റോയൽറ്റി വിവാദം: ഇളയരാജയ്ക്ക് പിന്തുണയുമായി ബിജിബാൽ

ഗാനങ്ങളുടെ റോയൽറ്റി വിവാദത്തിൽ ഇളയരാജയ്ക്കു പിന്തുണയുമായി മലയാള സംഗീത സംവിധായകർ. ഓരോ പാട്ടിനു പിന്നിലെയും സംഗീത സംവിധായകന്റെ അധ്വാനം ബഹുമാനിക്കപ്പെടണമെന്ന് യുവസംഗീത സംവിധായകൻ ബിജിബാൽ പറഞ്ഞു. താൻ ഈണമിടുന്ന പാട്ടുകളുടെ ഉടമാവകാശം തനിക്കുതന്നെ ലഭിക്കുന്ന വിധത്തിൽ കരാറുണ്ടാക്കാറുണ്ടെന്നു േഗാപി സുന്ദറും വെളിപ്പെടുത്തി. 

  പണത്തിനു വേണ്ടി മാത്രമാണു സംഗീത സംവിധായകർ റോയൽറ്റി ആവശ്യപ്പെടുന്നതെന്ന വ്യാഖ്യാനങ്ങൾ െതറ്റാണെന്നും റോയൽറ്റി നിയമങ്ങൾ രാജ്യത്ത് പലയിടത്തും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്നും ബിജിബാൽ ചൂണ്ടിക്കാട്ടി. ഇളയരാജയുടെ നിലപാടിനെ ചൊല്ലിയുയർന്ന വിവാദങ്ങളിൽനിന്ന് പുതിയ തലമുറയിലെ സംഗീത സംവിധായകർക്ക് പഠിക്കാനേറെയുണ്ടെന്നായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. 

  അതേസമയം, ഇളയരാജയുടെ നിലപാടിനു പിന്തുണ പ്രഖ്യാപിക്കുമ്പോഴും മലയാളത്തിൽ ഇതു നടപ്പാക്കുക ബുദ്ധിമുട്ടാണെന്നു മുതിർന്ന സംഗീത സംവിധായകൻ ഇഗ്നേഷ്യസ് പ്രതികരിച്ചു. ആലപ്പുഴയിലെ കലാ, കായിക, സാംസ്കാരിക സംഘടനയായ ആലപ്പി ബീച്ച് ക്ലബ്ബിന്റെ ദക്ഷിണാമൂർത്തി സ്വാമി പുരസ്കാരം പ്രഖ്യാപിക്കാനെത്തിയതായിരുന്നു മൂവരും.