ഭരതേട്ടനെപ്പോലും അവർ മറന്നു, ഇത് സാമാന്യ മര്യാദയല്ല; ‘ദേവദൂതർ’ പാടിയ ലതിക പറയുന്നു
ഭരതന്‍ സംവിധാനം ചെയ്ത കാതോട് കാതോരത്തിലെ ദേവദൂതർ പാടി... എന്ന ഗാനം മുപ്പത്തിയേഴ് വർഷങ്ങൾക്കു ശേഷം തരംഗമായി മാറുമ്പോള്‍ പാട്ടിലൊരു സ്വരസാന്നിധ്യമായ കഥയും ഇരുപത്തിനാലാം ഓർമദിനത്തില്‍ ഭരതനെക്കുറിച്ചുള്ള ഓര്‍മകളും പങ്കുവയ്ക്കുകയാണ് ഭരതന്‍ ചിത്രങ്ങളിലെ പ്രിയഗായിക ലതിക. ദേവദൂതർ വീണ്ടും പാടുമ്പോൾ
ഭരതന്‍ സംവിധാനം ചെയ്ത കാതോട് കാതോരത്തിലെ ദേവദൂതർ പാടി... എന്ന ഗാനം മുപ്പത്തിയേഴ് വർഷങ്ങൾക്കു ശേഷം തരംഗമായി മാറുമ്പോള്‍ പാട്ടിലൊരു സ്വരസാന്നിധ്യമായ കഥയും ഇരുപത്തിനാലാം ഓർമദിനത്തില്‍ ഭരതനെക്കുറിച്ചുള്ള ഓര്‍മകളും പങ്കുവയ്ക്കുകയാണ് ഭരതന്‍ ചിത്രങ്ങളിലെ പ്രിയഗായിക ലതിക. ദേവദൂതർ വീണ്ടും പാടുമ്പോൾ
ഭരതന്‍ സംവിധാനം ചെയ്ത കാതോട് കാതോരത്തിലെ ദേവദൂതർ പാടി... എന്ന ഗാനം മുപ്പത്തിയേഴ് വർഷങ്ങൾക്കു ശേഷം തരംഗമായി മാറുമ്പോള്‍ പാട്ടിലൊരു സ്വരസാന്നിധ്യമായ കഥയും ഇരുപത്തിനാലാം ഓർമദിനത്തില്‍ ഭരതനെക്കുറിച്ചുള്ള ഓര്‍മകളും പങ്കുവയ്ക്കുകയാണ് ഭരതന്‍ ചിത്രങ്ങളിലെ പ്രിയഗായിക ലതിക. ദേവദൂതർ വീണ്ടും പാടുമ്പോൾ
ഭരതന്‍ സംവിധാനം ചെയ്ത ‘കാതോടു കാതോര’ത്തിലെ ‘ദേവദൂതർ പാടി...’ എന്ന ഗാനം മുപ്പത്തിയേഴ് വർഷങ്ങൾക്കു ശേഷം തരംഗമായി മാറുമ്പോള്‍ പാട്ടിലൊരു സ്വരസാന്നിധ്യമായ കഥയും ഇരുപത്തിനാലാം ഓർമദിനത്തില്‍ ഭരതനെക്കുറിച്ചുള്ള ഓര്‍മകളും പങ്കുവയ്ക്കുകയാണ് ഭരതന്‍ ചിത്രങ്ങളിലെ പ്രിയഗായിക ലതിക. ദേവദൂതർ വീണ്ടും പാടുമ്പോൾ ഭരതേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണെന്ന് ഗായിക വേദനയോടെ പറയുന്നു. ‘ഭരതേട്ടന്‍ ഒരുപാട് അധ്വാനിച്ചും ബുദ്ധിമുട്ടിയും ചെയ്ത സിനിമയാണ് കാതോട് കാതോരം. ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര് എവിടെയും പരാമര്‍ശിക്കപ്പെടുന്നില്ല. ഭരതേട്ടനുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്ന് സംഭവിക്കുമോ എന്നറിയില്ല. ഭരതേട്ടനുണ്ടായിരുന്നെങ്കില്‍, ലളിതച്ചേച്ചിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ വെറുതെയെങ്കിലും ആഗ്രഹിച്ചു പോകുകയാണ്. അവരെക്കുറിച്ചു മാത്രമാണ് ഈ ദിവസങ്ങളില്‍ എന്റെ ചിന്ത. ഭരതേട്ടനെയും ലളിതച്ചേച്ചിയെയും ഓര്‍ക്കാതെ എനിക്കൊരു ദിവസവുമില്ല. അദ്ദേഹം പോയി ഇരുപത്തിനാല് വര്‍ഷമാകുമ്പോള്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചിത്രവും അതിലെ പാട്ടും വീണ്ടും ഇഷ്ടത്തോടെ എല്ലാവരും കേള്‍ക്കുന്നതിലും ചര്‍ച്ചചെയ്യപ്പെടുന്നതിലും ഒരുപാട് സന്തോഷമുണ്ട്. എന്നാല്‍ അതിലേറെ വിഷമവും.’–ലതിക മനസ്സു തുറക്കുകയാണ് ‘മനോരമ ഓൺലൈനി’നോട്...
ദേവദൂതർ പാടിയ ദിവസം
മുപ്പത്തിയേഴ് വര്‍ഷമായി 'കാതോട് കാതോര'ത്തിനു വേണ്ടി ദേവദൂതര്‍ പാടിയിട്ട്. 'ഈ കൊച്ച് പാടാന്‍ പറഞ്ഞാല്‍ പാടും, പിന്നൊന്നും മിണ്ടില്ല. ഇതിനെയൊന്ന് ഉയര്‍ത്തിക്കൊണ്ടുവരണമല്ലോ' എന്നു പറഞ്ഞാണ് കാതോട് കാതോരത്തിലെ മൂന്നു പാട്ടിലും എന്നെയും ഉള്‍പ്പെടുത്തിയത്. കാതോട് കാതോരം. എന്ന സോളോയും ദാസേട്ടനൊപ്പം രണ്ട് ഡ്യൂയറ്റും. ഒറ്റ ദിവസം കൊണ്ടാണ് മൂന്ന് പാട്ടുകളും റെക്കോര്‍ഡ് ചെയ്തത്. എല്ലാ പടത്തിന്റെയും സോങ് റെക്കോര്‍ഡിങ്ങിന് മുഴുവന്‍ സമയവും സ്റ്റൂഡിയോയില്‍ ഭരതേട്ടനുമുണ്ടാകും. നല്ല ജ്ഞാനമായിരുന്നല്ലോ അദ്ദേഹത്തിന്. ഹെവി ഓര്‍ക്കസ്ട്ര ആയിരുന്നു അതിലെ എല്ലാ പാട്ടുകള്‍ക്കും. പല തവണ റിഹേഴ്‌സല്‍ ചെയ്ത ശേഷം എല്ലാവരും പെര്‍ഫെക്റ്റ് ആയാലേ ടേക്ക് എടുക്കൂ. ആദ്യത്തെ റെക്കോര്‍ഡിങ് എന്റെ സോളോ കാതോട് കാതോരം... ആയിരുന്നു. ഒറ്റ ടേക്കില്‍ അത് ഓകെ ആയി. അതുകേട്ടപ്പോള്‍ ഭരതേട്ടന് വലിയ സന്തോഷമായി. ദേവദൂതര്‍ പാടി... ഉച്ചയ്ക്ക് ശേഷമായിരുന്നു റെക്കോര്‍ഡിങ്, ദാസേട്ടന്റെ കൂടെ.
ആദ്യം റെക്കോര്‍ഡ് ചെയ്ത പാട്ട് പടത്തില്‍ എന്തോ ശരിയാകാതെ വന്നപ്പോള്‍ ഷൂട്ടിങ് എല്ലാം കഴിഞ്ഞ് റീ റെക്കോഡിങ് സമയത്ത് ഭരതേട്ടന് എന്നെയും കൃഷ്ണചന്ദ്രനെയും ഭരതേട്ടന്റെ നാട്ടുകാരിയും മദ്രാസില്‍ സംഗീതകോളജില്‍ എന്റെ ക്ലാസ്‌മേറ്റുമായ രാധികാ വാര്യരെയും വീണ്ടും വിളിച്ച് മാറ്റിപ്പാടിച്ചു. സ്‌ക്രീനില്‍ സീന്‍ കാണിച്ച് അതിലെ ലിപ് മൂവ്‌മെന്റ് നോക്കിയിട്ടൊക്കെയാണ് പാടിയത്. സിനിമയില്‍ കേള്‍ക്കുന്നതും അതാണ്. ആദ്യത്തെ വേര്‍ഷനില്‍ ഹമ്മിങ് ഇല്ല. രണ്ടാമത്തെ വേര്‍ഷനില്‍ അതൊക്കെ കൃഷ്ണചന്ദ്രന്‍ സ്വയം പാടിയതായിരുന്നു. ആടുമേയ്ക്കാന്‍... എന്നു ഞാന്‍ പാടുമ്പോള്‍ കൂടെ വരാം... എന്നു പാടുന്നത് രാധികയാണ്. വേറെയും രണ്ടുമൂന്നു പേരുണ്ടായിരുന്നു കോറസ് പാടാന്‍. ഞങ്ങള്‍ കോളജ് പഠനം കഴിഞ്ഞ് ഇറങ്ങിയ സമയത്തായിരുന്നു ഈ പാട്ട് പാടാന്‍ അവസരം കിട്ടിയത്.
പരാതിയല്ല പ്രതിഷേധം
അന്ന് റെക്കോഡില്‍ ആയിരുന്നല്ലോ പാട്ടുകള്‍. ഓരോ ഭാഗത്തും രണ്ട് പാട്ട് വീതം വരാന്‍ വേണ്ടി ദേവദൂതര്‍ പാടി... എന്ന പാട്ട് രണ്ടു ഭാഗത്തും വച്ചു. ഒരു ഭാഗത്ത് യേശുദാസ്, കോറസ് എന്നു മാത്രവും മറുവശത്ത് യേശുദാസ്, ലതിക, കോറസ് എന്നുമാണ് പേര്‍ വച്ചിരുന്നത്. കൃഷ്ണചന്ദ്രന്റെ പേര്‍ അന്നേ എവിടെയുമില്ല. ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്ന ഈ പാട്ട് രണ്ടാമത് പാടിയതാണ്. അതില്‍ എന്റെ ഭാഗം മുഴുവനിപ്പോള്‍ കോറസ് ആക്കി മാറ്റിയിട്ടുണ്ട്. പുതിയ പാട്ടിന് ഇത്രയും സ്വീകാര്യത കിട്ടുമ്പോഴും അതിലെവിടെയും നമ്മുടെ പേരുകള്‍ പരാമര്‍ശിക്കപ്പെടുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. പാട്ടിന്റെ ഭംഗി നഷ്ടപ്പെടാതെ നല്ലരീതിയില്‍ അത് സിനിമയില്‍ ഉപയോഗിച്ചതിലും ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ നമുക്കൊരു സന്തോഷം തോന്നുന്നതിലും ഭരതേട്ടനെപ്പോലൊരു സംവിധായകന്റെ കൂടി പങ്കുണ്ട്. അപ്പോള്‍ അദ്ദേഹത്തെയും ഓര്‍ക്കേണ്ടതല്ലേ? ദാസേട്ടന്റെ സോളോ അല്ല, എന്നിട്ടും ഒഎന്‍വി സര്‍, ഔസേപ്പച്ചന്‍, ദാസേട്ടന്‍– മൂന്നുപേരുടെ പേരാണ് കൊടുത്തിരിക്കുന്നത്. അതില്‍ ഫീമെയില്‍ വോയ്‌സ് നല്ലപോലെ കേള്‍ക്കാമല്ലോ. ദാസേട്ടന്റെ ശബ്ദമായിത്തോന്നുന്നുണ്ടോ അതും? ഗാനത്തിന്റെ ചുവട്ടില്‍ 'പഴയ ദേവദൂതരും കേള്‍ക്കുന്നു' എന്നും സരിതയുടെ ഭാവാഭിനയത്തെക്കുറിച്ചു വരെയും കമന്റ്‌സ് കാണുന്നു. വിരലിലെണ്ണാവുന്നവരേ എന്റെ പേര് പരാമര്‍ശിക്കുന്നുള്ളൂ. പരാതിയോ പരിഭവമോ ഇല്ല. വല്ലാത്ത വിഷമവും പ്രതിഷേധവുമുണ്ട് താനും. ഇത്തരം അവഗണനകള്‍ പണ്ടു മുതലേ ഞാന്‍ അനുഭവിച്ചു വരുന്നതാണല്ലോ. കുറേ ആയപ്പോള്‍ അത് ശീലമായി. അങ്ങനെ മാറ്റി നിര്‍ത്താനുള്ളൊരാളാക്കി എല്ലാവരും എന്നെ. ഒന്നിനും പ്രതികരിച്ചിട്ടില്ല, പ്രതികരിക്കാറുമില്ല. ഒരാള്‍ എന്നെ വിളിച്ചു ചോദിച്ചു, പാട്ട് ഭയങ്കര വൈറല്‍ ആണല്ലോ ടീച്ചറേ, പക്ഷേ, ടീച്ചറുടെ പേര് വയ്ക്കാത്തതെന്താ എന്ന്. എന്താണ് പറയേണ്ടത്?
അതല്ലേ സാമാന്യമര്യാദ?
അച്ഛനും അമ്മയും മോളെ പഠിപ്പിച്ച് വളര്‍ത്തി വലുതാക്കി കല്യാണം കഴിപ്പിച്ച് അയയ്ക്കുന്നു. അതിനുശേഷം മോള്‍ പോയല്ലോ എന്ന വിഷമം കാണും അച്ഛനും അമ്മയ്ക്കും. പിന്നെ ആ കുട്ടി എന്തു ചെയ്താലും പ്രശംസയും അനുമോദനവും മുഴുവന്‍ കിട്ടുന്നത് ഭര്‍ത്താവിനാകും. അച്ഛന്റെയും അമ്മയുടെയും പേര് അപൂര്‍വമായേ പറയൂ. അവളുടെ സഹോദരന്റെയോ സഹോദരിയുടെയോ പേര് ഒരാളും പറയുക പോലുമില്ല. അങ്ങനെയൊരു സഹോദരിയുടെ ഫീല്‍ ആണ് ഇപ്പോഴെനിക്കുള്ളത്. ഇതെല്ലാമാണെങ്കിലും ഒരേ ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നൊരു കാര്യമുണ്ട്- നല്ലൊരു കാലഘട്ടത്തില്‍ ഗായികയായിരിക്കാന്‍ ദൈവം അനുഗ്രഹിച്ചു എന്നത്. എല്ലാ സംഗീതസംവിധായകരുടെയും ഒരു പാട്ടെങ്കിലും പാടാന്‍ കഴിഞ്ഞു. അതിലെല്ലാം ഞാന്‍ അഭിമാനിക്കുന്നു. സന്തോഷിക്കുന്നു. പക്ഷേ, ഇതു കണ്ടപ്പോള്‍ മനസ്സൊന്നു വേദനിച്ചു. അത്രയേയുള്ളൂ. കുറേ ഗാനമേളകളില്‍ ഞാനും കോറസിനൊപ്പം ദേവദൂതര്‍ പാടിയിട്ടുണ്ട്. അതുകൊണ്ട് ദാസേട്ടന്റെ കൂടെ ഞാനും പാടിയിട്ടുണ്ടെന്ന് കുറേപ്പേര്‍ക്കൊക്കെ അറിയാം. കുറച്ചു കഴിയുമ്പോഴേക്കും ഈ പാട്ട് പുതിയ ആളുകളുടേതായി മാത്രം അറിയപ്പെടാന്‍ തുടങ്ങും. നമ്മള്‍ ആരുമല്ലാതാകും. ആയിക്കോട്ടെ. കുഴപ്പമില്ല. പാട്ടിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പേര് വയ്ക്കുക എന്നത് സാമാന്യ മര്യാദയല്ലേ? അതുപോലും കാണിക്കാത്തതെന്തുകൊണ്ടാണെന്നാണ് മനസ്സിലാകാത്തത്. പാട്ടിന്റെ യഥാര്‍ഥ സംഗീതസംവിധായകന്‍ പോലും എന്റെയോ കൃഷ്ണചന്ദ്രന്റെയോ പേര് എവിടെയും പരാമര്‍ശിച്ചില്ല എന്നതിലാണ് അദ്ഭുതം.
ഭരതേട്ടന്‍ എന്ന ഏട്ടന്
ഇത്തിരിപ്പൂവേ ചുവന്നപൂവേയിലെ പൊന്‍ പുലരൊളി പൂവിതറിയ... എന്നു തുടങ്ങുന്ന പാട്ടിനു വേണ്ടി രവീന്ദ്രന്‍ മാഷാണ് ഭരതേട്ടന് എന്നെ പരിചയപ്പെടുത്തിയത്. അതിഷ്ടപ്പെട്ടതോടെ മിക്ക പടത്തിലും ഭരതേട്ടന്‍ എനിക്ക് പാട്ട് തന്നു. ഞാന്‍ നല്ല നിലയിലെത്തുമെന്ന് അദ്ദേഹത്തിന് വലിയ പ്രതീക്ഷയായിരുന്നു. എന്നെ വിശ്വാസമായിരുന്നു ഭരതേട്ടന്. റീ റെക്കോര്‍ഡിങ് സമയത്തൊക്കെ നല്ല സ്വാതന്ത്ര്യം തരും. നീ അവിടെ അതങ്ങ് പാടിക്കോ, ഇവിടെ എന്തെങ്കിലും ഒന്നു പാട് എന്ന് പറഞ്ഞങ്ങ് വിടും. താരും തളിരും മിഴിപൂട്ടി... എന്ന പാട്ടിലെ അനുപല്ലവിയിലും ചരണത്തിലുമുള്ള ഹമ്മിങ് അതുപോലെയുണ്ടായതാണ്. ലതിക അവിടെ ഒന്ന് ഫില്ല് ചെയ്‌തേരെ എന്ന് ഭരതേട്ടനും ഔസേപ്പച്ചനും പറഞ്ഞു. അവിടെ നിന്ന് ആലോചിച്ച് ഞാനായിട്ട് ഉണ്ടാക്കിയ ഹമ്മിങ് ആണത്. ഭരതേട്ടന് ഏറ്റവും കംഫര്‍ട്ടബിൾ ആയിരുന്ന സംഗീതസംവിധായകനായിരുന്നു ജോണ്‍സണ്‍. ഭരതേട്ടന്‍ മനസ്സില്‍ കാണുന്നത് അതുപോലെ ജോണ്‍സണ്‍ നല്‍കുമ്പോള്‍ അദ്ദേഹം ഏറെ സന്തോഷിച്ചിരുന്നു. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഹമ്മിങ് ആണ്. അതെല്ലാം ചിട്ടപ്പെടുത്തി പറഞ്ഞു തന്ന് ജോൺസൺ മാഷ് എന്നെക്കൊണ്ടു പാടിപ്പിച്ചു. അദ്ദേഹവും പാട്ടിൽ എനിക്ക് സ്വാതന്ത്ര്യം നൽകിയിരുന്നു. കൂടാതെ അതിലെ രണ്ട് പാട്ടിലും എനിക്ക് അവസരം തന്നു.
‘സംവിധായകൻ ഭരതന്റെ അനിയത്തിയല്ലേ?’
ഭരതേട്ടനെക്കുറിച്ച് വളരെ രസകരമായൊരു ഓര്‍മയുണ്ട്. വൈശാലിയുടെ കഥാപാത്രത്തിനു വേണ്ടി എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കാന്‍ അദ്ദേഹം ഒരു ശ്രമം നടത്തി. പാട്ടില്‍ ഇല്ലെങ്കിലും ഡബ്ബിങ്ങിലെങ്കിലും ഈ കൊച്ച് രക്ഷപ്പെടട്ടെ എന്നു കരുതിയിട്ടാകും. എന്റെ ഡയലോഗ് കേട്ടപ്പോള്‍, അയ്യോ, വൈശാലി കൊല്ലം ഭാഷ പറയുന്നേ, വേണ്ട വേണ്ട എന്നു പറഞ്ഞ് ഉടനെ തന്നെ മതിയാക്കി. അങ്ങനെ ആ ശ്രമത്തില്‍ അദ്ദേഹം പരാജയപ്പെട്ടു. സ്വന്തം അനിയത്തിയെപ്പോലെ പരിഗണന തന്നിട്ടുണ്ട് എപ്പോഴും. ഒരിക്കല്‍ ഗുരുവായൂരിൽ ചെന്നപ്പോള്‍ 'സംവിധായകന്‍ ഭരതന്റെ അനിയത്തിയല്ലേ, അദ്ദേഹം പറഞ്ഞിട്ടുണ്ട്' എന്നൊരാള്‍ പറഞ്ഞു. ഞാനും അത് സമ്മതിച്ചുകൊടുത്തു.
'e വലയം' എന്ന ചിത്രത്തിനു വേണ്ടി റഫീഖ് അഹമ്മദിന്റെ വരികള്‍ക്കു ജെറി അമല്‍ദേവ് സംഗീതം നല്‍കിയ ഗാനം പാടി ഇടവേളയ്ക്കു ശേഷം ലതിക പിന്നണിഗാനരംഗത്ത് തിരിച്ചുവരാനൊരുങ്ങുകയാണ്. രഞ്ജിനി എസ് വര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ മധു ബാലകൃഷ്ണനും ലതികയ്‌ക്കൊപ്പം പാടിയിട്ടുണ്ട്.
English Summary: Interview with singer Lathika