‘ഗോപി സുന്ദറിനു വേണ്ടി മാത്രമല്ല, ആര് വിളിച്ചാലും ഞാൻ പാടും; അദ്ദേഹത്തിനൊപ്പം ജീവിച്ചപ്പോൾ പലരും തെറ്റിദ്ധരിച്ചതാകാം’
മലയാള സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘മലൈക്കോട്ടൈ വാലിബൻ’ എന്ന മോഹൻലാൽ ചിത്രത്തിലെ ആദ്യ ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. പ്രശാന്ത് പിള്ള ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാർ വാക്കിയിലും അഭയ ഹിരണ്മയിയും ചേർന്നാണ്. പ്രശാന്ത് പിള്ള ഒരു
മലയാള സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘മലൈക്കോട്ടൈ വാലിബൻ’ എന്ന മോഹൻലാൽ ചിത്രത്തിലെ ആദ്യ ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. പ്രശാന്ത് പിള്ള ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാർ വാക്കിയിലും അഭയ ഹിരണ്മയിയും ചേർന്നാണ്. പ്രശാന്ത് പിള്ള ഒരു
മലയാള സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘മലൈക്കോട്ടൈ വാലിബൻ’ എന്ന മോഹൻലാൽ ചിത്രത്തിലെ ആദ്യ ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. പ്രശാന്ത് പിള്ള ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാർ വാക്കിയിലും അഭയ ഹിരണ്മയിയും ചേർന്നാണ്. പ്രശാന്ത് പിള്ള ഒരു
മലയാള സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘മലൈക്കോട്ടൈ വാലിബൻ’ എന്ന മോഹൻലാൽ ചിത്രത്തിലെ ആദ്യ ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. പ്രശാന്ത് പിള്ള ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാർ വാക്കിയിലും അഭയ ഹിരണ്മയിയും ചേർന്നാണ്. പ്രശാന്ത് പിള്ള ഒരു പാട്ടുപാടാൻ വിളിച്ചപ്പോൾ പോയി പാടിയിട്ട് വന്നു എന്നല്ലാതെ അത് മലൈക്കോട്ടൈ വാലിബനിലെ പാട്ടാണെന്നറിഞ്ഞില്ലെന്ന് അഭയ ഹിരണ്മയി പറയുന്നു. പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരി തന്നെ പറഞ്ഞപ്പോഴാണ് തന്റെ പാട്ട് ഈ ചിത്രത്തിനു വേണ്ടിയായിരുന്നുവെന്ന് ഗായിക മനസ്സിലാക്കിയത്. അപ്പോൾ തോന്നിയ സന്തോഷത്തിന് അതിരില്ലായിരുന്നുവെന്നു പറയുന്നു അഭയ. പുത്തൻ പാട്ട് വിശേഷങ്ങളും അമ്മയോടൊപ്പമുള്ള സംഗീതജീവിതവും അച്ഛന്റെ വേർപാട് സൃഷ്ടിച്ച ശൂന്യതയും സംഗീതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുമെല്ലാം തുറന്നുപറഞ്ഞ് അഭയ ഹിരണ്മയി മനോരമ ഓൺലൈനിനോടു സംവദിക്കുന്നു.
അച്ഛൻ കേൾപ്പിച്ചുതന്ന പാട്ടുകൾ പോലെ
സംഗീതസംവിധായകൻ പ്രശാന്ത് പിള്ള ഒരു ദിവസം എന്നെ വിളിച്ചിട്ട് ഒരു പാട്ട് നമുക്ക് ചെയ്തു നോക്കാം എന്നു പറഞ്ഞു. ഏകദേശം ഒരുവർഷം മുൻപ് ആയിരുന്നു അത്. എനിക്കിഷ്ടമുള്ള സംഗീതസംവിധായകനാണ് പ്രശാന്ത്. അദ്ദേഹത്തിന്റെ ആമേനിലെ പാട്ടുകളൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്. അങ്ങനെ പാട്ടുപാടാൻ ഞാൻ അദ്ദേഹത്തിന്റെ അടുത്തുപോയി. എനിക്ക് പാട്ടു പറഞ്ഞു തന്നു, പാടി നോക്കിയപ്പോൾ നാടകഗാനം പോലെ ഒരു പാട്ടാണെന്നു തോന്നി. എനിക്ക് നാടകഗാനങ്ങൾ വലിയ ഇഷ്ടമാണ്. പണ്ട് അച്ഛൻ ഒരുപാട് നാടകഗാനങ്ങൾ കേൾപ്പിച്ചുതന്നിട്ടുണ്ട്. എന്റെ അമ്മാവന്മാർ കെപിഎസിയിലെ ഗായകനായിരുന്നു. അങ്ങനെ നാടകഗാനങ്ങളുമായി വലിയൊരു അടുപ്പം എനിക്കുണ്ട്. പ്രശാന്ത് തന്ന പാട്ടിന് എന്റേതായ അതിഭാവുകത്വവും സംഗതികളുമൊക്കെ കൊടുത്തു ഞാൻ പാടി നോക്കി. പക്ഷേ ആ പാട്ടിന് അതൊന്നുമല്ല വേണ്ടതെന്നു പിന്നീടു കേട്ടപ്പോൾ തോന്നി. ആവശ്യമുള്ളയിടത്തു മാത്രം ഭാവം കൊടുത്ത് വീണ്ടും പാടി. വളരെ ലളിതമായ, കേൾക്കുമ്പോൾ സുഖം തോന്നുന്ന ഒരു പാട്ടായിരുന്നു "പുന്നാരക്കാട്ടിലെ പൂവനത്തിൽ".
മലൈക്കോട്ടൈ വാലിബൻ ആണെന്ന് അറിയാതെ പാടി
പാട്ട് പാടാൻ വിളിക്കുമ്പോൾ ഏതു സിനിമയിലേക്ക്, ആരാണ് സംവിധായകൻ, ഈ പാട്ട് സിനിമയിൽ ഉണ്ടാകുമോ എന്നൊന്നും ഞാൻ ചോദിക്കാറില്ല. ഈ പാട്ട് പാടിയിട്ട് ഞാൻ അവിടെനിന്നു തിരിച്ചു വരുമ്പോഴും ഏത് സിനിമയാണെന്ന് അറിയില്ലായിരുന്നു. രണ്ടുമാസം മുൻപ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അദ്ദേഹത്തിന്റെ അടുത്തേക്കു ചെല്ലാൻ പറഞ്ഞു ലിജോ വിളിച്ചപ്പോൾ ഞാൻ കരുതിയത് പാട്ടുപാടാൻ വിളിക്കുകയാണെന്നാണ്. മലൈക്കോട്ടൈ വാലിബനിൽ പാടാൻ വിളിക്കുകയായിരിക്കും എന്ന സന്തോഷത്തിൽ ഞാൻ വേഗം പോയി. അവിടെയെത്തിയപ്പോൾ ലിജോ എന്നോട് പറഞ്ഞു, ഇതാണ് കഥാപാത്രം നമുക്ക് വേഗം ഡബ്ബ് ചെയ്യാം. ഡബ്ബ് ചെയ്യാനോ, ആർക്ക് എന്ത് ഡബ്ബ് ചെയ്യാൻ. ഞാൻ ഞെട്ടിപ്പോയി. പാടാൻ വേണ്ടിയല്ലേ വിളിച്ചതെന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, അല്ല ഒരു കഥാപാത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യാനാണ് വിളിച്ചതെന്ന്. എനിക്ക് ഒട്ടും വശമില്ലാത്ത കാര്യമാണെന്നു പറഞ്ഞു. എങ്കിലും ശ്രമിച്ചുനോക്കാമെന്നായി. അതൊരു ആട്ടക്കാരി കഥാപാത്രത്തിനു വേണ്ടിയായിരുന്നു. പഴയ ബാലെ സ്റ്റൈലിൽ ഉള്ള ഡബ്ബിങ് ആണ് വേണ്ടത്. ഇത് ശരിയാകില്ല എന്നു മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. അതുപോലെ തന്നെ ഡബ്ബിങ് ശരിയായില്ല. ഡബ്ബ് ചെയ്തുകഴിഞ്ഞ് ഞാൻ ലിജോയുടെ അടുത്തേക്കു ചെന്നപ്പോൾ ലിജോയ്ക്കും മനസ്സിലായി സംഗതി ശരിയായില്ലെന്ന്. അപ്പോൾ എന്നെ ആശ്വസിപ്പിക്കാനാണോ എന്നറിയില്ല "അഭയ പാടിയ പാട്ട് കേൾക്കണ്ടേ" എന്നു ചോദിച്ചു. ഞാൻ ചോദിച്ചു, ഞാൻ ലിജോയ്ക്കു വേണ്ടി എപ്പോഴാ പാടിയതെന്ന്. അപ്പോൾ ലിജോ "പുന്നാര കാട്ടിലെ പൂവനത്തിൽ" എന്ന പാട്ട് കേൾപ്പിച്ചുതന്നു. അത് കേട്ടപ്പോൾ ഞാൻ സന്തോഷം കൊണ്ട് ഭൂമിയിലും ആകാശത്തുമല്ലാത്ത അവസ്ഥയിൽ ആയിരുന്നു. പാട്ടിന്റെ ഒടുവിൽ ലാലേട്ടൻ വരുന്നുണ്ട്. ഒരു ബിരിയാണി ചെമ്പ് പൊട്ടിച്ച് അതിലേക്കു നോക്കി ലാലേട്ടൻ അലറുകയാണ്. എനിക്ക് ഒരുപാട് സന്തോഷമായി. ലിജോ പറഞ്ഞു ഈ പാട്ട് ഉപയോഗിക്കുമോ എന്നൊന്നും ഇപ്പോൾ അറിയില്ല. ഉപയോഗിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ എന്നെ അറിയിക്കണമെന്നു ഞാൻ പറഞ്ഞു. രണ്ടാഴ്ച മുന്നേ പ്രശാന്തിന്റെ അസിസ്റ്റന്റ് വിളിച്ചിട്ട് ഈ പാട്ട് കൺഫേം ആയെന്നും മറ്റു ഭാഷകളിൽ കൂടി അഭയ തന്നെ പാടണം എന്നും പറഞ്ഞു. അങ്ങനെ ഞാൻ തെലുങ്കും തമിഴും കൂടി പാടി. തമിഴ് നമ്മുടെ ഭാഷപോലെ തന്നെയാണ്. പാടുന്നതിൽ ബുദ്ധിമുട്ടില്ല. ഭാഷ അറിയാത്തതുകൊണ്ട് തെലുങ്ക് പാടിയപ്പോൾ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഭാഷ അറിയില്ലെങ്കിൽ പാട്ടിനു കൊടുക്കുന്ന ഭാവം ശരിയാകില്ല. ഞാൻ ആദ്യമായി പാടിയത് ഒരു തെലുങ്ക് പാട്ടാണ്. അന്ന് സംഗീതസംവിധായകനും ഗാനരചയിതാവും കൂടി എന്റെ അടുത്തുവന്നിരുന്ന് വരികളുടെ അർഥം പറഞ്ഞുതന്നുകൊണ്ടിരുന്നു. എന്നെ സന്തോഷത്തിന്റെ കൊടുമുടിയിൽ കയറ്റിക്കൊണ്ടാണ് ഈ പാട്ട് റിലീസ് ആയത്.
മലൈക്കോട്ടൈ വാലിബന്റെ ഭാഗമാകുമ്പോൾ
ലിജോ ചിത്രങ്ങൾ പ്രഖ്യാപിക്കുമ്പോൾ എല്ലാവർക്കും ആവേശം തോന്നുമല്ലോ അതുപോലെ ഇത് എന്ത് തരം സിനിമയായിരിക്കും എന്ന ആകാംഷ എനിക്കും ഉണ്ടായിരുന്നു. ഇപ്പോൾ അതിന്റെ ഭാഗമായപ്പോൾ നല്ലൊരു പാട്ട് പാടാൻ കഴിഞ്ഞു എന്നൊരു സംതൃപ്തിയാണുള്ളത്. നല്ലൊരു സ്പേസ് കിട്ടിയതിൽ സന്തോഷമുണ്ട്. കുറച്ചു വർഷങ്ങൾക്കു ശേഷമാണ് മലയാള സിനിമയിൽ പാടുന്നത്. നമ്മൾ പാടിയ ഒരു പാട്ട് പെട്ടെന്നൊരു ദിവസം സംവിധായകൻ വിളിച്ചിട്ട് കേൾപ്പിച്ചു തരിക എന്നതൊക്കെ ഇരട്ടിമധുരമാണ്.
പ്രതികരണങ്ങൾ
വളരെ നല്ല പ്രതികരണങ്ങളാണു പാട്ടിനു കിട്ടുന്നത്. വളരെ ക്ലിയർ ആയ ശബ്ദമാണ് എന്നാണ് എല്ലാവരും പറയുന്നത്. വ്യത്യസ്തമായ ശബ്ദം ആയതുകൊണ്ട് തന്നെ ഈ പാട്ടിന് അനുയോജ്യമായിട്ടുണ്ടെന്നു പ്രേക്ഷകർ വിലയിരുത്തുന്നു. പാട്ടിനു കൊടുത്ത ഭാവം നന്നായിട്ടുണ്ട്, എല്ലാം കൂടി ഈ പാട്ടിൽ കൃത്യമായി വന്നു എന്നാണു കേൾക്കുന്നത്. നല്ല വാക്കുകൾ കേൾക്കുമ്പോൾ സന്തോഷത്തിലുപരി നന്ദിയും സ്നേഹവും തോന്നുന്നു.
അഭയയുടെ ശബ്ദം ശ്രോതാക്കൾ തിരിച്ചറിയാറുണ്ടോ?
ഖൽബിൽ തേനൊഴുകണ കോയിക്കോട് എന്ന പാട്ടിലൂടെയാണ് ആളുകൾ എന്നെ തിരിച്ചറിഞ്ഞത്. അതിനു ശേഷം ഞാൻ പാടിയ പാട്ടുകൾ എല്ലാം ഹിറ്റാണ്. "കണിമലരേ മുല്ലേ", "മഴയേ മഴയേ" എല്ലാം ഹിറ്റ് പാട്ടുകളാണ്. പക്ഷേ അത് ഞാനാണ് പാടിയതെന്ന് അധികമാർക്കും അറിയില്ല. ഇക്കാര്യം പറയുമ്പോൾ അയ്യോ നിങ്ങളാണോ അത് പാടിയത് എന്നാണു പലരും ചോദിക്കുന്നത്. എന്റെ ശബ്ദം വളരെ വ്യത്യസ്തയുള്ളതാണ് എന്ന കമന്റാണ് ഞാൻ കൂടുതൽ കേൾക്കാറുള്ളത്. പുന്നാര കാട്ടിലെ എന്ന പാട്ട് ഇറങ്ങിയപ്പോൾ അത് പാടിയത് ഞാനാണെന്ന് എല്ലാവർക്കും മനസ്സിലായി. വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടുന്നത്.
ഒരാൾക്കു വേണ്ടി മാത്രമല്ല ഞാൻ പാടുന്നത്
ഞാൻ ഷോ മാത്രമേ ചെയ്യൂ എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഒരു ഗായിക എന്ന നിലയിൽ എന്നെ ആര് വിളിച്ചാലും ഞാൻ പോയി പാടാറുണ്ട്. ഭക്തിഗാനങ്ങൾ പാടാൻ ഇഷ്ടമാണ്. എല്ലാത്തരം പാട്ടുകളും പാടാൻ ആഗ്രഹമുണ്ട്. ഞാൻ എന്റേതായ രീതിയിൽ പാട്ടുകൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ഗോപി സുന്ദറിനു വേണ്ടി പാടിക്കഴിഞ്ഞ് ഞാൻ പാടിയത് ഒമർ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തിനു വേണ്ടിയാണ്. അതിനു ശേഷമാണ് പ്രശാന്ത് പിള്ള എന്നെ പാടാൻ വിളിച്ചത്. ഞാൻ ഒരു മ്യൂസിക് കമ്പോസറിന്റെ കൂടെ ആയിരുന്നല്ലോ ജീവിച്ചുകൊണ്ടിരുന്നത്. ചിലപ്പോൾ ഞാൻ അദ്ദേഹത്തിനു വേണ്ടി മാത്രമേ പാടൂ എന്നൊരു ചിന്ത ആളുകൾക്ക് ഉണ്ടായിക്കാണും, അറിയില്ല. എന്നെ ആര് വിളിച്ചാലും ഞാൻ പാടുമെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ ഉൾപ്പെടെ പറഞ്ഞിട്ടുണ്ട്. എന്നെ ഷാൻ റഹ്മാൻ ഒരിക്കൽ വിളിച്ച് പാടിച്ചിട്ടുണ്ട്. എം.ജയചന്ദ്രൻ സർ, വിളിക്കാം നമുക്ക് പാട്ട് ചെയ്യണം എന്നൊക്കെ പറയാറുണ്ട്. അവസരങ്ങൾ വരുമ്പോൾ എല്ലാവരും വിളിക്കുമായിരിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
അമ്മയുമൊത്തുള്ള സംഗീത ജീവിതം
അമ്മ സംഗീതാധ്യാപികയാണ്. ബാധ്യതകളൊക്കെ തീർന്നു അമ്മ ഫ്രീ ആയി. ഇപ്പോൾ കുട്ടിക്കാലത്തെപ്പോലെ സംഗീതത്തിൽ ശ്രദ്ധിച്ച് മുന്നോട്ടു പോവുകയാണ് അമ്മ. ഞാൻ അമ്മയുമായി സെഷൻസ് ചെയ്യാറുണ്ട്. അമ്മ എന്നെ പഠിപ്പിച്ച് തരുന്നതും പതിവ്. ഞാൻ സംഗീതപരിപാടികൾക്കു പോകുമ്പോൾ അമ്മയെക്കൂടി കൊണ്ടുപോകാറുണ്ട്. ചിലപ്പോഴൊക്കെ ഒരു പാട്ട് പാടിക്കാറുമുണ്ട്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഗായികയാണ് അമ്മ. എന്നെക്കൊണ്ട് കഴിയുന്നതൊക്കെ ഞാൻ അമ്മയ്ക്കും അമ്മ എനിക്കും വേണ്ടി ചെയ്യാറുണ്ട്. അനുജത്തി ഞങ്ങളുടെ രണ്ടുപേരുടെയും ആസ്വാദകയാണ്. അവൾ ഒരുപാട് പിന്തുണ നൽകുന്നു.
അച്ഛന്റെ വേർപാട് വ്യക്തിപരമായ നഷ്ടം, സംഗീതത്തെ ബാധിച്ചിട്ടില്ല
സംഗീതത്തേക്കാൾ ഉപരി അച്ഛന്റെ വേർപാട് എന്റെ വ്യക്തിജീവിതത്തെയാണ് ബാധിച്ചത്. ഏതു നഷ്ടവും നമ്മുടെ കലയെ ബാധിക്കരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാലും ആരെങ്കിലും പാടാൻ വിളിച്ചാൽ ഞാൻ പോകും. അത് അങ്ങനെ വേണമെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. അച്ഛന്റെ വേർപാട് എന്നെ ഒരുപാട് ബാധിച്ചു. എന്റെ വേദന എങ്ങനെ മറക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ എന്തൊക്കെയോ ചെയ്തു. ഒരുപാട് ആഹാരം വലിച്ചുവാരി കഴിച്ചുകൊണ്ടിരുന്നു, അച്ഛനെക്കുറിച്ചു സംസാരിക്കുന്നത് പാടേ ഒഴിവാക്കി. പക്ഷേ പിന്നെ മനസ്സിലായി ഈ വേദന ഒരിക്കലും പോകില്ല അതുമായി അഡ്ജസ്റ്റ് ചെയ്തു ജീവിക്കാനേ കഴിയു എന്ന്. അച്ഛന്റെ മൂത്ത മകളാണ് ഞാൻ. ഞാൻ വിജയിച്ചു കാണണം എന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നു. അച്ഛന് ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്ന കുട്ടിയാണ് ഞാൻ. അച്ഛനെ തൃപ്തിപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അച്ഛന്റെ പ്രതീക്ഷയ്ക്കും ഉപരിയായി ഞാൻ വളർന്നു എന്ന് അച്ഛനു മനസ്സിലായി എന്നെനിക്ക് ഉറപ്പാണ്. ഇപ്പോൾ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്റെ പുതിയ പാട്ടുകേട്ട് സുഹൃത്തുക്കളെയെല്ലാം വിളിച്ച് "എന്റെ മകൾ പാടിയത് കേട്ടോ" എന്ന് അഭിമാനത്തോടെ പറയുമായിരുന്നു. മുന്നോട്ടുള്ള പാതയിൽ ഉള്ളിൽ കരുത്തുപകർന്നുകൊണ്ട് ജ്വലിക്കുന്ന കനൽ ആയിട്ടാണ് അച്ഛന്റെ വേർപാടിനെ ഞാൻ കാണുന്നത്.
പുതിയ പ്രോജക്ടുകൾ
എന്റെ സ്വന്തം പാട്ടുകളും സ്റ്റേജ് ഷോകളുമൊക്കെയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ആളുകളുടെ പ്രതികരണങ്ങൾ നേരിട്ട് കണ്ടുകൊണ്ട് പാടാൻ കഴിയും എന്നുള്ളതുകൊണ്ട് വേദിയിൽ പാടാൻ എനിക്ക് വലിയ ഇഷ്ടമാണ്. അപ്പോൾ വലിയ എനർജി തോന്നും. പാടിക്കഴിഞ്ഞ് രണ്ടുമൂന്നു ദിവസം ആ ഊർജം കൂടെത്തന്നെയുണ്ടാകും. അതെനിക്ക് വലിയ ഇഷ്ടമാണ്.