മാവിലകൾ കൊണ്ടൊരു കുടിലുണ്ടാക്കി അതിന്റെ മുറ്റത്ത് വാഴനാരുകളിൽ ഊഞ്ഞാലു നീർത്ത്, പ്ലാവിലകളിൽ പായസമുണ്ടാക്കിയിരുന്ന കാലം...ചില പാട്ടുകൾ കുട്ടിക്കാലത്തിന്റെ കാൽപനികതകളിലേക്കു കൊണ്ടുപോകും. വരികളിലും ഈണത്തിലും ആലാപനത്തിലും ചെറുമഴയുടെ സുഖമുണ്ടാകും. രാമന്റെ ഏദൻതോട്ടത്തിലെ ഈ പാട്ടും അങ്ങനെയാണ്. നായിക അനു സിത്താര പാടിയഭിനയിക്കുന്ന ഗാനം ആലപിച്ചത് രാജലക്ഷ്മിയാണ്. വരികൾ സന്തോഷ് വർമയും ഈണം ബിജിബാലും.
മാവിലക്കുടിൽ പൈങ്കിളീ കിളി
കോകിലക്കിളി പാടെടീ എന്ന വരികളിൽ തുടങ്ങുന്ന പാട്ട് കേൾക്കാൻ കൊതിച്ച, മനസിനുള്ളിൽ പണ്ടേ കയറിക്കൂടിയൊരു മെലഡി പോലുണ്ട്. നമ്മുടെ നാട്ടുമ്പുറങ്ങളിലെ കാഴ്ചകളേയും ഓർമകളേയും പ്രണയത്തിന്റെ ലാസ്യഭാവത്തേയുമൊക്കെയാണ് വരികളിലുള്ളത്. ആ ഓർമകള്‍ പോലെ മനസിനെ തൊട്ടുതലോടുന്ന സംഗീതവും. രാജലക്ഷ്മിയുടെ ചെറു മൂളലും...ലാ ല്ല ല്ലാ...എന്ന ഹമ്മിങും പോലും കാതിനേറെ ഇമ്പമേകുന്നു. സൗഹൃദവും പ്രണയവും ഗൃഹാതുരത്വവുമൊക്കെ അതേ നൈർമല്യതയോടെ അവതരിപ്പിച്ചിരിക്കുന്നു ദൃശ്യങ്ങളിൽ. പാട്ടു പാടി അഭിനയിക്കുന്ന അനു സിത്താരയോടും ഗിത്താറും പിടിച്ച് പ്രണയാർദ്രനായി നോക്കിയിരിക്കുന്ന ചാക്കോച്ചനോടും പ്രിയമേറും വീണ്ടും നമുക്ക് പാട്ടു കണ്ടു കഴിയുമ്പോൾ
രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിലെ മൂന്നു ഗാനങ്ങളും ഇതിനോടകം പ്രേക്ഷക പ്രിയം നേടിയവയാണ്. ഒരുപാടു കാലത്തിനു ശേഷമാണ് ഒരു ചിത്രത്തിലെ മെലഡി ഗാനങ്ങളും ഇതുപോലെ ഇത്രയധികം ശ്രദ്ധിക്കപ്പെടുന്നതും.
.