വേദിയിലെത്തിയ ആ ചെറിയ പെൺകുട്ടിയെ കണ്ട് ഒരാൾ പറഞ്ഞു. ‘ഓ ഇത്ര ചെറിയ പെൺകുട്ടിയെങ്ങനെയാ ഈ വേദിയിലെത്തിയത്. സ്വാധീനം കൊണ്ടാവും’. രാഗങ്ങളുടെ മേളപ്പെരുക്കമാണു പിന്നീട് കേട്ടത്. മുമ്പ് വിമർശിച്ച ആൾ അവിശ്വസനീയതയോടെ പറഞ്ഞു. ഹോ.. വിചാരിച്ചതുപോലല്ല. ഇവൾ ഒരു പുലിക്കുട്ടി തന്നെ. ഗൗരി ലക്ഷ്മിക്ക് ഇതു പുതുമയല്ല.
മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായിക. ഈ പെൺകുട്ടി സംഗീതം നൽകിയ പാട്ട് പാടി അഭിനയിച്ചതു മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ. ചെറിയ പ്രായത്തിൽ ഈ മിടുക്കി ഈണം പറഞ്ഞു കൊടുത്തതു ഗാനഗന്ധർവൻ യേശുദാസിന്. ഗൗരി ലക്ഷ്മിയുടെ വിശേഷങ്ങൾക്ക് പല രാഗങ്ങൾ ഒത്തുചേരുന്ന ഒരു പാട്ടിന്റെ മധുരമുണ്ട്. ആലപ്പുഴ ചേർത്തല സ്വദേശിയായ ഗൗരിയുടെ സംഗീത ജീവിതത്തിലെ നിമിഷങ്ങളിലേക്ക്.
പാട്ടോർമകളുടെ ബാല്യം
'മറക്കാനാവില്ല. നന്നായി വരുമെന്നു പറഞ്ഞ് യേശുദാസ് എന്ന മഹാനായ ഗായകൻ അനുഗ്രഹിച്ച നിമിഷം. ഞാൻ സംഗീതം നൽകിയ ആ പാട്ട് അദ്ദേഹം പാടിയതു കേട്ട നിമിഷവും. ആ സിനിമ ഇറങ്ങാതെ പോയെങ്കിലും ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനമായിരുന്നു അത്'. ഗൗരി പറഞ്ഞു തുടങ്ങി. അച്ഛൻ ഹരികൃഷ്ണൻ പാട്ടുകാരനാണ്. ഞാൻ വളർന്നതു സംഗീതത്തിന്റെ ലോകത്തായിരുന്നു. അക്ഷരം കൂട്ടിപ്പറയാൻ തുടങ്ങിയപ്പോൾ മുതൽ പാട്ട് എപ്പോഴും കൂടെയുണ്ട്.
ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പാട്ടുകളെഴുതാറുണ്ടായിരുന്നു. കുട്ടിപ്പാട്ടുകളായിരുന്നു എല്ലാം. കുറച്ചു കൂടി വലുതായപ്പോൾ പാട്ടിന് ഈണം നൽകാൻ തുടങ്ങി. അച്ഛന്റെ സുഹൃത്തിന്റെ സുഹൃത്താണു സംവിധായകൻ റോഷൻ ആൻഡ്രൂസ്. അദ്ദേഹം പങ്കെടുത്ത ഒരു പരിപാടിയിൽ ഞാൻ സ്വന്തമായി ഈണമിട്ട പാട്ട് പാടിയിരുന്നു. അതുകേട്ട് ഇഷ്ടപ്പെട്ട അദ്ദേഹം സഖിയേ... എന്ന പാട്ട് കാസനോവയിലെടുത്തു. പതിനാല് വയസുള്ളപ്പോഴായിരുന്നു അത്. അതിനുശേഷം കുന്ദാപുര എന്ന ചിത്രത്തിലും സംഗീതം നൽകി.
പത്താം ക്ലാസിൽ നല്ല മാർക്കുണ്ടായിരുന്നെങ്കിലും മെഡിസിന്റെയും എൻജിനീയറിങ്ങിന്റെയും പിന്നാലെ പോകേണ്ടെന്നു തീരുമാനിച്ചിരുന്നു. അക്കാലത്തു സംഗീതരംഗം പ്രഫഷനായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചിരുന്നില്ല. പിന്നീട് സംഗീതത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന ആഗ്രഹം തോന്നിയതോടെ തൃപ്പൂണിത്തുറ ആർ എൽ വി കോളജിൽ ബി എ മ്യൂസിക്കിനു ചേർന്നു.
2012 മുതലാണു ബാൻഡിനൊപ്പം പാടാൻ തുടങ്ങിയത്. ഒരിക്കൽ ഊട്ടിയിൽ നടന്ന ഒരു മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയി. പല നാടുകളിൽ നിന്നുള്ള സംഗീതജ്ഞർ പങ്കെടുത്ത പരിപാടിയായിരുന്നു അത്. അതോടെ സംഗീതത്തോടുള്ള എന്റെ കാഴ്ചപ്പാട് മാറി. ഇപ്പോൾ സംഗീതമെന്നാൽ സിനിമയായി മാത്രം ഒതുങ്ങാൻ താൽപര്യമില്ല. പല ബാൻഡുകളുടെ കൂടെയും പാടാറുണ്ട്. ലൈവായി പാടുന്നതാണ് എനിക്കേറ്റവുമിഷ്ടം. ആൽബങ്ങൾക്കു വേണ്ടിയും ബാൻഡിനു വേണ്ടിയും പാട്ട് കംപോസ് ചെയ്യാറുണ്ട്. ഇനിയും കൂടുതൽ ആഴത്തിൽ സംഗീതത്തെ അറിയണമെന്നുണ്ട്.
ചില തമിഴ് സിനിമകൾക്കു വേണ്ടിയും പാടി. സിനിമാരംഗത്ത് തുടക്കക്കാരായവരോട് മോശം പെരുമാറ്റമുണ്ടാകുമെന്നു പറയുന്നതു സത്യമാണ്. കോംപ്രമൈസ് ചെയ്താൽ അവസരങ്ങൾ നൽകാമെന്നു പറഞ്ഞു സമീപിച്ചവരുണ്ട്. നോ പറഞ്ഞതോടെ അതു തീർന്നു. സെൽഫ് റെസ്പെക്ടുള്ളവർ അവസരങ്ങൾക്കു വേണ്ടി തെറ്റായ വഴിയിലേക്കു പോകില്ലെന്നാണ് എന്റെ വിശ്വാസം. എനിക്ക് സെൽഫ് റെസ്പെക്ടുള്ളതുകൊണ്ട് അത്തരക്കാരെ പേടിയില്ല. എന്റെ സംഗീതത്തെ എനിക്കു വിശ്വാസമുണ്ട്. ഗൗരിയുടെ വാക്കുകൾക്ക് ഒരു രാഗത്തിനുമില്ലാത്ത കരുത്ത്.