തകർപ്പൻ ഡാൻസുകൊണ്ട് തെന്നിന്ത്യയിലെന്നല്ല, ലോകമെമ്പാടും ആരാധകരെ ഉണ്ടാക്കിയിരിക്കുകയാണ് സായ് പല്ലവി. ഏറ്റവും ഒടുവിൽ ധനുഷിനൊപ്പം റൗഡി ബേബി എന്ന ഗാനത്തിൽ സായ്പല്ലവിയുടെ സ്റ്റെപ്പുകൾ ആരാധകരെ അമ്പരപ്പിച്ചു. ഇപ്പോൾ പുതിയ ഗാനവുമായി എത്തുകയാണ് സായ്പല്ലവി. ഇത്തവണ ഡാൻസിനല്ല, പ്രാധാന്യം. സായ്പല്ലവിയുടെ പ്രണയ ഭാവങ്ങളാണ് ആരാധകരെ ആകർഷിച്ചത്. 'പാടി പാടി ലച്ചെ മനസു' എന്ന തെലുങ്ക് ചിത്രത്തിലെ 'ഓ മൈ ലൗലി ലലനാ' എന്ന ഗാനത്തിനു വൻവരവേൽപാണു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. വിശാൽ ചന്ദ്രശേഖർ സംഗീതം നൽകുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിന്ദൂരിയാണ്. കൃഷ്ണകാന്തിന്റെതാണു വരികൾ.
സായ്പല്ലവിയുടെ ഭാവാഭിനയത്തെ പുകഴ്ത്തുകയാണ് ആരാധകർ. സായ്പല്ലവി നല്ലനർത്തകി മാത്രമല്ല, മികച്ച അഭിനേത്രികൂടിയാണെന്നാണു പലരുടെയും കമന്റുകൾ. ഏതാനും ദിവസം മുൻപ് എത്തിയ ഗാനം ആറരലക്ഷത്തിലധികം ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു.
ഹാനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശരവണാനന്ദ്, സുനിൽ, പ്രിയാ രാമൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ആറുഗാനങ്ങളുണ്ട്. മുഴുൻ ഗാനങ്ങളും എഴുതിയിരിക്കുന്നത് കൃഷ്ണകാന്ത് ആണ്. സിദ്ധ് ശ്രീറാം, സിന്ദൂരി വിശാൽ, അർമാൻ മാലിക്, അനുരാഗ് കുൽക്കർണി, യാസിര്‍ നിസാർ, രാഹുൽ സിപ്ലിഗഞ്ച്, മാനസി എന്നിവരും ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.