രമ്യ നമ്പീശനെ കെട്ടിപ്പിടിച്ചു കെ.എസ് ചിത്ര പറഞ്ഞു ‘നീ നന്നായി പാടുന്നുണ്ട്. നന്നായി പഠിച്ചു ഇനിയും പാടണം.’ രമ്യയ്ക്കു പിന്നെ കുറേ നേരം പറയുന്നതൊന്നും കേൾക്കാനില്ലായിരുന്നു. കുട്ടിക്കാലത്തു ദൈവം പോലെ കരുതിയ ഒരാൾ അടുത്തുവന്ന് ഇത് പറയുമെന്ന് സ്വപ്നത്തിൽപ്പോലും രമ്യ കരുതിയിട്ടില്ല. ‘അതൊരു ഭാഗ്യമാണ്. അതിന്റെ സന്തോഷത്തിൽനിന്ന് ഇനിയും ഞാൻ പുറത്തു വന്നിട്ടില്ല.’ രമ്യ പറഞ്ഞു.
Ande londe...
കുട്ടിക്കാലത്തു പാട്ടു പഠിക്കാനാണ് അച്ഛൻ രമ്യയെ വിട്ടത്. മകൾ പാട്ടുകാരിയായി ശോഭിക്കണമെന്നു നാടക നടനായ അച്ഛനു നല്ല മോഹമുണ്ടായിരുന്നു. രമ്യ പാട്ടിൽനിന്നു പതുക്കെ നൃത്തത്തിലേക്കു പോയി. അവിടെ നിന്നു ടിവി അവതാരകയുടെ വേഷത്തിലേക്കു പോയി. അവിടെ നിന്നു സിനിമയിലേക്കും. അഭിനയിച്ചു പത്തുവർഷത്തോളം സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോൾ രമ്യ പാടാൻ വരുന്നുവെന്ന വാർത്ത വന്നു. പാട്ടു വന്നപ്പോൾ അത് അതിലും വലിയ വാർത്തയായിരുന്നു. പണ്ടു പഠിച്ച പാട്ടിന്റെ ബലത്തിൽ രമ്യ ‘ആണ്ടോലാണ്ട്....’ പാടിയ പാട്ട് വൻ ഹിറ്റായി. അതൊരു ലോട്ടറിയായിരുന്നുവെന്ന് പലരും കരുതി. എന്നാൽ തട്ടത്തിൻ മറയത്തിലെ ‘മുത്തുച്ചിപ്പി പോലൊരു...’ എന്ന പാട്ടു വന്നതോടെ രമ്യയുടെ പാട്ടു ലോട്ടറിയായിരുന്നില്ലെന്നു തെളിഞ്ഞു. സ്റ്റേജ് ഷോകളിൽ രമ്യ നിറഞ്ഞു.
ഡാൻസിനെക്കാൾ കൂടുതൽ പാട്ടിനെ രമ്യ സ്നേഹിച്ചുവെന്ന് തോന്നിയിട്ടുണ്ട്.
തീർച്ചയായും. പ്രത്യേകിച്ചും സ്റ്റേജ് ഷോകളിൽ. ഞാൻ നൃത്തം ചെയ്യുന്നതിലും കൂടുതൽ അലിഞ്ഞു ചെയ്യുന്നതു പാട്ടാണ്. ഒാരോ തവണ പാടുമ്പോഴും വല്ലാത്ത സന്തോഷമാണ്. പ്രത്യേകിച്ച് എന്നെ കേൾക്കാന്‍ കാത്തിരിക്കുന്ന വലിയൊരു ആൾക്കൂട്ടം മുന്നിലിരിക്കുമ്പോൾ. എന്റെ പാട്ട് ഇതുപോലെ ജനം കേൾക്കുമെന്ന് സ്വപ്നത്തിൽ കരുതിയിട്ടില്ല.
Muthuchippi...
രമ്യ ഇപ്പോൾ സിബി മലയിലിന്റെ സിനിമയിൽ നായികയാകുന്നു. സത്യന്‍ അന്തിക്കാട്, കമൽ തുടങ്ങിയവരുടെ സിനിമയിലെല്ലാം നേരത്തെ രമ്യ അഭിനയിച്ചിരുന്നു. സത്യത്തിൽ രമ്യ ഏതു തലമുറയിലെ നായികയാണ്.
സിബി സാർ എന്നെ സൈഗാൾ പാടുകയാണ് എന്ന സിനിമയിലേക്കു വിളിച്ചപ്പോൾ ഞാനൊരു കടം വീട്ടുകയായിരുന്നു. എന്നെ ആദ്യം സിനിമയിലേക്കുക്ഷണിച്ചതു സാറാണ്. എന്തുകൊണ്ടോ ആ സിനിമ നടന്നില്ല. ഞാൻ എല്ലാവരുടെ സിനിമയിലും അഭിനയിക്കാറുണ്ട്. ഇവരെല്ലാം എനിക്കു തരുന്ന വേഷങ്ങളാണ് എന്നെ വളർത്തിയതും ഇവിടെ എത്തിച്ചതും. പുതുതലമുറയെന്നോ പഴയ തലമുറയെന്നോ പറയേണ്ടതില്ല.
ഇതിലും പാട്ടുണ്ടോ ?
ഞാൻ പാടുന്നില്ല. പക്ഷേ, ഈ സിനിമ പാട്ടുകാരുടെ സിനിമയാണ്. സംഗീതം ലഹരിയാക്കിയവരുടെ ജീവിതത്തിലേക്കു മറ്റു ലഹരികൾ വരുന്നതിന്റെ കഥയാണിത്.
തമിഴ്, തെലുങ്ക്, കന്നഡ അങ്ങനെ പല ഭാഷയിലും രമ്യ നിറഞ്ഞു നിൽക്കുന്നു. മലയാളം മടുത്തു തുടങ്ങിയോ?
തമിഴും തെലുങ്കുമെല്ലാം വലിയ ലോകമാണ്. എനിക്കു കൂടുതൽ ആരാധകരും അവിടെയുണ്ട്. എനിക്കു കിട്ടുന്ന ഏതു വേഷവും നന്നാക്കാൻ എന്നെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്യും. അതിനെതിരെയുളള വിമർശനമൊന്നും എന്നെ ബാധിക്കാറില്ല. തെറ്റുകൾ ഉണ്ടെന്നു തോന്നിയാൽ തിരുത്തും. തിരിച്ചൊന്നും പറയാറുമില്ല. കഴിവതും ആരെയും പിണക്കാറില്ല. തമിഴിലും തെലുങ്കിലും പോയതു കൊണ്ടു മലയാള സിനിമയിൽ അഭിനയിക്കില്ലെന്നു പറയാറുമില്ല. എന്റെ ലോകം ഇവിടെത്തന്നെയാണ്.
മലയാളം വേണ്ടത്ര രമ്യയെ അംഗീകരിച്ചില്ലെന്നു തോന്നിയിട്ടുണ്ടോ?
ഒരിക്കലുമില്ല. എനിക്കു മലയാള സിനിമ നിറയെ വേഷങ്ങൾ തന്നു. അവയിൽ പലതും വൈവിധ്യമുളളതായിരുന്നു. എന്നെക്കൊണ്ടു പാട്ടു പാടിച്ചു. മലയാളത്തിലെ മിക്ക വേഷവും എന്നെ വളരെയേറെ സന്തോഷിപ്പിച്ചിട്ടുണ്ട്.
ഏതെങ്കിലും നടി രമ്യയെ മോഹിപ്പിച്ചിട്ടുണ്ടോ ?
ശ്രീവിദ്യാമ്മയും മഞ്ജു വാരിയരും. ഏതു വേഷത്തിലായാലും ശ്രീവിദ്യാമ്മയ്ക്കു സ്വന്തമായൊരു മുദ്രയുണ്ടാകും. ഈ വേഷം അവർക്കുവേണ്ടി കരുതിവെച്ചിരുന്നതാണെന്നു നമുക്കു തോന്നും. ദേഷ്യവും സ്നേഹവുമെല്ലാം വിദ്യാമ്മയ്ക്കു മാത്രമായി ആ വേഷത്തിൽ ഉണ്ടാക്കിയതാണെന്നു തോന്നും. മഞ്ജു ചേച്ചിയും ഇതുപോലെയാണ്. സ്ക്രീനിൽ വരുമ്പോൾ അവരുടെ സാന്നിധ്യം നമുക്കു ഫീൽ ചെയ്യും. വേഷത്തിന്റെ പകിട്ടെന്നു പറയുന്നതു മഞ്ജു ചേച്ചിയെ നോക്കിയിരുന്നാല്‍ അറിയാം. വിദ്യാമ്മയുമായി അപൂർവമായെ സംസാരിച്ചിട്ടുളളൂ. മഞ്ജു ചേച്ചിയെ അറിയാം. എന്നാലും വളരെ അടുത്ത് ഇടപഴകാനായിട്ടില്ല.
തമിഴ്, തെലുങ്കു വേഷങ്ങൾ രമ്യയെക്കാത്തിരിക്കുകയാണ്. പാട്ടുകാരിയായ രമ്യ സംഗീതകാരനായ സൈഗാളിന്റെ കൈ പിടിച്ചു തിയറ്ററിലേക്കു വരുന്നു.