സംഗീതം തലയ്ക്ക് പിടിച്ച ഒരച്ഛനും മകനും കൂടെ പാട്ടിനെ പരിധിവിട്ട് പ്രണയിക്കുന്ന കസിൻ പയ്യനും. റോക്ക് , പോപ്പ് മ്യൂസിക് ബാൻഡുകൾ കേരളത്തിൽ ചുവടുറപ്പിച്ച് വരുന്ന 2013 കാലഘട്ടത്തിൽ , സംഗീതമില്ലാതെ എന്ത് ജീവിതമെന്നു ഇവർക്ക് തോന്നിയാൽ പിന്നെ എന്ത് സംഭവിക്കും? എന്തും സംഭവിക്കാം... എന്നാൽ ഇവിടെ സംഭവിച്ചത് തൈക്കുടം ബ്രിഡ്ജ് എന്ന ലോകപ്രശസ്ത മ്യൂസിക് ബാൻഡിന്റെ പിറവിയാണ്. ഗോവിന്ദ് പി മേനോൻ , അച്ഛൻ പീതാംബര മേനോൻ , ബന്ധുവായ സിദ്ധാർഥ് മേനോൻ എന്നിവരാണ് ആ മൂവർ സംഘമെന്ന് ഇനി പ്രത്യേകം പറയണ്ടല്ലോ. മകനെ ലോകമറിയുന്ന ഒരു സംഗീതജ്ഞനാക്കണമെന്ന അച്ഛന്റെ ആഗ്രഹത്തിന് മുന്നിലാണ് ഗോവിന്ദും കസിൻ സിദ്ധാർത്ഥ് മേനോനും ചേർന്ന് തൈക്കുടം ബ്രിഡ്ജ് എന്ന ബാൻഡിനു രൂപം നൽകിയത്. കൊച്ചിയിലെ തൈക്കുടം പാലത്തിനു കീഴിൽ വച്ച് വിരിഞ്ഞ ഈ ആശയത്തിനൊപ്പം സംഗീതം കൈവശമുള്ള സുഹൃത്തുക്കൾ കൂടി ചേർന്നതോടെ ബാൻഡ് ഹിറ്റായി. ന്യൂ ജെൻ ഭാഷയിൽ പറഞ്ഞാൽ ബാൻഡ് അങ്ങ് വേറെ ലെവലായി.
ടിവി ഷോകളിലൂടെ ശ്രദ്ധേയമായ തൈക്കുടം ബ്രിഡ്ജിന്റെ പിന്നീടുള്ള വളർച്ച കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു.. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മ്യൂസിക് ആൽബം പുറത്തിറക്കിയ ബാൻഡ് എന്ന പേരും തൈക്കുടത്തിനു സ്വന്തം. മലയാളികൾക്ക് എക്കാലവും നൊസ്റ്റാൽജിയ സമ്മാനിക്കുന്ന മന്ദാരച്ചെപ്പുണ്ടോ എന്ന ഗാനത്തിൽ തുടങ്ങി ഫിഷ് റോക്ക് , ചത്തേ , നവരസം തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച തൈക്കുടം ബ്രിഡ്ജിലെ ഗാനങ്ങളുടെ കേന്ദ്ര ശിൽപിയാണ് ഗോവിന്ദ് പി മേനോൻ. മ്യൂസിക് കമ്പോസർ എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഗോവിന്ദിന്റെ സംഗീത ചിന്തകൾ പക്ഷെ ബാൻഡിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല.
കമ്പോസിങ്ങിൽ കൂടുതൽ ശ്രദ്ധിക്കുന്ന ഗോവിന്ദ് വയലിനിൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടേയിരിക്കുന്നു. . അത്തരത്തിൽ പെട്ടന്ന് തോന്നിയ ഒരു തോന്നലിന്റെ ഭാഗമായി , ഗോവിന്ദ് വയലിനിൽ തീർത്ത നാഗവല്ലി, മണിച്ചിത്രത്താഴിലെ പഴയ നാഗവല്ലിക്ക് പുനർജ്ജന്മം ഏകിയിരിക്കുകയാണ്. .ബാൻഡിന് പുറത്ത് തന്റെ ആഗ്രഹത്തിനൊത്ത് ചിട്ടപ്പെടുത്തുന്ന ഈണങ്ങൾ ഗോവിന്ദ് സൗണ്ട് ക്ലൌഡിലൂടെയാണ് റിലീസ് ചെയ്തത്. ഒരാഴചക്കുള്ളിൽ പതിനായിരക്കണക്കിനു പേരാണ് നാഗവല്ലിയെ പ്രണയിച്ചത്. തൈക്കുടം ബ്രിഡ്ജിനു പുറത്തെ തന്റെ ക്രിയത്മകതയാണ് ഇതെന്ന് പറയുന്ന ഗോവിന്ദ് പി മേനോന്റെ വിശേഷങ്ങളിലേക്ക്....
നാഗവല്ലിയെ പുനർജനിപ്പിച്ചതിനു പിന്നിലെ ക്രിയാത്മകത?
നാഗവല്ലിക്ക് ശബ്ദം നൽകിയതിനെ ചുറ്റിപ്പറ്റിയുള്ള വിവാദം കനക്കുന്നതിന്റെ തലേ ദിവസമാണ് ഞാൻ ഇത് ചിട്ടപ്പെടുത്താൻ തീരുമാനിക്കുന്നത്. . അന്ന് ഉച്ചക്ക് ഉറങ്ങുമ്പോൾ ഞാൻ നാഗവല്ലി വയലിനിൽ റി ക്രിയേറ്റ് ചെയ്തതായി സ്വപ്നം കണ്ടു. എങ്കിൽ അതൊന്നു ചെയ്ത് നോക്കാമെന്ന് തോന്നി. 2 മണിക്കൂറിൽ താഴെ മാത്രം സമയമെടുത്ത് കമ്പോസ് ചെയ്തതാണ് നാഗവല്ലി. വയലിൻ മാത്രമാണ് ഞാൻ അതിൽ ഉപയോഗിച്ചിരിക്കുന്നത്. .അതിനു ശേഷം കമ്പ്യൂട്ടർ സഹായത്തോടെ ഡ്രംസ് , ഗിറ്റാർ എന്നിവ ചേർക്കുകയായിരുന്നു. സംഗീതത്തിലെ മഹാരഥന്മാരുടെ സൃഷ്ടിയല്ലേ, വീണയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന യഥാർത്ഥ നാഗവല്ലിയെ വയലിനിലെക്ക് മാറ്റുമ്പോൾ ഒറിജിനൽ ഗാനത്തിന്റെ ഭംഗി പോകരുതല്ലോ , അതുകൊണ്ട് ചിട്ടപ്പെടുത്തിയ ശേഷം ഞാൻ എന്റെ ഭാര്യയെ വിളിച്ച് കേൾപ്പിച്ച് കൊടുത്തു. സൗണ്ട് ക്ലൌഡിൽ ഇടാൻ കൊള്ളാമോ എന്ന് ചോദിച്ചപ്പോൾ. തീർച്ചയായും ഇടണം എന്ന് അവളാണ് പറഞ്ഞത് . ഭാര്യ എന്റെ നല്ലൊരു വിമർശക കൂടിയായതിനാൽ ആ വാക്കുകൾ ഞാൻ ഉൾക്കൊണ്ടു. നാഗവല്ലി സംഗീതം ഇഷ്ടപ്പെടുന്ന ജനങ്ങൾ സ്വീകരിച്ചു എന്നറിഞ്ഞതിൽ വലിയ സന്തോഷം. നാഗവല്ലിയുടെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തല പൊക്കുന്നതിനു മുൻപായി ഞാൻ എന്റെ നാഗവല്ലിയെ സ്വപ്നം കണ്ടത് വളരെ അവിചാരിതവും അത്ഭുതവുമായി തോന്നി.
മലയാളത്തിലെ ഹിറ്റായ ഒരു ഗാനത്തിന്റെ ഈണത്തെ മാറ്റി മറിക്കുമ്പോൾ, ജനങ്ങളിൽ നിന്നും നല്ല പ്രതികരണങ്ങൾക്ക് ഒപ്പം മോശം പ്രതികരണങ്ങളും ഉണ്ടാകുന്നുണ്ടല്ലോ
നല്ലതും ചീത്തയുമായ പ്രതികരണങ്ങളെ ഞാൻ ഉൾക്കൊള്ളുന്നു . നല്ല പ്രതികരണങ്ങളെ അംഗീകരിക്കുന്നു, ഒപ്പം മോശം പ്രതികരണങ്ങളിൽ കഴമ്പുണ്ടെങ്കിൽ അത് സ്വീകരിക്കുകയും ചെയ്യും. കാരണം എല്ലാം സംഗീതം തന്നെയാണ് എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. സംഗീതത്തിലെ പുതിയ പരീക്ഷണങ്ങളെ മനസിലാക്കുന്ന ഒരു വിഭാഗം ആസ്വാദകർ ഉണ്ട്. അവർക്ക് വേണ്ടി ഇനിയും പാട്ടുകൾ ഇറക്കും. എന്നാൽ, എന്ത് ചെയ്താലും കുറ്റം മാത്രം പറയുന്ന മറ്റൊരു വിഭാഗമുണ്ട്. അത് ആരാണെന്നും എനിക്കറിയാം. എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളിൽ തന്നെ ഇത്തരത്തിൽ പെട്ടവരുണ്ട്. ഞാൻ അത്തരക്കാരുടെ അഭിപ്രായം മുഖവിലക്ക് എടുക്കുന്നതെയില്ല. സംഗീതം , അത് ആസ്വദിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്.
തൈക്കുടം ബ്രിഡ്ജ് എന്ന ബാൻഡ് രൂപീകരിക്കുന്നതിന് മുൻപുള്ള ഗോവിന്ദിനെ ഒന്ന് പരിചയപ്പെടുത്താമോ?
തൈക്കുടം ബ്രിഡ്ജിനു മുൻപുള്ള ഗോവിന്ദ് ആണ് യഥാർത്ഥ ഗോവിന്ദ് (ചിരിക്കുന്നു ). അത് മനസിലാകണമെങ്കിൽ എന്റെ സൗണ്ട് ക്ലൌഡ് അക്കൌണ്ട് നോക്കിയാൽ മതി. എന്റെ സംഗീതത്തോടുള്ള അഭിനിവേശം അതിൽ കാണാം. അതിൽ കാണുന്ന സംഗീതം അതെന്റെ മാത്രം സന്തോഷമാണ്. ഞാൻ അതുകൊണ്ട് തന്നെ അതിന് പ്രൊമോഷൻ ഒന്നും കൊടുക്കാറില്ല. മ്യൂസിക് കോമ്പോസിഷനിൽ ആയിരുന്നു അക്കാലത്ത് കൂടുതലും ശ്രദ്ധിച്ചിരുന്നത്. അതിന്റെ ചുവടു പിടിച്ച് 2012 ൽ സിനിമയിലെത്തി . സ്റ്റേജ് പെർഫൊമൻസിനു വേണ്ടിയല്ലാതെ തന്നെ ധാരാളം കോമ്പോസിഷൻസ് അക്കാലത്ത് ചെയ്യുമായിരുന്നു. .ബാൻഡിൽ വന്നപ്പോൾ സംഗീത സംവിധാനത്തിനപ്പുറം ഗായകൻ എന്ന നിലയിൽ കൂടി ശ്രദ്ധിക്കേണ്ടി വന്നു.
സംഗീത സംവിധായകൻ, ഗായകൻ , വയലിനിസ്റ്റ് ...ഇതിൽ ഏതു റോളാണ് ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത്?
ദയവു ചെയ്ത് എന്നെ ഒരു ഗായകനായി കാണരുത് . തൈക്കുടം ബ്രിഡ്ജ് എന്ന ബാൻഡ് തുടങ്ങിയതു കൊണ്ടും അതിൽ ഞാൻ പാടിയ ഫിഷ് റോക്ക് ഹിറ്റ് ആയതു കൊണ്ടും മാത്രമാണ് ഞാൻ പാടുന്നത്. അല്ലാതെ ഞാൻ ഒരിക്കലുമൊരു നല്ല ഗായകനല്ല. ഗായകനായി അറിയപ്പെടാൻ താൽപര്യവുമില്ല. .എന്നെ നന്നായി അറിയുന്നവർക്ക് അത് വ്യക്തമായി അറിയാം. എനിക്ക് നല്ലൊരു മ്യുസിഷ്യൻ ആവാനാണ് താൽപര്യം. ജനങ്ങളുടെ മനസ്സിൽ നിൽക്കുന്ന ഒരുപിടി നല്ല ഗാനങ്ങൾക്ക് ഈണം നൽകണം. അതിൽ കവിഞ്ഞ് വലിയ ആഗ്രഹങ്ങൾ ഒന്നും തന്നെയില്ല.
വയലിനോടുള്ള താൽപര്യം തുടങ്ങിയത് എന്ന് മുതലാണ്?
വീട്ടിൽ എല്ലാവർക്കും സംഗീതത്തോട് അടുത്ത ബന്ധമാണുള്ളത്. പ്രത്യേകിച്ച് അച്ഛന്. അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു എന്നെ ഒരു മ്യുസിഷ്യനായി കാണുക എന്നത്. അതുകൊണ്ട് വളരെ ചെറിയ പ്രായത്തിൽ തന്നെ സംഗീതം പഠിപ്പിക്കാൻ തുടങ്ങി. വയലിനിൽ പ്രത്യേക പരിശീലനം നൽകി. എന്നാൽ, വയലിൻ പഠിക്കാൻ എനിക്ക് അന്ന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. കഷ്ടി ഒന്നര വർഷം കഴിഞ്ഞപ്പോൾ ഞാൻ വയലിൻ പഠനം നിർത്തി. പിന്നെ ഒരുപാട് വർഷങ്ങൾക്ക് ശേഷം ബാലഭാസ്കർ വയലിനിൽ വിസ്മയം തീർക്കുന്ന കണ്ടാണ് ഞാൻ വയലിനെ വീണ്ടും ഇഷ്ടപ്പെട്ടു തുടങ്ങിയത്. പിന്നെ പഠിക്കാനായി പോയില്ല. സ്വയം മ്യൂസിക് കേട്ട് വായിച്ചു പഠിച്ചു. ഇന്ന് വയലിൻ എന്റെ ഷോകളുടെ മാത്രമല്ല , ജീവിതത്തിന്റെ കൂടി ഭാഗമാണ്.
അച്ഛനും മകനും സംഗീതജ്ഞർ ആകുന്നത് സ്വാഭാവികം , എന്നാൽ റോക്ക് മ്യൂസിക്കിൽ വരുമ്പോഴോ?
അച്ഛന്റെ മനസ് ഇപ്പോഴും വളരെ ചെറുപ്പമാണ്. എന്ന്‌വെച്ച് എല്ലാവരും പറയുന്ന പോലെ അച്ഛനും ഞാനും നല്ല സുഹൃത്തുക്കളെ പോലെയാണ് എന്നൊന്നും പറയാൻ പറ്റില്ല. ഞങ്ങൾ അച്ഛനും മകനും തന്നെയാണ്. മ്യൂസിക് ചെയ്യുമ്പോൾ തെറ്റുകൾ വരുന്നതും ഇഷ്ടപെടാത്ത ഭാഗങ്ങളും അച്ഛൻ പറഞ്ഞു തരും. പിന്നെ 15 യുവാക്കളുടെ കൂടെ ഷോകൾ ചെയ്യുന്നത് കൊണ്ട് തന്നെ അച്ഛനും അവരിൽ ഒരാൾ തന്നെയാണ്. എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ഭാഗ്യമാണ് എന്റെ അച്ഛൻ.
പൊതുവെ എല്ലാവർക്കും അറിയാൻ കൌതുകമുള്ള കാര്യമാണ് , എന്ത് കൊണ്ടാണ് തൈക്കുടം ബ്രിഡ്ജിൽ മറ്റു ബാൻഡുകളെ പോലെ സ്ത്രീ സാന്നിധ്യമില്ലത്തത് ?
അയ്യോ , അത് മനപ്പൂർവ്വമല്ല. ഞങ്ങൾ ഞങ്ങളുടെ കൂട്ടുകാരിൽ നിന്നും സംഗീതം അറിയുന്നവരെ ചേർത്താണ് തൈക്കുടം ബ്രിഡ്ജ് രൂപീകരിച്ചത്. ഞങ്ങളുടെ കഷ്ടകാലത്തിന് അതിൽ സംഗീതമറിയാവുന്ന ഒരു പെൺകുട്ടി പോലും ഉണ്ടായിരുന്നില്ല.. ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും കൂടെ കൂട്ടുമായിരുന്നു. പിന്നെ സ്ത്രീ സാന്നിധ്യം ഇല്ലായെന്ന് തീർത്ത് പറയാനാവില്ല. തൈക്കുടം ബ്രിഡ്ജിന്റെ പോപ്പുലറായ ഒട്ടുമിക്ക ഗാനങ്ങളും എഴുതിയത് എന്റെ ചേച്ചി ധന്യ സുരേഷാണ്. ചേച്ചിയുടെ എഴുത്ത് കാവ്യത്മകമാണ്, വെറും പാട്ടിനേക്കാൾ എനിക്ക് സംഗീതം നൽകാൻ ഇഷ്ടവും അതാണ്.
തൈക്കുടം ബ്രിഡ്ജിന്റെയും ഗോവിന്ദിന്റെയും കഥ സിനിമയാക്കാൻ വന്നാൽ സമ്മതിക്കുമോ ?
ഇപ്പോഴത്തെ അവസ്ഥയിൽ ഒരിക്കലുമില്ല. സത്യത്തിൽ അങ്ങനെ ഒരു പ്രോജക്ട്ടുമായി ഒരു നിർമ്മാതാവ് എത്തിയതാണ്. എന്നാൽ അങ്ങനെ സിനിമയാക്കാനുള്ള കഥയൊന്നും ഇപ്പോൾ ഇല്ല. സത്യത്തിൽ ഞങ്ങൾ അങ്ങനെ ഭീകര സംഭവമാണ് എന്ന് പറയാനൊന്നും ഇല്ല. കോളേജ് കുട്ടികൾ തുടങ്ങുന്ന പോലെ ആ ലെവലിൽ തുടങ്ങിയ ഒരു ബാൻഡ്, സംഗീത പ്രേമികൾ അത് ഉൾകൊണ്ടത് കൊണ്ടും പിന്നെ ഭാഗ്യം കൊണ്ടും വളർന്നു വന്നു. അതിൽ കവിഞ്ഞുള്ള കഥകൾ ഒന്നും ഞങ്ങൾക്കില്ല. യഥാർത്ഥത്തിൽ ഇനിയാണ് തൈക്കുടം ബ്രിഡ്ജിന്റെ കഥ ആരംഭിക്കുന്നത്. ഞങ്ങളുടെ ആദ്യ ആൽബമായ നവരസം പുറത്തിറങ്ങി. ഇനിയും ചില പ്രോജക്റ്റുകൾ നടക്കാനിരിക്കുന്നു. .ഞങ്ങളെ ഹിറ്റ് ആക്കിയ നൊസ്റ്റാൽജിയ പോലുള്ള സംഭവങ്ങൾ ഇപ്പോൾ ഷോകളിൽ നിന്നും ഒഴിവാക്കി.. ഇനി ഉള്ള തൈക്കുടം ബ്രിഡ്ജിന്റെ പിടിച്ചു നിൽപ്പാണ് യാഥാർത്ഥ കഥ. ഇതെല്ലാം വിജയിക്കുന്നതോടെ ഞങ്ങൾക്ക് പറയാൻ കഥയുണ്ടാകും. .അപ്പോൾ വേണമെങ്കിൽ, ഇപ്പോഴത്തെ പോലെ തന്നെ നിർമ്മാതാക്കൾ സമീപിച്ചാൽ സിനിമയാക്കാം. എന്നാൽ അതിന് കുറഞ്ഞത് 20 വർഷമെങ്കിലും സമയമെടുക്കും. (ചിരിക്കുന്നു)
നവരസത്തിന് ശേഷം പുറത്തിറങ്ങുന്ന 'ആരാച്ചാർ' എന്ന ആൽബത്തെക്കുറിച്ചുള്ള പ്രതീക്ഷ ?
സത്യത്തിൽ നവരസത്തിന് വേണ്ടി കമ്പോസ് ചെയ്ത ഒരു ഗാനമാണ് ആരാച്ചാർ. ഇതൊരു പൊളിറ്റിക്കൽ സാട്ടൈർ മൂഡിൽ ക്രിയേറ്റ് ചെയ്ത ഒന്നാണ്. ഞാൻ തന്നെയാണ് ആരാച്ചാർ പാടിയിരിക്കുന്നത്. വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ബിജോയ് നമ്പ്യാർ ആണ്. ഗാനം ഈ മാസം റിലീസ് ചെയ്യും.
ഷോകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണല്ലോ തൈക്കുടം ബ്രിഡ്ജിന്റെയും ഗോവിന്ദിന്റെയും ഡ്രെസ്സിംഗ് സ്റ്റൈൽ?
ചുവപ്പും കറുപ്പും നിറത്തെ കുറിച്ചാണ് എങ്കിൽ, വ്യത്യസ്തത കാണിക്കാൻ വേണ്ടി ചെയ്തതല്ല അത്. തൈക്കുടം ബ്രിഡ്ജിന്റെ ചില ഫോട്ടോസിനു വേണ്ടി ചെയ്തു എന്ന് മാത്രം. ഷോകളിൽ എല്ലാവരും വ്യത്യസ്തങ്ങളായ വസ്ത്രങ്ങളിൽ തന്നെയാണ് എത്തുന്നത്. പിന്നെ അച്ഛനും ഞാനും വെള്ളമുണ്ടും കറുത്ത ഷർട്ടും ഇടുന്നതിനെ കുറിച്ചാണെങ്കിൽ, അതാണ് ശീലം. ഞാൻ സാധാരണയായി മുണ്ടാണ് ഉടുക്കുക. അതാണ് ഇഷ്ടവും. പിന്നെ ഈ താടി, അത് ഞാൻ പ്ലസ് ടു കഴിഞ്ഞപ്പോൾ മുതൽ വയ്ക്കുന്നതാണ്. താടി എന്റെ ലൈഫിന്റെ ഭാഗമായി കഴിഞ്ഞു. അല്ലാതെ ലുക്കിന് വേണ്ടി മാത്രം ഒന്നും ചെയ്തിട്ടില്ല.
ഗ്ലോബൽ വില്ലജിൽ ഷോ നടത്തിയതോടെ തൈക്കുടം ബ്രിഡ്ജ് ആഗോളതലത്തിൽ തന്നെ തിളങ്ങിയല്ലോ, എങ്ങനെയുണ്ടായിരുന്നു അവിടുത്തെ അനുഭവങ്ങൾ?
ഗ്ലോബൽ വില്ലേജ് ഒരു സംഭവമാണ്. ഒരുപാട് ഇന്റർനാഷണൽ ഓഡിയൻസിന്റെ മുന്നിൽ പെർഫോം ചെയ്യാൻ കഴിഞ്ഞു. നവരസം എന്ന ആൽബം അവിടെ ലോഞ്ച് ചെയ്യാൻ പറ്റി. തൈക്കുടം ബ്രിഡ്ജിന്റെ എല്ലാ പുതിയ പാട്ടുകളും അതെ രീതിയിൽ തന്നെ ജനങ്ങൾ ഏറ്റെടുത്തു എന്നതാണ് മറ്റൊരു സന്തോഷം. ഷോയ്ക്ക് ശേഷം അറബികൾ ഉൾപ്പടെ ധാരാളം വിദേശികൾ വന്നു പരിചയപ്പെടുകയും അഭിപ്രായം പറയുകയും ചെയ്തു. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം തന്നെയാണ് അത്.
16 പേരടങ്ങുന്ന തൈക്കുടം ബ്രിഡ്ജിന്റെ ടീം സ്പിരിറ്റ് എങ്ങനെ കാത്തു സൂക്ഷിക്കുന്നു?
സത്യത്തിൽ അത് വലിയൊരു കാര്യമാണ്. മ്യൂസിക് എന്ന ഘടകമാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. ആദ്യ ഒരു വർഷം ഷോകളിലൂടെ സാമ്പത്തികമായി ഒന്ന് നേരെ നിൽക്കണം എന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ ഞങ്ങൾ. 16 പേരും 16 തലങ്ങളിൽ നിന്നും വന്നവരാണ്. അത് കൊണ്ട് തന്നെ ചിന്തകളും വ്യത്യസ്തമായിരിക്കും. . ഒരുമിച്ചൊരു മ്യൂസിക് കമ്പോസ് ചെയ്യുന്ന അവസ്ഥയിൽ, എല്ലാവരും ഒരേ രീതിയിൽ ചിന്തിച്ചേ പറ്റൂ. രണ്ടു വർഷമെടുത്തു ആ ഒരു തലത്തിലേക്ക് ടീം എത്തിച്ചേരാൻ. ഇപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ ഓരോരുത്തരുടെയും ഓരോ വാക്കിന്റെയും നോക്കിന്റെയും അർത്ഥം അറിയാം. അത് മ്യൂസിക് കമ്പോസിങ്ങിൽ ശരിക്കും സഹായിക്കുന്നുമുണ്ട്. , ഈ ടീം സ്പിരിറ്റ് ശരിക്കും ആസ്വദിക്കുന്നുണ്ട്.
തൈക്കുടം ബ്രിഡ്ജിന്റെ ഷോകളിൽ, ഗോവിന്ദിന്റെ പ്രിയപ്പെട്ട ഗാനങ്ങൾ ഏതാണ്?
ജനങ്ങൾ കൂടുതലും എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് ഫിഷ് റോക്ക് ആണ്. ഫിഷ് റോക്ക് പാടാതെ ഒരു ഷോ നിർത്താൻ അവർ സമ്മതിക്കില്ല. എന്റെ ഇഷ്ടം നോക്കുകയാണെങ്കിൽ , നവരസത്തിലെ ടൈറ്റിൽ സോംഗ് , ചത്തേ എന്നിവയാണ് പെർഫോം ചെയ്യാൻ കൂടുതൽ താൽപര്യം.
ഇത്രയും ആരാധകർ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഒരു ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് തുടങ്ങാത്തത്?
അയ്യോ...അതിന്റെ ഒക്കെ ആവശ്യമുണ്ടോ? എനിക്ക് പറയാനുള്ളതൊക്കെ എന്റെ സ്വന്തം അക്കൌണ്ട് വഴി ഞാൻ പറയുന്നുണ്ട്. സംഗീതം ഇഷ്ടപ്പെടുന്നവർ അത് കാണുന്നുമുണ്ട്. അതിനപ്പുറം ഒരു ഫേസ്ബുക്ക് പേജ് ,പ്രശസ്തി അതിന്റെ ഒക്കെ ആവശ്യമുണ്ടോ. ഞാൻ എന്താണോ അതിൽ സന്തുഷ്ടാണ്. നല്ല കുറെ പാട്ടുകൾ ചെയ്യണം എന്നതിൽ കവിഞ്ഞ ആഗ്രഹമൊന്നുമില്ല.