അച്ഛനുമായി താരതമ്യമരുത്, അങ്ങനെയെഴുതാൻ എനിക്ക് കഴിയില്ല; അമ്മയ്ക്കു സന്തോഷമായിക്കാണും: ദിൻനാഥ് പുത്തഞ്ചേരി
മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രഗാന രചയിതാവും കവിയും തിരക്കഥാകൃത്തുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി. നിലാവിന്റെ നീലഭസ്മക്കുറിയും ശിവമല്ലിക്കാവിലെ കൂവളവും നിറഞ്ഞ ഏഴഴകുള്ള ഗാനങ്ങൾ ഇനിയും പകർന്നേകാനുണ്ടായിരുന്നു പുത്തഞ്ചേരി എന്ന എഴുത്തഴകിന്. അകാലത്തിൽ വിടപറഞ്ഞെങ്കിലും ഇന്നും മാഞ്ഞുപോയിട്ടില്ല ആ
മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രഗാന രചയിതാവും കവിയും തിരക്കഥാകൃത്തുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി. നിലാവിന്റെ നീലഭസ്മക്കുറിയും ശിവമല്ലിക്കാവിലെ കൂവളവും നിറഞ്ഞ ഏഴഴകുള്ള ഗാനങ്ങൾ ഇനിയും പകർന്നേകാനുണ്ടായിരുന്നു പുത്തഞ്ചേരി എന്ന എഴുത്തഴകിന്. അകാലത്തിൽ വിടപറഞ്ഞെങ്കിലും ഇന്നും മാഞ്ഞുപോയിട്ടില്ല ആ
മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രഗാന രചയിതാവും കവിയും തിരക്കഥാകൃത്തുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി. നിലാവിന്റെ നീലഭസ്മക്കുറിയും ശിവമല്ലിക്കാവിലെ കൂവളവും നിറഞ്ഞ ഏഴഴകുള്ള ഗാനങ്ങൾ ഇനിയും പകർന്നേകാനുണ്ടായിരുന്നു പുത്തഞ്ചേരി എന്ന എഴുത്തഴകിന്. അകാലത്തിൽ വിടപറഞ്ഞെങ്കിലും ഇന്നും മാഞ്ഞുപോയിട്ടില്ല ആ
രാഗലോലപരാഗസുന്ദരമായ ആ പാട്ടുകൾ മലയാളിയുടെ കാതോരത്ത് ഇന്നുമുണ്ട്; പുലർവെയിലിന്റെ തൂവൽപോലെ മനസ്സുകളെ തഴുകിക്കൊണ്ട്. ഗിരീഷ് പുത്തഞ്ചേരിയെന്ന പേരു കേൾക്കെ, ഒരു നൊടികൊണ്ട് ഓർമയുടെ പരൽമുല്ലക്കാടുകൾ പൂത്തുണരുന്നു. പുത്തഞ്ചേരിയുടെ പിന്മുറക്കാരനായി എഴുത്തിൽ സജീവമാവുകയാണ് മകൻ ദിൻനാഥ്. മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിലെ പാട്ടുകൾക്കു വരികൾ കുറിച്ചത് ദിൻനാഥ് ആണ്. പഴമയുടെ സുഗന്ധം നിറഞ്ഞ ദിൻനാഥിന്റെ വരികൾ ഭ്രമയുഗത്തിലെ പാണന്റെ വേദനകളായി മാറി. സിനിമയിൽ അസോഷ്യേറ്റ് ഡയറക്ടറായി പ്രവർത്തിക്കുകയാണ് ദിൻനാഥ്. അൻവർ റഷീദ്, ഷാഹി കബീർ, രാഹുൽ സദാശിവൻ തുടങ്ങിയവരോടൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭ്രമയുഗത്തിലെ സംവിധാന സഹായിയായ ദിൻനാഥ് അവിചാരിതമായിട്ടാണ് ചിത്രത്തിന്റെ ഗാനരചനയിലേക്ക് എത്തുന്നത്. ഭ്രമയുഗത്തിനു വേണ്ടി പാട്ടുകളെഴുതിയപ്പോൾ അച്ഛന്റെ സുഹൃത്തുക്കൾക്ക് ഒരുപാട് സന്തോഷമായി എന്ന് ദിൻനാഥ് പറയുന്നു. പാട്ടുവിശേഷങ്ങൾ ദിൻനാഥ് മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു.
‘അൻവർ ഇക്കാ, ഞാൻ ഗിരീഷ് പുത്തഞ്ചേരിയുടെ മകനാണ്’
അച്ഛന്റെ വഴി പിന്തുടർന്ന് സിനിമയില്‍ പാട്ടെഴുതാനെത്തുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. ഞാൻ പഠിച്ച് ഒരു ജോലിയൊക്കെ നേടണം എന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നു. പഠനം കഴിഞ്ഞ് ഞാൻ ഒരു എഫ്എമ്മിൽ കണ്ടന്റ് റൈറ്ററായി ജോലിയിൽ പ്രവേശിച്ചു. അവിടെ നിന്നായിരുന്നു തുടക്കം. സുഹൃത്തായ രധിന്‍ രാധാകൃഷ്ണൻ ആണ് എന്നെ ട്രാൻസ് എന്ന സിനിമയിലേക്ക് എത്തിക്കുന്നത്. സംവിധായകൻ അന്‍വര്‍ റഷീദിന്റെ ഒപ്പം സഹായിയായി ട്രാന്‍സിൽ എത്തി. ട്രാൻസിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടും ഞാൻ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മകനാണെന്ന് അൻവർ ഇക്കയോട് പറഞ്ഞിരുന്നില്ല. അദ്ദേഹത്തെ എനിക്ക് നേരത്തേ അറിയാമായിരുന്നു. ഞങ്ങൾ ഫോണിൽ ഒരുപാടുനേരം സംസാരിച്ചിട്ടുണ്ട്. ട്രാന്‍സ് സിനിമയ്ക്കും മുമ്പ് 'മണിയറയിലെ ജിന്ന്' എന്ന പേരില്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ അന്‍വര്‍ ഇക്ക പ്ലാൻ ചെയ്തിരുന്നു. രഘുനാഥ് പലേരിയായിരുന്നു ആ ചിത്രത്തിനു കഥ എഴുതാനിരുന്നത്. രഘുനാഥ് സര്‍ അന്‍വര്‍ ഇക്കയോട് ഗിരീഷിന്റെ മകനെക്കൊണ്ട് എഴുതിക്കണം എന്നു പറഞ്ഞു. അതിനുശേഷമാണ് അൻവർ ഇക്കയോട് ഫോണിൽ സംസാരിച്ചു തുടങ്ങിയത്. ട്രാൻസിൽ പ്രവർത്തിച്ചുതുടങ്ങി കുറച്ചുദിവസങ്ങള്‍ക്കു ശേഷമാണ് ഗിരീഷ് പുത്തഞ്ചേരിയുടെ മകനാണ് ഞാനെന്ന് അന്‍വര്‍ ഇക്കയോട് പറയുന്നത്. ഫോണിൽ സംസാരിക്കാറുള്ള ദിന്‍നാഥാണ് ഞാനെന്ന് അപ്പോഴാണ് ഇക്ക അറിയുന്നത്. ‘എടാ മോനെ നിന്നെ എനിക്ക് അറിയാലോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുൽ സദാശിവന്റെ ഭൂതകാലത്തിൽ
അന്‍വര്‍ ഇക്കയാണ് എന്നെ സംവിധായകൻ ഷാഹി കബീറിനു പരിചയപ്പെടുത്തിയത്. ഭൂതകാലം എന്ന സിനിമയിൽ സഹസംവിധായകനായി രാഹുൽ സദാശിവനോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം കിട്ടി. രാഹുൽ ചേട്ടൻ വളരെ അർപ്പണബോധമുള്ള സംവിധായകനാണ്. സിനിമയുടെ പൂർണതയ്ക്കു വേണ്ടി എത്ര കഷ്ടപ്പെടാനും മടിയില്ല. രാഹുൽ ഏട്ടനോടൊപ്പം പ്രവർത്തിക്കുമ്പോൾ നമുക്കും റസ്റ്റ് എടുക്കാൻ തോന്നില്ല. അദ്ദേഹത്തെ സഹായിച്ചുകൊണ്ടു നമ്മളും ഓടി നടക്കും. ഇതിനിടയിൽ ഇലവീഴാ പൂഞ്ചിറ'യിൽ ഷാഹി കബീറിന്റെ സഹ സംവിധായകനായി പ്രവർത്തിച്ചു. ഇലവീഴാപൂഞ്ചിറയുടെ സമയത്ത് എനിക്ക് ചെറിയ പരുക്ക് പറ്റിയിരുന്നു.
വീണ്ടും രാഹുൽ സദാശിവന്റെ വിളി!
പരുക്ക് പറ്റി വിശ്രമത്തിലിരിക്കുമ്പോഴാണ് രാഹുൽ ഏട്ടൻ വീണ്ടും വിളിച്ചത്. ആദ്യം ഞാന്‍ സുഖമില്ലാതെ ഇരിക്കുകയാണെന്നു പറഞ്ഞെങ്കിലും ‘‘നീ ഇങ്ങുവാ, നമുക്ക് എല്ലാം ശരിയാക്കാം’’ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഭ്രമയുഗത്തിന്റെ സെറ്റിൽ എത്തുന്നത്. ഏറെ പ്രത്യേകതകൾ നിറഞ്ഞ സെറ്റായിരുന്നു ഭ്രമയുഗത്തിന്റേത്. സെറ്റിൽ എല്ലാവർക്കും തിരക്കഥ മുഴുവൻ അറിയാം. ഓരോ സീനിലും എന്താണ് വേണ്ടതെന്ന് അറിയാം. രാഹുൽ ഏട്ടന്റെ അസോഷ്യേറ്റ് ആയി വർക്ക് ചെയ്യാൻ എത്തിയെങ്കിലും അവിചാരിതമായി ഞാൻ സിനിമയ്ക്കു വേണ്ടി പാട്ടെഴുതി. പണ്ട് ആകാശവാണിയിലേക്ക് ഞാന്‍ പാട്ടുകളെഴുതി അയയ്ക്കാറുണ്ടായിരുന്നു. ചേട്ടന്‍ ജിതിന്റെ സുഹൃത്തായ അനീഷ് ഉപാസന 'മാറ്റിനി' എന്ന സിനിമ ചെയ്തപ്പോൾ ആ സിനിമയ്ക്കു വേണ്ടി ഒരു പാട്ട് എഴുതിയിരുന്നു. ചിത്രത്തിൽ കാവ്യ മാധവൻ ആലപിച്ച ഗാനം എഴുതിയത് ഞാനാണ്.
അവിചാരിതമായ പാട്ടെഴുത്ത്
ക്രിസ്‌റ്റോ സേവ്യർ ആണ് ഭ്രമയുഗത്തിന്റെ സംഗീതസംവിധായകന്‍. സംഗീതം ചെയ്യാനാണ് എത്തിയതെങ്കിലും സിനിമ തുടങ്ങി തീരുന്നതുവരെ ക്രിസ്റ്റോ അവിടെത്തന്നെ ഉണ്ടായിരുന്നു. സിനിമയിൽ പാട്ട് എഴുതുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച വന്നപ്പോള്‍ പലരുടെയും പേരുകള്‍ പരിഗണിച്ചു. ഇടയ്ക്ക് സിനിമയുടെ ടെസ്റ്റ് ഷൂട്ട് ചെയ്തപ്പോള്‍ പാട്ട് ആവശ്യമായി വന്നു. ഈ സമയത്താണ് ഞാനും ടീമിലുണ്ടായിരുന്ന അമ്മുവും ഒന്ന് ശ്രമിച്ചുനോക്കാമെന്നു പറഞ്ഞത്. ഞങ്ങൾ എഴുതിയ വരികൾ രാഹുലേട്ടന് ഒരുപാട് ഇഷ്ടമായി. ഇനി നിങ്ങൾ തന്നെ എഴുതിയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഭ്രമയുഗത്തില്‍ ഞാനും അമ്മുവും പാട്ടെഴുതിയത്. ഞാൻ മൂന്ന് പാട്ടുകളും അമ്മു ഒരു പാട്ടും എഴുതി.
‘ചെന്തീപ്പൊരി ചിന്തണ ചോലകള്‍’ എഴുതാൻ ബുദ്ധിമുട്ടി
'ആദിത്യന്‍ ഇല്ലാതെ', 'തമ്പായേ', 'ചെന്തീപ്പൊരി ചിന്തണ ചോലകള്‍' എന്നീ ഗാനങ്ങളാണ് ഞാൻ ഭ്രമയുഗത്തിനുവേണ്ടി എഴുതിയത്. 'പൂമണിമാളിക' എന്നു തുടങ്ങുന്ന ഗാനം അമ്മു എഴുതി. ക്രിസ്റ്റോയുമായി നല്ല അടുപ്പം ഇതിനിടെ ഉടലെടുത്തിരുന്നു, ക്രിസ്റ്റോ ട്യൂൺ പറയും, അതിനൊപ്പിച്ച് ഞാൻ വരികൾ എഴുതും. പാട്ട് തയ്യാറാക്കി രാഹുലേട്ടന് അയച്ചുകൊടുത്തു. ഡയറക്‌ഷന്‍ ടീം മുഴുവന്‍ പാട്ടുകൾ കേട്ടിട്ട് വളരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പോഴാണ് ആത്മവിശ്വാസം വന്നത്. കഥ മുഴുവൻ അറിയാവുന്നതു കൊണ്ടുതന്നെ പാട്ടെഴുതാനും എളുപ്പമായി. തമ്പായേ എന്ന ഗാനം ദൈവത്തെ പുകഴ്ത്തുന്ന പാട്ടാണ്. പണ്ട് ക്ഷേത്രത്തിലൊക്കെ പോകുമ്പോൾ കുഞ്ഞുങ്ങളോട് 'തമ്പായെ പ്രാര്‍ഥിക്ക്' എന്നൊക്കെ പറയുന്നതു കേട്ടിട്ടുണ്ട്. ആ ഓർമയിലാണ് ആ വാക്ക് ഉപയോഗിച്ചത്. ഏറ്റവും കൂടുതല്‍ സമയമെടുത്ത് എഴുതിയത് 'ചെന്തീപ്പൊരി ചിന്തണ ചോലകള്‍' ആണ്. ഞങ്ങൾ എഴുതുന്ന വരികൾ ടി.ഡി.രാമകൃഷ്ണന്‍ സാറിന് അയയ്ക്കുമായിരുന്നു. അദ്ദേഹമായിരുന്നു ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയത്. വരികളില്‍ പ്രശ്‌നങ്ങള്‍ ഒന്നും അദ്ദേഹവും പറഞ്ഞില്ല. ഭ്രമയുഗത്തിലെ ടീം പ്രത്യേകിച്ച് ഡയറക്‌ഷന്‍ ടീം വലിയ പിന്തുണയാണ് തന്നത്. ഒത്തൊരുമയുടെ വിജയമാണ് ഭ്രമയുഗത്തിന്റേത്.
അച്ഛൻ വളർത്തിയ വായനാശീലം
ചെറുപ്പം മുതൽ നല്ല വായനാശീലം ഉണ്ടായിരുന്നു. അച്ഛനാണ് ഞങ്ങളുടെ വായനാശീലം വളർത്തിയത്. അച്ഛൻ പണ്ട് ഷൂട്ടിങ്ങിനു പോകുമ്പോൾ ഞാനും കൂടെ പോയിരുന്നു. അച്ഛനെ ശുശ്രൂഷിക്കൽ ആണ് പ്രധാന ജോലി. ഇടയ്ക്കു ബോറടി മാറ്റാൻ അച്ഛൻ പുസ്തകങ്ങൾ വായിക്കാൻ പറയും. അങ്ങനെയാണ് ഞാന്‍ വായനയുടെ ലോകത്തേക്ക് എത്തുന്നത്. അങ്ങനെ വിരസതയകറ്റാൻ പുസ്തകങ്ങൾ നല്ല സുഹൃത്തുക്കളായി. അവിടെനിന്നാണ് വായനയുടെ ലോകത്തേക്ക് പതിയെ ചുവടുവച്ചത്. വായിക്കുമെങ്കിലും എഴുത്തിന്‍റെ ലോകത്തേക്ക് എത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അച്ഛന്റെ സഹോദരിയുടെ മകന്‍ ദീപക് റാം ഗാനരചയിതാവാണ്. ദീപക് ചേട്ടനുമായുള്ള സഹവാസം എന്നെയും എഴുത്തിന്റെ ലോകത്തെത്താൻ പ്രേരിപ്പിച്ചു.
അച്ഛന്റെ സുഹൃത്തുക്കളുടെ സന്തോഷം
നിനച്ചിരിക്കാതെയുള്ള അച്ഛന്റെ നഷ്ടം ഒരു വലിയ ആഘാതമായിരുന്നു. അതിൽനിന്നു മുഴുവനായി കരകയറാൻ ഇതുവരെ സാധിച്ചിട്ടില്ല. 2010 ഫെബ്രുവരി 10 നാണ് അച്ഛൻ മരിച്ചത്. അച്ഛന് ഒരുപാട് സുഹൃത്തുക്കളും പരിചയക്കാരും ഉണ്ടായായിരുന്നു. അച്ഛന്റെ ഓർമദിനത്തിൽ ഒരുപാടു പേര്‍ വീട്ടിൽ വരാറുണ്ട്. പലരെയും ഞങ്ങൾക്ക് പരിചയമൊന്നും ഉണ്ടാവില്ല. കൂടുതലും ചെറുപ്പക്കാർ ആണ് വരുന്നത്. വന്നുവന്ന് അവരും ഞങ്ങളുടെ സുഹൃത്തുക്കളായി മാറി. ഭ്രമയുഗം പുറത്തിറങ്ങിയപ്പോൾ ഒരുപാടു പേര്‍ വിളിച്ച് അഭിനന്ദിച്ചു. അച്ഛന്റെ പിൻഗാമിയായി ഞാൻ പാട്ടെഴുത്തിലേക്ക് എത്തിയതിൽ അവർക്കൊക്കെ സന്തോഷമുണ്ട്. പക്ഷേ അച്ഛനുമായി എന്നെ താരതമ്യം ചെയ്യരുത്. അച്ഛനെപ്പോലെ എഴുതാൻ എനിക്ക് ഒരിക്കലും കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഞാൻ പാട്ടെഴുതിയതിൽ അമ്മയ്ക്ക് സന്തോഷമുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. പക്ഷേ അമ്മയോട് ഞാൻ അതേക്കുറിച്ചു നേരിട്ട് ഒന്നും ചോദിച്ചിട്ടില്ല.
കുടുംബത്തിന്റെ പിന്തുണ
സിനിമയുടെ ഏതെങ്കിലുമൊക്കെ മേഖലയിൽ പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. തിരക്കഥ എഴുത്ത്, സംവിധാനം തുടങ്ങിയവയൊക്കെ എന്റെ ഭാവിപദ്ധതികളിൽ ഉണ്ട്. എന്റെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കുന്ന കുടുംബമാണ് എന്റെ ശക്തി. ഭാര്യ ദീപിക വലിയ പിന്തുണ നൽകുന്നു. ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് എത്തിയതും ദീപികയുടെ പിന്തുണ ഉള്ളതുകൊണ്ടു മാത്രമാണ്.