‘നഗുമോ’ നാം കേട്ടത് ‘ഹൃദയ’ത്തിന്റെ സംവിധാന സഹായിയുടെ ശബ്ദത്തിൽ: അരവിന്ദ് വേണുഗോപാൽ അഭിമുഖം
ഹൃദയം റിലീസ് ആയപ്പോൾ, അതുവരെ കേട്ട 'ദർശനെ'യും 'ഉണക്കമുന്തിരി'യേയും മാറ്റി വച്ച് പ്രേക്ഷകർ കേൾക്കാൻ തുടങ്ങിയത് ആഭേരി രാഗത്തിൽ ചിട്ടപ്പെടുത്തിയ 'നഗുമോ' എന്ന കീർത്തനമായിരുന്നു. യുവഗായകൻ അരവിന്ദ് വേണുഗോപാലിന്റെ ശബ്ദത്തിൽ ഈ ഗാനം തിയറ്ററിൽ നിറഞ്ഞപ്പോൾ പ്രേക്ഷകർ അനുഭവിച്ച ഫീൽ തന്നെയാണ് ആ പാട്ടു
ഹൃദയം റിലീസ് ആയപ്പോൾ, അതുവരെ കേട്ട 'ദർശനെ'യും 'ഉണക്കമുന്തിരി'യേയും മാറ്റി വച്ച് പ്രേക്ഷകർ കേൾക്കാൻ തുടങ്ങിയത് ആഭേരി രാഗത്തിൽ ചിട്ടപ്പെടുത്തിയ 'നഗുമോ' എന്ന കീർത്തനമായിരുന്നു. യുവഗായകൻ അരവിന്ദ് വേണുഗോപാലിന്റെ ശബ്ദത്തിൽ ഈ ഗാനം തിയറ്ററിൽ നിറഞ്ഞപ്പോൾ പ്രേക്ഷകർ അനുഭവിച്ച ഫീൽ തന്നെയാണ് ആ പാട്ടു
ഹൃദയം റിലീസ് ആയപ്പോൾ, അതുവരെ കേട്ട 'ദർശനെ'യും 'ഉണക്കമുന്തിരി'യേയും മാറ്റി വച്ച് പ്രേക്ഷകർ കേൾക്കാൻ തുടങ്ങിയത് ആഭേരി രാഗത്തിൽ ചിട്ടപ്പെടുത്തിയ 'നഗുമോ' എന്ന കീർത്തനമായിരുന്നു. യുവഗായകൻ അരവിന്ദ് വേണുഗോപാലിന്റെ ശബ്ദത്തിൽ ഈ ഗാനം തിയറ്ററിൽ നിറഞ്ഞപ്പോൾ പ്രേക്ഷകർ അനുഭവിച്ച ഫീൽ തന്നെയാണ് ആ പാട്ടു
ഹൃദയം റിലീസ് ആയപ്പോൾ, അതുവരെ കേട്ട 'ദർശനെ'യും 'ഉണക്കമുന്തിരി'യേയും മാറ്റി വച്ച് പ്രേക്ഷകർ കേൾക്കാൻ തുടങ്ങിയത് ആഭേരി രാഗത്തിൽ ചിട്ടപ്പെടുത്തിയ 'നഗുമോ' എന്ന കീർത്തനമായിരുന്നു. യുവഗായകൻ അരവിന്ദ് വേണുഗോപാലിന്റെ ശബ്ദത്തിൽ ഈ ഗാനം തിയറ്ററിൽ നിറഞ്ഞപ്പോൾ പ്രേക്ഷകർ അനുഭവിച്ച ഫീൽ തന്നെയാണ് ആ പാട്ടു തിരഞ്ഞുപോകാൻ പലരെയും പ്രേരിപ്പിച്ചത്. ആവർത്തിച്ചു കേൾക്കാൻ തോന്നിപ്പിക്കുന്ന ഒരു വശ്യതയുണ്ട് ആ ശബ്ദത്തിനും ആ പാട്ടിനുമെന്ന് പ്രേക്ഷകർ പറയും. കോളർ ട്യൂണും സ്റ്റാറ്റസുകളുമൊക്കെയായി 'നഗുമോ' ആഘോഷിക്കപ്പെടുമ്പോൾ പ്രശസ്ത പിന്നണിഗായകൻ ജി.വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദും ഏറെ സന്തോഷത്തിലാണ്. ഹൃദയത്തിൽ സംവിധാന സഹായിയായി കേറുമ്പോൾ അരവിന്ദ് ഓർത്തില്ല, തന്റെ കരിയറിലെ മനോഹരമായ ഒരു ഗാനവും ഈ ചിത്രത്തിലൂടെ സംഭവിക്കുമെന്ന്! ഹൃദയം നൽകിയ സർപ്രൈസുകളെക്കുറിച്ചും കരിയർ സ്വപ്നങ്ങളെക്കുറിച്ചും മനസു തുറന്ന് അരവിന്ദ് വേണുഗോപാൽ മനോരമ ഓൺലൈനിൽ.
സിനിമയിലെ 10 വർഷങ്ങൾ
ഞാനിപ്പോൾ കരിയർ തുടങ്ങിയിട്ട് 10 വർഷമായി. 2011ലാണ് ഞാനാദ്യമായി സിനിമയിൽ പാടുന്നത്. ജയരാജ് സർ സംവിധാനം ചെയ്ത, മമ്മൂട്ടി സർ അഭിനയിച്ച 'ദ് ട്രെയിൻ' എന്ന ചിത്രമായിരുന്നു അത്. പിന്നീട് അഞ്ജലി മേനോന് ഒപ്പം 'കൂടെ'യിൽ സംവിധാന സഹായി ആയി. ഈ പത്തു വർഷത്തിനിടയിൽ പല സിനിമയിലും പിന്നണി പാടിയിട്ടുണ്ട്. ഏതു ജോലി ചെയ്താലും അതിൽ നൂറു ശതമാനം പ്രയത്നവും ആത്മാർത്ഥതയും ഞാൻ ഉറപ്പു വരുത്താറുണ്ട്. ചിലത് ക്ലിക്ക് ആകും. ചിലത് വർക്ക് ആകില്ല. തിയറ്ററിൽ ഹൃദയം എന്ന സിനിമ വർക്ക് ആകുമെന്ന് അറിയാമായിരുന്നു. പക്ഷേ, ഇത്രയധികം സ്വീകരിക്കപ്പെടുമ്പോഴുള്ള സന്തോഷം ചെറുതല്ല. ഈയൊരു പ്രൊജക്ട് ക്ലിക്ക് ആയപ്പോൾ എന്റെ ഇതുവരെയുള്ള വർക്കുകളും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ ആളുകൾ അതിനെക്കുറിച്ചൊക്കെ സംസാരിക്കുന്നതു കേൾക്കുമ്പോൾ സന്തോഷമുണ്ട്.
'കണക്ട്' ഉണ്ടാക്കിയ പാട്ട്
ഞാൻ പാടിയ 'മഴ പാടും' എന്ന പാട്ടാണ് ഇതിനു മുമ്പ് പ്രേക്ഷകർ ഏറ്റെടുത്ത ഗാനം. 'സൺഡേ ഹോളിഡേ' ഇറങ്ങിയ സമയത്ത് ഞാൻ സോഷ്യൽ മീഡിയയിൽ അധികം ആക്ടീവ് ഒന്നും അല്ലായിരുന്നു. അതുകൊണ്ട്, ആളുകൾ എന്താണ് വിചിരിക്കുന്നത് എന്ന് അറിയാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ രണ്ടര വർഷമായി ഞാൻ സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്. ഇപ്പോൾ എല്ലാ ദിവസവും മിനിമം ഇരുപതോ മുപ്പതോ ടാഗ് വരുന്നുണ്ട്. നഗുമോ എന്ന ഗാനം പലരുടെയും സ്റ്റാറ്റസുകളിൽ കാണാം. പൊതുവെ കർണാടിക് സംഗീതം അതിന്റെ ചിട്ടകളോടെ പിന്തുടരുന്നവർക്ക് ഒരു പക്ഷേ, ഈ പാട്ട് ഇഷ്ടപ്പെടണമെന്നില്ല. ലളിതമായ ഒരു വേർഷനാണ് സിനിമയിൽ ഉപയോഗിച്ചത്. സിനിമ കണ്ടവർക്കൊക്കെ ആ പാട്ടിനോട് ഒരു ഇമോഷണൽ കണക്ട് ഫീൽ ചെയ്യുന്നുണ്ട്. പാട്ട് ആ സിനിമയേയും സിനിമയിലെ ദൃശ്യങ്ങൾ പാട്ടിനെയും സപ്പോർട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് സിനിമയ്ക്കും ഈ പാട്ട് വളരെ ഗുണകരമാകുന്നുണ്ട്.
സംവിധാന സഹായിയായി ഹൃദയത്തിലേക്ക്
2019 ഡിസംബർ ആദ്യത്തെ ആഴ്ച വിനീതേട്ടൻ ഹൃദയത്തെക്കുറിച്ച് ഒരു കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതു കണ്ട ഉടനെയാണ് ഞാൻ വിനീതേട്ടനെ വിളിക്കുന്നത്. കുറെ ശ്രമിച്ചിട്ടും ഫോണിൽ കിട്ടിയില്ല. പിന്നെ, മെസജ് അയച്ചു. പിന്നീട് ഹൃദയത്തിന്റെ സഹനിർമാതാവായ നോബിളിനെ നേരിൽ കണ്ടു. സിനിമയുടെ അണിയറപ്രവർത്തകരെയൊക്കെ തീരുമാനിച്ചു വരുന്നേയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. സഹസംവിധായകരെയൊക്കെ തീരുമാനിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം വിനീതേട്ടനെ കണ്ടു സംസാരിച്ചപ്പോൾ അദ്ദേഹം ഓകെ ആയി. ഞാൻ ഇതിനു മുമ്പ് കൂടെ എന്ന സിനിമയിൽ അസിസ്റ്റ് ചെയ്തിരുന്നു. ആ കാര്യങ്ങൾ പറഞ്ഞപ്പോൾ മിനിമം ചെയ്യേണ്ട ജോലിയെക്കുറിച്ച് എനിക്ക് ഒരു അറിവുണ്ടെന്ന് വിനീതേട്ടന് മനസിലായി. അങ്ങനെ ഞാൻ ഹൃദയത്തിന്റെ ഭാഗമായി.
സർപ്രൈസായി വന്ന 'നഗുമോ'
2020 ജനുവരിയിലാണ് ഹൃദയത്തിന്റെ ഷൂട്ട് തുടങ്ങിയത്. ഒരു ഷെഡ്യൂളിൽ തന്നെ തീർക്കാനായിരുന്നു ആഗ്രഹിച്ചത്. പക്ഷേ, മാർച്ചിൽ കോവിഡ് ലോക്ഡൗൺ വന്നു. വീണ്ടും 2021 ജനുവരിയിൽ ഷൂട്ട് ആരംഭിച്ചു. ആ ഇടവേളയിലാണ് ആറു പാട്ടുകൾ കൂടി സിനിമയിൽ കേറി വന്നത്. അതുവരെ 9 പാട്ടുകളെ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ. സംഭാഷണങ്ങളായി വരുന്ന കുറെ ഭാഗങ്ങൾ പാട്ടുകളായി ട്രീറ്റ് ചെയ്താൽ സിനിമയ്ക്കൊരു ഒഴുക്കുണ്ടാകുമെന്ന് വിനീതേട്ടന് തോന്നി. അങ്ങനെയാണ് 'നഗുമോ' എന്ന പാട്ട് സിനിമയിൽ വരുന്നത്. ആ സമയത്ത് ഞാൻ കുറച്ചു കവർ സോങ്ങുകൾ ചെയ്തിരുന്നു. അതിലൊരു പാട്ട് കേട്ടിട്ടാണ് എന്റെ ശബ്ദം സിനിമയിൽ ഉപയോഗിക്കാമെന്ന് വിനീതേട്ടൻ പറയുന്നത്. അങ്ങനെ കുറെ യാദൃച്ഛികതകൾ ഈ സിനിമയിൽ സംഭവിച്ചിട്ടുണ്ട്.
സെറ്റിലെ പാട്ടുകാർ
സെറ്റിൽ നിരവധി ഗായകരും സംഗീതോപകരണങ്ങൾ വായിക്കുന്നവരും ഉണ്ടായിരുന്നു. പ്രണവ് ഗിറ്റാർ വായിക്കും. വേറെയും ചിലർ ഗിറ്റാർ വായിക്കുന്നവരുണ്ട്. അവർ അത് പ്ലേ ചെയ്യും. പാടാൻ അറിയുന്നവർ പാടും. ദർശന അത്യാവശ്യം നന്നായി പാടുന്ന വ്യക്തിയാണ്. പിന്നെ, സെൽവായി അഭിനയിച്ച കലേഷ് രാമാന്ദ്... അങ്ങനെ നിരവധി പേർ. പ്രണവ് കൂടുതലും ഇംഗ്ലിഷ് ഗാനങ്ങളാണ് പാടി കേട്ടിട്ടുള്ളത്. ഒരു ബേസ് ടോണാണ് പ്രണവിന്റേത്. ഷൂട്ട് ചെയ്യുമ്പോൾ തന്നെ ബ്ലൂടൂത്ത് സ്പീക്കറിൽ എപ്പോഴും പാട്ട് പ്ലേ ചെയ്യുന്നുണ്ടാകും. പാട്ടുകൾ ഇട്ടുകൊണ്ടാണ് ഞങ്ങൾ ഷൂട്ട് ചെയ്യുക. പല സീനിലും അഭിനേതാക്കൾക്ക് അതു ഏറെ സഹായകരമായിരുന്നിട്ടുണ്ട്. അതു സ്ക്രീനിൽ കാണാം. അതായത് നമ്മൾ ചിത്രീകരിക്കാൻ പോകുന്ന രംഗത്തിന്റെ മൂഡ് ക്രിയേറ്റ് ചെയ്യാൻ ആ മൂഡിലുള്ള പാട്ടുകൾ വയ്ക്കുന്നത് ഗുണകരമായിട്ടുണ്ട്. ഷൂട്ട് ഇല്ലാത്ത സമയത്ത് ഞങ്ങൾ ഒരുമിച്ചിരുന്ന് മ്യൂസിക് ജാം ചെയ്യാറുണ്ട്. സെറ്റിലുള്ളവരുടെ ഒരു ശരാശരി പ്രായം 27–28 ആയിരുന്നു. അതുകൊണ്ട്, എല്ലാവരും പെട്ടെന്ന് കൂട്ടായി.
സ്വപ്നത്തിലേക്ക് ഒരു ചുവട്
സംവിധാനവും സംഗീതവും എനിക്ക് ഒരുപോലെ ഇഷ്ടമാണ്. രണ്ടിൽ ഏതിനോടാണ് ഇഷ്ടക്കൂടുതൽ എന്നു ചോദിച്ചാൽ എനിക്ക് പറയാൻ അറിയില്ല. പാട്ട് പാടുകയാണെങ്കിൽ നൂറു ശതമാനം ആത്മാർത്ഥയോടെ പാടും. അസിസ്റ്റ് ചെയ്യുമ്പോൾ അതിലാകും പൂർണ ശ്രദ്ധ. വെയിലത്തു നിൽക്കുന്നതോ മഞ്ഞു കൊള്ളുന്നതോ ഒരു പ്രശ്നമായി തോന്നില്ല. ഒരു സംവിധായകൻ ആഗ്രഹിക്കുന്ന ഷോട്ട് കിട്ടാൻ എന്തൊക്കെ ചെയ്യാമോ അതാണ് സംവിധാന സഹായി ആകുമ്പോൾ ചെയ്യുക. ആ സമയത്ത് ഞാനൊരു പാട്ടുകാരനല്ല. എല്ലാ സംവിധാന സഹായികളുടെയും വലിയ ആഗ്രഹം ഒരിക്കൽ ഒരു സിനിമ ചെയ്യണമെന്നാണല്ലോ! ഞാനും അതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അഞ്ജലി മേനോന്റെ 'കൂടെ'
സ്വന്തമായൊരു സിനിമ ചെയ്യുന്നതിനു മുമ്പ് ചില സംവിധായകരുടെ കൂടെ അസിസ്റ്റന്റ് ആയി പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചത് അഞ്ജലി മേനോനും വിനീത് ശ്രീനിവാസനും ഒപ്പമായിരുന്നു. കടുത്ത സമ്മർദ്ദങ്ങളാണ് ഓരോ സംവിധായകനും ഓരോ ദിവസവും സെറ്റിൽ നേരിടേണ്ടി വരുന്നത്. പൊതുവെ കാര്യങ്ങൾ കയ്യിൽ നിന്നു പിടി വിട്ടു പോകാൻ സാധ്യത കൂടുതലാണ്. അത്തരം സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടുന്ന രണ്ടു സംവിധായകരായി അഞ്ജലി മേനോനെയും വിനീത് ശ്രീനിവാസനെയും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, ഇവരുടെ കൂടെ വർക്ക് ചെയ്യണമെന്ന് വളരെയധികം ആഗ്രഹിച്ചിരുന്നു. പഠനം കഴിഞ്ഞ സമയത്ത് വിനീതേട്ടന്റെ ജേക്കബിന്റെ സ്വർഗരാജ്യം റിലീസ് ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഉടനെയൊന്നും വിനീതേട്ടൻ സിനിമ എടുക്കില്ലെന്ന് എനിക്ക് തോന്നിയിരുന്നു. ആ സമയത്ത് ഞാൻ അഞ്ജലി മേനോന് കുറെ മെയിലുകൾ അയച്ചു. കുറെ വിളിച്ചു നോക്കി. കിട്ടിയില്ല. പലരെക്കൊണ്ടും വിളിപ്പിച്ചു നോക്കി. അങ്ങനെ കുറെ കഴിഞ്ഞിട്ടാണ് അവരെ നേരിൽ കാണുന്നതും 'കൂടെ'യിൽ ഡയറക്ട് അസിസ്റ്റന്റ് ആകുന്നതും. അവരൊക്കെ ചെയ്യുന്ന പോലത്തെ സിനിമകളോടാണ് എനിക്കും കൂടതൽ ഇഷ്ടം.
അച്ഛൻ എന്ന അഭിമാനം
അച്ഛൻ എന്നെ ഒരിക്കലും ഒരു കാര്യത്തിനും നിർബന്ധിച്ചിട്ടില്ല. പക്ഷേ, പറഞ്ഞ കാര്യം ഞാനിപ്പോഴും പിന്തുടരുന്നുണ്ട്. എന്തു ചെയ്താലും അതിൽ പൂർണ ആത്മാർഥതയും പ്രയത്നവും ഉണ്ടാകണമെന്ന് അച്ഛൻ പറയും. ആ കാര്യം വർക്കൗട്ട് ആകുമോ ഇല്ലയോ എന്നത് രണ്ടാമതു വരുന്ന കാര്യമാണ്. എല്ലാ കാര്യങ്ങൾക്കും അതിന്റേതായ വിധികളുണ്ട്. അച്ഛൻ പറയാറുള്ള ഈ കാര്യം ഞാനെപ്പോഴും ഓർക്കുകയും പിന്തുടരുകയും ചെയ്യാറുണ്ട്. ഉടനെ അടുത്തൊരു സിനിമയിൽ അസിസ്റ്റ് ചെയ്യാനുള്ള പരിപാടിയില്ല. എന്റെ സ്വന്തം പ്രൊജക്ട് തന്നെ എഴുതി തുടങ്ങണമെന്ന ആഗ്രഹമുണ്ട്. കൂടാതെ ചില പാട്ടുകൾ റിലീസിന് ഒരുങ്ങുന്നു. സുഗീതിന്റെ സംവിധാനത്തിൽ നരേന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന 'കുറൽ' എന്ന തമിഴ് ചിത്രത്തിൽ ഒരു പാട്ട് പാടിയിട്ടുണ്ട്. തമിഴിലെ എന്റെ ആദ്യ ഗാനമാണ് ഇത്. സുഗീതേട്ടന്റെ തന്നെ കിനാവള്ളികൾ എന്ന ചിത്രത്തിനു വേണ്ടി സംഗീതം ചെയ്തിട്ടുള്ള ശാശ്വതും മംഗളും ചേർന്നാണ് ഈണം നൽകിയിരിക്കുന്നത്. പിന്നെ, ഷെയ്ൻ നിഗം നായകനാകുന്ന കുർബാനി എന്ന ചിത്രത്തിലും ഒരു പാട്ട് പാടിയിട്ടുണ്ട്. ഇതു രണ്ടുമാണ് ഉടനെയുള്ള റിലീസുകൾ.