പാടിത്തുടങ്ങിയാൽ നിറുത്തില്ല, മകളുടെ പാട്ടിനെപ്പറ്റി ശിവകാർത്തികേയൻ

തമിഴ്താരം ശിവകാർത്തികേയന്റെ മകൾ ആരാധനയുടെ പാട്ടു കേട്ടു മയങ്ങിയിരിക്കുകയാണ് സംഗീതലോകം. 'കനാ' എന്ന ചിത്രത്തിനായി ആരാധന പാടിയ 'വായാടി പേത്ത പുള്ള' എന്നു തുടങ്ങുന്ന ഗാനമാണ് ആരാധകർ ഏറ്റെടുത്തത്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ ഒരു കോടിയലധികം പേർ പാട്ട് കണ്ടുകഴിഞ്ഞു. ആരാധനയും ശിവകാർത്തികേയനും വൈക്കം വിജയലക്ഷ്മിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

നാലു വയസുകാരിയായ ആരാധനയോടു സിനിമയിൽ പാട്ടു പാടാമോ എന്നു ചോദിച്ചപ്പോൾ ഉടനെ സമ്മതിച്ചെന്നു ശിവകാർത്തികേയൻ പറഞ്ഞു. കുഞ്ഞായതിനാൽ കുറച്ചു വരികൾ മതിയെന്നു നിർദേശിക്കുകയായിരുന്നു. പാടേണ്ട വരികൾ ഒരുമിച്ച് പഠിച്ച് ഒറ്റയടിക്ക് പാടും. ഓരോ വരിയായി നിറുത്തി നിറുത്തി പാടാൻ അവൾക്ക് അറിയില്ല. പാടിത്തുടങ്ങിയാൽ എട്ടുവരിയും കഴിഞ്ഞേ പാട്ടു നിർത്തൂവെന്നും ശിവകാർത്തികേയൻ പുഞ്ചിരിയോടെ ഓർത്തെടുത്തു. 

ജികെബിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ദിപു നൈനാൻ തോമസാണ്. മകളെ പാട്ടു പാടാൻ ക്ഷണിച്ചതിലുള്ള നന്ദിയും സ്നേഹവും ദിപുവിനോട് ശിവകാർത്തികേയൻ പങ്കു വച്ചു. 

ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തു വന്നതുമുതൽ ചർച്ച മുഴുവൻ ആരാധനയെക്കുറിച്ചായിരുന്നു. അച്ഛൻ ശിവകാർത്തികേയനൊപ്പം സ്റ്റുഡിയോയിൽ  പാടുന്ന ആരാധന സംഗീതപ്രേമികളുടെ മനം കവർന്നു. ഗാനത്തിലെ ആദ്യത്തെ കുറച്ചു വരികൾ മാത്രമാണ് ആരാധന പാടിയിട്ടുള്ളൂവെങ്കിലും കുട്ടിത്തം തുളുമ്പുന്ന ശബ്ദവും ആലാപനവും ഹൃദയത്തെ തൊടുന്നതാണെന്ന് ആരാധകർ പറയുന്നു. വരികളുടെ അർത്ഥം മനസിലായില്ലെങ്കിലും ആരാധനയുടെ ശബ്ദത്തോടുള്ള ഇഷ്ടം കൊണ്ട് പാട്ട് ആവർത്തിച്ച് കേൾക്കുന്നവരും കുറവല്ല.