അച്ചായൻസിൽ ഉണ്ണി മുകുന്ദന്റെ പാട്ടെത്തി; വിഡിയോ

17436164_1351371871605219_1956758057456486566_o

അച്ചായൻസ് എന്ന ചിത്രത്തിലെ പായ്ക്ക് അപ് പാർട്ടിയിൽ പാടിയ പാട്ടിൽ നിന്നാണ് ഉണ്ണി മുകുന്ദൻ എന്ന സിനിമാപ്പാട്ടുകാരന്റെ പിറവി. ചിത്രീകരണം കഴിഞ്ഞു നടന്ന പാർട്ടിയിൽ പലരും പാടി. ഉണ്ണിയും പാടി. പാട്ടുകേട്ട നിർമാതാവും സംവിധായകനും സംഗീതസംവിധായകനുമെല്ലാം ചേർന്ന് ഉണ്ണിയോടു ചിത്രത്തിൽ ഒരു പാട്ടുപാടാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പാട്ടും എഴുതിക്കളയാം എന്നായി. അങ്ങനെ ഉണ്ണി രതീഷ് വേഗയ്ക്കൊപ്പം എഴുതിയ വരികൾ..‘ നിനവറിയാതെ..ഈ കനവറിയാതെ’... ഉണ്ണി തന്നെ പാടി, രതീഷ് വേഗയുടേതാണ് ഈണം.

താരങ്ങൾ പാട്ടുകാരാകുന്ന കാലത്താണ് ഉണ്ണി മുകുന്ദൻ ഗാനരചയിതാവും ഗായകനുമാകുന്നത്. ചിത്രത്തിൽ ശിവദയ്ക്കൊപ്പം ഉണ്ണി തന്നെ അഭിനയിക്കുന്ന സീനിൽ ഉണ്ണി പാടിയ പാട്ടുവരും. ചിത്രത്തിന്റെ ഓ‍ഡിയോ റിലീസ് ഏപ്രിൽ രണ്ടിന് നടക്കും. അങ്കമാലി ആഡ്‌ലക്സ് കൺവൻഷൻ സെന്ററിൽ മോഹൻലാൽ ആണ് ഓഡിയോ റിലീസ് നിർവഹിക്കുക. തുടർന്നങ്ങോട്ടു നമ്മളെല്ലാം ഏറ്റുപാടുന്ന പാട്ടിലൊരെണ്ണം ഒരുപക്ഷേ, ഉണ്ണി മുകുന്ദന്റേതായേക്കും.