കല്യാണിയുടെ കളിയും ചിരിയും ചീത്തവിളിയും, അതിഥിയുടെ ശ്വാസവും കരച്ചിലും; നായികമാർ സംസാരിക്കും ആൻ ആമിയിലൂടെ
ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ കല്യാണി പ്രിയദർശൻ മലയാളികളുടെ പ്രിയതാരമായി മാറിക്കഴിഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലെ കല്യാണിയുടെ അഭിനയമികവ് പ്രേക്ഷകപ്രശംസ പിടിച്ചുപറ്റുകയാണ് ഇപ്പോൾ. ചിത്രത്തിൽ കല്യാണിക്കു വേണ്ടി ശബ്ദമായത് പിന്നണി ഗായിക ആൻ ആമിയാണ്. കല്യാണിയുടെ പെരുമാറ്റവും
ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ കല്യാണി പ്രിയദർശൻ മലയാളികളുടെ പ്രിയതാരമായി മാറിക്കഴിഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലെ കല്യാണിയുടെ അഭിനയമികവ് പ്രേക്ഷകപ്രശംസ പിടിച്ചുപറ്റുകയാണ് ഇപ്പോൾ. ചിത്രത്തിൽ കല്യാണിക്കു വേണ്ടി ശബ്ദമായത് പിന്നണി ഗായിക ആൻ ആമിയാണ്. കല്യാണിയുടെ പെരുമാറ്റവും
ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ കല്യാണി പ്രിയദർശൻ മലയാളികളുടെ പ്രിയതാരമായി മാറിക്കഴിഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലെ കല്യാണിയുടെ അഭിനയമികവ് പ്രേക്ഷകപ്രശംസ പിടിച്ചുപറ്റുകയാണ് ഇപ്പോൾ. ചിത്രത്തിൽ കല്യാണിക്കു വേണ്ടി ശബ്ദമായത് പിന്നണി ഗായിക ആൻ ആമിയാണ്. കല്യാണിയുടെ പെരുമാറ്റവും
ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ കല്യാണി പ്രിയദർശൻ മലയാളികളുടെ പ്രിയതാരമായി മാറിക്കഴിഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലെ കല്യാണിയുടെ അഭിനയമികവ് പ്രേക്ഷകപ്രശംസ പിടിച്ചുപറ്റുകയാണ് ഇപ്പോൾ. ചിത്രത്തിൽ കല്യാണിക്കു വേണ്ടി ശബ്ദമായത് പിന്നണി ഗായിക ആൻ ആമിയാണ്. കല്യാണിയുടെ പെരുമാറ്റവും ചുണ്ടനക്കങ്ങളും സൂക്ഷ്മമായി പഠിച്ചാണ് ആൻ, നടിയുടെ സ്വരമായത്. ചിത്രത്തിനു വേണ്ടി ആൻ ആമി ഗാനം ആലപിച്ചിട്ടുമുണ്ട്. സംഗീതത്തിനൊപ്പം ഡബ്ബിങ്ങും കൂടെക്കൂട്ടിയ ആൻ, പുതിയ പാട്ടു വിശേഷങ്ങൾ പങ്കിട്ട് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.
കല്യാണിയിൽ തുടങ്ങി കല്യാണിയിൽ എത്തി നിൽക്കുന്ന ഡബ്ബിങ് കരിയർ
‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ കല്യാണിക്കു ശബ്ദം കൊടുത്തു തുടങ്ങിയതാണ് എന്റെ ഡബ്ബിങ് കരിയർ. ഇപ്പോൾ പത്താമത്തെ സിനിമയായ ബ്രോ ഡാഡിയിൽ വീണ്ടും കല്യാണിക്കു ശബ്ദം കൊടുക്കാൻ കഴിഞ്ഞു. എന്റെ ശബ്ദം കല്യാണിക്കും വളരെയധികം ഇഷ്ടമായി. ബ്രോ ഡാഡിയുടെ ചീഫ് അസോസിയേറ്റ് ആയ വാവ കൊട്ടാരക്കര ആണ് ഡബ്ബിങ് സ്റ്റുഡിയോയിൽ എന്നെ സഹായിക്കാൻ ഉണ്ടായിരുന്നത്. കല്യാണിയുടെ മോഡുലേഷൻ മനസ്സിലാക്കി ലിപ് സിങ്ക് പോകാതെ ശ്രദ്ധിച്ചാണു ചെയ്തത്. ഞാൻ ചെയ്ത സിനിമകളിൽ ഏറ്റവും ചലഞ്ചിങ് ആയതു ബ്രോ ഡാഡി ആയിരുന്നു. ഒരുപാട് ഡയലോഗുകൾ ഉണ്ടായിരുന്നു. നർമ്മവും സന്തോഷവും ദുഃഖവും ചീത്തവിളിയും കളിയും ചിരിയും എല്ലാം ചേർന്ന ഒരു കഥാപാത്രമായിരുന്നു കല്യാണിയുടേത്. ഒരുപാടു സമയമെടുത്താണ് ഞാൻ കല്യാണിയുടെ വികാരങ്ങൾ പഠിച്ചു ശബ്ദം കൊടുത്തത്. ഞാൻ ഏറെ ആസ്വദിച്ച വർക്കും ബ്രോ ഡാഡി ആയിരുന്നു. ഈ ചിത്രം എനിക്ക് എല്ലാം കൊണ്ടും സ്പെഷൽ ആണ്. ഞാൻ ഏറെ ആരാധിക്കുന്ന ദീപക് ദേവ് സാറിന്റെ സംഗീതത്തിൽ ‘കാണാക്കുയിലെ’ എന്ന ഗാനം ബ്രോ ഡാഡിക്കു വേണ്ടി പാടി. ദീപക് ദേവ് സാറിന്റെ സംഗീതത്തിൽ സിനിമയ്ക്കു വേണ്ടി പാടുന്നത് ആദ്യമായിട്ടാണ്. മുൻപ് ഒരു പരസ്യചിത്രത്തിനു വേണ്ടി പാടിയിരുന്നു. ദീപക് ദേവ് സാറിന്റെ പാട്ടുകൾ കേട്ട് വളർന്ന ആൾ എന്ന നിലയിൽ ഇതെനിക്ക് സ്വപ്ന സാക്ഷാത്ക്കാരമാണ്.
നായികമാർ സംസാരിച്ചു തുടങ്ങുന്നു, എന്നിലൂടെ
പാട്ട് ആണ് എന്റെ മേഖലയെങ്കിലും ഡബ്ബിങ്ങിനോടും താത്പര്യമുണ്ടായിരുന്നു. ഇടയ്ക്കൊന്നു പരീക്ഷിച്ചു നോക്കിയാലോ എന്നു തോന്നിയിട്ടുമുണ്ട്. പക്ഷേ അങ്ങനെ ഒരു ശ്രമം നടത്തിയിരുന്നില്ല. സംവിധായകൻ രഞ്ജിത് ശങ്കർ സർ ആണ് ആദ്യമായി എന്നെ ഡബ്ബ് ചെയ്യാൻ വിളിക്കുന്നത്. സാറിന്റെ കമല എന്ന ചിത്രത്തിലെ കമല എന്ന കഥാപാത്രത്തിനു ശബ്ദം കൊടുക്കാൻ ഒരു ഗായികയെ അന്വേഷിക്കുകയായിരുന്നു അദ്ദേഹം. അതിൽ ഒരു രംഗത്തിനു ശബ്ദം കൊടുത്തു നോക്കി. പക്ഷേ, അദ്ദേഹം തിരഞ്ഞുകൊണ്ടിരുന്നത് വേറിട്ട ഒരു ശബ്ദമായിരുന്നു. എന്റെ സ്വരം കഥാപാത്രത്തിനു യോജിക്കാതിരുന്നതിനാൽ ആ വർക്ക് ചെയ്യാൻ സാധിച്ചില്ല. എങ്കിലും ശബ്ദം കൊടുക്കാൻ എനിക്കു കഴിയും എന്ന ധാരണ ഉണ്ടാക്കി തന്നത് രഞ്ജിത് ശങ്കർ സർ ആണ്. ഞാൻ സംസാരിക്കുന്നതിന്റെ ഏതോ ഒരു വിഡിയോ കണ്ടതിനു ശേഷമാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ കല്യാണിക്കു ഡബ്ബ് ചെയ്യാൻ അനൂപ് സത്യൻ എന്നെ വിളിച്ചത്. അനൂപ് ആണ് ആദ്യമായി ഡബ്ബ് ചെയ്യാൻ എന്നെ സഹായിച്ചത്. അനൂപും അദ്ദേഹത്തിന്റെ ടീമും ഒരുപാട് പിന്തുണച്ചു. ഡബ്ബ് ചെയ്യാൻ വിളിച്ചപ്പോൾ എങ്ങനെയെങ്കിലും അത് സാധ്യമാക്കുക എന്ന ചിന്തയായിരുന്നു മനസ്സിൽ. ശാന്തമായി ചെയ്താൽ മതി എന്നു പറഞ്ഞ് അവർ കൂടെ നിന്നു. അനൂപ് സത്യനും അദ്ദേഹത്തിന്റെ ടീമുമാണ് എനിക്ക് എല്ലാ പിന്തുണയും നല്‍കിയത്.
അതിനുശേഷം ‘ഭ്രമം’ എന്ന ചിത്രത്തിൽ രാഷി ഖന്നയ്ക്കു വേണ്ടി ഡബ്ബ് ചെയ്തു. നിഴലിൽ ദിവ്യ പ്രഭയ്ക്കു വേണ്ടിയും മേപ്പടിയാൻ എന്ന ചിത്രത്തിൽ അഞ്ജു കുര്യൻ, കാവലിൽ റേച്ചൽ ഡേവിഡ് എന്നിവർക്കും വേണ്ടിയുമാണ് ഇതുവരെ ശബ്ദം കൊടുത്തത്. ഭ്രമത്തിൽ അഭിനയിച്ച രാഷി ഖന്ന മലയാളി അല്ലല്ലോ. അപ്പോൾ അവരുടെ ചുണ്ടനക്കുന്ന രീതിയും വ്യത്യസ്തമാണ്. അവർക്കുവേണ്ടി ലിപ് സിങ്ക് പോകാതെ ഡബ്ബ് ചെയ്യാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. സൂഫിയും സുജാതയും എന്ന ചിത്രത്തിൽ അതിഥി റാവു സംസാരിക്കാൻ കഴിയാത്ത കഥാപാത്രത്തെയാണ് അവതരിപ്പിച്ചിതെങ്കിലും അവരുടെ ശ്വാസവും കരച്ചിലുമൊക്കെ പ്രകടമായത് എന്നിലൂടെയായിരുന്നു. ഡബ്ബിങ് പ്രയാസമേറിയതാണെങ്കിലും അത് ചെയ്യാൻ എനിക്കിഷ്ടമാണ്. ഓരോ സിനിമയും കഴിയുമ്പോൾ പുതിയ പാഠങ്ങൾ പഠിക്കാൻ കഴിയും. അത് അടുത്ത ചിത്രത്തിൽ ഗുണകരമായി ഭവിക്കും.
ശബ്ദം ശ്രദ്ധിക്കപ്പെടുന്നു
എന്റെ ശബ്ദം മനസിലാകുന്നവർക്കു മാത്രമേ ഈ സിനിമകളൊക്കെ ഞാൻ ആണ് ഡബ്ബ് ചെയ്തത് എന്ന് അറിയാൻ കഴിയൂ. ചില ചിത്രങ്ങൾ കാണുമ്പോൾ സുഹൃത്തുക്കൾ വിളിച്ചു ചോദിക്കും, ഈ ശബ്ദം നിന്റേതുപോലെ ഉണ്ടല്ലോ നീ തന്നെയാണോ ശബ്ദം കൊടുത്ത് എന്നൊക്കെ. ഞാൻ തന്നെയാണെന്ന് അറിയുമ്പോൾ അവർ വീണ്ടും പോയി സിനിമ കാണുകയും പിന്നീട് വിളിച്ചു പ്രശംസയറിയിക്കുകയും ചെയ്യും. ചില സുഹൃത്തുക്കൾ സിനിമ കാണുമ്പോൾ തന്നെ അത് എന്റെ ശബ്ദമാണെന്നു മനസ്സിലാക്കും. കല്യാണിക്കു വേണ്ടി ഡബ്ബ് ചെയ്തപ്പോഴാണ് ഏറ്റവും കൂടുതൽ അഭിനന്ദനം കിട്ടിയത്. അത് കല്യാണി തന്നെ ഡബ്ബ് ചെയ്തതാണ് എന്നാണ് പലരുടെയും ധാരണ. ആ ശബ്ദം ഡബ്ബ് ചെയ്തതാണെന്ന് തോന്നുന്നില്ല എന്ന് എന്നോടു പല സുഹൃത്തുക്കളും പറഞ്ഞു. സിനിമ കണ്ടിട്ട് ഒരുപാടുപേർ മെസ്സേജ് അയച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്. ചിത്രം പുറത്തിറങ്ങിയപ്പോൾ കല്യാണിയും പ്രശംസയറിയിച്ചു.
പാട്ടിന്റെ വഴിയിൽ
കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിൽ ഷാൻ റഹ്മാന്റെ സംഗീതസംവിധാനത്തിൽ ആണ് ആദ്യമായി സിനിമയ്ക്കു വേണ്ടി ഞാൻ പാടിയത്. ആ പാട്ട് ആ സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനു ശേഷം ‘കൂടെ’ എന്ന സിനിമയിൽ ആരാരോ എന്ന പാട്ടു പാടി. അതിന് എനിക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡും കിട്ടി. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ സൂരജ് സന്തോഷിനൊപ്പം 'ഉയിരിൽ തൊടും' എന്ന ഗാനം പാടി. ജൂൺ എന്ന ചിത്രത്തിലും സൂരജിനൊപ്പം പാടി. ബിജിബാൽ സാറിന്റെ സംഗീതത്തിൽ പൈപ്പിൻ ചുവട്ടിലെ പ്രണയം, അരവിന്ദന്റെ അതിഥികൾ, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലും പാടി. ഇപ്പോൾ ബ്രോ ഡാഡിയിലും ഒരു പാട്ട് പാടാൻ സാധിച്ചു. പിന്നണി ഗാനങ്ങളോടൊപ്പം ഞാൻ എന്റെ സ്വന്തം പാട്ടുകളും ചെയ്തുകൊണ്ടിരിക്കുകയാണ്.
പാട്ടുകാലം
തൃശൂർ സ്വദേശി ആണെങ്കിലും ഞാൻ പഠിച്ചതും വളർന്നതും ദുബായിൽ ആണ്. എന്റെ മാതാപിതാക്കൾ ഇപ്പോഴും വിദേശത്തു തന്നെയാണ്. അച്ഛൻ നാൽപത് വർഷമായി ദുബായിൽ ഒരു ട്രാവൽ ഏജൻസി നടത്തുന്നു. ജോലി സംബന്ധമായി ഞാൻ കൊച്ചിയിലാണു താമസം. ഇടയ്ക്ക് ദുബായിൽ മാതാപിതാക്കളുടെ അടുത്തു പോകും. ഏഴു വയസ്സുമുതൽ ഞാൻ പാടിത്തുടങ്ങിയതാണ്. ആദ്യമായി പള്ളിയിൽ ഒരു ക്രിസ്തീയഭക്തി ഗാനം പാടിയായിരുന്നു തുടക്കം. പിന്നെ ദുബായിൽ വിവിധ മലയാളി അസ്സോസിയേഷൻ പരിപാടികളിലും പാടി. സ്റ്റേജ് പരിപാടികളും ചെയ്തിട്ടുണ്ട്.
പാട്ടും പറച്ചിലും
ദുൽഖർ സൽമാൻ നായകനാകുന്ന സല്യൂട്ട് എന്ന ചിത്രത്തില്‍ ഡയാന പെന്റിക്കാണ് ശബ്ദം കൊടുക്കുന്നത്. മഞ്ജു വാരിയർ ചിത്രമായ ലളിതം സുന്ദരത്തിൽ ദീപ്തി സതിക്കും ഞാൻ സ്വരമാകുന്നു. തീവണ്ടി എന്ന ചിത്രമൊരുക്കിയ ഫെല്ലിനിയുടെ ഒറ്റ് എന്ന ചിത്രത്തിനു വേണ്ടിയും ഡബ്ബ് ചെയ്യുന്നുണ്ട്. അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ഈഷ റബ്ബ എന്ന താരത്തിനു മലയാളത്തിൽ ശബ്ദം കൊടുക്കുന്നത് ഞാനാണ്. പടവെട്ട് എന്ന നിവിൻപോളി ചിത്രത്തിൽ ഒരു പാട്ട് ഗോവിന്ദ് വസന്തയ്ക്കൊപ്പം പാടി. ഷഹബാസ് ഇക്ക (ഷഹബാസ് അമൻ) ഈണമൊരുക്കിയ ഒരു പ്രൊജക്ടിൽ അദ്ദേഹത്തിനൊപ്പം പാടിയിട്ടുണ്ട്. എം.ജയചന്ദ്രൻ സർ സംഗീതം ചെയ്യുന്ന മേരി ആവാസ് സുനോ, ജാസി ഗിഫ്റ്റ് സംഗീതം ചെയ്യുന്ന മോമൊ ഇൻ ദുബായ് എന്നീ ചിത്രങ്ങളിലും പാടാൻ അവസരം ലഭിച്ചു.
അഭിനയം ഒരു മോഹം
മറ്റുള്ളവർക്കു ശബ്ദം കൊടുക്കുന്നതുപോലെ സ്വന്തം കഥാപാത്രത്തിനു ശബ്ദമാകാനും ആഗ്രഹമുണ്ട്. നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ചാൽ, അതു എനിക്ക് ചെയ്യാൻ സാധിക്കുമെന്നു തോന്നിയാൽ അഭിനയവും പരീക്ഷിക്കണമെന്ന് ആഗ്രഹമുണ്ട്. ചെറുപ്പം മുതൽ സിനിമയും സംഗീതവും ഇഷ്ടമുള്ള മേഖലയാണ്. ഡബ്ബ് ചെയ്തു തുടങ്ങിയപ്പോൾ സിനിമയുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞു. പാട്ടുപാടുമ്പോൾ സ്റ്റുഡിയോയിൽ പോയി പാടിയിട്ട് വരും. അപ്പോൾ സിനിമയിലുള്ളവരെ കാണാനോ സഹകരിക്കാനോ കഴിയില്ല. എന്നാൽ ഡബ്ബിങ് അങ്ങനെയല്ല. സംവിധായകനെയും മുഴുവൻ ടീമിനെയും കാണാനും പരിചയപ്പെടാനും കഴിയും. ബ്രോ ഡാഡി വളരെ ആസ്വാദിച്ചു ചെയ്യാൻ കഴിഞ്ഞു. അതിൽ പാടാനും സാധിച്ചു. ആദ്യമായിട്ടാണ് വിഷ്വൽ കണ്ട് ഒരു സിനിമയ്ക്കു വേണ്ടി പാടിയത്. ഡബ്ബ് ചെയ്യാൻ ഏഴു ദിവസം എടുത്തു. അത്രയും ദിവസം പോസ്റ്റ് പ്രൊഡക്‌ഷൻ ടീമിനൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞത് മികച്ച അനുഭവമായി.
English Summary: Singer Anne Amie talks about new songs and dubbing career