രാമന്റെ ഏദൻതോട്ടം: എന്തെന്തു ഭംഗിയാണ് ഈ പാട്ടുകൾക്ക്!

രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിലെ ഓഡിയോ ജ്യൂക് ബോക്സ് പുറത്തിറങ്ങി. കാവ്യാത്മകമായ വരികളുള്ള അതുപോലെ ചേലുള്ള ഈണമുള്ള മൂന്നു ഗാനങ്ങൾ. ബിജിബാൽ എന്ന സംഗീത സംവിധായകനിൽ നിന്നു കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ തന്നെയാണിത്. 

മൂന്നു പാട്ടുകളും മെലഡികളാണ്. സന്തോഷ് വർമയുേടതാണ് പാട്ടെഴുത്ത്. ആലാപന ഭംഗി കൊണ്ട് മലയാളം ഏറെയിഷ്ടപ്പെട്ട ശ്രേയ ഘോഷാൽ, രാജലക്ഷ്മി, സൂരജ് സന്തോഷ് എന്നിവര്‍ ചേർന്നാണ് പാടിയത്. ശ്രേയ പാടിയ അകലെ ഒരു കാടിന്റെ എന്ന പാട്ടും സൂരജ് പാടിയ കവിത എഴുതുന്നു എന്ന ഗാനത്തിന്റെയും വിഡിയോയും മനഹോരമാണ്. ശ്രുതിമധുരമാണു മൂന്നു പേരുടെയും സ്വരങ്ങൾ. പ്രകൃതിയിലേക്കു നോക്കി പ്രണയത്തെ കുറിച്ച് കരുതലിനെ കുറിച്ച് സ്നേഹത്തേയും നന്മയേയും കുറിച്ചാണ് സന്തോഷ് വര്‍മ ഗാനങ്ങൾ കുറിച്ചത്. ഒരു കുഞ്ഞു കാട്ടാറിന്റെ ഒഴുക്കു പോലെ വശ്യമാണു അതിനു ബിജിബാൽ നൽകിയ സംഗീതവും. ഈണങ്ങള്‍ക്കുള്ളിലെ ഈണത്തെ വരികൾക്കുള്ളിലെ കവിതയെ തേടി നടക്കുന്നവർക്ക് ഒരുപാട് ഇഷ്ടമാകും ഈ മൂന്നു പാട്ടുകളും. 

കുഞ്ചാക്കോ ബോബനും അനു സിത്താരയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്തു നിർമിക്കുന്ന ചിത്രമാണ് രാമന്റെ ഏദൻതോട്ടം.