ഇന്ദ്രജിതും ശിവദയും: പ്രത്യേക ഭംഗിയാണ് ഈ പാട്ടിനും പ്രണയത്തിനും

kaattu-vannuvo-lakshyam

അടിയിൽ നിന്നു തുടങ്ങുന്ന സൗഹൃദമായാലും സങ്കടത്തിൽ നിന്ന് ആരംഭിക്കുന്ന പ്രണയമായാലും കാലാതീതമാകും എന്നാണു പറയാറ്. ആ പ്രണയത്തിന്റെ തുടക്കവും പിന്നീടുള്ള നിമിഷങ്ങളുമൊക്കെയുള്ള ഒരു ചെറു മഴ കണ്ടിരിക്കുന്നത്രയും മനോഹരമാണ്. ആ മനോഹാരിതയാണ് ഈ പാട്ടിനും അതിന്റെ ദൃശ്യങ്ങളിലുമുള്ളത്. ശിവദയും ഇന്ദ്രജിത്തും അഭിനയിച്ച ലക്ഷ്യം എന്ന ചിത്രത്തിലെ കാറ്റു വന്നുവോ എന്ന പാട്ട് ഒരു ചെറു കാറ്റേൽക്കുന്ന സുഖം പകരും. ഇരുവരും റൊമാന്റിക് ആയി അഭിനയിക്കുന്നതു കാണാനും ഒരു പ്രത്യേക രസമാണ്. ആ നിമിഷങ്ങളെ ഇരുവരും സ്വാഭാവിക അഭിനയം കൊണ്ടു സുന്ദരമാക്കി. 

എം.ജയചന്ദ്രൻ ഈണമിട്ട പാട്ട് പാടിയത് വിജയ് യേശുദാസാണ്. സന്തോഷ് വർമയാണു വരികൾ കുറിച്ചത്. സംവിധായകൻ ജീത്തു ജോസഫ് തിരക്കഥയെഴുതി നവാഗതനായ അനസർ ഖാൻ സംവിധാനം ചെയ്യുന്ന ലക്ഷ്യം മലയാളി കാണാൻ കാത്തിരിക്കുന്നൊരു ചിത്രം കൂടിയാണ്. വിന്റേജ് ഫിലിംസിന്റെ ബാനറിൽ തോമസ് ശക്തികുളങ്ങര, റ്റെജി മണലേൽ എന്നിവർ ചേർന്നാണു നിർമ്മിക്കുന്നത്.