സിനിമയിൽ നല്ല പാട്ടുകളുടെ കാലം!

കേരളം കണ്ട സാമൂഹിക യാഥാർഥ്യങ്ങളെ, കാലം ആവശ്യപ്പെടുന്ന ചില നീതിനിർവ്വഹണത്തെ കലാലയത്തിലെ ഹരംപിടിപ്പിക്കുന്ന ഓർമകളെ, അതിരുകൾ ഭേദിച്ച മനുഷ്യന്റെ യാത്രയെ...ഇത്തരത്തിൽ തീര്‍ത്തും വിഭിന്നമായ ചലച്ചിത്രങ്ങളെയാണ് അടുത്തിടെ മലയാളംവീക്ഷിച്ചതും ഇനി കാണാനിരിക്കുന്നതും. ഈ സിനിമകളിലെ പാട്ടുകളും അതുപോലെ തന്നെയാണ്. തിരക്കഥയിലും സംവിധാനത്തിലുമുണ്ടായിരുന്ന അതേ മികവ് തന്നെ സിനിമകളിലെ ഗാനങ്ങളിലും പ്രതിഫലിക്കുക. ഈ പാട്ടുകൾ കേൾക്കുമ്പോൾ‌ നമുക്കതു മനസിലാകും. അടുത്തിടെ മലയാളം ഏറെ ഇഷ്ടത്തോടെ കേട്ട അഞ്ച് മലയാളം ഗാനത്തിലേക്കു ചെല്ലാം.

കൈവീശി നീങ്ങുന്ന...

നഷ്ടങ്ങളേയും ദുംഖങ്ങളേയും ഒരിക്കലും മറക്കാനാകാത്ത ദുഃസ്വപ്നങ്ങളേയും കുറിച്ചു പാടുമ്പോൾ സംഗീതമാണെങ്കിൽ കൂടി അതിൽ വല്ലാത്തൊരു നിശബ്ദത നിഴലിക്കും. നിർത്താതെ പെയ്യുന്നൊരു മഴ പോലെ ആ ദുംഖം നമ്മിലേക്കു നമുക്കു ചുറ്റുമുള്ളവരിലേക്കും പെയ്തിറങ്ങിക്കൊണ്ടേയിരിക്കും. ദുംഖം മൂടിക്കെട്ടിയ ഓർമകൾക്കും അതുപകരുന്ന അനുഭവങ്ങൾക്കുമിടയിലൂടെ വിജയ് യേശുദാസ് പാടിയ പാട്ടിനും അതേ ഛായയാണ്. ഗ്രേറ്റ് ഫാദറിലെ ഈ പാട്ടിനു ഗോപി സുന്ദറിന്റേതാണു ഈണം. ഹരിനാരായണന്റേതാണു വരികൾ. കരിനിഴലിനേക്കാൾ കറുത്തൊരു അനുഭവം നേരിടേണ്ടി വന്ന മനുഷ്യരുടെ ഉള്ളിനെ കുറിച്ചൊരു കവിത തന്നെയാണു ഹരിനാരായണന്‍ കുറിച്ചത്. 

ഒടുവിലെ യാത്രയ്ക്കായിന്ന്...

ഗോപി സുന്ദർ-വിജയ് യേശുദാസ്-ഹരിനാരായണൻ കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു ഗാനമാണ് ജോർജേട്ടൻസ്‍ പൂരത്തിലെ ഒടുവിലെ യാത്രയ്ക്കായി ഇന്ന് എന്ന പാട്ടും. മരണത്തിന്റെ നോവിനെ കുറിച്ചു പാടിയ പാട്ടിൽ പതിഞ്ഞ ആർദ്രമായ സ്വരത്തിൽ വിജയ് പാടുമ്പോൾ അറിയാതെ കണ്ണുനിറയും. മരണം തീർക്കുന്ന ശൂന്യതയുടെ നോവ് അനുഭവിച്ചറിയും ഈ പാട്ടിലൂടെ. രാജലക്ഷ്മിയാണ് ഫീമെയിൽ വേർഷൻ പാടിയത്. അവരുടെ സ്വരത്തിലെ ആർദ്രതയുടെ മനോഹാരിത അപ്പോൾ ശ്രവിക്കാനാകും.

പുൽക്കൊടിയില്‍...

തീവ്രവാദം കാർന്നുതിന്ന മണ്ണിലെ മരണത്തിന്റെ പുകച്ചുരുളുകളെ മനക്കരുത്തുകൊണ്ടു വെല്ലുവിളിച്ച് തിരിച്ചെത്തിയ പെൺമനസിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ടേക്ക് ഓഫ്. സംഭവകഥയെ സിനിമാറ്റിക് ഭംഗിയോടെ അവതരിപ്പിച്ച ചിത്രത്തിലെ ഗാനത്തിനും ഭംഗിയേറെ. സാമൂഹികവും ശാരീരികവും മാനസികവുമായ കടുത്തവെല്ലുവിളികൾ നല്‍കുന്ന വീർപ്പുമുട്ടലുകളെ ഉള്ളിലൊതുക്കി, നിയമം നീതിയും ഇല്ലാതായി മാറിയ അന്യനാട്ടിൽ നിന്നു ജീവനു വേണ്ടി അവർ നടത്തിയ പോരാട്ടം അപാരമായ പോസിറ്റിവ് എനർജിയാണ് ഓരോ പ്രേക്ഷനും സമ്മാനിച്ചത്. സിനിമയിലെ ഈ ഗാനത്തിനും അതേ അനുഭൂതി. ഷാൻ റഹ്മാനാണ് ഈ പാട്ടിന് ഈണമിട്ടത്. റഫീഖ് അഹമ്മദിന്റേതാണു വരികൾ. ഹിഷാം അബ്ദുൽ വഹാബാണീ ഗാനം പാടിയത്.

കണ്ണില്‍ കണ്ണിൽ...

പ്രണയത്തിന്റെ കുസൃതിയും ഓർമകളുമാണ് കോമ്രേഡ‍്സ് ഇൻ അമേരിക്ക എന്ന ദുൽഖർ സൽമാൻ ചിത്രത്തിലെ കണ്ണിൽ കണ്ണിൽ എന്ന ഗാനത്തിലുള്ളത്. പ്രണയ ഭാവങ്ങളെ കുറിച്ച് കാൽപനികവും പുതുമയുളളതുമായ വരികൾക്കു സംഗീതം ഗോപി സുന്ദറിന്റേതാണ്. വേറിട്ട സംഗീതോപകരണങ്ങളിൽ ഓർക്കസ്ട്ര തീര്‍ക്കുന്ന ഗോപി സുന്ദർ ശൈലിയാണു പാട്ടിനെ ശ്രദ്ധേയമാക്കിയത്. ഗോപിസുന്ദർ തന്നെ പൂരത്തിലെ നാദസ്വരത്തിന്റെ മേളം അനുകരിച്ച് ഓർക്കസ്ട്രയിൽ ചേർക്കുകയായിരുന്നു. ഹരിചരണും സയനോരയും ചേർന്നു പാടിയ പാട്ടിന് റഫീഖ് അഹമ്മദിന്റേതാണു വരികൾ. 

മധുമതിയെ...

റേഡിയോയിലൂടെ കേട്ടു കേട്ട് മനസിനുളളിലേക്കു ചേർത്തുവച്ച പഴയ നാടക ഗാനങ്ങളെ അനുസ്മരിപ്പിക്കുകയായിരുന്നു സഖാവിലെ മധുമതിയെ എന്ന പാട്ട്. പ്രശാന്ത് പിള്ളയുടേതാണ് ഈണം. പ്രണയത്തിന്റെ കൊഞ്ചലും മധുരവും ആവോളമുളള വരികളെ അതേ ഭാവത്തിലാണ് ശ്രീകുമാർ വാക്കിയിലും പ്രീതി പിള്ളയും ചേർന്നു പാടിയത്. ശബരീഷ് വർമയുടേതാണു വരികൾ.