനെ പലപ്പോഴും വ്യാകുലതകളും പ്രശ്നങ്ങളുമൊക്കെ വന്നുതീരും. ചിലപ്പോൾ അതിൽനിന്നായിരിക്കും അയാളുടെ അടുത്ത കോംപസീഷനിലേക്കു വഴിയൊരുങ്ങുന്നതും.
∙സിനിമയുടെ അനിശ്ചിതത്വമാണോ അങ്ങനെ ചിന്തിപ്പിച്ചത്? അല്ലെങ്കിൽ അവിടെനിന്നുണ്ടായ അവഗണനകളോ ദുരനുഭവങ്ങളോ ആണോ...?
സിനിമയിൽ എപ്പോഴും നിൽക്കുന്നവർക്കാണു വില. നിന്നവർക്കു വിലയില്ല. നിൽക്കാൻ പോകുന്നവർ ആരാണെന്നു മുൻകൂട്ടി അറിയാനും കഴിയില്ല. എല്ലാക്കാലത്തും നിൽക്കണം, എനിക്കുശേഷം പ്രളയം എന്നൊന്നും വിചാരിച്ചിട്ട് ഒരു കാര്യവുമില്ല. കാരണം, സിനിമയ്ക്ക് ആരും അത്യന്താപേക്ഷിതമല്ല. സിനിമ നടന്നുകൊണ്ടിരിക്കും. ഇതൊക്കെ നമ്മുടെ ആവശ്യമാണ് എന്നു മനസ്സിലാക്കുന്നിടത്തു സിനിമയെക്കുറിച്ചു പഠനം തുടങ്ങി എന്നു പറയാം.
(തുടരും)
ഈ അഭിമുഖത്തിന്റെ പൂർണരൂപം മനോരമ മ്യൂസിക്കിന്റെ യുട്യൂബ് പേജിലൂടെ വിഡിയോയിൽ കാണാൻ ഇതോടൊപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. https://www.youtube.com/watch?v=PGvFD-Y4EhQ