ഭാസി പറഞ്ഞു, ‘കറക്ട് പാട്ടാണ് അളിയാ, എനിക്കിപ്പോൾ പറ്റിയതു തന്നെ’: ജാഡപ്പാട്ടിന്റെ പിന്നണിക്കഥ പറഞ്ഞ് സുഷിൻ
Mail This Article
My love... You're my പഞ്ചസാര
Saw you in ചായക്കട
Having പഴംപൊരി
എന്ന രസികൻ പാട്ടു പാടിയാണ് ശ്രീനാഥ് ഭാസി മലയാള സിനിമയിൽ പിന്നണി ഗായകനാകുന്നത്. 2012 ൽ പുറത്തിറങ്ങിയ 'ടാ തടിയാ' എന്ന ചിത്രത്തിൽ ഭാസി വരികളെഴുതി പാടിയ ആ പാട്ട് ക്യാംപസുകൾ ഏറ്റുപാടി. 12 വർഷങ്ങൾക്കിപ്പുറം ശ്രീനാഥ് ഭാസി എന്ന നടനെ മാത്രമല്ല പ്രേക്ഷകർ ആഘോഷിക്കുന്നത്, ഭാസിയിലെ ഗായകനെയും റാപ്പറെയുമൊക്കെയാണ്.
ബിജിബാൽ, റെക്സ് വിജയൻ, ശേഖർ മേനോൻ തുടങ്ങിയ സംഗീതസംവിധായകർക്കു വേണ്ടി പാടിയിട്ടുണ്ടെങ്കിലും ശ്രീനാഥ് ഭാസിയിലെ ഗായകനു തുടർച്ചയായി ഹിറ്റുകൾ സമ്മാനിച്ചത് സുഷിൻ ശ്യാം ആണ്. അമൽ നീരദ് സംവിധാനം ചെയ്ത വരത്തനിൽ സുഷിൻ ഈണമിട്ട് വിനായക് ശശികുമാർ എഴുതിയ 'നീ പ്രണയമോതും' എന്നു തുടങ്ങുന്ന പാട്ടായിരുന്നു ആദ്യ ഹിറ്റ്. നസ്രിയയ്‌ക്കൊപ്പം പാടിയ ആ പാട്ട് വമ്പൻ ഹിറ്റായി. നാലു വർഷങ്ങൾക്കു ശേഷമാണ് ഈ കൂട്ടുകെട്ടിലെ അടുത്ത ഹിറ്റ് പിറക്കുന്നത്. വീണ്ടും ഒരു അമൽ നീരദ് ചിത്രത്തിനു വേണ്ടിയായിരുന്നു അവർ ഒരുമിച്ചത്. മലയാള സിനിമ എക്കാലവും ഓർത്തിരിക്കുന്ന ‘പറുദീസ’ എന്ന ട്രാക്ക് അതിൽ സംഭവിച്ചു. അഞ്ചു കോടി ആളുകളാണ് ഈ ഗാനം യൂട്യൂബിൽ മാത്രം കണ്ടത്. പറുദീസ ഗാനത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ട്രാക്കാണ് ഇപ്പോൾ പുറത്തിറങ്ങിയ 'ജാഡ'! ജിത്തു മാധവൻ സംവിധാനം ചെയ്ത 'ആവേശ'ത്തിലെ ഗാനം ഇതു വരെ കണ്ടത് 72 ലക്ഷം പേര്‍. ഭാസിയുടെ ശബ്ദമാണ് ജാഡ പാട്ടിനെ ശരിക്കും ജാഡ കുപ്പായം അണിയിക്കുന്നത്. സുഷിൻ, ശ്രീനാഥ് ഭാസി, വിനായക് ശശികുമാർ - ഈ മൂവർ സംഘം ഒന്നിച്ചാൽ ഹിറ്റ് ഉറപ്പാണെന്നു പ്രേക്ഷകരും പറയുന്നു. ശ്രീനാഥ് ഭാസിയുമായുള്ള പാട്ട് ബന്ധത്തെക്കുറിച്ച് സംഗീതസംവിധായകൻ സുഷിൻ ശ്യാം പറയുന്നതിങ്ങനെ:
ഞങ്ങളെ കണക്ട് ചെയ്യുന്നത് മ്യൂസിക്
ഭാസി ആക്ടർ ആകുന്നതിനു മുൻപേ മ്യൂസിഷൻ എന്ന നിലയിലാണ് പരിചയപ്പെട്ടത്. ഒരു ലൈവ് മ്യൂസിക് ഷോ കാണാൻ പോയപ്പോൾ കാണികളുടെ കൂട്ടത്തിലാണ് ഞാൻ ആദ്യമായി ഭാസിയെ കാണുന്നത്. അവിടെവച്ചു ഞങ്ങൾ പരിചയപ്പെട്ടു. എറണാകുളത്തു വരുമ്പോൾ സ്ഥിരം കാണാറുള്ള സൗഹൃദങ്ങളിൽ ഒന്നായി പിന്നീട് അതു മാറി. ഒരുമിച്ചിരിക്കുമ്പോൾ ജാമിങ് ചെയ്യും. തട്ടത്തിൻ മറയത്ത് ഒക്കെ ചെയ്യുന്നതിനു മുൻപുള്ള സമയത്താണ് ഇതെല്ലാം നടക്കുന്നത്. ഞാനപ്പോൾ എൻജിനീയറിങ് ചെയ്യുകയാണ്. മ്യൂസിക് ആണ് ഞങ്ങളെ കണക്ട് ചെയ്തത്.
ഹിറ്റുകളുടെ തുടക്കം ഇങ്ങനെ
എനിക്ക് ഭാസിയുടെ ശബ്ദം വളരെ ഇഷ്ടമാണ്. അധികം ഗായകരിൽ കാണാത്ത ഒരു ടെക്സ്ചർ ഉണ്ട് ഭാസിയുടെ ശബ്ദത്തിന്. മ്യൂട്മാത്തിന്റെ പാട്ടുകളൊക്കെയായിരുന്നു ഭാസി പണ്ട് കവർ ചെയ്തിരുന്നത്. അതുപോലുള്ള ട്രാക്കുകൾ ആയിരുന്നു ഭാസിയുടെ ബാൻഡ് അവതരിപ്പിച്ചിരുന്നതും. ഞാൻ മ്യൂസിക് ഡയറക്ടർ ആയപ്പോൾ ഭാസിയെ അഭിനയിക്കാൻ വിളിക്കാൻ പറ്റില്ലല്ലോ. പാട്ടു പാടാനല്ലേ വിളിക്കാൻ പറ്റൂ. വരത്തൻ എന്ന സിനിമയിലാണ് ഭാസി എനിക്കു വേണ്ടി ആദ്യമായി പാടുന്നത്. നീ പ്രണയമോതും എന്നു തുടങ്ങുന്ന പാട്ട് വലിയ ഹിറ്റായി. എന്റെ കരിയറിലെയും ആദ്യ ഹിറ്റ് ട്രാക്ക് അതാണ്. സാധാരണ മലയാളത്തിൽ കേട്ടു പരിചയിച്ച ട്യൂൺ ആയിരുന്നില്ല അത്. ആ ട്രാക്കിനു വേണ്ടി ആരെ സമീപിക്കാം എന്ന് ആലോചിച്ചപ്പോൾ ഞാനും അമലേട്ടനും (അമൽ നീരദ്) തമ്മിലുള്ള സംഭാഷണത്തിലാണ് ഭാസിയുടെ പേര് വന്നത്. പറുദീസയിലേക്ക് എത്തിയപ്പോൾ ആ പാട്ടിന്റെ സീനിൽ ഭാസി ഉണ്ട്. കഥാപാത്രങ്ങൾ പാടി അഭിനയിക്കുന്ന രീതിയിലാണ് ആ പാട്ട് പ്ലാൻ ചെയ്തിരുന്നതും.
'കറക്ട് പാട്ടാണ് അളിയാ'
ജാഡ പാട്ട് വന്നപ്പോൾ ആ ടോൺ വേണമായിരുന്നു. അതൊരു വോക്കൽ ഓറിയന്റ്ഡ് പാട്ട് ആണ്. പറയുന്നതിൽ എല്ലാ ഭാവവും വരണം. കുറച്ചു പറയുന്ന രീതിയിലുള്ള ട്രാക്ക് ആണ്. ജാഡയുടെ ഈണം ഒരുക്കുന്ന സമയത്ത് ഞാനും സംവിധായകൻ ജിത്തുവും സംസാരിച്ചപ്പോൾ ഒരു മെലോഡിക് റാപ്പ് പോലെയൊരു സംഭവം ചെയ്യാം എന്നതായിരുന്നു പ്ലാൻ. വലിയ മെലഡി സ്‌ട്രക്ചർ ഇല്ല ആ പാട്ടിന്. വരികളാണ് അതിനെ കൊണ്ടു പോകുന്നത്. ആ സമയത്ത് ഭാസിയുടെ ജാഡ ആയിരുന്നു ഞങ്ങൾക്ക് ആവശ്യം. അങ്ങനെയാണ് ഭാസി ജാഡയിലേക്ക് വരുന്നത്. ജാഡ പാട്ടിനു വേണ്ടി വിളിച്ചപ്പോൾ ഭാസിക്ക് വലിയ സന്തോഷമായിരുന്നു. 'കറക്ട് പാട്ടാണ് അളിയാ... എനിക്കിപ്പോൾ പറ്റിയ പാട്ട്' എന്നായിരുന്നു ഭാസിയുടെ പ്രതികരണം.
ഭാസിയിലെ മ്യൂസിഷൻ
നടൻ ആകുന്നതിനു മുൻപേ ഭാസിക്കൊപ്പം സംഗീതമുണ്ട്. സുഹൃത്തുക്കൾക്കൊപ്പം തുടങ്ങിയ ക്രിംസൻ വുഡ് ബാൻഡ് രണ്ടായിരത്തിന്റെ ആദ്യ ദശകത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ബാൻഡിലെ വോക്കലിസ്റ്റ് ആയിരുന്നു ഭാസി. സിനിമയിൽ പാട്ടുകൾ സംഭവിക്കുന്നതിനൊപ്പം സ്വതന്ത്രമായി നിരവധി ട്രാക്കുകളും ഭാസി പുറത്തിറക്കി. വെറും പാട്ടുകളായിരുന്നില്ല അവയൊന്നും. കാലത്തിനോടും സമൂഹത്തിനോടും സംവദിക്കുന്ന, കലഹിക്കുന്ന പാട്ടുകളായിരുന്നു. അഭിനയത്തോടുള്ളതു പോലെ സംഗീതത്തോടും ഭാസിക്ക് ആവേശമാണ്. അഭിനയത്തിനൊപ്പം സംഗീതവും ഗൗരവത്തോടെ ഭാസി കൊണ്ടുപോകുന്നുണ്ട്. അതു നല്ല കാര്യമാണ്. ഭാസിയുടെ ഉള്ളിൽ നല്ലൊരു മ്യൂസിഷൻ ഉണ്ട്.
‘ഒരു നാൾ മലയാളികൾ ഇവിടെ വരും’
മലയാളത്തിന്റെ പരമ്പരാഗത ചിട്ടവട്ടങ്ങൾക്കുള്ളിൽ ഒതുങ്ങുന്നതല്ല ശ്രീനാഥ് ഭാസിയിലെ സംഗീതവും പാട്ടുകളും. ഭാഷയ്ക്ക് അപ്പുറത്തുള്ള സാർവത്രികതയാണ് അതിന്റെ കാതൽ. ഭാസിയുടെ ഇൻഡിപെൻഡന്റ് ട്രാക്ക് ആയ 'പോകല്ലേ' എന്ന പാട്ടിനു താഴെ ഒരു ആരാധകൻ കുറിച്ചത് ഇങ്ങനെയാണ്. "ഇതു തേടി ഒരു നാൾ മലയാളികൾ ഇവിടെ വരും"! ഭാസിയിലെ മ്യൂസിഷനിൽ അത്രയ്ക്കുണ്ട് ആരാധകരുടെ വിശ്വാസം.