ഇങ്ങനെയുമുണ്ട് ചില ഭ്രാന്തുകൾ; ആസ്വാദകരിൽ പാട്ടിന്റെ കുളിർമഴ!
പെൺമനസ്സുകള്‍ക്കു മാത്രം ചില ഭ്രാന്തുകളുണ്ട്. പ്രത്യേകിച്ച് ഒറ്റയ്ക്കാവുന്ന ഇടങ്ങളിൽ. ഒരു ദിവസത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുണ്ടാകും അത്. അത്തരം ഭ്രാന്തുകളുമായി എത്തുകയാണ് ‘നെടുനാൾവാടൈ’ എന്ന ചിത്രത്തിലെ ‘ഏതോ ആകിപ്പോച്ച്’ എന്ന ഗാനം. ജീവിതയാത്രയ്ക്കൊപ്പം തന്നെ ഒരു പെൺമനസ്സിന്റെ പ്രണയ സഞ്ചാരമാണു ഗാനത്തിന്റെ ഇതിവൃത്തം.
കണ്ടുമറന്ന ഗ്രാമാന്തരീക്ഷം, മനോഹരമായ ഫ്രെയിമുകൾ എന്നിവയ്ക്കൊപ്പം ശ്വേത മോഹന്റെ ഹൃദയം തൊടുന്ന ആലാപനവും കൂടിച്ചേരുമ്പോൾ ഗാനം ആസ്വാദക മനസ്സില്‍ ഇടംനേടുന്നു. വൈരമുത്തുവിന്റെതാണു കവിത തുളുമ്പുന്ന വരികൾ. ജോസ് ഫ്രാങ്ക്ലിന്റെ സംഗീതം. ‘മനോഹരമായ നാടൻ മെലഡി’ എന്ന കുറിപ്പോടെയാണ് ഗാനം യൂട്യൂബിൽ എത്തിയിരിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ നിരവധി പേർ കണ്ടു. ‘കുറെനാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഇത്രയും മനോഹരമായ, ഗ്രാമീണ ഭംഗിയുള്ള ഒരു ഗാനം കേള്‍ക്കുന്നത്’ എന്നാണ് ആസ്വാദകരുടെ പ്രതികരണം, ഫ്രാങ്ക്ലിന്റെ സംഗീതം പ്രശംസനീയമാണെന്നു പറയുന്നവരും നിരവധി.
ഈ പാട്ട് ഇത്രയേറെ ഇഷ്ടപ്പെടാൻ കാരണം ഇന്നും സാധാരണ മനുഷ്യർ അൽപം ഗൃഹാതുരതയെ പ്രണയിക്കുന്നവരായതു കൊണ്ടെന്നാണ് നിരൂപകരുടെ വിലയിരുത്തൽ. സെൽവ കണ്ണനാണു ചിത്രത്തിന്റെ സംവിധാനം. സംഘകാല കവി നക്കീരാരുടെ കവിതയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് എത്തുന്ന ചിത്രമാണ് നെടുനാൾവാടൈ. വിഭജനത്തിന്റെ വേദനയാണ് ചിത്രം പറയുന്നത്. മൈം ഗോപി, പൂ രാമു, അഞ്ജലി നായർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. വളരെ ആകർഷണീയമായ കഥയായതിനാൽ ഈ ചിത്രത്തിലെ ഗാനങ്ങൾ എഴുതാൻ വളരെ താത്പര്യം തോന്നി എന്നായിരുന്നു ചിത്രത്തെ കുറിച്ച് കവി വൈരമുത്തുവിന്റെ പ്രതികരണം. റിയലിസ്റ്റിക് സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നെടുനാൾവാടൈ’.