ജീവിതം എത്രമാത്രം ആഘോഷഭരിതമാക്കാം എന്നത് കൂടിയായിരുന്നു ഹണീ ബീ എന്ന ചിത്രത്തിന്റെ ആദ്യ ഭാഗവും രണ്ടാം ഭാഗവും. ഹണീ ബീ 2.5 എന്ന ചിത്രമെത്തുമ്പോൾ ആദ്യ പാട്ടിലൂടെ അനുഭവിച്ചറിയാനാകുന്നതും അത്തരമൊരു കാര്യമാണ്. സൗഹൃദക്കൂട്ടവും സല്ലാപവും പാട്ടും ചേർന്ന വിഡിയോ സോങ് പുറത്തിറങ്ങി. ആമിനത്താത്ത എന്ന ഗാനം പാടിയത് ലാൽ ആണ്. എസ്.വിജയനാണ് പഴമയുടെ ഭംഗിയുള്ള ഈ വരികളെഴുതിയത്. എ.എം ജോസിന്റേതാണ് സംഗീതം.
ലാല്‍ പാട്ടുപാടുന്ന രംഗവും മകൻ ജീൻ ലാൽ പോളും ഹരിശ്രീ അശോകനും ആസിഫലിയും അടങ്ങുന്ന ഒരുമിച്ചിരുന്ന് അതിന് താളം പിടിക്കുന്നതും മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായി മാറിയ ലിജോ മോളുടെ കഥാപാത്രത്തിന്റെ പ്രണയവും ചേർന്ന രംഗങ്ങളെല്ലാം മനോഹരമാണ്. പാട്ടും വിഡിയോയും ഒരു പ്രത്യേക ഫീൽ സമ്മാനിക്കും നമുക്ക്. ഒരു ഗായകന്റേതാണെന്ന് എന്ന് ഒട്ടുമേ തോന്നാത്ത സ്വരമാണ് ലാലിന്റേത്. പക്ഷേ അദ്ദേഹം മലയാള സിനിമയിൽ പാടിയ എല്ലാ പാട്ടുകളും നമുക്ക് പ്രിയപ്പെട്ടതായി. ഈ പാട്ടും അതുപോലെ തന്നെ. മധുരമൂറുന്ന വരികളും ഈണവും. പാട്ടിന്റെ രംഗങ്ങളും രസകരമാണ്. ചങ്ങാത്തവും പ്രണയവുമൊക്കെ ആവിഷ്കരിക്കുന്ന രംഗങ്ങൾ.
ഷൈജു അന്തിക്കാട് ആണ് ചിത്രത്തിന്റെ സംവിധാനം. ലാൽ തന്നെയാണു നിർമ്മാണവും.