സംഗീത ലോകത്തെ ലാളിത്യം

സംഗീതലോകത്തെ ലോകത്തെ ലാളിത്യമാണ് രാജലക്ഷ്മി. വലിയ ഇടവേളകൾക്കിടയിൽ വന്ന് അവർ പാടിയ പാട്ടുകളിലെല്ലാം ഏറെക്കാലമായി കേൾ‌ക്കാൻ കൊതിച്ചൊരു സ്വരസാന്നിധ്യമുണ്ടായിരുന്നു. സാങ്കേതികതയുടെ കൂട്ടുകെട്ടില്ലാതെ വേദികളിൽ മെലഡികൾ പാടി ആലാപനശൈലികൊണ്ട് അമ്പരപ്പിക്കുന്നു. സംസ്ഥാന സർക്കാർ അവാർഡ് നൽകി ആദരിച്ചപ്പോൾ മാത്രം രാജലക്ഷ്മിയെ തിരിച്ചറിഞ്ഞ ഒരു വലിയ ഭൂരിപക്ഷം നമുക്കിടയിലുണ്ട്. തനിക്ക് മുന്നേ പാടിത്തുടങ്ങിയവരുടയെും പിന്നീടെത്തിയവരുടെയും പാട്ടുകളുമായി വേദികളിലേക്കുള്ള യാത്രകൾക്കിടയിൽ രാജലക്ഷ്മി സംസാരിക്കുന്നു. ഒമ്പതാം വയസിൽ തുടങ്ങിയ സംഗീത യാത്രയെ കുറിച്ച്...വലിയ ഇടവേളകൾക്കിടയിൽ കിട്ടിയ ചലച്ചിത്ര ഗീതങ്ങളെ കുറിച്ച്...

പാടി തെളിഞ്ഞ പാട്ട്

ഒമ്പതാം വയസിൽ തുടങ്ങിയതാണ് വേദികളിലൂടെയുള്ള യാത്ര. ഗാനമേള സംഘങ്ങൾക്കൊപ്പം അന്നേ പാടും. നമ്മൾ പാടിയത് എത്രത്തോളം നന്നായി എന്നറിയാൻ കാത്തിരിക്കണ്ടല്ലോ. അപ്പോള്‍ തന്നെ ആളുകൾ വന്നുപറയും. അവരുടെ പ്രതികരണങ്ങളാണ് എനിക്കിപ്പോഴും വേദികളിൽ പാടാനുള്ള ധൈര്യം തന്നത്. ഓരോ വേദികളിലും കൂടുതൽ നന്നായി പാടണമെന്ന ചിന്തയെ വളർത്തിയത്. പിന്നെ ഇന്നീ കാലം വരെയും ഒരു പാട്ടുപോലും നന്നായി പഠിക്കാതെ ഞാൻ പാടിയിട്ടില്ല. സ്റ്റേജുകളെ എനിക്ക് ഭയമില്ല. കുഞ്ഞിലേ മുതൽക്കേയുള്ള പരിചയം കൊണ്ടാണത്. പക്ഷേ പ്രാക്ടീസ് ഉഴപ്പിയിട്ട് അവിടേക്ക് പാടാൻ പോകാൻ എനിക്കിപ്പോഴും ആത്മവിശ്വാസമില്ല.

രാഘവൻ മാഷിന്റെ അനുഗ്രഹം

പന്ത്രണ്ടാമത്തെ വയസിലാണ് ആദ്യമായി ഒരു റെക്കോര്‍ഡിങ് ചെയ്യുന്നത്. ഒരു ഭക്തി ഗാനത്തിന് ആയിരുന്നു അത്. അന്നെനിക്ക് ഹെഡ്ഫോൺ വച്ച് വന്നത് രാഘവൻ മാഷ് ആയിരുന്നു. അന്നൊന്നും അദ്ദേഹം അത്രയും വലിയ മനുഷ്യനാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. ആ ജന്മത്തിന്റെ അനുഗ്രഹമാണ് സാധാരണക്കാരിൽ സാധാരണക്കാരിയായ എന്നെപ്പോലൊരാൾക്കിപ്പോഴും ഈ രംഗത്ത് തുടരാനാകുന്നതിനു പിന്നിലെന്ന് ഞാൻ വിശ്വസിക്കുന്നു. സംഗീത രംഗത്ത് വന്നിട്ട് പതിനഞ്ച് വർഷം കഴിഞ്ഞാണ് എനിക്കൊരു സിനിമയിൽ പാടാൻ കഴിഞ്ഞത്. പലരും ചോദിച്ചിരുന്നു എന്താ രാജീ നല്ലൊരവസരം കിട്ടാത്തതെന്ന്. പക്ഷേ അതുകേട്ട് മനസ് വിഷമിച്ചിട്ടുണ്ടെങ്കിലും എനിക്കറിയാമായിരുന്നു എന്നായാലും നല്ല പാട്ടുകൾക്ക് എന്നെ തേടി വരാതിരിക്കാനാകില്ലെന്ന്. കാരണം അത്രയേറെ ആത്മാർഥമായിട്ടാണ് ഞാൻ സംഗീതത്തെ സമീപിച്ചിട്ടുള്ളത്.

രവീന്ദ്രൻ മാഷിന്റെ വാക്കുകൾ, ജെറി അമൽ ദേവിന്റെ രീതികൾ

സംഗീത ലോകത്തെ കുലപതികളുടെ സിനിമാ ഗീതങ്ങളിലൊന്നും പാടാനായില്ല. പക്ഷേ വേറെ ഒരുപാട് റെക്കോർഡിങുകളിൽ പങ്കെടുക്കാനായി. രവീന്ദ്രൻ മാഷിനൊപ്പമുള്ള ഒരു റെക്കോര്‍ഡിങ് മറക്കാനാകില്ല. അതൊരു പരസ്യത്തിനായുള്ള ജിംഗിളായിരുന്നു. വൈകുന്നേരം ആറിന് തുടങ്ങിയ റെക്കോർഡിങ് പിറ്റേന്ന് വെളുപ്പിനെ ആറിനാണ് തീര്‍ന്നത്. പാട്ട് പാടാനല്ല അത്രയും സമയമെടുത്തത്. മാഷ് അനുഭവങ്ങളൊക്കെ പങ്കുവച്ചിരിക്കയായിരുന്നു. യേശുദാസിനേയും ജാനകിയമ്മയേയും കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു. അവരെ പോലെ പാട്ടിനെ കാണണം, പാടണമെന്നൊക്കെ പറഞ്ഞു. വേദിയിൽ നൃത്തം വച്ച് പാടുന്നതിനോട് മാഷിന് യോജിപ്പില്ലായിരുന്നു. എന്നോട് പറയും നമുക്ക് വേണ്ടത് ഡാൻസല്ല, പാട്ടാണെന്ന്. ഡാൻസൊപ്പം ചെയ്താൽ പാട്ട് ഒരു വഴിക്കും ഡാൻസ് മറ്റൊരു വഴിക്കും പോകും. അതാണ് അദ്ദേഹത്തിന്റെ പക്ഷം. ജെറി അമൽ ദേവ് വേറൊരു രീതിയാ. പക്കാ സിംഗറാ‌യിട്ടേ സ്റ്റ്യുഡിയോയിൽ കയറാവൂ എന്ന അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. പേനയും പേപ്പറുമായി സ്റ്റ്യുഡിയോയിലെത്തി സ്വന്തം കൈപ്പടയിലെഴുതി പാട്ട് പഠിക്കണം. ഗുരുമുഖത്ത് നിന്ന് പഠിക്കുന്ന സുഖം കിട്ടും അപ്പോൾ. അവിടെ ചെന്ന് പേനയൊക്കെ മറ്റാരോടെങ്കിലും ചോദിച്ചാൽ നമ്മളെ നോക്കും. അതൊന്നും ഇഷ്ടമല്ലായിരുന്നു. കോളെജിൽ പഠിക്കുന്ന സമയത്ത് ജോൺസൺ മാഷിന്റെയും ബേണി ഇഗ്നീഷ്യസിന്റെയുമൊക്കെ ഒരുപാടീണങ്ങൾക്ക് പാടിയിട്ടുണ്ട്.

തലവര മാറ്റിയ സംസ്ഥാന അവാർഡ്

എന്നിലെ ഗായികയുടെ ഗതി തിരിച്ചുവിട്ടത് സംസ്ഥാന അവാർഡാണ്. ആ അവാര്‍ഡ് കൊണ്ടുതന്ന അവസരങ്ങൾ ചില്ലറയല്ല. ജനകനിലെ ഒളിച്ചിരുന്നേ എന്ന പാട്ടിനായിരുന്നു അവാർഡ്. ആ പാട്ട് കേട്ടിട്ട് ചിത്ര ചേച്ചിയും സുജാതേച്ചിയുമൊക്കെ അഭിനന്ദിച്ചിരുന്നു. പക്ഷേ ഞാനൊരു അവാർഡൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അവാർഡ‍് പ്രഖ്യാപിക്കുന്ന ദിവസം പോലും ഓർമയില്ലായിരുന്നു. ഞാനന്ന് ഏതോ കല്യാണത്തിന് പോയിരിക്കുകയായിരുന്നു. അവിടെ വച്ചാണ് അറിഞ്ഞത് അവാർ‍ഡിനെ കുറിച്ച്. സത്യത്തിലെനിക്ക് വിശ്വസിക്കാനേ ആയില്ല. പക്ഷേ ആ അവാർഡ് എന്നിലേക്കെത്തിച്ചത് ഒരുപാട് വേദികളെയാണ്... അവസരങ്ങളെയാണ്. ജനകനിലെ ആ പാട്ട് എനിക്ക് തന്നത് ജയേട്ടനാണ്(എം ജയചന്ദ്രന്‍). ഞാനെന്റെ ജീവിതത്തിൽ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്ന വ്യക്തിത്വങ്ങളിലൊരാൾ. ജയേട്ടനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

പോയ അവാർഡ്... പ്രതീക്ഷിക്കാതെ വന്ന പാട്ടുകൾ!

കുട്ടിസ്രാങ്കെന്ന ചിത്രത്തിലെ യുഗ്മ ഗാനം ദേശീയ അവാർഡിന്റെ അവസാന റൗണ്ടിൽ വരെയെത്തിയിരുന്നു. അവാര്‍ഡ് കിട്ടിയില്ലെങ്കിലും എനിക്ക് സന്തോഷമായി നമ്മൾടെ പാട്ട് അവിടം വരെ എത്തിയല്ലോ എന്നോർത്ത്. സംഗീതനാടക അക്കാദമി അവാർഡ് 2004ലും 2014ലും കിട്ടിയിരുന്നു. എന്റെ ജീവിതത്തിൽ കിട്ടിയ അവാര്‍ഡെല്ലാം ഒട്ടും എക്സ്പെക്ട് ചെയ്യാത്തതായിരുന്നു. പാട്ടുകളും അങ്ങനെ തന്നെ. ഇടവേളകൾ വരുമെങ്കിലും കിട്ടിയ പാട്ടുകളെല്ലാം നല്ല മെലഡികളായിരുന്നു. ഓർമകളിലെന്നും ജീവനുള്ള മെലഡികൾ.

ലുക്കിലൊക്കെ കാര്യമുണ്ട്

ഇന്നത്തെ കാലത്ത് പാട്ടുകാര്‍ പിടിച്ചു നിൽക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അവരുടെ ലുക്കും അതിലൊരു ഘടകമാണ്. നല്ല പെർഫോമൻസും വേണം. നമുക്ക് അത് പറ്റില്ലല്ലോ. ഞാനൊക്കെ വേദിയിൽ അടങ്ങിയൊതുങ്ങി നിന്ന് പാടുന്നൊരാളാ. പാട്ട് കളഞ്ഞിട്ട് മറ്റൊന്നും വേണ്ടെന്ന് ഞാൻ തീരുമാനിച്ചിരുന്നു. എനിക്ക് സംസ്ഥാന അവാർഡ് കിട്ടുന്നതിനു മുൻപ് ഒരുപാട് വേദികൾ ഇതുകാരണം നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ ഇപ്പോളങ്ങനൊന്നുമില്ല. ഞാനിപ്പോള്‍ തലമുടി വെട്ടിക്കളഞ്ഞത് ലുക്ക് മാറ്റാനാണെന്ന് ചിന്തിക്കല്ലേ. മുടി നന്നായി കൊഴിയുന്നുണ്ട്. അതുകാരണം ചെയ്തെയാ. പക്ഷേ അവർ വെട്ടിവെട്ടി ഇത്രേം കുറച്ചു കളഞ്ഞു.

യേശുദാസെന്ന വിസ്മയം, എസ്പിബിയുടെ വിനയം...

ജീവിതത്തിലൊരിക്കലെങ്കിലും ഒന്നു കാണണമെന്നാഗ്രഹിച്ചവർക്കൊപ്പം വേദികളിൽ നിന്ന് പാടാനായ നിമിഷങ്ങളാണ് എനിക്ക് ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത്. യേശുദാസെന്ന വിസ്മയവും വിനയം കൊണ്ട് അത്ഭുതപ്പെടുത്തിയ എസ്പി ബാലസുബ്രഹ്മണ്യവും. അവര്‍ക്കൊപ്പം പാടാനായത് ജീവിതത്തിന്റെ സുകൃതം. ഒറ്റ വാക്കുകൊണ്ട് നമുക്കുള്ളിലെ പേടിയകറ്റി പാട്ടിലേക്ക് ലയിപ്പിക്കും യേശുദാസ്. എല്ലാത്തിനും മീതെയാണ് യേശുദാസ്. ഭക്തിയാണ് അദ്ദേഹത്തോട്...

എത്ര ഉയരത്തിലെത്തിയാലും മനുഷ്യനെത്ര വിനയനായിരിക്കണമെന്ന് പഠിപ്പിച്ചത് എസ് പി ബാലസുബ്രഹ്മണ്യമാണ്. ഒരു വേദിയിൽ അദ്ദേഹത്തിനൊപ്പം പാടാൻ തയ്യാറെടുക്കുകയാണ് ഞാൻ. നല്ല പേടിയുണ്ടെനിക്ക്. അപ്പോഴാണ് അദ്ദേഹം അടുത്ത് വന്ന് പറഞ്ഞത്, ഞാനെന്തെങ്കിലും തെറ്റു വരുത്തിയാൽ ക്ഷമിക്കണേയെന്ന്. ഞാനെന്ത് മറുപടി പറയും അതിനൊക്കെ. ഞാൻ വിസ്മയത്തോടെ നോക്കിയൊരാളാണ് എന്നോടിങ്ങനെ പറഞ്ഞത്. അദ്ദേഹത്തെ പോലൊരാൾ ഇനിയുണ്ടാകില്ല.

വീടും പാട്ടും

എന്റെ അമ്മയും പാട്ടുകാരിയായിരുന്നു. അമ്മയ്ക്കായിരുന്നു ഞാനീ രംഗത്ത് വരാൻ ഏറ്റവുമധികം ആഗ്രഹം. എനിക്കും എന്റെ പാട്ടിനൊപ്പവുമാണ് അമ്മയുടെ ജീവിതത്തിലെ വലിയൊരു കാലം പിന്നിട്ടത്. കല്യാണം കഴിയുമ്പോൾ നമ്മൾടെ കരിയർ എങ്ങനെയാകുമെന്ന് ഭർത്താവിന്റെ രീതികളെ ആശ്രയിച്ചിരിക്കും. എനിക്കവിടെയും ഭാഗ്യമുണ്ടായിരുന്നു. ഭർത്താവ് അഭിരാം കൃഷ്ണനാണ് ഇന്നെന്റെ പാട്ടു ജീവിതത്തിന് ഏറ്റവുമധികം പിന്തുണ നൽകുന്നത്. ജീവിതത്തിലാദ്യമായി സിനിമാ പാട്ട് പാടിയത് അശ്വാരൂഢനിൽ ആണ്. അന്ന് ആ പാട്ട് പാടാൻ പോകുമ്പോൾ മകന് രണ്ടു മാസമാണ് പ്രായം. ഇന്നിപ്പോൾ അച്ഛനെ പോലെ മകനും എന്റെ സംഗീത യാത്രയുടെ ഷെഡ്യൂളിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്നു. എത്ര തിരക്കുണ്ടെങ്കിലും എന്റെ പ്രാക്ടീസിനു വേണ്ടതെല്ലാം ഇരുവരും ചെയ്തു തരും. ഭർത്താവ് കിറ്റ്കോയിലെ ഉദ്യോഗസ്ഥനാണ്.

പാട്ടുകളൊന്നും കുഴപ്പിക്കാറില്ല

പണ്ട് സംഗീത സംവിധായകർ ചെയ്ത് വച്ചിരിക്കുന്ന ഒരു ഈണമുണ്ട്. നമ്മളത് ഏറ്റവും മനോഹരമായി പാടിയാൽ മതി. അതിനപ്പുറത്തേക്കോ ഇപ്പുറത്തേക്കോ പാടാനവർ സമ്മതിക്കില്ല. കൂടാതെ ലൈവ് റെക്കോർഡിങും. ഒരാൾ തെറ്റിച്ചാൽ പിന്നെ എല്ലാവരും ചേർന്ന് ആദ്യം തൊട്ട് പ്രയത്നിക്കണം. ആ സമയത്തൊക്കെ പാട്ട് നമ്മളെ കുഴപ്പിക്കും. പക്ഷേ ഇപ്പോൾ അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല. സംഗീത സംവിധായകർ നമ്മളെ പോലെയാണ്. ടാലന്റ് ഉള്ളവരെയ‌ല്ലേ പാടാൻ വിളിക്കൂ. ഒരു പാട്ട് ചെയ്താൽ അതിണങ്ങുന്ന ശബ്ദമുളളവരെ തേടി സംവിധാ‌യകർ വരും. ഒരുപാട് ഫ്രീഡം തരും. കൂടാതെ എത്ര ടേക്ക് വേണമെങ്കിലും എടുക്കാം. പാട്ട് നന്നായാൽ മതി. എത്ര നേരം വേണമെങ്കിലും സ്റ്റ്യുഡിയോയില്‍ തുടരാം. പിന്നെ പിന്നണി ഗാന രംഗമെന്നത് വേറെ ലെവലാണ്. പാടുന്ന എല്ലാവർക്കും പിന്നണി ഗായകരാകാനാകില്ല. നമ്മുടെ കഴിവനനുസരിച്ചാണ് പണ്ടായാലും ഇപ്പോഴായാലും പാടാൻ വിളിക്കുന്നത്. നമ്മളെ കുഴപ്പിക്കുന്ന പാട്ടുകൾ തേടിവരില്ല. എന്നും എപ്പോഴും ചിത്രത്തിലെ മലർവാക കൊമ്പത്തെന്ന പാട്ടു പാടാൻ പോയപ്പോൾ തൊണ്ടയ്ക്ക് അസുഖമായിരുന്നു. സങ്കടപ്പെട്ടാ പോയത്. പക്ഷേ പി ജയചന്ദ്രനൊപ്പം പാട്ടു പാടാൻ തുടങ്ങിയപ്പോൾ അസ്വസ്ഥതകൾ എവിടേക്കോ പോയി.

ഈ വർഷം ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലേയും ചാർലിയിലേയും എന്റെ പാട്ടുകൾക്ക് ഏറെ ശ്രദ്ധ കിട്ടി. ചാർലിയിലെ ഭക്തിനിർഭരമായ ആ പാട്ട് കേട്ട് ഏറെ പേർ വിളിച്ചിരുന്നു. സ്നേഹം നീ നാഥാ എന്നു തുടങ്ങുന്ന ഗാനമാണത്. ഗോപീ സുന്ദറിന്റെ ഈണത്തിൽ പാടിയ പാട്ട്. ഹൃദ്യമായൊരീണമാണതിന്. ഗോപി സുന്ദർ പറഞ്ഞ് തന്ന ആ ഈണം ഏറ്റവും ആസ്വദിച്ചാണ് ഞാൻ പാടിയത്. ഹൃദയത്തിൽ തൊട്ട ഈണം.

സ്വപ്നം

എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം സ്വപ്നം തന്നെയാണ്. സംഗീതജ്ഞരൊത്തു ചേരുന്ന ജയരാഗങ്ങൾ പോലുള്ള വേദികളുടെ ഭാഗമാകണമെന്നതാണ് സ്വപ്നം. കേരളത്തിന് പുറത്തുള്ള വേദികളിൽ രാജ സാറിനും (ഇളയരാജ) റഹ്മാനൻ സാറിനുമൊപ്പം (എ.ആർ. റഹ്മാൻ) പാടാൻ കഴിയുക എന്നതും വലിയ സ്വപ്നങ്ങളായി എന്നും മനസ്സിലുണ്ട്.