'റൗഡി ബേബി'യുടെ റെക്കോഡ് മുന്നേറ്റത്തിനു പിന്നാലെ ധനുഷ്-സായ് പല്ലവി ജോഡിയുടെ 'മാരിഗെത്തു' ഗാനവും യൂട്യൂബിൽ തരംഗമാകുന്നു. മാരി-2വിലേതാണു പുതിയ ഗാനവും. ധനുഷിന്റെയും സായ്പല്ലവിയുടെയും ഡാൻസ് തന്നെയാണു ഹൈലൈറ്റ്. യുവൻ ശങ്കർ രാജയുടെതാണു സംഗീതം. ധനുഷ്, യുവൻ ശങ്കർ രാജ, ചിന്നപൊണ്ണ്, വി.എം മഹാലിംഗം എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.
'റൗഡി ബേബി'യിൽ സായ്പല്ലവിയുടെ ഡാൻസാണ് മുന്നിട്ടു നിന്നതെങ്കിൽ പുതിയ ഗാനത്തിൽ ധനുഷാണു താരം. ധനുഷിന്റെ തകർപ്പൻ ഡാൻസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 'തറലോക്കൽ പാട്ടിനു തകർപ്പൻ ഡാൻസ് ചെയ്യാൻ ധനുഷിനെ സാധിക്കു, അതുകൊണ്ടാണ് നിങ്ങളെ ഇഷ്ടം' എന്ന രീതിയിലാണു പലരുടെയും കമന്റുകൾ. യുവൻ ശങ്കർ രാജയുടെ സംഗീതത്തിനും പ്രശംസയേറെയാണ്. 'യുവൻ രാജ, കാട്ടുരാജ' എന്നാണ് ഒരാളുടെ കമന്റ്. യുവൻ മാജിക്കാണു ഗാനമെന്നും അഭിപ്രായമുണ്ട്.
റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ നിരവധിപേർ ഗാനം യൂട്യൂബിൽ കണ്ടു. റൗഡി ബേബി പോലെ തന്നെ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ബാലാജി മോഹനാണു ചിത്രത്തിന്റെ സംവിധാനം. കൃഷ്ണ, വരലക്ഷ്മി ശരത് കുമാർ, ടൊവീനോ തോമസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2015ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം പതിപ്പാണ് മാരി-2.