മലയാളിമനസ്സിൽ ചെണ്ടയുടെ പ്രിയതാളം തീർത്തവർ; മനസ്സു തുറന്ന് മട്ടന്നൂരും പെരുവനവും ഒന്നിച്ച് ഇതാദ്യം –വിഡിയോ
മലയാള താളസമ്പ്രദായത്തിന്റെ മമ്മൂട്ടിയും മോഹൻലാലുമാണു കൂടെയിരിക്കുന്നത്. കൊട്ടെന്നു കേട്ടാൽ മട്ടന്നൂർ ശങ്കരൻകുട്ടി, പെരുക്കമെന്നു കേട്ടാൽ പെരുവനം കുട്ടൻ മാരാർ. മലയാളികൾക്ക് ഇതാണ് ഇവർ രണ്ടു പേരും. ചെണ്ടകൊണ്ട് ഇത്രയേറെ ആരാധകരെ സൃഷ്ടിച്ച മറ്റു രണ്ടു കലാകാരൻമാർ മലയാളത്തിൽ ഉണ്ടായിട്ടില്ല. അതിനർഥം ഇവരേക്കാൾ പ്രതിഭകളായ ചെണ്ടവാദ്യ ആശാൻമാർ ഉണ്ടായിരുന്നില്ല എന്നല്ല. പ്രതിഭാസ്പർശത്തിനൊപ്പം താരാരാധന കൂടി ചേരുമ്പോഴാണ് മട്ടന്നൂരിന്റെ മട്ടും പെരുവനത്തിന്റെ പെരുമയും കേരളത്തിന്റെ അഭിമാനമാകുന്നത്. രണ്ടു പേരുടെയും പേരിനുമുണ്ട് സാദൃശ്യം. മട്ടന്നൂർ ശങ്കരൻകുട്ടി എന്ന മട്ടന്നൂർ ശങ്കരമാരാരുടെ പേരിലെ ‘കുട്ടി’, ആസ്വാദകർ അദ്ദേഹത്തിനു ചാർത്തിക്കൊടുത്ത അലങ്കാരമാണ്. പെരുവനം കുട്ടൻ മാരാർ യഥാർഥത്തിൽ ശങ്കരനാരായണനാണ്. പഞ്ചാരിയും പാണ്ടിയും ഒന്നിച്ചു കൊട്ടാറില്ല എന്നു പറയുന്നതുപോലെ, ഇവർ രണ്ടുപേരും ഒന്നിച്ചിരുന്ന് ഇതുപോലൊരു സംഭാഷണം ഇതുവരെ ഉണ്ടായിട്ടില്ല. ആ തരത്തിൽ ഇതൊരു അപൂർവഭാഗ്യമാണ്, അസുലഭ അവസരമാണ്. ‘മനോരമ ഓൺലൈനിനു’ വേണ്ടി മട്ടന്നൂരും പെരുവനവും ഒന്നിച്ചപ്പോൾ... വിഡിയോ കാണാം, വിശദമായ അഭിമുഖവും വായിക്കാം...
മലയാള താളസമ്പ്രദായത്തിന്റെ മമ്മൂട്ടിയും മോഹൻലാലുമാണു കൂടെയിരിക്കുന്നത്. കൊട്ടെന്നു കേട്ടാൽ മട്ടന്നൂർ ശങ്കരൻകുട്ടി, പെരുക്കമെന്നു കേട്ടാൽ പെരുവനം കുട്ടൻ മാരാർ. മലയാളികൾക്ക് ഇതാണ് ഇവർ രണ്ടു പേരും. ചെണ്ടകൊണ്ട് ഇത്രയേറെ ആരാധകരെ സൃഷ്ടിച്ച മറ്റു രണ്ടു കലാകാരൻമാർ മലയാളത്തിൽ ഉണ്ടായിട്ടില്ല. അതിനർഥം ഇവരേക്കാൾ പ്രതിഭകളായ ചെണ്ടവാദ്യ ആശാൻമാർ ഉണ്ടായിരുന്നില്ല എന്നല്ല. പ്രതിഭാസ്പർശത്തിനൊപ്പം താരാരാധന കൂടി ചേരുമ്പോഴാണ് മട്ടന്നൂരിന്റെ മട്ടും പെരുവനത്തിന്റെ പെരുമയും കേരളത്തിന്റെ അഭിമാനമാകുന്നത്. രണ്ടു പേരുടെയും പേരിനുമുണ്ട് സാദൃശ്യം. മട്ടന്നൂർ ശങ്കരൻകുട്ടി എന്ന മട്ടന്നൂർ ശങ്കരമാരാരുടെ പേരിലെ ‘കുട്ടി’, ആസ്വാദകർ അദ്ദേഹത്തിനു ചാർത്തിക്കൊടുത്ത അലങ്കാരമാണ്. പെരുവനം കുട്ടൻ മാരാർ യഥാർഥത്തിൽ ശങ്കരനാരായണനാണ്. പഞ്ചാരിയും പാണ്ടിയും ഒന്നിച്ചു കൊട്ടാറില്ല എന്നു പറയുന്നതുപോലെ, ഇവർ രണ്ടുപേരും ഒന്നിച്ചിരുന്ന് ഇതുപോലൊരു സംഭാഷണം ഇതുവരെ ഉണ്ടായിട്ടില്ല. ആ തരത്തിൽ ഇതൊരു അപൂർവഭാഗ്യമാണ്, അസുലഭ അവസരമാണ്. ‘മനോരമ ഓൺലൈനിനു’ വേണ്ടി മട്ടന്നൂരും പെരുവനവും ഒന്നിച്ചപ്പോൾ... വിഡിയോ കാണാം, വിശദമായ അഭിമുഖവും വായിക്കാം...
മലയാള താളസമ്പ്രദായത്തിന്റെ മമ്മൂട്ടിയും മോഹൻലാലുമാണു കൂടെയിരിക്കുന്നത്. കൊട്ടെന്നു കേട്ടാൽ മട്ടന്നൂർ ശങ്കരൻകുട്ടി, പെരുക്കമെന്നു കേട്ടാൽ പെരുവനം കുട്ടൻ മാരാർ. മലയാളികൾക്ക് ഇതാണ് ഇവർ രണ്ടു പേരും. ചെണ്ടകൊണ്ട് ഇത്രയേറെ ആരാധകരെ സൃഷ്ടിച്ച മറ്റു രണ്ടു കലാകാരൻമാർ മലയാളത്തിൽ ഉണ്ടായിട്ടില്ല. അതിനർഥം ഇവരേക്കാൾ പ്രതിഭകളായ ചെണ്ടവാദ്യ ആശാൻമാർ ഉണ്ടായിരുന്നില്ല എന്നല്ല. പ്രതിഭാസ്പർശത്തിനൊപ്പം താരാരാധന കൂടി ചേരുമ്പോഴാണ് മട്ടന്നൂരിന്റെ മട്ടും പെരുവനത്തിന്റെ പെരുമയും കേരളത്തിന്റെ അഭിമാനമാകുന്നത്. രണ്ടു പേരുടെയും പേരിനുമുണ്ട് സാദൃശ്യം. മട്ടന്നൂർ ശങ്കരൻകുട്ടി എന്ന മട്ടന്നൂർ ശങ്കരമാരാരുടെ പേരിലെ ‘കുട്ടി’, ആസ്വാദകർ അദ്ദേഹത്തിനു ചാർത്തിക്കൊടുത്ത അലങ്കാരമാണ്. പെരുവനം കുട്ടൻ മാരാർ യഥാർഥത്തിൽ ശങ്കരനാരായണനാണ്. പഞ്ചാരിയും പാണ്ടിയും ഒന്നിച്ചു കൊട്ടാറില്ല എന്നു പറയുന്നതുപോലെ, ഇവർ രണ്ടുപേരും ഒന്നിച്ചിരുന്ന് ഇതുപോലൊരു സംഭാഷണം ഇതുവരെ ഉണ്ടായിട്ടില്ല. ആ തരത്തിൽ ഇതൊരു അപൂർവഭാഗ്യമാണ്, അസുലഭ അവസരമാണ്. ‘മനോരമ ഓൺലൈനിനു’ വേണ്ടി മട്ടന്നൂരും പെരുവനവും ഒന്നിച്ചപ്പോൾ... വിഡിയോ കാണാം, വിശദമായ അഭിമുഖവും വായിക്കാം...
മലയാള താളസമ്പ്രദായത്തിന്റെ മമ്മൂട്ടിയും മോഹൻലാലുമാണു കൂടെയിരിക്കുന്നത്. കൊട്ടെന്നു കേട്ടാൽ മട്ടന്നൂർ ശങ്കരൻകുട്ടി, പെരുക്കമെന്നു കേട്ടാൽ പെരുവനം കുട്ടൻ മാരാർ. മലയാളികൾക്ക് ഇതാണ് ഇവർ രണ്ടു പേരും. ചെണ്ടകൊണ്ട് ഇത്രയേറെ ആരാധകരെ സൃഷ്ടിച്ച മറ്റു രണ്ടു കലാകാരൻമാർ മലയാളത്തിൽ ഉണ്ടായിട്ടില്ല. അതിനർഥം ഇവരേക്കാൾ പ്രതിഭകളായ ചെണ്ടവാദ്യ ആശാൻമാർ ഉണ്ടായിരുന്നില്ല എന്നല്ല. പ്രതിഭാസ്പർശത്തിനൊപ്പം താരാരാധന കൂടി ചേരുമ്പോഴാണ് മട്ടന്നൂരിന്റെ മട്ടും പെരുവനത്തിന്റെ പെരുമയും കേരളത്തിന്റെ അഭിമാനമാകുന്നത്. രണ്ടു പേരുടെയും പേരിനുമുണ്ട് സാദൃശ്യം. മട്ടന്നൂർ ശങ്കരൻകുട്ടി എന്ന മട്ടന്നൂർ ശങ്കരമാരാരുടെ പേരിലെ ‘കുട്ടി’, ആസ്വാദകർ അദ്ദേഹത്തിനു ചാർത്തിക്കൊടുത്ത അലങ്കാരമാണ്. പെരുവനം കുട്ടൻ മാരാർ യഥാർഥത്തിൽ ശങ്കരനാരായണനാണ്. പഞ്ചാരിയും പാണ്ടിയും ഒന്നിച്ചു കൊട്ടാറില്ല എന്നു പറയുന്നതുപോലെ, ഇവർ രണ്ടുപേരും ഒന്നിച്ചിരുന്ന് ഇതുപോലൊരു സംഭാഷണം ഇതുവരെ ഉണ്ടായിട്ടില്ല. ആ തരത്തിൽ ഇതൊരു അപൂർവഭാഗ്യമാണ്, അസുലഭ അവസരമാണ്.
∙ പ്രായത്തിന്റെ കണക്കിൽ പറഞ്ഞാൽ കുട്ടേട്ടന് കഷ്ടിച്ച് ഒരു വയസ്സിന്റെ മൂപ്പുണ്ട്. പക്ഷേ, കൊട്ടിന്റെ കാലഗണനയിൽ നിങ്ങൾ സമകാലികരാണ്. 60 വർഷത്തോളമായി കൊട്ടിന്റെ ലോകത്തു നിങ്ങൾ രണ്ടു പേരുമുണ്ട്. അതിൽ കഴിഞ്ഞ അര നൂറ്റാണ്ട് കേരളത്തിന്റെ താളവാദ്യസമ്പ്രദായവുമായി ബന്ധപ്പെട്ടു പറയുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ടു പേരുകളുമാണ്. നിങ്ങൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച, സൗഹൃദം ഒന്ന് ഓർക്കാൻ പറ്റുമോ?
പെരുവനം: ഞങ്ങൾ തമ്മിൽ ആറു മാസത്തെ വ്യത്യാസമേയുള്ളൂ. ഒറ്റപ്പാലം ഗാന്ധിസേവാസദനത്തിലെ കളിക്കൊട്ടു പഠനം കഴിഞ്ഞ് മട്ടന്നൂർ തായമ്പകക്കാരനായി അറിയപ്പെട്ടു തുടങ്ങുന്നത് സദനം ശങ്കരൻകുട്ടി മാരാർ എന്ന പേരിലാണ്. അക്കാലത്തു കോഴിക്കോട് തളി ക്ഷേത്രത്തിലെ ഉത്സവത്തിനാണ് ഇദ്ദേഹത്തിന്റെ തായമ്പക ആദ്യം കേൾക്കുന്നത്. അന്ന് ആ ചെറുപ്പക്കാരന്റെ തായമ്പക ഞാൻ മുഴുവൻ കേട്ടു. അദ്ദേഹത്തെപ്പോലെ തായമ്പക കൊട്ടാൻ ഇനിയും പഠിക്കാനുണ്ടെന്നു മനസ്സിൽ തോന്നിയിട്ടുണ്ട്.
മട്ടന്നൂർ: അന്നു മാത്രമല്ല, ഇപ്പോഴും ഞാൻ ചെറുപ്പക്കാരനാണ് (ചിരി). പിന്നീടാണു ഞാൻ തൃശൂർ ഭാഗത്തേക്കു വരുന്നത്. എന്റെ തൃശൂർ വരവ് തിരുവമ്പാടി ക്ഷേത്രത്തിലെ അടിയന്തരക്കാരനായാണ്; ഗുരുനാഥൻ പട്ടരാത്ത് ശങ്കരമാരാർക്കൊപ്പം (പല്ലാവൂർ അപ്പുമാരാരുടെ അച്ഛൻ). അപ്പോൾ മുതലാണ് യഥാർഥത്തിൽ എന്താണു പൂരം, എന്താണു മേളമെന്നു ഞാൻ മനസ്സിലാക്കുന്നത്. മേളമെന്നു പറഞ്ഞാൽ ലോകർ മുഴുവൻ അന്നും ഇന്നും കേൾക്കുന്നതും പറയുന്നതും തൃശൂർ പൂരത്തെക്കുറിച്ചാണ്. ഞാൻ തിരുവമ്പാടിയിൽ കൊട്ടുന്നു, അക്കാലത്തു പെരുവനം പാറമേക്കാവിൽ കൊട്ടുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം തൃശൂർ പൂരത്തിന്റെ പ്രമാണിയായി. കുറച്ചു കഴിഞ്ഞപ്പോൾ തിരുവമ്പാടിയിൽ ഞാനും പ്രമാണിയായി. ആ സമയത്തും അവിടെ പോയി അദ്ദേഹത്തെ ഒന്നു കണ്ടെന്നു നടിക്കും. അവിടെ മേളം കലാശിച്ചാൽ ഉടനെ അദ്ദേഹം എന്റെ മേളം കലാശിക്കുന്നതു കാണാനെത്തും. അങ്ങനെയൊരു ആത്മബന്ധം ഞങ്ങൾ തമ്മിലുണ്ട്. പഴയ കാലത്തെ കുത്തോ കുശുമ്പോ ഒന്നും ഞങ്ങൾ തമ്മിലില്ല. ഇന്നേവരെ ഉണ്ടായിട്ടില്ല. നാളെ അതിന്റെ ആവശ്യവുമില്ല.
∙ ഒരേ കാലത്തു രണ്ടു പേരും ഒരേപോലെ വളർന്നുവരുന്നു, ഒരുപോലെ പ്രതാപികളായി നിൽക്കുന്നു. മട്ടന്നൂർ ധാരാളം മേളം കൊട്ടിയിട്ടുണ്ട്. പെരുവനം തായമ്പകയും കൊട്ടിയിട്ടുണ്ട്. പക്ഷേ, രണ്ടു പേർക്കും രണ്ടു വഴിയാണ്. അപ്പോഴും ആരോഗ്യകരമായൊരു മത്സരം ഉള്ളിലുണ്ടായിട്ടില്ലേ?
പെരുവനം: പരസ്പരം ഞങ്ങൾ അംഗീകരിച്ചിരുന്നു, സ്നേഹിച്ചിരുന്നു, ബഹുമാനിച്ചിരുന്നു. അതിപ്പോഴും നിലനിൽക്കുന്നു. 1979ൽ പെരുവനത്തു നവീകരണകലശം. കല്ലേക്കുളങ്ങര അച്യുതൻകുട്ടി മാരാരും മട്ടന്നൂരും ചേർന്നുള്ള ഡബിൾ തായമ്പകയാണ്. യഥാർഥത്തിൽ അന്നു നിശ്ചയിച്ചിരുന്നത് പല്ലാവൂർ മണിയൻ മാരാർ–കുഞ്ഞുകുട്ടൻ മാരാർ സഹോദരൻമാരുടെ ഡബിൾ തായമ്പകയാണ്. ചോറ്റാനിക്കര നാരായണമാരാരും സംഘവും പഞ്ചവാദ്യവും. അവിചാരിത കാരങ്ങളാൽ പല്ലാവൂർക്കാർക്ക് എത്താൻ പറ്റില്ലെന്നു പറഞ്ഞു. അപ്പോൾ എന്തു ചെയ്യുമെന്ന് ആലോചിച്ചപ്പോൾ മട്ടന്നൂരും കല്ലേക്കുളങ്ങരയുമെന്നു നിശ്ചയിക്കാൻ ഒരു സംശയവും ഉണ്ടായിരുന്നില്ല. ആലപ്പറമ്പിൽ ശിവരാമപ്പൊതുവാളും മട്ടന്നൂരും ചേർന്നുള്ള ഡബിൾ, ഇടതൂർന്ന കൊട്ടുകൊണ്ടും ശബ്ദവിന്യാസംകൊണ്ടും തായമ്പക അമൃത് പോലെ ആസ്വദിച്ചുകൊണ്ടിരുന്ന കാലമാണത്.
∙ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ചു പറയുംപോലെ രണ്ടു വിഭിന്ന ശൈലികളാണ് നിങ്ങൾക്ക്. രണ്ടു പേരും തായമ്പകക്കാരായിരുന്നെങ്കിൽ ഇതുപോലൊരു ബന്ധം നിങ്ങൾക്കിടയിൽ ഉണ്ടാകുമായിരുന്നോ?
മട്ടന്നൂർ: അങ്ങനെയായിരുന്നെങ്കിൽ നിങ്ങൾ ഞങ്ങളെ ഇങ്ങനെയിരുത്തി സംസാരിക്കുമായിരുന്നില്ല. (ചിരി).
∙ ഈ രണ്ടു ശൈലികൾതന്നെ രണ്ടു പേരും അനുവർത്തിക്കാനുള്ള കാരണമാണു ചോദിച്ചത്. മേളത്തിൽ തുടങ്ങിയയാളാണു പെരുവനം. പഞ്ചാരിയുടെ ഈറ്റില്ലമായ പെരുവനത്ത് പിറന്നുവീണ് അച്ഛനൊപ്പം 14 വയസ്സിനകം മേളം കൊട്ടിത്തുടങ്ങി. മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിൽ 10 വയസ്സിനകംതന്നെ കൊട്ടിത്തുടങ്ങിയയാളാണു മട്ടന്നൂർ. കഥകളിച്ചെണ്ടയാണു ശങ്കരേട്ടൻ യഥാർത്തിൽ പഠിച്ചത്. പിന്നീട് ആ വഴി വിട്ടു. തൃശൂർ പൂരത്തിൽ തിരുവമ്പാടിക്കുവേണ്ടി 36 കൊല്ലം കൊട്ടി. അതിൽ 6 വർഷം പ്രമാണിയായി. ഇപ്പോൾ കുറേ വർഷമായി തായമ്പകയിൽ മാത്രം നിൽക്കുകയും ചെയ്യുന്നു.
പെരുവനം: എല്ലാവർക്കും ഒന്നാവാൻ പറ്റില്ലല്ലോ. വൈവിധ്യം എല്ലാറ്റിലുമുണ്ട്. പെരുവനത്തു പൂരങ്ങളും വലിയ മേളങ്ങളുമാണു കൂടുതലുള്ളത്. തായമ്പക അരങ്ങേറ്റം കഴിഞ്ഞുതന്നെയാണു ഞാനും ഈ രംഗത്തേക്കു വരുന്നത്. കഥകളിക്കൊട്ടും പഠിച്ചിട്ടുണ്ട്. പുറപ്പാടും മേളപ്പദവും അരങ്ങേറ്റവുമൊക്കെ കഴിഞ്ഞിട്ടുമുണ്ട്. കഥകളിക്കാരനാവണമെന്നും തായമ്പകക്കാരനാവണമെന്നുമൊക്കെ മോഹം ഇല്ലാതില്ല. പക്ഷേ, എനിക്കു കിട്ടുന്ന അവസരങ്ങൾ കൂടുതൽ മേളമാണ്. അച്ഛൻ മേളക്കാരൻ, ഗുരുനാഥൻ മേളക്കാരൻ. സാഹചര്യങ്ങൾ കൂടുതൽ ആ വഴിക്കായി. അപ്പോൾ ഞാൻ മേളത്തിൽത്തന്നെ ഉറച്ചുനിന്നു. ഞങ്ങൾക്കു യോജിക്കാൻ പറ്റുന്ന വേദികളിൽ ഇപ്പോഴും യോജിക്കാനൊക്കെ പറ്റും.
∙ പെരുവനം കുട്ടൻ മാരാർ മേളത്തിൽ ഇങ്ങനെ പ്രഗൽഭനായി നിൽക്കുന്നതുകൊണ്ട് ഞാൻ തായമ്പകയിൽ മാത്രം ഉറച്ചുനിന്നാൽ മതിയെന്നു മട്ടന്നൂരിന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
മട്ടന്നൂർ: ഒരിക്കലുമില്ല. അദ്ദേഹത്തിനു കിട്ടുന്ന കൂടുതൽ അവസരങ്ങളും മേളമാണെന്നു പറഞ്ഞില്ലേ. അതുപോലെ എനിക്കു കൂടുതൽ കിട്ടുന്നതു തായമ്പക കൊട്ടാനുള്ള അവസരമാണ്. രണ്ടു പേരും കൃത്യമായി ആ വഴിക്കു പോകുന്നുമുണ്ട്. മേളക്കാരൻ തായമ്പക കൊട്ടരുതെന്നോ തായമ്പകക്കാരൻ മേളം കൊട്ടരുതെന്നോ ഇല്ല. പഴയ കാലത്തെ കുറുമ്പുകളൊന്നുമില്ലാത്ത വാദ്യക്കാരാണ് ഇന്നു ജീവിക്കുന്ന എല്ലാവരുമെന്നു ഞാൻ പറയും. കാരണം, വിദ്യാഭ്യാസമുണ്ട്. ഞങ്ങൾ ചെണ്ടയുമായി ലോകം മുഴുവൻ സഞ്ചരിക്കുകയല്ലേ?. പണ്ടുകാലത്ത് എല്ലാ വീടുകളും കൊണ്ടുനടക്കുന്ന ഒരു കാരണവരുണ്ടാവില്ലേ, അതാണു പ്രമാണം. ഇത്രയേറെ കലാകാരൻമാരെ സംഘമായി കൊണ്ടുനടക്കണമെങ്കിൽ അത് കൊട്ടുകൊണ്ടു മാത്രം മുഴുവനാകണമെന്നില്ല. കൊട്ടുകൊണ്ടും, ചില നോട്ടങ്ങൾകൊണ്ടും കാഴ്ചയ്ക്കുമൊക്കെ യോഗ്യനായ ആളാണല്ലോ കുട്ടൻ മാരാർ? ജനം അംഗീകരിക്കുന്നത് അതുകൊണ്ടാണ്.
പെരുവനം: എല്ലാ സഹകലാകാരൻമാരുടെയും ഏകോപിപ്പിച്ചുള്ള നേട്ടമാണു മേളത്തിന്റെ വിജയം. അത് എല്ലാവർക്കുമുള്ള നേട്ടമാണ്. പക്ഷേ, പ്രമാണിയെ അതിന്റെ പ്രതീകമായി കാണുന്നു എന്നു മാത്രം. അതിൽ പരിമിതിയുണ്ട്. തായമ്പക വ്യക്തിപരമായ കലയാണ്. വ്യക്തിപരമായ കഴിവിനെ മുഴുവനായി പ്രകടിപ്പിച്ചുകൊണ്ട്, ഒറ്റയ്ക്കു നിന്നാലും ശ്രദ്ധിക്കപ്പെടാനും അംഗീകാരം നേടാനും സാധിക്കുന്ന കലയാണത്. ഞാൻ പത്തൻപതു തായമ്പകയൊക്കെ ഒരു കൊല്ലം കൊട്ടിയിട്ടുണ്ട്. നിർബന്ധിച്ചാൽ ഞാൻ ഇപ്പോഴും കൊട്ടാറുമുണ്ട്. വ്യക്തിഗത കഴിവുകൊണ്ടു പ്രശസ്തനായ കലാകാരനാണു മട്ടന്നൂർ. നമ്മൾ സംഘവാദ്യത്തിന്റെ നടുവിൽ നിന്നിട്ടും വ്യക്തിഗതമായി ശ്രദ്ധിക്കപ്പെടുന്നത് ഈ കലയുടെ അനുഗ്രഹമെന്നേ ഞാൻ പറയൂ.
∙ നിങ്ങൾ രണ്ടു പേർക്കും സ്കൂൾ ജോലിയുടെ പശ്ചാത്തലമുണ്ട്. ശങ്കരേട്ടൻ 19 കൊല്ലം വെള്ളിനേഴി ഗവ. ഹൈസ്കൂളിൽ ചെണ്ട അധ്യാപകൻതന്നെയായിരുന്നു. കുട്ടേട്ടൻ 35 വർഷം ചേർപ്പ് സിഎൻഎൻ സ്കൂളിൽ ക്ലാർക്കായി. കൊട്ടിന്റെ കാര്യത്തിലുള്ള കണിശത, കൃത്യത, അച്ചടക്കം... ഇതിലൊക്കെ ഈ ജോലിപശ്ചാത്തലം സ്വാധീനിച്ചിട്ടുണ്ടാകുമോ?
പെരുവനം: തീർച്ചയായും സ്വാധീനിച്ചിട്ടുണ്ട്. താളമെന്നു പറഞ്ഞാൽ അച്ചടക്കംതന്നെയാണ്. ഏതു വ്യക്തിയുടെയും സ്വഭാവരൂപീകരണത്തിലും പെരുമാറ്റത്തിലുമൊക്കെ ഔദ്യോഗികജീവിതം സ്വാധീനിക്കും. എഴുപതുകളിലാണു ഞങ്ങൾ ഈ രംഗത്തു വരുന്നത്. പൊതുവേ ക്ഷേത്രസങ്കേതങ്ങൾ ക്ഷയിച്ചുതുടങ്ങിയ കാലമാണത്. ജോലി ഒരാവശ്യമായിരുന്നു. കലകൊണ്ടു മാത്രം കുടുംബത്തെ നോക്കാനുള്ള സാമ്പത്തികസംരക്ഷണം കുറവായിരുന്നു. ജോലിയിൽനിന്നു കിട്ടിയ സാമ്പത്തികസംരക്ഷണം കലയുടെ പ്രവർത്തനത്തിനു ഞങ്ങൾക്കു പ്രചോദനമായിട്ടുണ്ട്. ഞങ്ങളെ രണ്ടു പേരെയും രക്ഷിച്ചതു ഞങ്ങളുടെ ജോലിതന്നെയാണ്.
മട്ടന്നൂർ: സ്കൂളിന്റെ മൊത്തമായ സമയനിഷ്ഠ, കൃത്യത ഇതൊക്കെ വാദ്യകലാകാരനായിട്ടുകൂടി കൊണ്ടുനടക്കാൻ ഞങ്ങൾക്കു യോഗമുണ്ടായിട്ടുണ്ട്. കൃത്യനിഷ്ഠയ്ക്ക് അതൊരു വിഷയംതന്നെയാണ്.
∙ ശങ്കരേട്ടനെ അമ്മ നിർബന്ധിച്ചാണു ജോലിക്കു വിടുന്നത്. കുട്ടേട്ടനെ അച്ഛനാണു ജോലിക്കു പോകാൻ നിർബന്ധിച്ചത്. പെരുവനം പത്തൊൻപതര വയസ്സിൽ സ്കൂളിൽ ജോലിക്കു കയറി. മട്ടന്നൂരാണെങ്കിൽ വളരെ വൈകിയാണ് (35–ാം വയസ്സിൽ) അധ്യാപകനാവുന്നത്. വെള്ളിനേഴിയിലേക്കുള്ള മട്ടന്നൂരിന്റെ ജീവിതം പറിച്ചുനടാൻ നിമിത്തമായത് ഈ ജോലിയാണ്. അതു കലയെ വളരെയധികം സ്വാധീനിച്ച കാര്യവുമാണല്ലോ?
മട്ടന്നൂർ: ഒന്ന് അക്കാര്യം. രണ്ടാമത്തേത്, കുടുംബജീവിതം. അതു ഞാനായിട്ട് ഏറ്റെടുത്തു നടത്തിത്തുടങ്ങിയതു വെള്ളിനേഴിയിൽ വന്നശേഷമാണ്. അതിനു മുൻപ് കിട്ടിയത് എന്താണെന്നുവച്ചാൽ അമ്മയ്ക്കോ അച്ഛനോ കൊടുക്കുകയായിരുന്നു പതിവ്. ബാക്കി അവർ കൊണ്ടുനടന്നുകൊള്ളും.
∙ ചെണ്ടയിലെ ആദ്യ പത്മശ്രീയാണു മട്ടന്നൂർ. രണ്ടാമത്തെ പത്മശ്രീയാണു പെരുവനം. വേറെ ആർക്കും ചെണ്ടയുടെ ലോകത്ത് ഇതുവരെ പത്മശ്രീ കിട്ടിയിട്ടില്ല. എന്നുപറഞ്ഞാൽ, ലോകത്തെ രണ്ടു പത്മശ്രീയാണ്! അതിൽ ആദ്യത്തെ പത്മശ്രീ 2009ൽ ശങ്കരേട്ടനു കിട്ടുമ്പോൾ തൃശൂർ കുട്ടൻകുളങ്ങര ക്ഷേത്രത്തിൽ കൊട്ടുകയായിരുന്നല്ലേ?
മട്ടന്നൂർ: കുട്ടൻകുളങ്ങര ക്ഷേത്രത്തിലേക്കു മക്കളോടൊപ്പം ത്രിത്തായമ്പക കൊട്ടാൻ വരികയാണ്. അന്ന് കുട്ടൻ മാരാർ വന്ന് പൊന്നാട അണിയിച്ചിട്ടുണ്ട്. ഇദ്ദേഹം എന്നെ അവിടെ കാത്തുനിൽക്കുകയായിരുന്നു. അതു പല സമയത്തും ആദ്യ യോഗം അദ്ദേഹത്തിനാണ്. അദ്ദേഹത്തിനു പത്മശ്രീ കിട്ടിയപ്പോൾ അദ്ദേഹത്തെ അനുമോദിച്ചതു കോട്ടയം തിരുനക്കരയിലാണ്. ഞങ്ങൾ രണ്ടു പേരുടെയും മേളം അപ്പുറവും ഇപ്പുറവുമായി അവിടെയുണ്ടായിരുന്നു. അവിടെ ചെന്ന് എന്റെ ആദരവ് അദ്ദേഹത്തിനു ഞാൻ അർപ്പിച്ചിട്ടുണ്ട്.
(സംഗീത, നാടക അക്കാദമി ചെയർമാനായ മട്ടന്നൂരിനെ ആദ്യം പൊന്നാട അണിയിച്ചതും ഈ അഭിമുഖദിവസം പെരുവനമായിരുന്നു!).
∙ തൃശൂർ പൂരവുമായി ബന്ധപ്പെടുത്തി പറഞ്ഞാൽ, 36 വർഷം ശങ്കരേട്ടൻ അവിടെ കൊട്ടി. 6 വർഷം പ്രമാണിയായി. കുട്ടേട്ടൻ 24 വർഷമായി അവിടെ പ്രമാണിയാണ്. അച്ഛന്റെ കൂടെ കൊട്ടിയതുകൂടി കണക്കാക്കിയാൽ 46 കൊല്ലമായി തൃശൂർ പൂരത്തിനു മേളം കൊട്ടുന്നു. ശങ്കരേട്ടൻ ചില സാഹചര്യങ്ങൾകൊണ്ട് തൃശൂർ പൂരത്തിൽനിന്നു വിട്ടു. കുട്ടേട്ടൻ തുടരുന്നു. തൃശൂർ പൂരം നിങ്ങളുടെ രണ്ടു പേരുടെയും ജീവിതത്തിലുണ്ടാക്കിയ സ്വാധീനം ഒന്നു പറയാമോ?
പെരുവനം: തൃശൂർ പൂരം കലാകാരൻമാരുടെ സ്വപ്നംതന്നെയാണ്. മേളവും പഞ്ചവാദ്യവുമാണ് അവിടെ പ്രധാനം. ഇലഞ്ഞിത്തറയിലെ മേളവും മഠത്തിൽവരവിന്റെ പഞ്ചവാദ്യവും കേമമാണ്. മേളകലാകാരനും പഞ്ചവാദ്യകലാകാരനും മനസ്സിലുള്ള സ്വപ്നം തൃശൂർ പൂരത്തിൽ പങ്കെടുക്കുകയെന്നതാണ്. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കു കൂടുതൽ പ്രശസ്തിയും വളർച്ചയും കൈവന്നത് തൃശൂർ പൂരത്തിൽത്തന്നെയാണ്.
മട്ടന്നൂർ: അതിഗംഭീര കലാകാരൻമാർ അണിനിരന്ന്, ഇത്രയും ചിട്ടയോടെ പഞ്ചവാദ്യവും മേളവും നടക്കുന്നൊരു ഉത്സവം ഞാൻ കണ്ടിട്ടില്ല. സാധാരണ ഒരു ഉത്സവത്തിനു കരാറെടുത്താൽ ചില വാദ്യക്കാരെയൊക്കെ വിളിക്കേണ്ടിവരും. തൃശൂർ പൂരത്തിന് ഒരാളെയും വിളിക്കില്ല. ആ സമയമാകുമ്പോൾ എത്തിക്കോളും. ചെമ്പട തുടങ്ങുമ്പോൾ കൊമ്പുകാരെയൊന്നും അവിടെ കാണില്ല. അതു കലാശിക്കുമ്പോഴേക്ക്, എവിടെനിന്നാണെന്നറിയില്ല, നിരന്നിട്ടുണ്ടാവും. ഇത്രയും കൃത്യനിഷ്ഠയോടെ കൊണ്ടുനടക്കുന്നൊരു ഉത്സവം ലോകത്തു വേറെ എവിടെയും ഉണ്ടാവില്ല.
∙ വ്യക്തിപരമായ ചില കാരണങ്ങൾകൊണ്ട് മട്ടന്നൂർ തൃശൂർ പൂരത്തിൽനിന്നു മാറിനിന്നു എന്നതു ശരി. ഇപ്പോൾ അതിലൊരു നഷ്ടബോധം തോന്നുന്നുണ്ടോ?
മട്ടന്നൂർ: ഇല്ലല്ലോ, ഒരിക്കലുമില്ല. മറ്റു ജോലിയില്ലാതെ വീട്ടിലിരിക്കുന്നയാളാണെങ്കിൽ ചിലപ്പോൾ നഷ്ടബോധം തോന്നും. അതില്ലല്ലോ. ആ പേരുകൊണ്ട് മറ്റു പല സ്ഥലങ്ങളിലും ഇപ്പോഴും വിളിക്കുന്നുണ്ട്. അതു പ്രമാണം കൊട്ടിയിട്ട് കിട്ടിയതാണ്.
∙ മട്ടന്നൂരിന്റെ പഴയൊരു പ്രസ്താവന ഓർമിപ്പിക്കുകയാണ്. 2007ലോ മറ്റോ ആണ്. ‘തൃശൂർ പൂരത്തിൽ മേളം കൊട്ടുമ്പോൾ മേളപ്രമാണിയെ കൊട്ടിപ്പുറത്താക്കുന്നുണ്ടോ എന്ന് ഇപ്പോൾ ശ്രദ്ധിക്കണം’ എന്ന് അന്നു പറഞ്ഞിരുന്നു. ആ അഭിപ്രായം ഇപ്പോഴുമുണ്ടോ?
മട്ടന്നൂർ: പല സ്ഥലത്തുനിന്നും വരുന്ന കലാകാരൻമാരാണ്. നമ്മൾ കരാർ ഏൽക്കുകയല്ല അവിടെ. അതിന്റെ ഉടമസ്ഥൻമാർ ഒരു ധാരണയിലെത്തി നിശ്ചയിച്ചിട്ടുള്ള കലാകാരൻമാരാണ്. ത്രിബിൾ തായമ്പക ഞാൻ ഏറ്റവും ഇഷ്ടമായിട്ട് കൊട്ടുന്നത് എന്റെ മക്കളുടെ കൂടെയാണ്. കാരണം, അതിലൊരു ധാരണയുണ്ട്. സ്ഥിരമായി മേളം കൊട്ടുന്നയാളല്ല ഞാനെന്ന് എല്ലാവരും പറയുന്നുണ്ട്. മറ്റുള്ളവരെ കൃത്യമായി കൊണ്ടുനടക്കൽ ഭാരിച്ച ജോലിതന്നെയാണ്. അവിടെ സ്ഥിരമായി പങ്കെടുത്തവർ, വർഷങ്ങളായി അവിടെ ഉള്ളവർ... അവരെ പുറത്താക്കലൊന്നും അത്ര എളുപ്പമല്ല.
∙ അങ്ങനെയൊരു ഭാരം കുട്ടേട്ടനു തോന്നാറുണ്ടോ? ഈ ടീമിനെ കൊണ്ടുനടക്കൽ വലിയൊരു ഭാരിച്ച ചുമതലതന്നെയാണ്. കൂടെ വായിക്കുന്നത് എല്ലായ്പോഴും ഒരേ ആളുകളല്ല. പലതരം സ്വഭാവക്കാരാകും, പലതരം താൽപര്യക്കാരായിരിക്കും...
പെരുവനം: ടീമിനെ കൊണ്ടുനടക്കൽ വലിയ ശ്രമകരമായ കാര്യംതന്നെയാണ്. ബുദ്ധിമുട്ട് ഉണ്ടാവാം. പക്ഷേ, അത് ഇല്ലാതാവുന്നത് കലാകാരൻമാരുമായുള്ള ഇടപെടലിലൂടെയാണ്. എന്റെ കൂടെ നടക്കുന്ന കുറേപ്പേർ എന്റെ കൂടെ ധാരാളം വേദികളിൽ കൊട്ടുന്നവരാണ്. അപ്പോൾ എനിക്കും കാര്യമായ ടെൻഷനില്ല. പക്ഷേ, തൃശൂർ പൂരത്തിന് സ്ഥിരം നമ്മുടെ കൂടെയില്ലാത്ത കലാകാരൻമാരുമുണ്ടാകും. അങ്ങനെയുള്ളവരെ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായി വരും. ഞാൻ അവരെ ശ്രദ്ധിക്കുന്നതിനേക്കാൾ, അവർ നമ്മളെ ശ്രദ്ധിക്കും. 250 ആളുകളെയും ഞാൻ നിയന്ത്രിക്കുകയല്ല, 250 ആളുകൾ നമ്മളോടു സഹകരിക്കുകയാണ്. അങ്ങനെയൊരു മാനസികാവസ്ഥ അവിടെയുണ്ട്. മേളം കേമമാകുന്നതിന്റെ ക്രെഡിറ്റ് അവർക്കുമുണ്ടല്ലോ. അതാണു മേളത്തിന്റെ വിജയം.
മട്ടന്നൂർ: നടുവിൽ നിൽക്കുന്ന ചെണ്ടക്കാരനാണു മൊത്തമായി കൊണ്ടുനടക്കുന്നതെങ്കിലും, എല്ലാ വാദ്യത്തിലും പ്രമാണിമാരുണ്ട്. കൊമ്പിലും കുഴലിലും താളത്തിലും വലംതലയിലുമൊക്കെ പ്രമാണിമാരുണ്ട്. ഈ പ്രമാണിമാരെല്ലാം തമ്മിലും ധാരണയുണ്ടാവണം.
∙ ചില സമയത്ത് നമ്മൾ പ്രതീക്ഷിക്കാത്ത ചിലർ ഈ ഗ്രൂപ്പിൽ വന്നു ചേരാൻ സാധ്യതയുണ്ടല്ലോ. ‘പെരുവനത്തോടൊന്നു ചോദിക്കാമോ? അദ്ദേഹത്തിന്റെ റേറ്റ് കൂടുതലാണെങ്കിൽ, ബാക്കിയുള്ളവരെ ലോക്കലായി അറേഞ്ച് ചെയ്യാം’ എന്നു ചിലർ ചോദിക്കാറുണ്ട്. അങ്ങനെയൊരു ടീം വരുമ്പോൾ ശരിക്കും ചേർച്ചയുണ്ടാകുമോ?
പെരുവനം: വ്യക്തിപരമായി ഇത്ര രൂപ തന്നാലേ ഒരു പരിപാടിയിൽ പങ്കെടുക്കൂ എന്നു ഞാൻ ഇന്നേവരെ പറഞ്ഞിട്ടില്ല. 50 പൈസയ്ക്കു കൊട്ടിത്തുടങ്ങിയിട്ടുണ്ട്. അത് അൻപതിനായിരവും അതിൽ കൂടുതലും വാങ്ങാൻ ഇപ്പോൾ സാധിക്കുന്നു. അതു ഭാഗ്യം. ടീമായിട്ടു പോകുമ്പോൾ, യാത്രയും മറ്റു സൗകര്യങ്ങളും കണക്കാക്കി സാധാരണ നടക്കുന്ന പരിപാടിയുടെ ഇരട്ടി വേണ്ടിവരും. അത് എനിക്കു വ്യക്തിപരമായി എടുക്കാനല്ല. എന്റെ കൂടെ വരുന്നവരിൽ പ്രഗൽഭരായ കലാകാരൻമാരും സാധാരണക്കാരുമൊക്കെ ഉണ്ടാകും. എല്ലാവരെയും പ്രഗൽഭരെ പങ്കെടുപ്പിക്കാൻ പറ്റില്ല. അവർ കാലംകൊണ്ട് അനുഭവസമ്പത്തുള്ളവരായിരിക്കും. അവർക്കും ജീവിക്കണ്ടേ? കലാകാരനും നല്ല പ്രതിഫലം കൊടുക്കണം, അർഹിക്കുന്ന സ്ഥാനം ലഭിക്കണം. അതു ഞങ്ങൾ രണ്ടാളുടെയും അഭിപ്രായമാണ്. സഘമായി ഏൽപിക്കുമ്പോൾ റേറ്റ് കുറച്ചു കൂടുതലാണ്. വ്യക്തിപരമായ പരിപാടിയാണെങ്കിൽ, കൂടുതൽ തന്നാൽ സന്തോഷം. കുറവ് തന്നാൽ സന്തോഷക്കുറവുമില്ല.
∙ കൂടെയുള്ള കലാകാരൻമാർക്കു കൃത്യമായ പ്രതിഫലം കിട്ടണമെന്നതിൽ മട്ടന്നൂരും അടിയുറച്ചു നിൽക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. ടീമിനു മാത്രമല്ല, ചെണ്ടയ്ക്കുപോലും യൂണിഫോമുണ്ടാക്കി സിസ്റ്റം കൊണ്ടുവന്നയാളാണ്. ആ രീതിയിൽ നിങ്ങൾ ചെയ്യുന്നതുകൊണ്ടാണ് ഇത്രയും പേരു വന്നതും...
മട്ടന്നൂർ: അതുകൊണ്ടുതന്നെ ഞങ്ങൾക്കു പ്രതിഫലം തരണ്ടേ? ഉള്ള സ്ഥലത്തുനിന്നു ധാരാളം തന്നോട്ടെ എന്നാണ് എന്റെ പക്ഷം. ഇല്ലാത്ത സ്ഥലത്തുനിന്നു കൃത്യമായി പറഞ്ഞോട്ടെ, ഒന്നുമില്ലെന്ന്. ഒരു പ്രാവശ്യം നമ്മൾ പോയി ചെയ്തുകൊടുക്കും. നമ്മൾ സ്വയം ജീവിക്കണം, കൂടെ വരുന്നവരെ സഹായിക്കണം. കൊട്ടുകാരനായതുകൊണ്ട് അവൻ സമൂഹത്തിൽ ഒന്നുമല്ലെന്ന ചിന്ത എടുത്തുകളയണമെന്നു ശഠിക്കുന്നവരാണു ഞങ്ങൾ.
∙ വടക്കൻ മലബാറിൽനിന്ന് കൊട്ടിവന്നയാളാണു മട്ടന്നൂർ. ‘തെക്കൻ കേരളത്തിൽ പോയി പേരെടുത്താലേ മേളക്കാരനായി ശ്രദ്ധിക്കപ്പെടൂ’ എന്നു ശങ്കരേട്ടൻതന്നെ മുൻപു പറഞ്ഞിട്ടുണ്ട്...
മട്ടന്നൂർ: പ്രത്യേകിച്ചു തൃശൂർ, പാലക്കാട്. ഈ രണ്ടു ജില്ലകളിലും കൊട്ടിത്തെളിഞ്ഞാൽ നിങ്ങൾക്ക് എവിടെയും പോകാം. കൊട്ടിലെ ഓരോ എണ്ണങ്ങളും കേട്ടു മനസ്സിലാക്കി അംഗീകരിക്കുന്ന ആസ്വാദകരുള്ള സ്ഥലങ്ങളാണിത്. അവിടെയല്ലേ നമ്മൾ തെളിയേണ്ടത്?
∙ എന്റെ നാട്ടിൽനിന്ന് ആളുകൾ തൃശൂർ പൂരത്തിനു കൊട്ടണമെന്ന് ശഠിച്ചുകൊണ്ടാണു ശങ്കരേട്ടൻ ക്ഷേത്രവാദ്യകലാ അക്കാദമി തുടങ്ങിയത്. കുട്ടേട്ടൻ പക്ഷേ, ആദ്യം മുതലേ പെരുവനത്തുതന്നെ നിൽക്കുന്നൊരാളാണ്. ആ തരത്തിലൊരു ദേശവ്യത്യാസം താളത്തിന്റെ കാര്യത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ?
പെരുവനം: മേളം ഒന്നേയുള്ളൂ. പഞ്ചാരിമേളവും പാണ്ടിമേളവും ഞങ്ങൾ രണ്ടു പേരും കൊട്ടുന്നത് ഒന്നുതന്നെയാണ്. അവതരിപ്പിക്കുന്ന വേദികളുടെ വ്യത്യാസമാണു കാര്യമായ വ്യത്യാസം. തൃപ്പൂണിത്തുറ മതിൽക്കകത്തും ഇരിങ്ങാലക്കുട മതിൽക്കകത്തും ഗുരുവായൂർ മതിൽക്കകത്തും പെരുവനം നടവഴിയിലും ആറാട്ടുപുഴ പൂരത്തിനും തൃശൂർ പൂരത്തിനുമൊക്കെ കൊട്ടുന്ന ആൾക്കാർ ഒന്നാണ്, മേളവും ഒന്നാണ്. പക്ഷേ, സമയദൈർഘ്യവും കലാകാരൻമാരുടെ എണ്ണവും സ്ഥലത്തിന്റെ വ്യത്യാസവുമൊക്കെ മേളത്തെ സ്വാധീനിക്കും. പെരുവനം നടവഴിയിലെ പൂരം കാണാൻ തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടുനിന്നും കണ്ണൂരിൽനിന്നും ആൾക്കാർ വരുന്നുണ്ട്. ഇപ്പോൾ അവിടേക്കും നമ്മളെയൊക്കെ വിളിച്ചുകൊണ്ടുപോകുന്നുണ്ട്. ‘ത കി ട’ എന്നത് എല്ലായിടത്തും ഒന്നുതന്നെയാണ്. പക്ഷേ, അതു കൊട്ടുന്ന രീതിയിൽ വ്യത്യസ്ത സംസ്കാരങ്ങളുണ്ടാകും.
∙ ഒരുപാട് ആചാര്യൻമാർ ഒരുപാടു കാലംകൊണ്ടു തായമ്പകയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ദൈർഘ്യം മുതൽ അവതരണത്തിൽ വരെ. ശങ്കരേട്ടൻ ഇപ്പോഴും പല മാറ്റങ്ങളും വരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നയാളാണ്. പൊതുവിൽ, കലയുടെ ആസ്വാദനത്തിലൊക്കെ വലിയ മാറ്റങ്ങൾ വരുന്ന കാലമാണ്. ഇനി ഇവിടുന്നങ്ങോട്ട് താളസമ്പ്രദായത്തിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങൾ എങ്ങനെയൊക്കെയാണ്?
പെരുവനം: കാലം കൊണ്ടു വരുന്ന കുറേ മാറ്റങ്ങളുണ്ട്. ചെണ്ടയിലെ ശബ്ദങ്ങൾ മാറുന്നുണ്ട്. ആദ്യകാലങ്ങളിൽ കൈകൊണ്ടു കാൽ ചവിട്ടിയാണു ചെണ്ട വലിച്ചുമുറുക്കുന്നത്. ഇപ്പോൾ യന്ത്രംകൊണ്ടാണു ചെണ്ട മുറുക്കുന്നത്. അതുകൊണ്ട്, പണ്ടത്തെ അപേക്ഷിച്ച് ചെണ്ടയുടെ ശബ്ദത്തിന് ഇപ്പോൾ മൂപ്പു കൂടിയിട്ടുണ്ട്. പണ്ടു വരുമാനം വളരെ പരിമിതമായിരുന്നു. ഒരു ചെണ്ടയുണ്ടാക്കിയാൽ, പറ്റിയാൽ ഒരു കൊല്ലം ഓടണേയെന്നാണ് ആഗ്രഹിക്കുക. ഇപ്പോൾ ഏതു കലാകാരന്റെയും വീട്ടിൽ നാലും അഞ്ചയും ചെണ്ടയൊക്കെ ഉണ്ടാകും. പ്രയോഗത്തിൽ ആസ്വാദകരെ സന്തോഷിപ്പിക്കേണ്ട അവസ്ഥ ചിലപ്പോൾ വരും. മേളത്തിൽ അതിനു സാധ്യത വളരെ കുറവാണ്. തായമ്പകയിൽ വൈഭവവും വൈദഗ്ധ്യവുംകൊണ്ട് കുറേ പുതിയ കണ്ടുപിടിത്തങ്ങൾ വരുന്നു. മട്ടന്നൂർ ഒന്നു കണ്ടുപിടിച്ചാൽ, വേറൊരാൾ വേറൊരു അവതരണക്രമം ചിട്ടപ്പെടുത്താൻ ശ്രമിക്കുന്നു. അടിസ്ഥാനകാര്യങ്ങളിലൊന്നും മാറ്റമില്ല. മനോധർമങ്ങളിലേ മാറ്റം വന്നിട്ടുള്ളൂ. അല്ലാതെ എണ്ണങ്ങളിലൊന്നുമില്ല.
മട്ടന്നൂർ: ഇപ്പോൾ പെരുവനം പറഞ്ഞല്ലോ, ചെമ്പടവട്ടം മാറിയിട്ടില്ല, കൂറുകൾ മാറിയിട്ടില്ല, ഇടവട്ടം, ഇടവട്ടം രണ്ടാം കാലം, ഇടനില, ഇരികിട... ഇതൊക്കെ കൃത്യമായി പോകുന്നുണ്ട്. പിന്നെ അതിലുള്ള പ്രയോഗം, ആ കണ്ടെത്തലേ ഞങ്ങൾ ചെയ്യുന്നുള്ളൂ. അല്ലാതെ താളത്തിന് ഒരു മാറ്റവുമില്ലല്ലോ? അംബാസഡർ കാർ ഇപ്പോൾ ഉപയോഗിക്കുന്നില്ലല്ലോ? പക്ഷേ, ബെൻസിൽ ചെന്നിറങ്ങുമ്പോൾ ഒരു വ്യത്യാസമില്ലേ? അതേയുള്ളൂ മാറ്റം. പക്ഷേ, മനോധർമമേ ഉള്ളൂ എന്നതാണ് ഇപ്പോഴത്തെയൊരു പ്രത്യേകത. ഞാനൊക്കെ എണ്ണം ഒഴിവാക്കിയുള്ള മനോധർമം കൊട്ടാറില്ല.
∙ സാധാരണ പല പാരമ്പര്യ കലാകാരൻമാരും എതിർക്കാറുള്ള മേഖല, ശിങ്കാരിമേളത്തിന്റെ കാര്യത്തിലാണ്. പക്ഷേ, നിങ്ങൾ രണ്ടു പേരും ശിങ്കാരിമേളത്തോടു യോജിച്ചതായി കേട്ടിട്ടുണ്ട്. എന്നു പറഞ്ഞാൽ, ശിങ്കാരിമേളം സന്തോഷിപ്പിക്കുന്ന രീതിയിൽ തായമ്പകയ്ക്കു സന്തോഷിപ്പിക്കാൻ ഇനിയും കുറേക്കൂടി ശ്രമിക്കേണ്ടി വരും എന്നാണോ?
പെരുവനം: കഥകളി കാണുമ്പോൾ സന്തോഷമില്ലേ? ഗോപിയാശാനെ കാണുമ്പോഴും നല്ല പാട്ടു കേൾക്കുമ്പോഴും നല്ല കൊട്ടു കേൾക്കുമ്പോഴുമൊക്കെ സന്തോഷമില്ലായ്കയുണ്ടോ? നല്ല മോഹിനിയാട്ടം കാണുമ്പോൾ സന്തോഷക്കുറവുണ്ടോ? നല്ല തായമ്പക കാണുന്നു, സന്തോഷമേയുള്ളൂ. നല്ല മേളം കേൾക്കുമ്പോൾ സന്തോഷിക്കാതെയില്ല. ഇതുപോലെ മറ്റു മേളങ്ങൾ കേൾക്കുമ്പോൾ ഞങ്ങളും സന്തോഷിക്കുന്നുണ്ട്. കഥകളിയെയും മേളത്തിനെയും താരതമ്യപ്പെടുത്താൻ പറ്റാത്തതുപോലെ, മറ്റു മേളങ്ങളെ പഞ്ചാരിയോ പാണ്ടിയോ ഒക്കെയായി താരതമ്യപ്പെടുത്തുന്നതാണു പ്രശ്നം. ശിങ്കാരിമേളം കേട്ടാൽ തുടിക്കാത്ത ഹൃദയങ്ങളുണ്ടാവില്ല. അതിന്റെ താളത്തിനൊത്തു മനസ്സു നൃത്തം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.
മട്ടന്നൂർ: ഇപ്പോൾ ഫാസ്റ്റ് ഫുഡ് കിട്ടുന്ന ലോകമാണ്. ആ ചൂടു മാറിയാൽ പിന്നെ ഒന്നിനും കൊള്ളില്ല. അതുമാതിരി, ശിങ്കാരിമേളം ഒരു അര മണിക്കൂറൊക്കെ കാണാം, കേൾക്കാം. അതു കഴിഞ്ഞാൽ ഇതേ അവസ്ഥയാണ്. നേരെ മറിച്ച് ഒരു പഞ്ചാരിമേളം മൂന്നുമൂന്നര മണിക്കൂർ കൊട്ടുമ്പോഴുള്ള ആസ്വാദനവും അതിന്റെ യാത്രയും... അതു വേറൊരു സുന്ദരമായ ആസ്വാദനമാണ്. ശിങ്കാരിമേളം അങ്ങനെ ആനന്ദിക്കാൻ പറ്റുന്നതല്ല. ഓരോ ടീമിനും ആ ടീമിന്റെ മേളമാണ്. അതിനു ചിട്ടയായൊരു സിലബസോ ക്ലാസുകളോ ഉള്ളതായി ഞാൻ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. മേളമെന്നു പറഞ്ഞതുകൊണ്ടു മാത്രമായില്ലല്ലോ, അതു ശിങ്കാരിക്കുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല.
∙ അച്ഛൻ പെരുവനം അപ്പുമാരാരിൽനിന്നു പെരുവനം കുട്ടൻ മാരാർക്കും കണ്ടോത്ത് കുഞ്ഞികൃഷ്ണ മാരാരിൽനിന്നു മകൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കും കൊട്ടിന്റെ വഴി കിട്ടി. ശങ്കരേട്ടനും മക്കൾ മട്ടന്നൂർ ശ്രീകാന്തും ശ്രീരാജും ചേർന്നുള്ള ത്രിബിൾ തായമ്പക ഇന്നു ലോകം മുഴുവൻ പ്രസിദ്ധമാണ്. കുട്ടേട്ടന്റെ മകൻ കാർത്തിക് എന്ന അപ്പു, 2014ൽ ഇലത്താളം കൊട്ടി ഇലഞ്ഞിത്തറ മേളത്തിൽ പങ്കെടുത്തുതുടങ്ങി. പിന്നെ വലംതല കൊട്ടി, ഇപ്പോൾ മേളക്കാരനുമായി. മക്കൾ ഈ രംഗത്തേക്കു വരുന്നത്, മുൻകാലത്തെ അനുഷ്ഠാനരീതിയിൽ സ്വാഭാവികമാണ്. രാഷ്ട്രീയക്കാരുടെ മക്കളെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരുന്നതുപോലെ, മക്കളെ താളത്തിന്റെ വഴിയിലേക്കുതന്നെ കൊണ്ടുവന്നതിൽ ആരെങ്കിലും അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാറുണ്ടോ?
പെരുവനം: അതു പറയാൻ ആർക്കാ അവകാശം? അത്രയ്ക്കു മോശമായ പ്രവൃത്തിയല്ലല്ലോ ഞങ്ങൾ ചെയ്തത്? ഞങ്ങൾ ഉപാസിക്കുന്ന കലകൊണ്ടു ഞങ്ങൾ സമൂഹത്തിന്റെ സ്നേഹം നേടുന്നു. പേരോ പ്രശസ്തിയോ ബഹുമതികളോ പറയുന്നില്ല. ആ രംഗത്തേക്കു ഞങ്ങളുടെ മക്കൾ കടന്നുവന്നതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുകയാണ്. സമൂഹവും സന്തോഷിക്കുകയാണ്. ആരും അങ്ങനെ മറ്റൊരു രീതിയിൽ വിമർശിച്ചിട്ടില്ല, വിമർശിക്കാൻ ആർക്കും അവകാശവുമില്ല. ഞങ്ങൾ മക്കളെ നിർബന്ധിച്ച് ഈ രംഗത്തേക്കു കൊണ്ടുവന്നിട്ടില്ല. ഞാൻ എന്റെ മോനോട്, ‘ഞാനാവണം’ എന്നു പറയാറില്ല. ആദ്യം പാട്ടും മൃദംഗവും പിന്നെ ചെണ്ടയും പഠിച്ചു. അതു കഴിഞ്ഞപ്പോൾ ചെണ്ട മതിയെന്നായി അവന്. ഞങ്ങൾക്കു പൂർവികരുടെ മേൽവിലാസവും പൈതൃകവും കിട്ടി. പിന്നെ ഞങ്ങളുടെ അധ്വാനവും പ്രവർത്തനവും പെരുമാറ്റവുമൊക്കെയുണ്ട്. ഞങ്ങളുടെ മക്കളായതുകൊണ്ട് അവർക്കുള്ള മെച്ചം, ഞങ്ങൾ നേടിയ പേരിന്റെ ഒരു ശതമാനം അവർക്കും കിട്ടും എന്നതാണ്. പക്ഷേ, അതു മാത്രംകൊണ്ട് ലോകം അംഗീകരിക്കുന്ന കലാകാരൻമാരാവില്ല, വ്യക്തിപരമായി കഴിവുണ്ടാവണം. അവരതിനു ശ്രമിക്കണം, പ്രവർത്തിക്കണം.
മട്ടന്നൂർ: കുട്ടികളോട്, നിങ്ങൾ ഇന്നതു ചെയ്യണമെന്നു ഞാൻ ഉപദേശിച്ചിട്ടില്ല. പക്ഷേ, ഒന്നു പറഞ്ഞിട്ടുണ്ട്, നിങ്ങൾ എന്താണോ ചെയ്യുന്നത് അതിൽ നൂറു ശതമാനം ആത്മാർഥതയുണ്ടാകണം എന്ന്. അവർ എന്റെ കൂടെ കൊട്ടാൻ തുടങ്ങിയ കാലത്ത് എതിർപ്പുണ്ടായിട്ടുണ്ട്. മട്ടന്നൂർ ഇപ്പോൾ കുട്ടികളുടെ കൂടെയേ കൊട്ടൂ എന്നൊക്കെ ചിലർ പറയുമായിരുന്നു. എന്റെ മക്കളെ രക്ഷിക്കേണ്ട ചുമതല എനിക്കാണല്ലോ എന്ന്, എന്നോടു നേരിട്ടു പറഞ്ഞവരോടു ഞാൻ പറഞ്ഞു. നിങ്ങൾ ആ രക്ഷാചുമതല ഏറ്റെടുക്കുമെങ്കിൽ അങ്ങോട്ട് എൽപിക്കാമെന്നും പറഞ്ഞു. ‘അതു വേണ്ട’ എന്ന് അവർ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, ‘അതാണു ഞാൻ ആദ്യമേ ചെയ്തത്’. നമ്മൾ ഇപ്പോൾ ഈ ജീവിതം കൊണ്ടുനടക്കുന്നുണ്ടെങ്കിൽ, ഒരുപാടു കാലം ഇതിനുവേണ്ടി ബുദ്ധിമുട്ടിയിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾക്കാ സൗകര്യമുണ്ടായി. അപ്പോൾ ചെണ്ട കൊട്ടിയാൽ കുഴപ്പമൊന്നുമില്ലെന്ന് കുട്ടികൾക്കും ആകർഷണം തോന്നും. ചെണ്ടയിലൂടെ അവർ പല ലോകങ്ങളും കാണുകയും ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്.
∙ ഫ്യൂഷൻ വേറൊരു മേഖലയാണല്ലോ. മറ്റ് ഉപകരണങ്ങളുമായി അത്ര എളുപ്പത്തിൽ ചേരുന്നതല്ല ചെണ്ട. എന്നിട്ടും, സാക്കിർ ഹുസൈൻ, ഉമയാൾപുരം ശിവരാമൻ, ശിവമണി എന്നിവരുടെയൊക്കെ ഒപ്പം ധാരാളം സഞ്ചരിച്ച് ആ ചേർച്ച സാധ്യമാക്കിയയാളാണു മട്ടന്നൂർ. പക്ഷേ, പെരുവനം അങ്ങനെയല്ല. വളരെ കുറച്ചേ ഫ്യൂഷനുമായി സഹകരിച്ചു കണ്ടിട്ടുള്ളൂ. ഉമയാൾപുരത്തിന്റെ കൂടെ വായിച്ചു. പക്ഷേ, അദ്ദേഹം സ്ഥിരമായി പിടികൂടാൻ ശ്രമിച്ചിട്ടും വലിയ പ്രതിപത്തി കാണിച്ചില്ല. സാക്കിർ ഹുസൈന്റെ കൂടെയും അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം പെരുവനത്തിന്റെ പഞ്ചാരി കേട്ട് പ്രണമിച്ചിട്ടുമുണ്ട്. ഫ്യൂഷന്റെ കാര്യത്തിൽ മട്ടന്നൂർ എടുക്കുന്ന താൽപര്യവും പെരുവനം എടുക്കുന്ന താൽപര്യക്കുറവും നോക്കിയാൽ ഏതിലാണൊരു ബാലൻസ്?
മട്ടന്നൂർ: എനിക്ക് ഓർമ വച്ച നാൾ മുതലുള്ളൊരു ആവേശമാണ് ഡ്രൈവിങ്. അദ്ദേഹത്തിന് അതുണ്ടോ? മോട്ടർ ബൈക്കിൽ ഏതു രാജ്യത്തേക്കും പോകാനുള്ള ഉത്സാഹം എനിക്കുണ്ട്. അതൊന്നും കേമത്തം കാണിക്കാനല്ല. അതുപോലെ, ഫ്യൂഷന് അദ്ദേഹം പോകാത്തതുകൊണ്ട് ആ രംഗം ഇഷ്ടപ്പെടുന്നില്ല എന്നില്ല.
പെരുവനം: ഫ്യൂഷൻകൊണ്ട് ഗുണമില്ലെന്നു ഞാൻ പറയില്ല. ബാലഭാസ്കറിന്റെയൊക്കെ ഒപ്പം ലോകം മുഴുവൻ മട്ടന്നൂർ സഞ്ചരിച്ച് ചെണ്ടയെന്ന വാദ്യത്തിനൊരു മേൽവിലാസമുണ്ടാക്കിയിട്ടുണ്ട്. അത് അദ്ദേഹത്തിനും ഉപകാരപ്രദമായിട്ടുണ്ട്. അനന്തസാധ്യതയുള്ള വാദ്യമാണു ചെണ്ട. പതിനെട്ടു വാദ്യങ്ങളും ചെണ്ടയ്ക്കു താഴെ എന്നു പറയുന്നത് അതിന്റെ പ്രയോഗവൈഭവസാധ്യതകൊണ്ടാണ്. ചെണ്ടയെ അസുരവാദ്യമെന്നു വിളിക്കുന്നത്, ചെണ്ടയുടെ പ്രയോഗവൈഭവത്തിന്റെ വലിപ്പംകൊണ്ടാണ്. മറ്റ് ഉപകരണങ്ങളുമായി ചെണ്ടയെ ചേർക്കാൻ മട്ടന്നൂരിന് അപാരമായ കഴിവുണ്ട്. ഞാൻ സംഘവാദ്യകലയുടെ ആളാണ്. എന്നെ ഫ്യൂഷനു വിളിച്ചാൽ ഞാൻ പറയും, ഞാൻ ഒറ്റയ്ക്കു വരില്ല, കൊമ്പും കുഴലും ഇലത്താളവുമൊക്കെ വേണമെന്ന്. മേളത്തെ നല്ല രീതിയിലെത്തിക്കുക എന്റെ ലക്ഷ്യമാണ്. പല രാജ്യങ്ങളിലും മേളത്തെ എത്തിക്കാൻ കഴിയുന്നത് ഞാൻ അതിലിങ്ങനെ ഉറച്ചുനിൽക്കുന്നതുകൊണ്ടാണ്. എനിക്കു ടീമായി ജോലി ചെയ്യുമ്പോഴാണു മാനസികമായ സന്തോഷം, ഒറ്റയ്ക്കു കൊട്ടുമ്പോഴല്ല. അതുകൊണ്ട് എനിക്കു ഫ്യൂഷനിൽ അങ്ങനെ ഷൈൻ ചെയ്യാനും പറ്റില്ല.
∙ തൃത്താല കേശവപ്പൊതുവാൾ, പല്ലാവൂർ അപ്പുമാരാർ, തൃപ്പേക്കുളം അച്യുതമാരാർ, ആലിപ്പറമ്പിൽ ശിവരാമപ്പൊതുവാൾ... പ്രഗൽഭരായ എത്രയോ കലാകാരൻമാർ നിറഞ്ഞുനിന്ന മേഖലയാണു ചെണ്ട. അവർക്കൊന്നും കിട്ടേണ്ട ശ്രദ്ധപോലും കിട്ടിയിട്ടില്ലെന്ന് ഇപ്പോൾ തോന്നുന്നു. മട്ടന്നൂർ ശങ്കരൻകുട്ടിയും പെരുവനം കുട്ടൻ മാരാരും ഇത്രയും താരപദവിയിലേക്ക് എത്തിയതെങ്ങനെയായിരിക്കും, അല്ലെങ്കിൽ ചെണ്ടയിലൂടെ നിങ്ങൾക്ക് ഇത്രയും ‘വലിപ്പം’ കിട്ടിയത് എങ്ങനെയായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ?
പെരുവനം: ഞങ്ങടെ സൗഭാഗ്യം. മേളകലയുടെ സമ്പന്നകാലത്തു ഞങ്ങൾ ജീവിക്കുന്നു. ഞങ്ങൾക്കു പ്രവർത്തിക്കാൻ ഈശ്വരൻ മനസ്സും ശരീരവുമൊക്കെ അനുവദിച്ച് അനുഗ്രഹിക്കുന്നു.
മട്ടന്നൂർ: മുൻകാലത്തുള്ളവർ മറ്റുള്ളവരെ കാണാനും കേൾക്കാനും അംഗീകരിക്കാനുമുള്ള മനസ്സ് ഞങ്ങളെപ്പോലെ ഇല്ലാത്തവരായിരുന്നു. എന്റെ അനുഭവമാണു ഞാൻ പറയുന്നത്. അങ്ങനെ അംഗീകരിച്ചുകൊടുക്കാനുള്ള മനസ്സും അവരെന്താണെന്നു പഠിക്കാനുള്ള മനസ്സും അത് കൊണ്ടുനടക്കാനുള്ള കഴിവും പൂർവികർക്ക് നമ്മുടെയത്ര ഉണ്ടായിരുന്നില്ല എന്നതൊരു കാര്യമാണ്. ആളുകളോടുള്ള പെരുമാറ്റവും ഇഷ്ടത്തിന്റെ ഭാഗമല്ലേ? കൊട്ട് വേണ്ട, നിങ്ങൾ വെറുതെ വന്നാൽ മതിയെന്നു പറയുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ടെങ്കിൽ, അതു ഞങ്ങൾ കൊടുക്കുന്ന സ്നേഹവും അതു തിരിച്ചുകിട്ടലുമാണ്.
English Summary: Exclusive Interview with Peruvanam Kuttan Marar and Mattannoor Sankarankutty