ഇന്ത്യയിലെന്നല്ല, ലോകത്താകെ തരംഗം തീർത്ത ഗാനമാണ് മാരി–2വിലെ ‘റൗഡി ബേബി’. ഓരോദിവസവും കാഴ്ചക്കാരുടെ എണ്ണം കൊണ്ടു സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണു ഗാനം. ഇരുപത്തിയെട്ടു കോടിയോളം ആളുകളാണ് ഗാനം ഇതിനോടകം യൂട്യൂബിൽ കണ്ടത്. സായ്പല്ലവിയുടെയും ധനുഷിന്റെയും തകർപ്പൻ ഡാൻസാണു ഹൈലൈറ്റ്. ഗാനം യൂട്യൂബിൽ ഹിറ്റായതോടെ പലരും ഏറ്റെടുക്കാൻ തുടങ്ങി. നിരവധി കവർ വേർഷനുകളും എത്തി. എന്നാൽ, റൗഡി ബേബിയുടെ യഥാർഥ പ്രകടനത്തിനൊപ്പം നിൽക്കുന്ന രീതിയിൽ എത്തിയ കവർ വേർഷൻ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് 

വി.പി. അയ്യപ്പദാസ് ആണ് ഈ കവർ സോങ് ഒരുക്കിയിരിക്കുന്നത്. യഥാർഥ പതിപ്പിലേതു പോലെ തന്നെ മികച്ച ഡാൻസ് തന്നെയാണു കവർവേർഷന്റെയും പ്രത്യേകത. മികച്ച പ്രതികരണമാണ് ഈ കവർവേർഷനു ലഭിക്കുന്നത്. ഡാൻസ് തകർത്തു എന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. റൗഡിബേബിയുടെ യഥാർഥ വേർഷന്റെ അടുത്തെത്തി എന്നു പറയുന്നവരും ഉണ്ട്.

2019ലെ ഏറ്റവും മികച്ച ഡാൻസ് നമ്പരുകളിലൊന്നായി മാറിയ ഗാനമാണ് റൗഡിബേബി. ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട തെന്നിന്ത്യൻ ഗാനങ്ങളുടെ പട്ടികയിൽ റൗഡിബേബിയും ഇടംനേടി. പ്രഭുദേവയാണ് യഥാർഥ ഗാനത്തിന്റെ കൊറിയോഗ്രാഫി. യുവൻ ശങ്കർരാജയുടെ സംഗീതം. ധനുഷും ദീയും ചേർനാനാണ് ഗാനം ആലപിച്ചിരിക്കുന്നത്.