ADVERTISEMENT

151 ദശലക്ഷം കാഴ്ചക്കാർ, അമ്പതിനായിരത്തിനടുത്ത് കമന്റുകൾ.. ദർശന എന്ന സാധാരണ പേരിനെ അതിസാധാരണമാക്കി തീർത്ത, മലയാളികളുടെ ‘ഹൃദയ’ത്തിൽ പ്രണയ പ്രപഞ്ചം തീർത്ത ദർശന ഗാനം പിറന്നിട്ട് രണ്ടുവർഷങ്ങൾ. മികച്ച ഗാന രചയിതാവിനുള്ള ഫിലിംഫെയർ പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ഗാനം. അപ്രതീക്ഷിത നേട്ടത്തെക്കുറിച്ച് പാട്ടിന്റെ രചയിതാവ് അരുൺ ഏളാട്ട് മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു. 

ഫിലിംഫെയർ അപ്രതീക്ഷിതം

ഫിലിം ഫെയർ എനിക്ക് അപ്രതീക്ഷിതമായി വന്ന സന്തോഷമാണ്. ദർശന കഴിഞ്ഞിട്ട് രണ്ടുവർഷത്തിലധികമായി. തികച്ചും അപ്രതീക്ഷിതമായിരുന്നു പുരസ്കാര വാർത്ത. തന്നെയുമല്ല പാട്ടെഴുത്തിന് വ്യക്തിഗത അവാർഡ് തരുന്നത് വലിയ സന്തോഷമാണ്. 

പാട്ടുകാരൻ പാട്ടെഴുത്തുകാരനായപ്പോൾ

സ്വപ്നമൊരു ചാക്ക് എന്ന പാട്ടുപാടിയാണ് സിനിമയിലെ രംഗപ്രവേശം. 2010 മുതൽ 19 വരെ പാട്ടുപാടി നടന്ന ആളാണ്. സംഗീത സംവിധാനവും പശ്ചാത്തല സംഗീതമൊരുക്കലും എല്ലാം ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ രചന മനസ്സിൽ ഉണ്ടായിട്ടേ ഇല്ല. ഹോം എന്റെ സുഹൃത്തുക്കളുടെ പടമായിരുന്നു. ഡയറക്ടർ റോജിൻ തോമസും സംഗീതസംവിധായകൻ രാഹുൽ സുബ്രഹ്മണ്യവും ഞാനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ആ സമയത്ത് എന്റെ സ്വന്തം രചനകൾ കേട്ട് ഇവരാണ് ഹോമിന് വേണ്ടി എഴുതാൻ പറയുന്നത്. അങ്ങനെയാണ് ഹോമിലെ മുകിൽ തൊടാൻ എന്ന പാട്ട് സംഭവിക്കുന്നത്. അപ്പോഴും അത് പ്രഫഷനാക്കാനുള്ള തീരുമാനം എടുത്തിരുന്നില്ല. പിന്നീട് രാഹുലിന്റെ സെയ്ഫ് എന്ന പടത്തിലും ഞാനെഴുതി. ആ പാട്ട് വിനീതേട്ടൻ പാടുകയും അതിൽ സ്പാർക്ക് തോന്നി ഹൃദയത്തിലേക്ക് വിളിക്കുകയുമാണ് ചെയ്തത്. പക്ഷേ അദ്ദേഹം പാട്ടെഴുതുന്ന ആളാണ്. എന്തെങ്കിലും മാറ്റം പറഞ്ഞാൽ ചെയ്യാൻ ആകുമോ എന്നൊക്കെ സംശയമുണ്ടായിരുന്നു. പക്ഷേ ആദ്യ എഴുത്തിൽ തന്നെ അദ്ദേഹം തൃപ്തനായി. 

ദർശന നൽകിയ ആത്മവിശ്വാസം 

ആദ്യ എഴുത്തിൽ തന്നെ ദർശന ഓക്കേയായി. അത് പാട്ടെഴുത്തിൽ എനിക്ക് വലിയ ആത്മവിശ്വാസം ആണ് നൽകിയത്. ദർശന പാൻ ഇന്ത്യ ലെവലിൽ ജനപ്രിയമായ പാട്ടാണ്. അതുവഴി നിരവധി അവസരങ്ങൾ ലഭിച്ചു. പാട്ടെഴുത്തിന് സമീപിച്ച് പിന്നീട് പാട്ടുപാടുമെന്ന് മനസ്സിലാക്കിയവരുണ്ട്. സംഗീത ജീവിതത്തിൽ ഹൃദയം എന്ന സിനിമ ഒരു വഴിത്തിരിവായിരുന്നു. മറ്റൊരാൾക്ക് വേണ്ടിയിട്ട് എഴുതുമ്പോൾ ഉള്ള വെല്ലുവിളികളെ എനിക്ക മറികടക്കാൻ സാധിക്കുമെന്ന് മനസ്സിലായി. അതുവരെ ​‍ ഞാൻ എന്റെ  സംഗീതത്തിന് വേണ്ടി മാത്രമാണ് പാട്ടുകൾ എഴുതിയിരുന്നത്. 

സർവം സദാ ദർശന

എഴുതാൻ പോകുമ്പോൾ പാട്ട് ഹിറ്റാകുമെന്ന് ചിന്തിച്ചിരുന്നില്ല. എഴുത്തിനെ കുറിച്ചുള്ള ആശങ്കകൾ മാത്രമായിരുന്നു. പിന്നീട് പാട്ടിന്റെ ട്രാക്ക് കേട്ടപ്പോൾ തന്നെ അത്  സ്വീകരിക്കപ്പെടും എന്ന് ഉറപ്പുണ്ടായിരുന്നു. വ്യത്യസ്തമായ ഒരു സൗണ്ടിങ് ആയി എനിക്ക് ഫീൽ ചെയ്തിരുന്നു. അപ്പോൾതന്നെ ആളുകൾ ഏറ്റെടുക്കും എനിക്ക് തോന്നിയിരുന്നു. 

പുതിയ പ്രൊജക്ടുകൾ

ടർക്കിഷ് തർക്കം എന്ന സിനിമയാണ് റിലീസ് ആകാനുള്ളത്. അതുപോലെ കത്തനാര്, അത് ഹോം ടീമിന്റെ സിനിമയാണ്. അതിൽ എഴുതിയിട്ടുണ്ട്. ഒരുപാട് കാലമായി കൂടെ ഉള്ളപാട്ടുകൾ ചെയ്യാനുള്ള ശ്രമവും നടക്കുന്നു. സിനിമയുടെ തിരക്കുകൾ കാരണം ചെയ്യാൻ വിട്ടുപോയ കാര്യങ്ങൾ പൊടി തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്.

English Summary:

Arun Alat opens up about Filmfare Award for Darshana song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com