കേരള മണ്ണിനായ്....സിഐഎയിലെ കാത്തിരുന്ന ഗാനം എത്തി

അധികാരത്തിന്റെ പുഴുക്കത്തുകൾക്കെതിരെ മണ്ണിൽ ചവിട്ടി നിന്നു പോരാടിയ ഓരോ വിപ്ലവകാരിയ്ക്കുള്ള സ്മരണാഞ്ജലിയാണു ബലീകുടീരങ്ങളെ എന്ന പാട്ട്. മലയാളം കണ്ട വിപ്ലവത്തിന്റെ ആത്മാവ് ഒന്നാകെ ഈ പാട്ടിലുണ്ട്. ഈ നിത്യഹരിത വിപ്ലവഗാനത്തെ ഓർമപ്പെടുത്തിക്കൊണ്ട് സിഐഎ എന്ന ചിത്രത്തിലുണ്ടായിരുന്ന കേരള മണ്ണിനായ് എന്ന പാട്ടും അത്രയധികം ശ്രദ്ധ നേടിയിരുന്നു. തീയറ്റർ വിട്ടതു മുതൽ ഈ പാട്ടിനായുള്ള അന്വേഷണത്തിലായിരുന്നു ആരാധകർ. മികച്ച പ്രതികരണം നേടിയ  ടീസറിനു ശേഷം  ഗാനത്തിന്റെ
ലിറികൽ വിഡിയോ പുറത്തിറങ്ങി.

ദുൽക്കർ സൽമാനും, വൈക്കം വിജയലക്ഷ്മിയും, ജി.ശ്രീറാമും ചേർന്നാണു ഗാനം ആലപിച്ചത്. ബി.കെ.ഹരിനാരായണന്റേതാണു വരികൾ. ഗോപി സുന്ദറിന്റേതാണു ഈണം. ബലികുടീരങ്ങളെ എന്ന പാട്ടിന്റെ കുറച്ചു വരികൾ വിജയലക്ഷ്മിയാണു പാടുന്നത്. വാച്ച് ദി ത്രോൺ എന്ന ആൽബത്തിലെ നോ ചർച്ച് ഇൻ ദി വൈൽഡ് എന്ന ഗാനത്തിൽ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ഗോപി സുന്ദർ ഈ പാട്ടു തീർത്തത്. 

കേരള മണ്ണിനായ് ഉയിരു ചിന്തിയ ആയിരം ചങ്കുള്ള ധീര സഖാക്കെ എന്നു തുടങ്ങുന്ന വരികൾ ദുൽക്കറും ജി.ശ്രീറാമും ചേർന്നു പാടുമ്പോൾ ചോരതിളയ്ക്കും നമ്മുടെ. അത്രയേറെ ഊര്‍ജ്ജമാണീ പാട്ടു പങ്കുവയ്ക്കുന്നത്. ഗോപി സുന്ദറും മിഥുൻ ആനന്ദും കൃഷ്ണലാൽ ബിഎസും നിഖില്‍ മാത്യൂസും ചേർന്നാണു ബാക്കിങ് വോകൽ നൽകിയത്. 

ദുൽക്കർ ഈ ചിത്രത്തിൽ മറ്റൊരു ഗാനവും ആലപിച്ചിട്ടുണ്ട്. ദുല്‍ക്കർ പാട്ടുകാരനായത് എല്ലായിപ്പോഴും ഗോപി സുന്ദര്‍ ഈണങ്ങളിലൂടെയാണ്.  അക്കൂട്ടത്തിലെ മറ്റൊരു ഹിറ്റ് ഗാനമാണു കേരള മണ്ണിനായ്. 

അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് കോമ്രേഡ് ഇൻ അമേരിക്ക അഥവാ സിഐഎ. അജി മാത്യു എന്ന യുവാവിന്റെ തീക്ഷ്ണമായ പ്രണയത്തെ കുറിച്ചുള്ള സിനിമ തീയറ്ററിൽ മികച്ച പ്രതികരണമാണു നേടുന്നത്. ദുല്‍ക്കറും കാർത്തിക മുരളീധരനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

വയലാർ രാമവര്‍മ-ദേവരാജൻ കൂട്ടുകെട്ടിൽ പിറന്നതാണീ പാട്ട്. കെ.എസ്. ജോര്‍ജ്ജ്, കെ.പി.എ.സി. സുലോചന, എല്‍.പി.ആര്‍. വര്‍മ്മ, സി.ഒ. ആന്റോ, കവിയൂര്‍ പൊന്നമ്മ, ജോസ്പ്രകാശ് എന്നിവർ ചേർന്നാണു ബലികുടീരങ്ങളെ പാടിയത്.