‘ശത്രുക്കളില്ലെങ്കിൽ ജീവിതം ശൂന്യം’; വയലാർ ട്രസ്റ്റിൽ നിന്നുള്ള ദൂരം 46 വർഷം!
ഹൃദയരാഗങ്ങളുടെകൂടി കവിയായ ശ്രീകുമാരൻ തമ്പി തന്റെ ഓർമകളത്രയും രാഗങ്ങളായാണ് മനസ്സിൽ കുറിച്ചിട്ടിരിക്കുന്നത്. മുറിവേറ്റ അനുഭവങ്ങളെ ഒറ്റയ്ക്കു കൂട്ടി. തുറന്നു പറയാനവസരം ലഭിച്ചപ്പോൾ എല്ലാം വെളിപ്പെടുത്തുന്നു. ‘അല്ലെങ്കിൽ ഞാനൊരു മനുഷ്യനാകില്ലല്ലോ..’ അദ്ദേഹം ചോദിക്കുന്നു. ജീവിതത്തിൽ
ഹൃദയരാഗങ്ങളുടെകൂടി കവിയായ ശ്രീകുമാരൻ തമ്പി തന്റെ ഓർമകളത്രയും രാഗങ്ങളായാണ് മനസ്സിൽ കുറിച്ചിട്ടിരിക്കുന്നത്. മുറിവേറ്റ അനുഭവങ്ങളെ ഒറ്റയ്ക്കു കൂട്ടി. തുറന്നു പറയാനവസരം ലഭിച്ചപ്പോൾ എല്ലാം വെളിപ്പെടുത്തുന്നു. ‘അല്ലെങ്കിൽ ഞാനൊരു മനുഷ്യനാകില്ലല്ലോ..’ അദ്ദേഹം ചോദിക്കുന്നു. ജീവിതത്തിൽ
ഹൃദയരാഗങ്ങളുടെകൂടി കവിയായ ശ്രീകുമാരൻ തമ്പി തന്റെ ഓർമകളത്രയും രാഗങ്ങളായാണ് മനസ്സിൽ കുറിച്ചിട്ടിരിക്കുന്നത്. മുറിവേറ്റ അനുഭവങ്ങളെ ഒറ്റയ്ക്കു കൂട്ടി. തുറന്നു പറയാനവസരം ലഭിച്ചപ്പോൾ എല്ലാം വെളിപ്പെടുത്തുന്നു. ‘അല്ലെങ്കിൽ ഞാനൊരു മനുഷ്യനാകില്ലല്ലോ..’ അദ്ദേഹം ചോദിക്കുന്നു. ജീവിതത്തിൽ
ഹൃദയരാഗങ്ങളുടെകൂടി കവിയായ ശ്രീകുമാരൻ തമ്പി തന്റെ ഓർമകളത്രയും രാഗങ്ങളായാണ് മനസ്സിൽ കുറിച്ചിട്ടിരിക്കുന്നത്. മുറിവേറ്റ അനുഭവങ്ങളെ ഒറ്റയ്ക്കു കൂട്ടി. തുറന്നു പറയാനവസരം ലഭിച്ചപ്പോൾ എല്ലാം വെളിപ്പെടുത്തുന്നു. ‘അല്ലെങ്കിൽ ഞാനൊരു മനുഷ്യനാകില്ലല്ലോ..’ അദ്ദേഹം ചോദിക്കുന്നു. ജീവിതത്തിൽ ശത്രുക്കളുണ്ടായിരുന്നു. പക്ഷേ ഈ നിലയിലെത്തിച്ചതിലുള്ള നന്ദിയും അവരോടാണ്. വലയാർ അവാർഡിന്റെ പശ്ചാചത്തലത്തിൽ ശ്രീകുമാരൻ തമ്പി മനസ്സു തുറക്കുകയാണ്.
∙ ഇപ്പോഴത്തെ തുറന്നു പറച്ചിലുകൾക്കു പിന്നിലെന്താണ്?
സാഹിത്യത്തിലും സിനിമയിലും കോക്കസുകളുണ്ട്. ഒരു കോക്കസിലും പെട്ടയാളല്ല ഞാൻ. ജീവിതം മുഴുവൻ ഒറ്റയ്ക്കു നടന്നു. എനിക്കു ലോബിയില്ല. കലാപരമായി മികച്ച സിനിമകൾ ചെയ്തപ്പോഴും പ്രമോട്ടു ചെയ്യാൻ ആരുമുണ്ടായില്ല. സിനിമക്കാരൻ ആയതുകൊണ്ട് സാഹിത്യലോകം അകറ്റിനിർത്തി. സാഹിത്യകാരനായതിൽ സിനിമയും. കേരള സാഹിത്യ അക്കാദമിയുടെ അവാർഡിന് പരിഗണിച്ചപ്പോൾ ഒരു കോക്കസ് എനിക്കെതിരെ പ്രവർത്തിച്ചു. 12 കവിതാസമാഹാരവും 4 നോവലുകളുമെഴുതി. എല്ലാ മഹാകവികളുടെയും പേരിലുള്ള പുരസ്കാരവും ലഭിച്ചു. സാഹിത്യ അക്കാദമി അകറ്റിനിർത്തി. നെറ്റിയിൽ കുറിയുള്ളയാൾക്കു ഫെലോഷിപ്പും വേണ്ടെന്നു വച്ചു. നെറ്റിയിൽ കുറിയിട്ടവരൊക്കെ ആർഎസ്എസ് ആണോ? ഞാനൊരു പാർട്ടിയിലും അംഗമല്ല.
∙ ഏറെ പുരസ്കാരങ്ങൾ നേടിയ കവി വയലാർ അവാർഡിന്റെ പേരിൽ പരിഭവിച്ചത് എന്തിനാണ്?
പുരസ്കാരങ്ങളോട് ദാഹമുള്ളയാളല്ല ഞാൻ. വീടു നിറയെ പുരസ്കാരങ്ങളാണ്. ആലപ്പുഴ എസ്ഡി കോളജിൽ പഠിക്കുമ്പോൾ ആദ്യകവിതാസമാഹാരമായ ‘ഒരു കവിയും കുറെ മാലാഖമാരും’ പുറത്തുവന്നു. അതിന് അവതാരിക എഴുതിയത് വയലാറാണ്. തമ്പിയുടെയും അദ്ദേഹത്തിന്റെ ഗ്രന്ഥത്തിന്റെയും കൂടെ നിൽക്കുന്നു എന്നാണു വയലാർ എഴുതിയത്. എന്നെ അടുത്തിരുത്തി ചോറു തന്നാണ് വിട്ടത്. ‘തമ്പീ മോരിൽ ആ കാന്താരിമുളക് ഉടച്ചു ചേർത്ത് കഴിക്കെന്നു പറഞ്ഞു’. അത്രയ്ക്കു വാൽസല്യമായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് വാഗ്ദാനം ചെയ്തു നിരസിച്ചു. വയലാർ ട്രസ്റ്റിൽ നിന്ന് എന്നിലേക്കുള്ള ദൂരം 46 വർഷമാണ്. അത് ഇപ്പോഴല്ലേ പറയാനാവുക? വൈകിക്കിട്ടിയത് കാലത്തിന്റെ കാവ്യനീതി. ഈ പുരസ്കാരം ഞാൻ സ്വീകരിക്കും. മറിച്ചായാൽ ഗുരുനിന്ദയാകും.
∙ ശത്രുക്കളാണ് വളർത്തിയതെന്ന് പറയുന്നു?
‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയും ‘കറുപ്പും വെളുപ്പും മായാവർണങ്ങളും’ എന്ന ആത്മകഥാ പരമ്പരയും പുറത്തുവന്നപ്പോഴാണ് ഒരു കോക്കസിലും പെടാത്ത മലയാളികൾ എന്നെ കൂടുതൽ തിരിച്ചറിഞ്ഞത്. ആത്മകഥയിൽ ഞാനൊന്നും ഒളിച്ചില്ല. വയലാർ പുരസ്കാരം കിട്ടിയപ്പോൾ മുൻപു കിട്ടാതിരുന്നതിനെപ്പറ്റി പറഞ്ഞ് എന്തിന് ശത്രുക്കളെ സൃഷ്ടിക്കുന്നുവെന്നു ചോദിച്ച സുഹൃത്തുക്കളുണ്ട്. ഇതുവരെ ശത്രുക്കളെ പേടിക്കാത്ത ഞാൻ ഈ 83–ാംവയസ്സിൽ പേടിക്കണോ? തിരിഞ്ഞുനോക്കുമ്പോൾ എന്നെ വളർത്തിയത് ശത്രുക്കളാണ്. ശത്രുത വരുമ്പോഴാണ് നമ്മൾ ആരെന്നു തിരിച്ചറിയുന്നതും എങ്ങനെ ഫൈറ്റ് ചെയ്യണമെന്നു തീരുമാനിക്കുന്നതും. മനസ്സിൽ ഒരു ‘ഫയർ’ കത്തിപ്പടരും. ശത്രു ഇല്ലെങ്കിൽ നമ്മുടെ ജീവിതം ശുന്യമാണ്.
26–ാമത്തെ വയസ്സിൽ ദേവരാജൻ മാസ്റ്റർ ഇനി തമ്പിയുടെ കൂടെ ജോലി ചെയ്യില്ലെന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിലുണ്ടായ ഫയർ ഇന്നും കൂടെയുണ്ട്. പിന്നീട് മാസ്റ്റർ കൂടെ വർക്കു ചെയ്തുവെന്നതു വേറെ കാര്യം.
∙ സിനിമയിലും സാഹിത്യത്തിലും സമാന്തരമായി താങ്കളുണ്ട്. പക്ഷേ സിനിമയിൽ കൂടുതലായി ശ്രദ്ധിച്ചത് സാഹിത്യത്തിൽ സജീവമാകുന്നതിന് തടസ്സമായില്ലേ?
സിനിമയിലുള്ളപ്പോഴും ഞാൻ കവിതയെഴുതിയിരുന്നു. സിനിമ നിർമിക്കുമ്പോഴും സംവിധാനം ചെയ്യുമ്പോഴും ആനുകാലികങ്ങളിൽ കവിതകൾ വന്നു. രണ്ടും ഒരേപോലെ കൊണ്ടുപോകുന്നത് നിസ്സാരമായിരുന്നില്ല. ജെ.സി.ഡാനിയേൽ അവാർഡ് കിട്ടിയില്ലേ, പിന്നെയെന്തിന് സാഹിത്യ അവാർഡിനായി ശ്രമിച്ചതെന്നു ചോദിക്കുന്നവരുണ്ട്. സിനിമയിൽ നിൽക്കുന്നവർ സാഹിത്യത്തിൽ അംഗീകാരം നേടാൻ പാടില്ലെന്നുണ്ടോ? എം.ടി.വാസുദേവൻ നായർ രണ്ടിടത്തും അംഗീകാരം നേടി. ആരും അദ്ദേഹത്തെ എതിർത്തില്ല. ചലച്ചിത്ര സംവിധായകനായ ശേഷമാണ് എംടി ‘രണ്ടാമൂഴം’എഴുതുന്നത്. ജ്ഞാനപീഠവും ജെ.സി.ഡാനിയേൽ പുരസ്കാരവും കിട്ടി. എംടിയെ കോക്കസുകൾക്ക് ഭയമാണ്. ശ്രീകുമാരൻ തമ്പിയെ ഭയമില്ല. ഞാൻ എംടിക്ക് തുല്യനാണെന്ന് പറയുകയല്ല. പക്ഷേ എനിക്കു വേണ്ടി മാത്രമായി ഒരു നിയമമുണ്ടോ?
∙ സിനിമയ്ക്ക് പാട്ടെഴുതിയത് കവിതയെഴുത്തിന്റെ ഗൗരവം കുറച്ചോ?
സിനിമയ്ക്ക് പാട്ടെഴുതുന്നതു വഴി സാഹിത്യത്തിന് ദോഷമുണ്ടാകുന്നതെങ്ങനെ? എനിക്ക് കവിതയാണ് ആദ്യം. പിന്നെയാണ് സിനിമ. എഴുത്തച്ഛനും ചെറുശേരിയും കുഞ്ചൻ നമ്പ്യാരും പാട്ടെഴുത്തുകാരാണ്. ‘നൃത്തശാല’യിലെ ‘പൊൻവെയിൽ മണിക്കച്ച അഴിഞ്ഞുവീണു’ എന്ന പാട്ട് എഴുതിയത് പി.ഭാസ്കരനാണെന്നും ഏഴുജന്മം കഴിഞ്ഞാലും തമ്പിക്ക് ഇങ്ങനെ എഴുതാനാവില്ലെന്നും പറഞ്ഞവരുണ്ട്. എന്റെ പല പാട്ടുകളും മറ്റു കവികളുടെ പേരിൽ അറിയപ്പെട്ടു. ഞാൻ വരുന്ന സമയത്ത് ‘വയലാറിനെയും പി.ഭാസ്കരനെയും നിനക്ക് തൊടാൻ പറ്റുമോ കുഞ്ഞേ’യെന്നു തോപ്പിൽ ഭാസി ചോദിച്ചു. തിരിച്ചുപോയി ജോലിയിൽ ശ്രദ്ധിക്കാനും പറഞ്ഞു. ‘ഞാനൊന്നു ശ്രമിച്ചു നോക്കാം. തോറ്റാൽ പോയി കോംപൗണ്ട് വാൾ കെട്ടി ജീവിച്ചോളാം’ എന്നു മറുപടി കൊടുത്തു. എൻജിനീയറിങ് ഡിഗ്രി കൈയിലുണ്ടല്ലോ. എന്നെ പാട്ടെഴുതാൻ പഠിപ്പിച്ച, അവരുടെ പാട്ടു കേട്ടു വളർന്ന ഞാൻ വൈകാതെ അവരെ തൊട്ടു. അവരുടെ ഒപ്പം സഞ്ചരിക്കുകയും ചെയ്തു. നല്ലവണ്ണം മത്സരിച്ചു തന്നെയാണ് നേടിയത്. കാലത്തിന്റെ നിയമം അതായിരുന്നു. പിന്നീട് പി.ഭാസ്കരന്റെ ചിത്രത്തിന് പാട്ടെഴുതി. അദ്ദേഹം സംവിധാനം ചെയ്ത 8 സിനിമകളുടെ തിരക്കഥയും സംഭാഷണവും ഞാനായിരുന്നു.
∙ വയലാർ –ദേവരാജൻ ടീമിന് സമാന്തരമായി ശ്രീകുമാരൻതമ്പി–അർജുനൻ ടീം വന്നു?
‘ഇനി ഞാൻ നിന്റെ പാട്ട് തൊടില്ലെന്ന്’ ദേവരാജൻ മാസ്റ്റർ എന്നെ വിളിച്ചുപറഞ്ഞു. ‘വേണ്ട,നിങ്ങളുടെ ഹാർമോണിസ്റ്റിനെ വച്ച് പാട്ട് ഹിറ്റാക്കുമെന്ന്’ ഞാനും. അർജുനൻ അന്നു സിനിമയിലില്ല, നാടകത്തിലെ ഹാർമോണിസ്റ്റു മാത്രമാണ്. അതെല്ലാം കഴിഞ്ഞ് ഒരു ദിവസം ദേവരാജൻ മാസ്റ്റർ വീണ്ടും വിളിച്ചു. ഒരു പ്രൊഡ്യൂസറെ അയക്കുന്നുണ്ട്. നമ്മൾ ഒരുമിച്ചാണ് ഈ ചിത്രത്തിൽ വർക്ക് ചെയ്യുന്നത് എന്നു പറഞ്ഞു. അതാണ് ‘കാലചക്ര’മെന്ന ചിത്രം. അതിലാണ് മമ്മൂട്ടി ആദ്യമായി ഡലയോഗ് പറയുന്നത്.
∙ കമൽഹാസൻ വയലാർ അവാർഡു കിട്ടിയപ്പോൾ അഭിനന്ദിച്ചിരുന്നു?
കമൽ എന്നെപ്പറ്റി എഴുതി. ‘തിരുവോണം’ എന്ന എന്റെ ഒരൊറ്റപടത്തിലാണ് അയാൾ അഭിനയിച്ചിട്ടുള്ളത്.
∙ എന്തുകൊണ്ടാണ് താങ്കളുടെ ചില പാട്ടുകൾ വയലാറിന്റെയും ഒഎൻവിയുടെയും പേരിൽ അറിയപ്പെട്ടപ്പോൾ തടയാതിരുന്നത്?
എനിക്ക് എങ്ങനെ തടയാൻ പറ്റും? ഇതുവരെ 3,000ത്തോളം പാട്ടുകളെഴുതി. ഇതെല്ലാം ഞാനെഴുതിയതാണെന്നു പറഞ്ഞ് നടക്കാനാകുമോ? കമ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രവർത്തകരുടേയും പിന്തുണയുണ്ടായിരുന്ന കവികളാണ് വയലാറും ഒഎൻവിയും. പാർട്ടിയെ വളർത്തിയതു തന്നെ കവികളും കലാകാരന്മാരുമാണ്. തോപ്പിൽ ഭാസി, വയലാർ, പി.ഭാസ്കരൻ, പുതുശേരി, തിരുനെല്ലൂർ എത്രയെത്ര പേരുണ്ട്. നല്ല പാട്ടുകേട്ടാലുടനെ അതു ഞങ്ങളുടെ വയലാറിന്റേത് അല്ലെങ്കിൽ ഒഎൻവിയുടേത്.. എന്നു പറയും. എത്ര വേദികളിൽ എനിക്കു തിരുത്താനൊക്കും?
∙ ‘അകലെയകലെ നീലാകാശവും...’ ‘പൊൻവെയിൽ മണിക്കച്ചയും.. ഹൃദയസരസ്സിലെ. ഒക്കെയും എഴുതിയ പാട്ടുകാരൻ ഇപ്പോഴത്തെ സിനിമാഗാനങ്ങളെ എങ്ങനെ കാണുന്നു?
ഇപ്പോഴത്തെ പാട്ടുകളെ കുറ്റപ്പെടുത്താനാകില്ല. ലോകസംഗീതത്തിൽത്തന്നെ മാറ്റമുണ്ടായി. കവിയുടെ ഭാവനയെക്കാളും ടെക്നോളജി ഇപ്പോൾ മുന്നിലാണ്. യുഗ്മഗാനം പാടാൻ ഗായകർ സ്റ്റുഡിയോയിൽ ഒരേ സമയം വേണമെന്നില്ല. കവിത കണ്ടാണ് അന്നു രാഗം നിർണയിച്ചിരുന്നത്. മലയാളിയല്ലാത്ത എം.ബി.ശ്രീനിവാസൻ പോലും അങ്ങനെയാണ് ട്യൂണിട്ടത്. ഇന്ന് എല്ലാം വാട്സാപ്പിലായി. ഇലക്ട്രോണിക് യുഗമാണ്. എഐയുടെയും കാലം. ഇന്നത്തെ സിനിമയിൽ ശ്രീകുമാരൻ തമ്പി വേണമെന്ന് ആരും പറയുന്നില്ല. പക്ഷേ സമൂഹത്തോട് പറയാൻ ചിലതെല്ലാം കാത്തുവച്ചിട്ടുണ്ട്. മരണം വരെ തുറന്നുപറച്ചിലുണ്ടാകും.