സോഷ്യൽ മീഡിയയില്‍ ധനുഷിന്റെ റെക്കോർഡ് തകർത്ത് സായ്പല്ലവി. ധനുഷിന്റെ 'കൊലവറി'യുടെ റെക്കോഡാണ് സായ്പല്ലവിയുടെ വച്ചിണ്ടേ എന്ന ഗാനം തകർത്തത്. 170 മില്യൺ ആളുകൾ 'കൊലവറി' വിഡിയോ യൂട്യൂബിൽ കണ്ടപ്പോള്‍ 174 മില്യൺ ആളുകളാണ് 'വച്ചിണ്ടേ' എന്ന ഗാനം കണ്ടത്.
സായ്പല്ലവിയുടെ തകർപ്പൻ ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള തെന്നിന്ത്യൻ ഗാനം നേരത്തെ ധനുഷിന്റെ വൈ ദിസ് കൊലവറിയായിരുന്നു. ഈ ഗാനത്തെയാണ് ഇപ്പോൾ സായ് പല്ലവിയുടെ വച്ചിണ്ടേ പിൻതള്ളിയത്. 'റൗഡി ബേബി ഇഫക്ട്' ആണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തല്‍. കാരണം റൗഡി ബേബിയിലെ സായ് പല്ലവിയുടെ ഡാൻസ് അത്രയേറെ ആരാധകരെ സൃഷ്ടിച്ചു കഴിഞ്ഞു.
തെലുങ്കു ചിത്രം 'ഫിദ'യിലേതാണ് 'വച്ചിണ്ടേ' എന്ന ഗാനം. മധുപ്രിയയും രാംകിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. സുദല അശോക് തേജയുടെ വരികൾക്ക് ശക്തികാന്ത് കാർത്തികാണു സംഗീതം നൽകിയിരിക്കുന്നത്. സായ്പല്ലവിയും വരുൺ തേജുമാണു ഗാനരംഗത്തില്‍. ശേഖർ കമ്മുല സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം 2017ലാണ് യൂട്യൂബിൽ എത്തിയത്.
അതേസമയം, ധനുഷും സായ്പല്ലവിയും ഒരുമിച്ചെത്തിയ മാരി-2വിലെ ഗാനം യൂട്യൂബിൽ റെക്കോഡിട്ടു മുന്നേറുകയാണ്. മുപ്പത്തിയേഴ് കോടിയിൽ അധികം ആളുകളാണ് ഇതിനോടകം ഗാനം യൂട്യൂബിൽ കണ്ടത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ ട്രന്റിങ്ങിൽ ഒന്നാമതെത്തിയ ഗാനം ഇപ്പോഴും ട്രന്റിങ്ങിൽ തുടരുന്നുണ്ട്.