ഇന്നത്തെ തലമുറയിലെ സംഗീത പണ്ഡിതൻ എന്നാണ് സംഗീതസംവിധായകനും ഗായകനുമായ ശരത്തിനെ വിശേഷിപ്പിക്കുന്നത്. സംഗീത റിയാലിറ്റിഷോകളിലെ മികച്ച വിധികർത്താവ് കൂടിയായ ശരത് മലയാളികളുടെ പ്രിയപ്പെട്ട സംഗീതജ്ഞനാണെന്നതിൽ സംശയമില്ല. അതുല്യമായ നിരവധി ഗാനങ്ങൾ ആലപിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുള്ള ശരത് മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുന്നു.
സംഗീതമല്ലാതെ മറ്റൊരു പണിയും അറിയില്ല
എന്നെ സംബന്ധിച്ച് സംഗീതം തന്നെയാണ് എന്റെ ജീവിതം അതല്ലാതെ മറ്റൊരു പണിയും അറിയില്ല. സംഗീത സംവിധാനം ചെയ്ത ചിത്രങ്ങളിലെ പാട്ടുകൾ മിക്കവയും ഹിറ്റാണ്. എന്നാൽ എനിക്ക് പടങ്ങൾ തീരെ കുറവാണെന്നുള്ളത് സത്യമാണ്. അതിൽ എനിക്ക് പരാതിയില്ല. എനിക്കുള്ളത് ദൈവം എനിക്ക് തന്നെ തരും എന്ന ചിന്താഗതിക്കാരനാണ് ഞാൻ. സിനിമാ ഗാനങ്ങൾ സാധാരണക്കാരന്റെ പൾസ് അറിഞ്ഞും സംവിധായകന്റെ മനസ്സറിഞ്ഞും ചെയ്യേണ്ട ഒന്നാണ് അതിൽ ഒരു പരിധി വരെ ഞാൻ വിജയിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. എനിക്ക് ലഭിക്കുന്ന ഗാനങ്ങൾ ഭംഗിയായി ചെയ്യാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്.
ഗ്രീൻ സിംഫണി എന്ന പുതിയ സംരംഭം
നമുക്ക് നഷ്ടമായികൊണ്ടിരിക്കുന്ന ഭൂമിയുടെ നന്മകളെക്കുറിച്ചുള്ള ഒരു ഓർമപ്പെടുത്തലാണ് ഗ്രീൻ സിംഫണി എന്ന ആൽബം. കെ എസ് ചിത്രയുടെ ഭർത്താവ് വിജയൻ ചേട്ടനാണ് ഇതിനെ സംബന്ധിക്കുന്ന ഒരു തീം എന്നോട് പറഞ്ഞത്. കുറേനാൾ അതുചെയ്യണമെന്ന് വിചാരിച്ച് നടന്നെങ്കിലും എന്റെ മടി കൊണ്ട് മാത്രം അത് വൈകുകയായിരുന്നു. ഭൂമിയുടെ നഷ്ടപ്പെടുന്ന നന്മകൾ വീണ്ടെടുക്കേണ്ടതും ഇനിയുള്ളവ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതുമാണെന്ന സങ്കൽപ്പത്തിലാണ് ദ ഗ്രീൻ സിംഫണിയെന്ന ആൽബം ചെയ്തിരിക്കുന്നത്. വോക്കലിനും വാദ്യോപകരണങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയുള്ള ആൽബം.
4 ട്രാക്കുകളാണ് അതിലുള്ളത്. ദ ബർത്ത്, ഓ മൈ ബ്യൂട്ടിഫുൾ പ്ലാനറ്റ്, താണ്ടവ്, ശാന്തി എന്നിങ്ങനെ. ഭൂമിയുടെ ജനനം, മനുഷ്യന്റെ ജീവിതം, ഭൂമിയുടെ നാശം, സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത എന്നിങ്ങനെ ഈ നാല് ട്രാക്കുകളെ തിരിക്കാം. ഈ വിഷയത്തെ സംഗീത രൂപത്തിലാക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. അത് തരക്കേടില്ലാതെ ചെയ്യാൻ കഴിഞ്ഞെന്നും തോന്നുന്നു.
ചിട്ടപ്പെടുത്തൽ ഒറ്റ ദിവസം കൊണ്ട്
ഗ്രീൻ സിംഫണി എന്നതിന്റെ സംഗീതം ഒറ്റ ദിവസം കൊണ്ടാണ് ചെയ്തത്. പൊങ്ങച്ചം പറയുന്നതല്ല. ഞാൻ വർക്ക് തുടങ്ങി കഴിഞ്ഞാൽ അതിന്റെ സംഗീതമുണ്ടാക്കാൻ കാത്തിരിക്കുകയോ നേർച്ചയിടുകയോ ഒന്നും ചെയ്യില്ല. അത് സ്വതസിദ്ധമായി വരികയാണ് പതിവ്. അതുകൊണ്ട് ഈ ആൽബം ചിട്ടപ്പെടുത്താനും അധികം സമയം വേണ്ടി വന്നില്ല.
നല്ല ബാൻഡുകൾ ഉണ്ടാകട്ടെ
നല്ല ബാൻഡുകൾ ഉണ്ടാകുന്നതിനോട് എനിക്ക് യാതൊരു എതിർപ്പുമില്ല. ഇപ്പോൾ വളരെ മോശമായ ചില ബാൻഡുകൾ ഉണ്ട്. നമ്മുടെ പഴയ ഗാനങ്ങളെ നശിപ്പിക്കുന്ന ബാൻഡുകളുണ്ട്. അത്തരത്തിലുള്ള ബാൻഡുകൾ നമുക്കാവശ്യമില്ല. സ്വന്തമായി സംഗീതം ചിട്ടപ്പെടുത്തി, സിനിമാ സംഗീതത്തിന് സമാന്തരമായി ഒരു ശാഖയായി ബാൻഡുകൾ വളരട്ടെ. നല്ല പാട്ടുകൾ ഉണ്ടാകട്ടെ. അല്ലാതെ ആരെങ്കിലുമൊക്കെ ചെയ്ത് വച്ചിരിക്കുന്ന പാട്ടുകളെ നശിപ്പിക്കുന്ന ബാൻഡുകളോട് എനിക്ക് താൽപര്യമില്ല.
പുതുതലമുറ ഗായകർ
പുതുതലമുറയിൽ നല്ല ഗായകർ ഉണ്ടാകുന്നുണ്ട്. അവരോട് ഞാൻ എപ്പോഴും പറയുന്ന ഒരേ ഒരു കാര്യം ഫോക്കസ്ഡ് ആയിരിക്കണമെന്നാണ്. നാലോ അഞ്ചോ ഗാനങ്ങൾ ആലപിച്ച് അവസാനിപ്പിക്കാനുള്ളതാകരുത് കരിയർ. കൂടുതൽ പുതുതലമുറ ഗായകരും ഫോക്കസ്ഡ് അല്ലയെന്നതാണ് സത്യം. ഗാനാലാപനരംഗത്തേക്കിറങ്ങിയിട്ട് പൊങ്ങി ചാടിയിട്ട് കാര്യമില്ല. പാടാനുള്ള കഴിവ് ദൈവം തരുന്നതാണ്. അത് വർദ്ധിപ്പിക്കാൻ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കണം.
പുതിയ സിനിമാ ഗാനങ്ങൾ
പുതിയ സിനിമാ ഗാനങ്ങൾ ഉൾപ്പെടെ എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട്. എന്നാൽ പുതിയ പാട്ടുകൾ ഒറ്റതവണയെ കേൾക്കാറുള്ളൂ. ഇന്നത്തെ സിനിമകളിലും നല്ല പാട്ടുകൾ ഇറങ്ങാറുണ്ട്. പഴയ കലാകാരന്മാർ ചെയ്ത് വച്ചിട്ടുള്ള അതുല്യ സൃഷ്ടികൾ തന്നെയാണ് എന്റെ പ്രിയ ഗാനങ്ങൾ.
സുജിത് വാസുദേവൻ എങ്ങനെ ശരത് ആയി
പേര് മാറ്റിയതിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ല. ആ പേരുമായി ചില പാട്ടുകൾ ഒക്കെ ഞാൻ പാടിയിരുന്നു. പക്ഷെ ഒന്നും അങ്ങോട്ട് ക്ലച്ച് പിടിക്കുന്നുണ്ടായിരുന്നില്ല. ഇനി ഈ സുജിത് എന്ന പേരിന്റെ പ്രശ്നമായിരിക്കുമോയെന്ന് സംശയിച്ചു. ചെറുപ്പമായിരുന്നു അന്ന്. ശരത് എന്ന് പേര് മാറ്റാം എന്ന് ചുമ്മാതങ്ങ് തീരുമാനിച്ചു. അല്ലാതെ അതിനുപിന്നിൽ പ്രത്യേകിച്ച് കഥകളൊന്നുമില്ലെന്നതാണ് സത്യം.
മുഛേ ഹിന്ദി മാലും...!
ഹിന്ദിയായിരുന്നു പഠനകാലത്ത് എന്നെ എറ്റവും കുഴപ്പിച്ച വിഷയം. പഠിക്കാൻ അത്രമെച്ചമല്ലായിരുന്നുവെങ്കിലും ഹിന്ദിയും ഞാനും ഒട്ടും പൊരുത്തമുണ്ടായിരുന്നില്ല. എന്നുവച്ച് ഹിന്ദിയിൽ ചെയ്യാൻ ലഭിച്ചിട്ടുള്ള ഗാനങ്ങൾ ഞാൻ വേണ്ടെന്ന് വച്ചിട്ടില്ല. നിരവധി ഹിന്ദി സിനിമകൾക്ക് പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. സംഗീതം ഏത് ഭാഷയിൽ ചെയ്യാനും ഞാൻ തയ്യാറാണ്. അത്തരത്തിൽ കിട്ടുന്ന ഒരു അവസരവും ഞാൻ പാഴാക്കില്ല.
ആറാം വയസ്സിൽ സംഗീത സംവിധാനം
ഗാനം ആലപിക്കുന്നതും സംഗീത സംവിധാനം ചെയ്യുന്നതും എനിക്ക് ഒരുപോലെ ആസ്വാദ്യകരമാണ്. ഇപ്പോഴും ഒരു പാട്ട് ചെയ്യാൻ പറഞ്ഞാൽ എന്റെ ആദ്യ ചിത്രമായ ക്ഷണക്കത്തിൽ ചെയ്തത് പോലുള്ള വികാരമാണ് എനിക്കുണ്ടാകുക. അതേ സ്പിരിറ്റിലാണ് ഞാൻ പാട്ട് കമ്പോസ് ചെയ്യുന്നത്. ആറാം വയസ്സിലാണ് ഞാൻ ആദ്യമായി ഒരു പാട്ട് കമ്പോസ് ചെയ്യുന്നത്. എന്റെ മാമന്റെ ഹാർമോണിയത്തിലായിരുന്നു കുട്ടിക്കാലത്ത് എന്റെ അഭ്യാസം മുഴുവൻ. ആ അഭ്യാസം ആദ്യമായി ഒരു നാടകത്തിന് വേണ്ടി ഒരു പാട്ട് കമ്പോസ് ചെയ്യാൻ എനിക്ക് അവസരമുണ്ടാക്കുകയായിരുന്നു. എന്നിട്ട് ആ നാടകം അമ്മയുടെ മടിയിലിരുന്ന് കണ്ടത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.