‘ഇത് ഭാഗ്യം കൊണ്ടുണ്ടായ വിജയമല്ല, പ്രേക്ഷകരുടെ പൾസ് അറിഞ്ഞ് അവർക്കു വേണ്ടതു കൊടുത്തു’; ജേക്സ് ബിജോയ് അഭിമുഖം
ഈണമിട്ട ഗാനങ്ങളോടൊപ്പം തന്നെ പശ്ചാത്തല സംഗീതത്തിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ച സംഗീതസംവിധായകനാണ് ജേക്സ് ബിജോയ്. അയ്യപ്പനും കോശിയും, ധ്രുവങ്ങൾ പതിനാറ്, രണം, കൽക്കി, ഫോറൻസിക്, പൊറിഞ്ചു മറിയം ജോസ്, കുരുതി, ജനഗണമന, പാപ്പൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ആസ്വാദകരെ ത്രസിപ്പിക്കുന്ന സംഗീതവുമായി ജേക്സ്
ഈണമിട്ട ഗാനങ്ങളോടൊപ്പം തന്നെ പശ്ചാത്തല സംഗീതത്തിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ച സംഗീതസംവിധായകനാണ് ജേക്സ് ബിജോയ്. അയ്യപ്പനും കോശിയും, ധ്രുവങ്ങൾ പതിനാറ്, രണം, കൽക്കി, ഫോറൻസിക്, പൊറിഞ്ചു മറിയം ജോസ്, കുരുതി, ജനഗണമന, പാപ്പൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ആസ്വാദകരെ ത്രസിപ്പിക്കുന്ന സംഗീതവുമായി ജേക്സ്
ഈണമിട്ട ഗാനങ്ങളോടൊപ്പം തന്നെ പശ്ചാത്തല സംഗീതത്തിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ച സംഗീതസംവിധായകനാണ് ജേക്സ് ബിജോയ്. അയ്യപ്പനും കോശിയും, ധ്രുവങ്ങൾ പതിനാറ്, രണം, കൽക്കി, ഫോറൻസിക്, പൊറിഞ്ചു മറിയം ജോസ്, കുരുതി, ജനഗണമന, പാപ്പൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ആസ്വാദകരെ ത്രസിപ്പിക്കുന്ന സംഗീതവുമായി ജേക്സ്
ഈണമിട്ട ഗാനങ്ങളോടൊപ്പം തന്നെ പശ്ചാത്തല സംഗീതത്തിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ച സംഗീതസംവിധായകനാണ് ജേക്സ് ബിജോയ്. അയ്യപ്പനും കോശിയും, ധ്രുവങ്ങൾ പതിനാറ്, രണം, കൽക്കി, ഫോറൻസിക്, പൊറിഞ്ചു മറിയം ജോസ്, കുരുതി, ജനഗണമന, പാപ്പൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ആസ്വാദകരെ ത്രസിപ്പിക്കുന്ന സംഗീതവുമായി ജേക്സ് ബിജോയ് എത്തി. ഇപ്പോഴിതാ വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത ‘പോർ തൊഴിൽ’ എന്ന ചിത്രം കേരളത്തിലുൾപ്പടെ വിജയത്തേരിലേറുമ്പോൾ അതിന്റെ ക്രെഡിറ്റിൽ ജേക്സ് ബിജോയുടെ പേരുമുണ്ട്. ‘പോർ തൊഴിൽ’ മനസ്സുകൾ കീഴടക്കി മുന്നേറുമ്പോൾ പ്രേക്ഷകരെ മുൾമുനയിൽ പിടിച്ചു നിർത്തുന്നത് ജേക്സിന്റെ ത്രില്ലടിപ്പിക്കുന്ന സംഗീതം കൂടിയാണ്. മലയാളചലച്ചിത്രസംഗീത മേഖലയിൽ കയ്യൊപ്പ് ചാർത്തിയ ജേക്സ് ബിജോയ് ‘പോർ തൊഴിലി’ന്റെ വിശേഷങ്ങളുമായി മനോരമ ഓൺലൈനിനൊപ്പം...
കഥയാണ് കാതൽ
പോർതൊഴിൽ എന്ന സിനിമയുടെ സംവിധായകൻ വിഘ്‌നേഷ് രാജയെ എനിക്ക് മുൻ പരിചയമുള്ളതാണ്. ഞാൻ ചെന്നൈയിൽ ആയിരിക്കുമ്പോൾ അദ്ദേഹവുമായി കുറച്ച് പരസ്യചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന്റെ കഥ അദ്ദേഹം എന്നോടു പറഞ്ഞപ്പോൾ ത്രില്ലർ ആണെന്നു മനസ്സിലായി. ഞാൻ തുടരെ ത്രില്ലർ ചെയ്തുകൊണ്ടിരിക്കുന്നതു കൊണ്ട് വലിയ താൽപര്യം തോന്നിയില്ല. പക്ഷേ അദ്ദേഹം കഥ ഒന്ന് കേൾക്കൂ എന്ന് പറഞ്ഞപ്പോൾ ഞാൻ കേൾക്കാം എന്ന് സമ്മതിച്ചു. വിഘ്‌നേഷ് കഥ പറയുന്നതു കേട്ടിട്ട് ഇത് വളരെ നന്നായിട്ടുണ്ടെന്ന് എനിക്കു തോന്നി. ഞാൻ ഇതുവരെ കേട്ടിട്ടുള്ളതിൽ വച്ച് എന്നെ ഏറ്റവും പിടിച്ചിരുത്തിയ തിരക്കഥയായിരുന്നു അത്. ഒരു സിനിമ കാണുന്നതു പോലെ സ്ക്രിപ്റ്റ് വായിക്കുമ്പോൾ മ്യൂസിക് ഒക്കെ കേൾപ്പിച്ച് ത്രില്ല് അടിപ്പിച്ചുകൊണ്ടാണ് വിഘ്‌നേഷ് കഥ പറഞ്ഞത്. ഞാൻ ഉടനെ തന്നെ എനിക്കു പരിചയമുള്ള ഇ ഫോർ എന്റർടൈൻമെന്റിനോട് അതിന്റെ കാര്യം പറഞ്ഞു. ഇത് നിങ്ങൾ ചെയ്തില്ലെങ്കിൽ അത് ഏറ്റവും വലിയ നഷ്ടമായിപോകുമെന്നും പറഞ്ഞു. അങ്ങനെ ഞാൻ വിഘ്‌നേഷിനെ ഇ ഫോറിലേക്കു പറഞ്ഞുവിട്ടു. അവർ ഈ പ്രോജക്റ്റ് ഏറ്റെടുത്തു. മലയാളത്തിൽ മാത്രം സിനിമ ചെയ്തിരുന്ന ഇ ഫോർ എന്റർടൈൻമെന്റ് തമിഴിൽ ഇങ്ങനെ ഒരു ത്രില്ലർ സബ്ജക്ട് ചെയ്യണമെങ്കിൽ അത് സബ്ജക്ടിന്റെ മെറിറ്റ് മാത്രം കൊണ്ടാണ്.
പൾസ് അറിഞ്ഞു ചെയ്യുന്ന സംവിധായകൻ
ഇതിനു മുൻപ് ചെയ്ത ത്രില്ലർ സിനിമകളുടെ ഒന്നും ഛായ ഈ സിനിമയ്ക്കു വരരുത് എന്നുള്ളതുകൊണ്ട് സംഗീതം അതിനനുസരിച്ചാണു ചിട്ടപ്പെടുത്തിയത്. ഓരോ സീനിലും സംഗീതം ചെയ്തിരിക്കുന്നത് അടുത്ത സീനിൽ എന്താണ് വരാൻ പോകുന്നതെന്നുള്ള പിരിമുറുക്കം ഉണ്ടാക്കുന്ന രീതിയിലാണ്. സിനിമയിലെ എല്ലാ സീനും പിടിച്ചിരുത്തുന്നതാണ്. ഞാൻ ഇതുവരെ ഒരുമിച്ചു പ്രവർത്തിച്ചിട്ടുള്ളതിൽവച്ച് ഏറെ സൂക്ഷ്മമായി പ്ലാൻ ചെയ്ത് സിനിമ സംവിധാനം ചെയ്യുന്നവരിൽ ഒരാളാണ് വിഘ്‌നേഷ് രാജ. അദ്ദേഹത്തിന്റെ ചിട്ടയായ സമീപനവും പ്ലാനുമാണ് ഈ സിനിമയുടെ വിജയം. ഇങ്ങനെ ചെയ്‌താൽ വിജയിക്കും എന്ന ഗൃഹപാഠത്തോടെയാണ് അദ്ദേഹം പ്രവർത്തിച്ചത്. അല്ലാതെ ഇത് വെറും ഭാഗ്യം കൊണ്ടുണ്ടായ വിജയമല്ല. ആളുകളുടെ പൾസ് അറിഞ്ഞ് എവിടെ എന്ത് കൊടുക്കണം, ഏത് സമയത്ത് റിലീസ് ചെയ്യണം എന്നെല്ലാം പ്ലാൻ ചെയ്തിരുന്നു. വരും കാലത്ത് മെഗാ ഹിറ്റുകൾ വിഘ്‌നേഷിൽ നിന്നു പ്രതാക്ഷിക്കാനാകുമെന്ന് എനിക്കുറപ്പുണ്ട്.
ക്ലൈമാക്സിൽ മാത്രം രണ്ടു വരി പാട്ട്
സിനിമയിൽ പാട്ടുകൾ ഇല്ല. ക്ലൈമാക്‌സിൽ മാത്രം രണ്ടുവരി പാട്ട് ഞാൻ ചെയ്തിരുന്നു. ഈ സിനിമ ത്രില്ലർ ആണെങ്കിലും അതിൽ കുഞ്ഞിനെ പോറ്റി വളർത്തുന്ന ഒരു എലമെന്റ് ഉണ്ട്. ഒരു വിത്ത് മണ്ണിൽ വീഴുമ്പോൾ ചിലത് മരമാകും, ചിലത് ചീഞ്ഞുപോകും എന്നു പറയുന്നതുപോലെയാണ്. എന്താകുമെന്ന് ആർക്കും അറിയില്ല. ഒരു കുട്ടി വളരുന്ന സാഹചര്യത്തിൽ അവർ കാണുന്നതാണ് പിന്നെ അവരുടെ മനസ്സിൽ ആഴ്ന്നിറങ്ങുന്ന അനുഭവങ്ങളായി മാറുന്നത്. ചിലർ ക്രിമിനൽ ആകുന്നു, ചിലർ പൊലീസ് ആകുന്നു, ചിലർ മാധ്യമപ്രവർത്തകർ ആകുന്നു, ചിലർ അധ്യാപകർ ആകുന്നു. ഇതാണ് ചിത്രത്തിന്റെ കാതൽ. സിനിമയുടെ സാരാംശം മനോഹരമായി കാണിക്കാൻ വേണ്ടി ക്ലൈമാക്സിൽ മാത്രം ഒരു ചെറിയ ബിറ്റ് സോങ് പോലെ വന്നിട്ടുണ്ട്. അതു ചെയ്യാമെന്ന് ഞാനാണു നിർദേശിച്ചത്. അത് ചിത്രത്തിനു വളരെ നല്ല ഒരു ഫീൽ കൊണ്ടുവരികയും ചെയ്തു. രണ്ടര മണിക്കൂറോളം പ്രേക്ഷകരെ വേറൊരു ലോകത്തിലാണ് പോർ തൊഴിൽ പിടിച്ചിരുത്തുന്നത്.
ത്രില്ലറിന് വേണ്ടി പുതുമയുള്ള സംഗീതം
അശോക് സെൽവനെ മലയാളികൾക്ക് അത്ര പരിചയമില്ല. ശരത് കുമാർ സാറും മലയാളത്തിൽ അധികം ഫാൻ ബേസ് ഒന്നുമില്ലാത്ത ആളാണ്. എന്നിട്ടു പോലും സിനിമയ്ക്ക് കൊച്ചിയിൽ എല്ലാ ഷോയും ഹൗസ്ഫുൾ ആയിരുന്നു. സിനിമ കാണുന്നവർ സംഗീതത്തെക്കുറിച്ചും പറയുന്നുണ്ട്. സ്കോറിനെപ്പറ്റി പ്രതീക്ഷിച്ചതിനേക്കാൾ നന്നായി ആളുകൾ ചർച്ച ചെയ്യുന്നുണ്ട്. പക്ഷേ എന്റെ സ്കോർ മാത്രം ആരും ശ്രദ്ധിക്കണം എന്ന ആഗ്രഹം എനിക്കില്ല. സിനിമ വിജയിക്കണം, അതിലാണ് സന്തോഷം. ഞാനും വിഘ്‌നേഷ് രാജയും ഒരുമിച്ചിരുന്നാണ് സ്കോർ ചെയ്തത്. വിഘ്‌നേഷും കുറെ ഇൻപുട്ട് തന്നിട്ടുണ്ട്. ത്രില്ലറിന് എപ്പോഴും വേണ്ടത് ആളുകളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന മ്യൂസിക് ആണ്. അപ്പോൾ ആ ടോണുകൾ കിട്ടുന്ന സംഗീത ഉപകരണങ്ങൾ ആണ് ഉപയോഗിക്കേണ്ടത്. ഞാൻ കൂടുതൽ ഇതിൽ വില്ലന്റെ ഇമോഷനെ എടുത്തുകാണിക്കുന്ന രീതിയിൽ സ്ട്രിങ് ബേസ്ഡ് ആയ സംഗീതം ആണ് ചെയ്തിരിക്കുന്നത്. ഒരു സൈക്കോ ത്രില്ലർ ആണെങ്കിലും ബഡ്ഡി കോപ്പ് എന്ന് പറയുന്ന രണ്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ ഇൻവെസ്റ്റിഗേഷൻ മൂഡിലാണ് സിനിമ സഞ്ചരിക്കുന്നത്. ശരത് സാറിന്റെ കഥാപാത്രം റഫ് ആൻഡ് ടഫ് ആണ്. മറ്റേ ആൾ പുതുതായി സേനയിൽ ചേർന്ന ആളും. സിനിമ കണ്ടിട്ട് സംഗീതം ചെയ്യാനിരിക്കുമ്പോൾ എന്റെ മനസ്സ് പറയുന്നതിൽ വിശ്വസിച്ച് സംഗീതം ചെയ്യുകയാണ് പതിവ്.
2023 ലെ മെഗാ ഹിറ്റുകളിൽ ഒന്ന്
പോർ തൊഴിൽ കണ്ടിട്ട് മലയാളം സിനിമാമേഖലയിൽ നിന്ന് ഒരുപാട് പേര് വിളിച്ചു. ആസിഫ് അലി വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. കേരളത്തിൽ നിന്നുള്ള പ്രതികരണം കണ്ടിട്ട് വലിയ സന്തോഷം തോന്നി. എല്ലാവരും നല്ല ആവേശത്തിലാണ്. ആദ്യം ഏതാനും ചില തിയറ്ററുകളിൽ മാത്രം പ്രദർശനം നടത്തിയ ചിത്രം ഇപ്പോൾ കേരളത്തിൽ മാത്രം നൂറിലധികം തിയറ്ററുകളിൽ ഓടുന്നുണ്ട്. ത്രില്ലർ പ്രേമികൾക്ക് ഒരു നോവൽ വായിക്കുന്നതുപോലെ കാണാൻ പറ്റുന്ന സിനിമയാണിത്. തമിഴിൽ ബിഗ് ഹിറ്റ് ആണ് സിനിമ. കലക്‌ഷന്‍ ഒട്ടും മോശമല്ല. 2023 ലെ വലിയ ഹിറ്റുകളിൽ ഒന്നായിരിക്കും ഈ സിനിമ എന്നാണു പറയപ്പെടുന്നത്. ഒരു മീഡിയം ബഡ്ജറ്റ് ചിത്രത്തിന് ഇത്രയും പ്രതികരണങ്ങൾ കിട്ടുന്നതിൽ ഒരുപാട് സന്തോഷം
പുതിയ ചിത്രങ്ങൾ
മലയാളത്തിൽ അടുത്തതായി വരുന്നത് ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്ത, കുഞ്ചാക്കോ ബോബന്റെ പദ്മിനി, പൃഥ്വിരാജിന്റെ വിലായത്ത് ബുദ്ധ, ജോഷി സാറിന്റെ ആന്റണി, ലിസ്റ്റിൻ സ്റ്റീഫന്റെ ഗരുഡൻ എന്നിവയാണ്. പിന്നെ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഒരു നിവിൻ പോളി ചിത്രവുമുണ്ട്. ആദ്യം പുറത്തിറങ്ങുന്നത് പദ്മിനി ആയിരിക്കും. അതിനു വേണ്ടിയുള്ള കാത്തിരുപ്പിലാണിപ്പോൾ.