‘എല്ലാവരെയും തൃപ്തിപ്പെടുത്തി ഒന്നും ചെയ്യാൻ കഴിയില്ലല്ലോ, നെഗറ്റീവ് റിവ്യൂസിൽ വിഷമമില്ല’
Mail This Article
നിതിൻ രഞ്ജി പണിക്കരുടെ സംവിധാനത്തിൽ ഹോട്സ്റ്റാറിൽ റിലീസ് ചെയ്ത ‘നഗേന്ദ്രൻസ് ഹണിമൂൺസ്’ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. സൂരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച നാഗേന്ദ്രൻ എന്ന കഥാപാത്രത്തിന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറഞ്ഞെത്തിയ സീരീസിലെ സംഗീതവും ഏറെ ചർച്ചയായി. എഴുപതുകളുടെ അന്ത്യത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള അഞ്ചു ജില്ലകളിൽ നടക്കുന്ന ചില സംഭവങ്ങൾ ആസ്പദമാക്കിയെത്തിയ എപ്പിസോഡുകൾക്കു പശ്ചാത്തല സംഗീതമൊരുക്കിയത് രഞ്ജിൻ രാജ് ആണ്. എന്നാൽ നാഗേന്ദ്രൻസിലെ സംഗീതത്തിന് നല്ലതും മോശവുമായ നിരവധി അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. കഥാപാത്രങ്ങൾക്കും കാലഘട്ടത്തിനുമനുസരിച്ച് സംവിധായകൻ ആവശ്യപ്പെട്ട സംഗീതമാണ് താൻ ചിട്ടപ്പെടുത്തിയതെന്നും ഏതാനും ചില വിമർശനസ്വരങ്ങളൊഴികെ ബാക്കിയെല്ലാം മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചതെന്നും രഞ്ജിൻ രാജ് പറയുന്നു. നാഗേന്ദ്രൻസ് ഹണിമൂൺസിന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് രഞ്ജിൻ രാജ്.
പഴയകാല സംഗീതത്തിന്റെ ആരാധകൻ
നാഗേന്ദ്രൻസ് ഹണിമൂൺസ് ചെയ്തിട്ട് ഏകദേശം പത്ത് മാസത്തോളമായി. സീരീസ് റിലീസ് ചെയ്യാൻ കുറച്ച് കാലതാമസം നേരിട്ടു. നാഗേന്ദ്രൻസിലെ സംഗീതം പഴയതിന്റെ ഒരു പുതിയ പരീക്ഷണം എന്നതിലുപരി, 70കളുടെ അവസാനമോ 80കളുടെ തുടക്കത്തിലോ ആണ് ഈ സിനിമ ചെയ്യുന്നതെങ്കിൽ ഒരു മ്യൂസിക് കമ്പോസർ എങ്ങനെ സംഗീതത്തെ സമീപിക്കുമെന്ന രീതിയാണ് പരീക്ഷിച്ചത്. ആ കാലഘട്ടത്തിലെ സംഗീതജ്ഞർ എങ്ങനെയായിരിക്കും ചെയ്യുക എന്ന് ആലോചിച്ചു. ആ ആലോചനയിൽ നിന്നും രൂപപ്പെട്ടുവന്ന സംഗീതമാണതിൽ. പെരുവണ്ണാപുരത്തെ വിശേഷങ്ങളുടെയും കള്ളൻ പവിത്രന്റെയും പ്രാദേശിക വാർത്തകളുടെയും ഇരകളുടെയും പഞ്ചവടി പാലത്തിന്റെയും ഒരിടത്തൊരു ഫയൽവാന്റെയുമൊക്കെ ആരാധകനാണ് ഞാൻ. ആ സിനിമകളും അതിലെ സംഗീതവുമൊക്കെ വളരെ സ്നേഹത്തോടെ കണ്ട ഒരു ആസ്വാദകൻ. ആ നിലയിൽ അത്തരത്തിൽ ഒരു സംഗീതം ചെയ്യണമെന്ന ആഗ്രഹമാണ് നാഗേന്ദ്രൻസിലൂടെ സാധ്യമാക്കിയത്. എനിക്ക് കിട്ടുന്ന പ്രതികരണങ്ങൾ അനുസരിച്ച് ഒരു പരിധിവരെ ആളുകൾക്ക് അത് മനസ്സിലായിട്ടുണ്ടെന്ന് തോന്നുന്നു . നല്ല പ്രതികരണങ്ങളാണ് സംഗീതത്തിനു ലഭിക്കുന്നത്.
നെഗറ്റീവ് റിവ്യൂസിൽ വിഷമമില്ല
സീരീസ് റിലീസ് ചെയ്ത ആദ്യത്തെ ഒന്ന് രണ്ട് ദിവസം സംഗീതം കഥയിൽ സിങ്ക് ആകുന്നില്ല എന്നൊക്കെ ചില നിരൂപണങ്ങൾ കണ്ടു. പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. എല്ലാവരെയും തൃപ്തിപ്പെടുത്താൻ ആർക്കും കഴിയില്ലല്ലോ. ഒരുപക്ഷേ അവർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല. എന്നാൽ ഭൂരിപക്ഷം പ്രേക്ഷകർക്കും സംഗീതം ഇഷ്ടമായെന്നു മനസ്സിലാക്കുന്നു. എനിക്കും സംവിധായകൻ നിതിനും പൂർണമായ തൃപ്തിയുണ്ട്. എല്ലാവരെയും തൃപ്തിപ്പെടുത്തി നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ.
ആറ് എപ്പിസോഡുകൾക്ക് ആറുതരം സംഗീതം
സീരിയൽ എന്നുപറയുന്നത് സിനിമ പോലെയല്ലല്ലോ. ഓരോ എപ്പിസോഡ് ആയിരിക്കും. പ്രത്യേകിച്ച് നാഗേന്ദ്രൻസിലെ ഓരോ എപ്പിസോഡും ഓരോ ഭൂപ്രകൃതിയിൽ ആണ് സെറ്റ് ചെയ്തിട്ടുള്ളത്. ഭൂപ്രകൃതി മാറുന്നതിനനുസരിച്ച് സംഗീതത്തിലും മാറ്റം വരുന്നുണ്ട്. ആദ്യത്തെ എപ്പിസോഡ് വരുന്നത് തിരുവനന്തപുരത്തെ വെള്ളായണി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ്. രണ്ടാമത്തേതിൽ അത് റാന്നിയായി. മൂന്നാമത്തെ എപ്പിസോഡ് ആയപ്പോഴേക്കും അത് കാസർഗോഡ് ആയി. നാലാമത്തേതിൽ ഭാരതപ്പുഴയും ഒറ്റപ്പാലവും അഞ്ചാമത്തേതിൽ ആലപ്പുഴയും ആറാമത്തേതിൽ പഴനിയുമായി പശ്ചാത്തലങ്ങൾ മാറി. ഈ 6 സ്ഥലങ്ങളും സംഗീതത്തിലൂടെ ഡിസൈൻ ചെയ്യണം. ഒരു പാലറ്റ് സെറ്റ് ചെയ്തിട്ട് ഓരോ ജില്ലയ്ക്കും ഓരോ മൂഡ് കൊടുത്തു. എൺപതുകളിൽ ആലപ്പുഴ കാണിക്കുമ്പോൾ എന്തായിരുന്നു അന്നത്തെ സംഗീതത്തിന്റെ സ്വഭാവം എന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ആ സമയത്ത് എംടി കഥകളിൽ എങ്ങനെയാണ് ഒറ്റപ്പാലവും ഭാരതപ്പുഴയുമൊക്കെ കാണിച്ചിട്ടുള്ളത് എന്നൊക്കെ അന്വേഷിച്ച് കണ്ടുപിടിച്ചു.
എല്ലാ എപ്പിസോഡിനും ഒരേ പ്രാധാന്യം
സീരീസിലെ ഒരു എപ്പിസോഡിന് വേണ്ടിയും പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. ലില്ലിക്കുട്ടിയുടെയും കനിയുടെയുമൊക്കെ എപ്പിസോഡിനു വേണ്ടി കൂടുതൽ എന്തെങ്കിലും ചെയ്തോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. അവരുടെ പെർഫോമൻസ് കുറച്ചു കൂടുതൽ ലൗഡ് ആണ്. അതുപോലെതന്നെ പ്രശാന്ത് അലക്സാണ്ടറിന്റെ കഥാപാത്രവും കുറച്ച് ലൗഡ് ആണ്. അത്തരത്തിലുള്ള കഥാപാത്രങ്ങളുടെ എപ്പിസോഡിനു വേണ്ടി മ്യൂസിക് ഒരുക്കുമ്പോൾ നമ്മൾ കണ്ണടച്ചിരുന്നാലും കൂടുതൽ ലൗഡ് ആയി തോന്നും. ഒരു കഥാപാത്രത്തിനു വേണ്ടിയും പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. എല്ലാ എപ്പിസോഡും ഒരുപോലെയാണ് ട്രീറ്റ് ചെയ്തത്. ഓരോ കഥാപാത്രത്തിനും ഏറ്റവും അനുയോജ്യമായ സംഗീതം കൊടുത്തു. ലില്ലിക്കുട്ടിയുടെ കഥാപാത്രം കുറച്ച് ശ്രദ്ധിക്കപ്പെട്ടതുകൊണ്ടും കുറച്ച് ലൗഡ് ആയതുകൊണ്ടും അതുപോലെതന്നെ കനിയുടെ കഥാപാത്രം വളരെ രസകരമായതുകൊണ്ടും ആളുകൾക്ക് കൂടുതൽ നന്നായി എന്നു തോന്നുന്നതാണ്. കനിയുടെ എപ്പിസോഡിൽ ആലപ്പുഴയിലെ കൾച്ചർ കൂടുതൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. നമ്മളിപ്പോൾ തെക്കൻ തല്ലു പോലത്തെ സിനിമകൾ നോക്കിയാൽ പഴയകാല സംഗീതത്തെ പുതിയ രീതിയിലാണ് ആവിഷ്കരിച്ചിട്ടുള്ളത്. പക്ഷേ ഇതിൽ അത്തരം സംഗീതം വേണ്ടെന്നു തീരുമാനിച്ചിരുന്നു. പഴയകാല സംഗീതത്തെ അന്നത്തെ ടോണിലാണ് അവതരിപ്പിച്ചിട്ടുള്ളത്. അധികം സമയം ഒന്നും എടുത്തിട്ടില്ല 20 ദിവസം കൊണ്ടാണ് ഈ ആറ് എപ്പിസോഡിനും സംഗീതം ചെയ്തത്.
പുതിയ പ്രോജക്ടുകൾ
അർജുൻ അശോകൻ നായകനാകുന്ന ആനന്ദ് ശ്രീബാല എന്ന സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ. ‘മാളികപ്പുറം’ സിനിമയുടെ ടീം ആണ് ഈ സിനിമയ്ക്കു വേണ്ടി ഒന്നിക്കുന്നത്. വിനയൻ സാറിന്റെ മകൻ വിഷ്ണു വിനയനാണ് സംവിധായകൻ. ബോബി സഞ്ജയുടെ സ്ക്രിപ്റ്റിൽ ഐസ് എന്ന ഒരു സീരീസും വരുന്നുണ്ട്. സോണി ലിവിന് വേണ്ടി മനു അശോകൻ ആണ് സംവിധാനം ചെയ്യുന്നത്. സ്റ്റേറ്റ് അവാർഡ് കിട്ടിയ കാണെക്കാണെക്കു ശേഷം ഞങ്ങൾ ഒരുമിക്കുന്ന വർക്ക് ആണിത്.